കോവിഡ് കാലത്ത് പ്രത്യാശ നല്‍കുന്ന15 സിനിമകള്‍   

കോവിഡ് കാലത്ത് പ്രത്യാശ നല്‍കുന്ന15 സിനിമകള്‍   

അകത്തേക്കും പുറത്തേക്കുമുള്ള 21 വഴികൾ
Published on

ശീലങ്ങളുടെ കാര്യത്തില്‍ 21 എന്നത് പ്രധാനപ്പെട്ട ഒരു സംഖ്യയാണ്. ഒരു മനുഷ്യന്‍ ചെയ്യുന്ന ഏതെങ്കിലുമൊരു പ്രവൃത്തി അവനില്‍ ഒരു ശീലമായി ഉറയ്ക്കാനെടുക്കുന്ന കാലയളവ് 21 ദിവസമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ 21 ദിവസത്തെ ലോക്ക് ഡൗണിലൂടെ കടന്നു പോകുന്ന ഓരോരുത്തര്‍ക്കും വേണമെങ്കില്‍ ഈ കാലയളവ് ഉപയോഗപ്പെടുത്തി സ്വയം രാകിമിനുക്കുകയോ പുതിയൊരുശീലം വളര്‍ത്തിയെടുക്കുകയോ ചെയ്യാം. നിങ്ങളുടെ സിനിമാആസ്വാദനത്തെ കൂടുതല്‍ വിശാലമായൊരു തലത്തിലേക്ക് വളര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ ഏതെങ്കിലുമൊരു സമയത്ത് ഓരോ സിനിമകള്‍ വീതം കണ്ടു കൊണ്ട് അതൊരു ശീലമാക്കി മാറ്റാനായേക്കും. അത്തരത്തില്‍ ഉള്ള വ്യത്യസ്തവും ചലച്ചിത്രകലയുടെ വലിയ സാധ്യതകളെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നതുമായ 15 സിനിമകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

സിനിമ എന്ന കലയുടെ വൈവിധ്യങ്ങളെയപ്പാടെ പ്രതിനിധീകരിക്കുന്നില്ല ഈ ചിത്രങ്ങള്‍. നാം ലോകത്തില്‍ നിന്ന് സ്വയം ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയില്‍, ജീവിതത്തിന്റെ സൗന്ദര്യത്തെയും പ്രത്യാശയെയും ഒപ്പം പ്രപഞ്ചവുമായി ബന്ധപ്പെട്ട് മനുഷ്യാസ്തിത്വത്തെ വിശകലനം ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

15. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ (1997)

പേര് കൊണ്ട് തന്നെ വിവരണത്തെ അപ്രസക്തമാക്കുന്ന ഇറ്റാലിയന്‍ ചിത്രം. റോബര്‍ട്ടോ ബെനിഗ്നി സംവിധാനം ചെയ്ത ഈ ചിത്രം ഏറ്റവും കടുത്ത സാഹചര്യങ്ങളെപ്പോലും നര്‍മ്മബോധത്താലും ഭാവനയാലും മനുഷ്യന്‍ അതിജീവിക്കുന്നതിന്റെ മനോഹരചിത്രം വെളിവാക്കുന്നു. ജീവിതം മുറിച്ചുമാറ്റുന്നിടത്ത് നിന്ന് മുളപൊട്ടുന്ന മനോഹരവൃക്ഷമാണെന്ന് ബോധ്യപ്പെടുത്തിത്തരുന്ന ചിത്രം.

14. കാസ്റ്റ് എവേ ( 2000)

ഇരുപത്തൊന്ന് ദിവസത്തെ ലോക്ക് ഡൗണിനെ എങ്ങനെ അതിജീവിക്കുമെന്ന് തലപുകയ്ക്കുന്നവര്‍ തീര്‍ച്ചയായും കാണേണ്ട അമേരിക്കന്‍ ചിത്രം.ഒരു വിമാനാപകടത്തെത്തുടര്‍ന്ന് ഒരു ദ്വീപില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരാളുടെ കഥ പറയുന്നൂ റോബര്‍ട്ട് സെമിക്കസ് സംവിധാനം ചെയ്ത ഈ ചിത്രം. ഏകാന്തതയെയും മനുഷ്യനെയും പ്രധാനകഥാപാത്രമാക്കിയ ഈ ചിത്രത്തില്‍ നായകനും കോവിഡ് ബാധിതനാണെന്ന കൗതുകവുമുണ്ട്- ടോം ഹാങ്ക്‌സ്

