‘ലാലേട്ടന്‍ എത്രയാഴത്തില്‍ തിരക്കഥ ഉള്‍ക്കൊള്ളുന്നുവെന്നതിന് തെളിവാണ് ആ ഉറുമാല്‍’ ; ദേവാസുരത്തിലെ അനുഭവം പങ്കുവെച്ച് ഷാജൂണ്‍ കാര്യാല്‍
അച്ഛനും നിര്‍മ്മാതാവ് പാവമണി അങ്കിളും ചേര്‍ന്ന് ആരംഭിച്ച കൈരളി ഔട്ട് ഡോര്‍ യൂണിറ്റ് പ്രവര്‍ത്തിച്ച ആദ്യ ചിത്രമായ 'അഹിംസ'യുടെ ലൊക്കേഷനിലാണ് മോഹന്‍ലാലിനെ ഞാന്‍ ആദ്യമായി കാണുന്നത്. ഞാന്‍ അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'കണ്ടതോടെ വില്ലന്‍ കഥാപാത്രത്തെ വേറിട്ട രീതിയില്‍ അവതരിപ്പിച്ച മോഹന്‍ലാലിന്റെ ആരാധകനായിക്കഴിഞ്ഞിരുന്നു ഞാന്‍. അഹിംസയുടെ സെറ്റില്‍ ലാലേട്ടനെ കണ്ടപ്പോഴുണ്ടായ എന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ആ വര്‍ഷം ലാലേട്ടന് സഹനടനുള്ള അവാര്‍ഡ് ലഭിച്ചതറിഞ്ഞപ്പോഴും ഏറെ സന്തോഷം തോന്നി. പിന്നെ പ്രീഡിഗ്രി കഴിഞ്ഞ് ശശിയേട്ടന്റെ (ഐവി ശശി) കൂടെ സംവിധാന സഹായിയായി തുടക്കം കുറിച്ചത് ലാലേട്ടന്‍ ആന്റി ഹീറോയായി തിളങ്ങിയ 'ഉയരങ്ങളില്‍' എന്ന ചിത്രത്തിലാണ്. ആനയേയും കടലിനേയും എത്ര കണ്ടാലും മതിവരാത്തതുപോലെ ലാലേട്ടന്റെ അഭിനയം കണ്ട് പലതവണ മതിമറന്ന് നിന്നുപോയിട്ടുണ്ട്. ശേഷം ശശിയേട്ടന്റെ പതിനഞ്ചോളം സിനിമകളില്‍ ലാലേട്ടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. അപ്പോഴൊക്കെ അദ്ദേഹത്തെ കൂടുതല്‍ അറിയാനും അടുത്തിടപഴകാനും സാധിച്ചു.
'ദേവാസുര'ത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ലാലേട്ടന്റെ മാസ്മരിക പ്രകടനം കൂടുതലായി അടുത്തുനിന്ന് ആസ്വദിച്ചത്. ഷൂട്ടിങ്ങിനായി വന്ന ആദ്യ നാള്‍ തന്നെ കോസ്റ്റിയൂമിന്റെ കൂടെ സ്ഥിരമായി ഒരു ഉറുമാല്‍ കയ്യില്‍ കരുതാനുള്ള അനുവാദം ലാലേട്ടന്‍ ശശിയേട്ടനോട് ചോദിച്ചുവാങ്ങിയിരുന്നു. അതെന്തിനാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കണ്ണിറുക്കി കാണിക്കുകയാണ് ചെയ്തത്. ചിത്രീകരണം പുരോഗമിക്കവേ ഒടുവിലാനുമായി (ഒടുവില്‍ ഉണ്ണികൃഷ്ണന്‍)ഒരു കോമ്പിനേഷന്‍ സീന്‍. തളര്‍ന്നുകിടക്കുന്ന മംഗലശ്ശേരി നീലകണ്ഠനെ കാണാനെത്തുന്ന പെരിങ്ങോടന്‍ ആത്മ സമര്‍പ്പണമായി വന്ദേ മുകുന്ദ ഹരേ ആലപിക്കുന്നു. ഇതിന് ലാലേട്ടന്റെ റിയാക്ഷന്‍ ഷോട്ട് എടുക്കുമ്പോള്‍ ചാരുകസേരയില്‍ അമര്‍ന്ന് വേദന കടിച്ചമര്‍ത്തുന്നതിനോടൊപ്പം ലാലേട്ടന്‍ കൈവശമുണ്ടായിരുന്ന ഉറുമാല്‍ മുറുകെ ചുരുട്ടി. അപ്പോഴാണ് അത് കയ്യില്‍ കരുതാനുള്ള കാരണം എനിക്ക് മനസ്സിലായത്. അപ്പോള്‍ തന്നെ ഒരു സമീപ ദൃശ്യത്തിലുള്ള ഷോട്ട് ശശിയേട്ടന്‍ സന്തോഷപൂര്‍വം ചിത്രീകരിച്ചു. (അത് നേരത്തേ ശശിയേട്ടന്‍ മാര്‍ക്ക് ചെയ്തിരുന്നില്ല ).തിരക്കഥ വായിച്ച് കഥാപാത്രത്തെയും കഥാസന്ദര്‍ഭങ്ങളെയും ലാലേട്ടന്‍ എത്രത്തോളം ആഴത്തിലാണ് ആവാഹിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഈ അനുഭവം.
