പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല, വിമര്‍ശനങ്ങളോട് മഹേഷ് നാരായണന്‍
ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിനിമയുടെ സംവിധായകനായ മഹേഷ് നാരായണന്‍. പാര്‍വതിക്കോ പറഞ്ഞ മറ്റുള്ളവര്‍ക്കോ ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്ന് മഹേഷ് നാരായണന്‍ പറഞ്ഞു. ദ ക്യൂ ഷോ ടൈമില്‍ സംസാരിക്കവെയായിരുന്നു സംവിധായകന്റെ പ്രതികരണം.
മഹേഷ് നാരായണന്റെ പ്രതികരണം
പാര്‍വതിയ്‌ക്കോ ഈ പറഞ്ഞ ആളുകള്‍ക്കോ ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല, ഞാന്‍ അങ്ങനെയാണ് കാണുന്നത്. ടേക്ക് ഓഫ് ഒരു ഫിക്ഷണല്‍ കഥയാണ്. അതിനകത്ത് ആരുടെയും പക്ഷത്തു നിന്ന് സിനിമ പറഞ്ഞിട്ടില്ല. ചിത്രത്തിലെ സമീറ ഭര്‍ത്താവുമായിട്ടാണ് ഇറാഖില്‍ പോകുന്നത്, അങ്ങനെ ഒരു നഴ്‌സ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടില്ല. ടൈംലൈന്‍ മാത്രമേ എടുത്തിട്ടുള്ളു. ഫിക്ഷണലൈസായിട്ടാണ് ആള്‍ക്കാരെ പ്ലേസ് ചെയ്തിരിക്കുന്നത്. അത് ഫിലിം മേക്കറുടെ സ്വാതന്ത്ര്യമാണ്.
ഇസ്ലാമിക രാജ്യമായ ഇറാനിലെ റെസിസ്റ്റന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ടേക്ക് ഓഫ് ആയിരുന്നുവെന്നും തെരഞ്ഞെടുക്കുന്നതിന് മുമ്പ് ജൂറിക്ക് വേണ്ടി സ്‌ക്രീനിംഗ് നടത്തിയിരുന്നുവെന്നും മഹേഷ് നാരായണന്‍.
ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ ഇറാനില്‍ സിനിമ തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നുണ്ട് ഞാന്‍ പഠിച്ച ഇസ്ലാമില്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയുന്നുണ്ട്. രാഷ്ട്രീയ സൂക്ഷ്മതയോടെ എഴുതിയ ചിത്രമാണ് ടേക്ക് ഓഫ് എന്നും മഹേഷ് നാരായണന്‍ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.
തന്റെ സിനിമകളില്‍ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാര്‍വതി പറഞ്ഞുകേട്ടു. എപ്പോഴാണ് ഇത് പാര്‍വതിയുടെ സിനിമ ആയതെന്ന് അറിയില്ല. സിനിമ സംവിധായകന്റെയാണ്, ഒരു തിരക്കഥ എഴുതി താത്പര്യം ഉണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞിട്ടാണ് കൊടുക്കുന്നത് മഹേഷ് നാരായണന്‍ പറഞ്ഞു. ടേക്ക് ഓഫിന് ശേഷം മറ്റ് പ്രശ്‌നങ്ങള്‍ താരങ്ങള്‍ക്കാര്‍ക്കും ഉണ്ടായിട്ടില്ലെന്നും തനിക്ക് മാത്രമേ പ്രശനങ്ങള്‍ ഉണ്ടായിട്ടുള്ളുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി' ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയിലായിരുന്നു താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നുവെന്ന് പാര്‍വതി പറഞ്ഞത്. എന്ന് നിന്റെ മൊയ്തീനിലും ടേക്ക് ഓഫിലും ഇസ്ലാമോഫോബിയ ഉണ്ടായിരുന്നു. പിന്നീടാണ് അത് മനസിലായതെന്നും അതില്‍ താനിപ്പോള്‍ ഖേദിക്കുന്നുവെന്നുമായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.