13. ദി ക്‌ളൗഡ് അറ്റ്‌ലസ് (2012 )

റണ്‍ലോലറണ്‍ എന്ന കള്‍ട്ട് ക്‌ളാസിക്ക് സംവിധാനം ചെയ്ത ടോംടൈക്കര്‍ അടക്കം മൂന്ന് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം. സിനിമയിലെ സ്ഥലകാലസങ്കല്‍പ്പങ്ങളെ മുഴുവന്‍ അട്ടിമറിക്കുന്ന ചിത്രം 1849 മുതലുള്ള ഭൂതകാലത്തില്‍ തുടങ്ങി 2321 വരെയുള്ള ഭാവികാലത്തെ മനുഷ്യജീവിതത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നു. ടോംഹാങ്ക്‌സ് ഈ ചിത്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

12. ബിഫോര്‍ ട്രയോളജി (1995-2013)

യഥാതഥമായ പരിചരണത്തിലൂടെ ലോകസിനിമയില്‍ സ്വന്തം ഇടം കണ്ടെത്തിയ സംവിധായകന്‍ റിച്ചാര്‍ഡ് ലിങ്ക്‌ലറ്റര്‍ജീവിതത്തെയും പ്രണയത്തെയും മനുഷ്യബന്ധങ്ങളെയും വിശകലനം ചെയ്യുകയാണ് ഈ സിനിമാട്രയോളജിയിലൂടെ ചെയ്യുന്നത്. ബിഫോര്‍സണ്‍റൈസ് , ബിഫോര്‍സണ്‍സെറ്റ്, ബിഫോര്‍ മിഡ്‌നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങളിലൂടെ രണ്ട് കമിതാക്കളുടെ ജീവിതത്തിന്റെ ആകെത്തുക നമ്മുടെ ജീവിതത്തിനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റായി തന്നെ മുന്നിലേക്ക് വച്ചു തരികയാണ് സംവിധായകന്‍. രണ്ട് കഥാപാത്രങ്ങള്‍ മുഖത്തോട് മുഖം നോക്കിയിരുന്നും തെരുവുകളിലൂടെ നടന്നും വാഹനങ്ങളില്‍ യാത്ര ചെയ്തും സംസാരിക്കുന്നത് മാത്രം ഇത്രയും സുന്ദരമായൊരു സിനിമാനുഭവമായിത്തീരുന്നതെങ്ങനെ എന്ന് നമ്മള്‍ വാപൊളിക്കും ഈ ട്രയോളജി കണ്ട് തീരുമ്പോള്‍.

11. ഓക്ജ (2017 )

പാരസൈറ്റിന്റെ സംവിധായകന്‍ ബോങ്ങ് - ജൂൺ - ഹോ സംവിധാനം ചെയ്ത ഈ ചിത്രം ജീവനും ജീവനും തമ്മിലുള്ള സവിശേഷബന്ധത്തിന്റെയും ലാഭകേന്ദ്രീകൃതമായ വിപണി അതില്‍ എങ്ങനെയാണ് ഇടപെടുന്നതെന്നും വ്യക്തമാക്കുന്നു. പ്രകൃതി, മനുഷ്യന്‍, ധാര്‍മ്മികത, കോര്‍പ്പറേറ്റിസം, സ്‌നേഹം തുടങ്ങി നിരവധി പ്രശ്‌നങ്ങളെ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന ചിത്രം ഒരു പെണ്‍കുട്ടിയും ഓക്ജ എന്ന് പേരുള്ള ഒരു ഭീമന്‍ പന്നിയുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതിലൂടെ നാം പോലുമറിയാതെ നമ്മെ വലിയ ധാര്‍മ്മികപ്രശ്‌നങ്ങളിലേക്കെത്തിക്കുന്നു ഈ ചിത്രം.