ലാലേട്ടന് അതിയായ നടുവേദനയുള്ളപ്പോഴാണ് ദേവാസുരത്തിന്റെ ഇടവേള രംഗമായ, ശേഖരന്‍കുട്ടി നീലകണ്ഠനെ അടിച്ചവശനാക്കുന്നത് ഷൂട്ട് ചെയ്തത്. പടത്തിന്റെ റിലീസിങ് നീണ്ടുപോകും എന്നതിനാല്‍ ലാലേട്ടന്‍ തന്നെ മുന്‍കൈ എടുത്ത് ആ ഡേറ്റില്‍ ചിത്രീകരണം തീരുമാനിക്കുകയായിരുന്നു. വിശ്രമിക്കാനായ് ചെയറില്‍ ഇരുന്നാല്‍ ഏറെ നേരം വേദന അലട്ടുകയും ഇരുന്ന് കഴിഞ്ഞാല്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. ലാലേട്ടന്റെ ശാരീരിക അവസ്ഥ മനസ്സിലാക്കിയ ഫൈറ്റ് മാസ്റ്റര്‍ ലളിതമായ ആക്ഷന്‍ രംഗങ്ങളാണ് പ്ലാന്‍ ചെയ്തത്. ദേവാസുരത്തിലെ ശക്തനായ കഥാപാത്രമായ നീലകണ്ഠന്‍ വീണുപോകുന്ന ആ രംഗം അത്ര ലാഘവത്തോടെ ചിത്രീകരിച്ചാല്‍ അത് സിനിമയെ ബാധിക്കുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ലാലേട്ടനുമായി ആശങ്ക പങ്കുവെച്ചു. അത് ശരിയാണെന്ന് മനസ്സിലാക്കിയ ലാലേട്ടന്‍ തന്റെ ശാരീരികാസ്വാസ്ഥ്യം മറന്ന് ഫൈറ്റ് മാസ്റ്ററിന് ആ ആക്ഷന്‍ രംഗങ്ങള്‍ കാണിച്ച് കൊടുക്കുന്നത് കണ്ട് മുഴുവന്‍ യൂണിറ്റും അന്തംവിട്ട് നിന്നു. ആ ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിച്ച് കഴിയുന്ന അര്‍ദ്ധരാത്രി വരെ അദ്ദേഹം കസേരയില്‍ ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്തില്ല. തൊഴിലിന് വേണ്ടി അത്രമേല്‍ ആത്മസമര്‍പ്പണം ചെയ്യുന്ന നടനെ എന്റെ ഇത്രയും കാലത്തെ സിനിമാ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല.
സ്വതന്ത്ര സംവിധായകന്‍ എന്ന നിലയില്‍ വടക്കുംനാഥനിലാണ് ലാലേട്ടനൊപ്പം പ്രവര്‍ത്തിക്കുന്നത്. ചിത്രീകരണവേളയില്‍ ഡെഡിക്കേറ്റഡ് ആയ ലാലേട്ടനെ ഒരുപാട് തവണ മനസ്സുകൊണ്ട് തൊഴുതിട്ടുണ്ട്. അതില്‍ ഒരു സംഭവം ഇതാണ്. കിണറില്‍ ചാടുന്ന രംഗമുണ്ട് വടക്കുംനാഥനില്‍. ആ സീക്വന്‍സ് ഷൂട്ട് ചെയ്യാനായി രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു മുഷിപ്പും പ്രകടിപ്പിക്കാതെ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കാന്‍ തയ്യാറായ ലാലേട്ടനെ നന്ദിയോടെയല്ലാതെ ഓര്‍ക്കാനാകില്ല. കിണറിനകത്തെ രംഗങ്ങളെല്ലാം ചിത്രീകരിച്ച് കഴിഞ്ഞ് മുകളിലേക്ക് കേറാന്‍ നേരം ലാലേട്ടന്‍ വിളിച്ചുചോദിച്ചു. 'ഷാജൂ എല്ലാ ഷോട്ടും എടുത്തുകഴിഞ്ഞോ, ഒന്നും കൂടി ചെക്ക് ചെയ്‌തോളൂ'. അതുകഴിഞ്ഞ് മുകളില്‍ എത്തിയ ലാലേട്ടന്‍, ഏതെങ്കിലും ഷോട്ട് വിട്ടുപോയിട്ടുണ്ടോയെന്ന് വീണ്ടും ചോദിച്ചു. ഉണ്ടെങ്കില്‍ വീണ്ടും കിണറില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ആ അര്‍പ്പണ മനോഭാവത്തിന് മുന്നില്‍ ഞാന്‍ മനസാ നമസ്‌കരിച്ചു. ഈ ലോക്ക്ഡൗണ്‍ കാലത്ത് തന്നോടൊത്ത് പ്രവര്‍ത്തിച്ച സഹ പ്രവര്‍ത്തകരുടെ ക്ഷേമങ്ങള്‍ അന്വേഷിക്കുന്ന കൂട്ടത്തില്‍ ലാലേട്ടന്‍ എന്നെയും ഫോണ്‍ ചെയ്തപ്പോള്‍ ആ വല്യേട്ടന് മുന്നില്‍ വീണ്ടും ഞാന്‍ കൊച്ചനുജനായി. ഇത്തരത്തില്‍ ലാലേട്ടനെ കുറിച്ചും അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയെക്കുറിച്ചും പറഞ്ഞാല്‍ തീരാത്തത്ര അനുഭവങ്ങള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഓരോ സഹപ്രവര്‍ത്തകനുമുണ്ടാകും. 60ാം പിറന്നാള്‍ ആഘോഷിക്കുന്ന ആ അദ്ഭുത നടന് അനേകായിരങ്ങളില്‍ ഒരാളായി ഞാനും ഹൃദയപൂര്‍വം ജന്‍മദിനാശംസകള്‍ നേരുന്നു.