10. ഔട്ട്‌ബ്രേക്ക് ( 1995 )

ആഫ്രിക്കന്‍ കുരങ്ങന്‍മാരില്‍ നിന്ന് പകരുന്ന ഒരു മാരകവൈറസ് അമേരിക്കയിലെ ബോസ്റ്റണില്‍ പടരുന്നതിനെത്തുടര്‍ന്നുള്ള സാമൂഹികസാഹചര്യങ്ങള്‍ ചിത്രീകരിക്കുകയാണ് ഡബ്യൂ.പീറ്റേഴ്‌സണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍. മനുഷ്യര്‍ക്കിടയില്‍ വൈറസും ഭീതിയും പടര്‍ന്ന് പിടിക്കുമ്പോള്‍ ഭരണകൂടവും വ്യക്തികളും എങ്ങനെയൊക്കെയാണ് ഇടപെടുക എന്ന് കാണിച്ചു തരുന്ന ഈ ചിത്രത്തില്‍ മോര്‍ഗന്‍ ഫ്രീമാന്‍, ഡസ്റ്റിന്‍ ഹോഫ്മാന്‍, കെവിന്‍സ്‌പെയിസി തുടങ്ങിയവരൊക്കെ പ്രധാനകഥാപാത്രങ്ങളായി ഉണ്ട്.

9. ദി ടെര്‍മിനല്‍ ( 2004)

വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് സംവിധാനം ചെയ്ത ഈ ചിത്രം അതിര്‍ത്തികളെയും മാനുഷികതയെയും പ്രശ്‌നവല്‍ക്കരിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പ് വരെ ലോകം അതിര്‍ത്തികളില്ലാത്ത ഒരു വലിയ രാജ്യമായി നമുക്ക് മുന്നില്‍ തുറന്ന് കിടക്കുകയായിരുന്നെങ്കില്‍ ഇന്നത് ചുരുങ്ങിച്ചുരുങ്ങി നമ്മുടെ വീട്ടിനകം മാത്രമായി മാറിയിരിക്കുന്നു. അതിനെ നമ്മള്‍ അതിജീവിക്കുന്നത് മാനുഷികത പ്രസരിപ്പിച്ചാണ്. ഒരു പകലില്‍ സ്വന്തം രാജ്യം തന്നെ ഇല്ലാതായിപ്പോവുന്ന ഒരാളിന്റെ ആകെയുള്ള ഇടം വിമാനത്താവളത്തിന്റെ അന്താരാഷ്ട്രടെര്‍മിനല്‍ ആയി മാറുകയാണ്. എത്രദിവസത്തേക്ക് എന്നറിയാതെ അയാള്‍ അവിടെ ജീവിച്ചു തുടങ്ങുന്നു. ടോം ഹാങ്ക്‌സിന്റെ മറ്റൊരു മികച്ച പ്രകടനം. ചിത്രം നിങ്ങളെ ചിരിപ്പിക്കും. ഒടുവില്‍ കരയിക്കും.

8.ലവ് ആന്‍ഡ് അദര്‍ ഡ്രഗ്‌സ് (2010)

യുദ്ധചിത്രങ്ങളുടെ സംവിധായകനായ എഡ്വേഡ് സ്വിക്ക് സംവിധാനം ചെയ്ത മനോഹരചിത്രം. മരുന്നുകളുടെ ലോകത്താണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നത്. എന്തിനൊക്കെ മരുന്നുണ്ടോ അതിനെ നമ്മള്‍ നിയന്ത്രിച്ചു തുടങ്ങുകയും മരുന്നില്ലാത്തത് എന്തോ അത് നമ്മെ ഭയപ്പെടുത്തുകയും ചെയ്യുന്നു. കോവിഡ് കാലത്ത് ഈ സത്യം വീണ്ടും നമ്മളെ പൊള്ളിക്കുമ്പോള്‍ ആധുനികമനുഷ്യജീവിതത്തിന്റെ മുറിവുകളെ ഭേദമാക്കാന്‍ ഒരേ ഒരു മരുന്നേയുള്ളൂ എന്ന് ഈ പ്രണയചിത്രം നമ്മളോട് പറയുന്നു. ആനീഹാത് വേ, ജയ്ക്ക് ഗ്‌ളന്നന്‍ഹാള്‍ എന്നിവരുടെ മികച്ച പ്രകടനത്താല്‍ ശ്രദ്ധേയമാണീ സിനിമ.

7. ദി വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ് (2013 )

മാസ്റ്റര്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസെ സംവിധാനം ചെയ്ത ഈ ചിത്രം നമ്മെ അക്ഷരാര്‍ത്ഥത്തില്‍ കടന്നാക്രമിക്കുന്നു. ലിയനാഡോഡികാപ്രിയോയുടെ ഏറ്റവും മികച്ച അഭിനയപ്രകടനമാണ് വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലേക്ക് നമ്മളെ പിടിച്ചു താഴ്ത്തുന്ന ഏറ്റവും ആദ്യത്തെ ഘടകം. കോവിഡ് പശ്ചാത്തലത്തില്‍ മനുഷ്യന്‍ മരിക്കുന്നതിനേക്കാളേറെ മനുഷ്യന്റെ സാമ്പത്തികവികസനമാതൃകയ്ക്ക് പറ്റുന്ന വീഴ്ചയിലാണ് ലോകത്തെ ആകുലപ്പെടുന്നതെന്ന് നാം തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവിന്റെ സാധ്യതകളെ വിശാലമാക്കിത്തരും ഈ സ്‌കോര്‍സസെ-കാപ്രിയോ കില്ലര്‍.

6. ആര്‍ട്ടിക് (2018)

ജോ പെന്ന സംവിധാനം ചെയ്ത ഈ ചിത്രം വീണ്ടും നമ്മെ ഏകാന്തതയിലേക്കും മനുഷ്യബന്ധങ്ങളിലേക്കും അതിജീവനത്തിലേക്കും തന്നെ കൊണ്ടുപോവുന്നു. ഒരു പ്‌ളയിന്‍ ക്രാഷില്‍ ആര്‍ട്ടിക് മേഖലയില്‍ അകപ്പെട്ടു പോവുന്ന ഒരാള്‍ സര്‍വൈവ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെക്കൂടി കണ്ടെത്തുകയാണ്. രണ്ട് പേരും മരിച്ചു പോകാന്‍ സാധ്യതയുണ്ടെങ്കിലും പരിക്കേറ്റയാളെ രക്ഷപ്പെടുത്തുവാന്‍ തന്നെ ആദ്യത്തെയാള്‍ തുനിയുന്നു. ഏറ്റവും ഏറ്റവും ഒടുവിലത്തെ നിമിഷത്തിലാവും അത്ഭുതം സംഭവിക്കുന്നതെന്ന് സിനിമയ്ക്ക് മാത്രം സാധ്യമാവുന്ന വിധത്തില്‍ സംവിധായകന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

5. ക്യാപ്ടന്‍ ഫണ്ടാസ്റ്റിക് (2016 )

ജീവിതത്തിന്റെ പൊതുബോധങ്ങളില്‍ നിന്നും നടപ്പുമാതൃകകളില്‍ നിന്നും വഴിതെറ്റി നടക്കുന്ന ഒരാളുടേയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ക്യാപ്റ്റന്‍ ഫണ്ടാസ്റ്റിക്. മാറ്റ് റോസ് സംവിധാനം ചെയ്ത ഈ ചിത്രം ലോകത്തിന് എതിരേ നടക്കുന്നവര്‍ കൂടി ചേര്‍ന്നാണ് ജീവിതത്തെയും സമൂഹത്തെയും പരിപൂര്‍ണമാക്കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

4. ദി വാക്ക് (2015 )

വീണ്ടും റോബര്‍ട്ട് സിമിക്കസിന്റെ മറ്റൊരു ചിത്രം. സാങ്കേതികത ചലച്ചിത്രകലയെ പുതിയ സാധ്യതകളിലേക്ക് എങ്ങനെയൊക്കെ വികസിപ്പിച്ചു എന്ന് ബോധ്യപ്പെടുത്തിത്തരുന്ന ചിത്രം. തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ശ്വാസമടക്കിപ്പിടിച്ച് നമ്മള്‍ കണ്ടുപോകുന്ന ചിത്രം. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍ക്ക് കുറുകെ ഇരുമ്പ്‌നൂലില്‍ നടന്ന ഫ്രഞ്ചുകാരനായ ഫിലിപ്പ് പെറ്റിയുടെ സാഹസത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരം. അസാധ്യമായതിനെ കൈയ്യത്തിപ്പിടിക്കാനുള്ള മനുഷ്യചോദനയുടെ ദൃശ്യാവിഷ്‌ക്കാരം നമ്മെ ഒരേ സമയം ആവേശഭരിതരാക്കും, പ്രചോദിപ്പിക്കും.

3. ദി പെഴ്‌സ്യൂട്ട് ഓഫ് ഹാപ്പിനെസ് (2006 )

ജി.മക്കിനോ സംവിധാനം ചെയ്ത ഈ ചിത്രം ജീവിതത്തിന്റെ കയ്പ്പുനീര്‍ എങ്ങനെയാണ് മധുരവീഞ്ഞായി മാറുന്നതെന്ന് നമുക്ക് കാണിച്ചുതരും. ക്ഷമ ജീവിതത്തെയും മനുഷ്യനെയും എങ്ങനെ മാറ്റിത്തീര്‍ക്കുന്നു എന്ന് അതിസുന്ദരനിമിഷങ്ങളിലൂടെ വെളിവാക്കുന്ന സിനിമ ഈ കാലത്ത് നമ്മളിലൊരു ആന്റി-ഡിപ്രസന്റ് പോലെ പ്രവര്‍ത്തിക്കും. വില്‍സ്മിത്തിന്റെ മികച്ച പ്രകടനം.

2. ഇ.ടി-ദി എക്‌സ്ട്രാ ടെറസ്ട്രയില്‍ (1982)

സ്പീല്‍ബെര്‍ഗിന്റെ അതിപ്രശസ്തചിത്രം. കുട്ടികളാണ് ലോകത്തെ നിലനിര്‍ത്തുന്നതെന്ന് നമ്മെ ബോധ്യപ്പെടുന്ന ചിത്രം. കാരണം അനസ്യൂതം സ്‌നേഹം പ്രസരിപ്പിക്കാന്‍ കഴിയുന്നത് കുട്ടികള്‍ക്ക് മാത്രമാണ്. പ്രപഞ്ചത്തിനാകെ ഒരു ഭാഷയുണ്ടെങ്കില്‍ അത് സ്‌നേഹം മാത്രമായിരിക്കുമെന്നും ഈ ചിത്രം നമ്മോട് പറയുന്നു. കുട്ടികളെ ഉറപ്പായും കാണിച്ചിരിക്കേണ്ട ഒരു ചിത്രമാണിത്.

1. 2001: എ സ്‌പെയിസ് ഒഡീസി (1968 )

52 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തെ അതിശയപ്പിക്കുന്ന ഒന്നും ഇന്നേവരെ ലോകസിനിമയില്‍ സംഭവിച്ചിട്ടില്ല എന്നെഴുതുമ്പോള്‍ അതിശയോക്തി ആയി തോന്നാം. എന്നാല്‍ സിനിമ കണ്ടു കഴിയുമ്പോള്‍ സത്യം അതാണെന്ന് ബോധ്യപ്പെടും. മനുഷ്യഭാവിയുടെ ഗോളാന്തരയാത്രകളിലൊന്നിനെ ആധാരമാക്കി പ്രപഞ്ചവും മനുഷ്യനും എന്ന വിഷയത്തെ സമീപിക്കുന്ന സിനിമ വിഷ്വല്‍ ഇഫക്ട്‌സോ വി.എഫ്.എക്‌സോ ഇല്ലാതിരുന്ന ഒരു കാലത്ത് ചിത്രീകരിച്ചതാണെന്നോര്‍ത്താല്‍ മതി നമുക്ക് സ്റ്റാന്‍ലി കുബ്രിക് എന്ന സംവിധായകന്റെ പ്രതിഭ എന്തെന്ന് മനസ്സിലാവാന്‍. ചലച്ചിത്രമെന്ന സാങ്കേതികകല പ്രതിഭയാല്‍ ആണ് നിര്‍വചിക്കപ്പെടുന്നതും ടെക്‌നോളജിക്ക് അര്‍ത്ഥമുണ്ടാക്കുന്നതും അതിനെ രൂപപ്പെടുന്നതും ശുദ്ധമായ പ്രതിഭ മാത്രമാണെന്ന് സ്ഥാപിക്കുന്ന എല്ലാ അര്‍ത്ഥത്തിലും സിനിമയെന്ന കലയിലെ നാഴികക്കല്ലാവുന്ന ചിത്രമാണിത്. വിഖ്യാത ശാസ്ത്രജ്ഞന്‍ ആര്‍തര്‍. സി.ക്‌ളര്‍ക്ക് ഈ സിനിമയുടെ രചനയ്ക്കായി കുബ്രിക്കിനൊപ്പം പങ്കുചേര്‍ന്നു എന്ന സവിശേഷതയുമുണ്ട്.

logo
The Cue
www.thecue.in