ലൂസിഫര്‍ വ്യാജന്‍ ‘ടിക് ടോക്ക്’ ആക്കിയ സൗദി മലയാളി കുടുങ്ങും, നാട്ടിലെത്തിയാല്‍ അറസ്റ്റിലാകുമെന്ന് നിര്‍മ്മാതാക്കള്‍
ലൂസിഫര്‍ വ്യാജപതിപ്പ് പ്രചരിപ്പിച്ചയാള്‍ക്കെതിരെ മോഹന്‍ലാലും നിര്‍മ്മാണ കമ്പനിയും. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ സൗദിയില്‍ വ്യാഴാഴ്ച റിലീസ് ചെയ്തതിന് പിന്നാലെയാണ് വ്യാജപതിപ്പ് പ്രദര്‍ശിപ്പിച്ചുള്ള ടിക് ടോക്ക് വീഡിയോ പുറത്തുവന്നത്. 100 കോടി പിന്നിട്ട് മലയാളത്തില്‍ റെക്കോര്‍ഡ് വിജയം സൃഷ്ടിച്ച സിനിമയെ തകര്‍ക്കാനും വ്യാജപതിപ്പ് ഇറക്കാനും കച്ചകെട്ടിയ ഇറങ്ങിയവരുണ്ടെന്ന് നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് പറയുന്നു. നേരത്തെ റിലീസ് ദിവസം ലൂസിഫറിന്റെ ക്ലൈമാക്‌സ് ടിക് ടോക് വീഡിയോയായി പ്രചരിച്ചതിനെതിരെ മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
ലൂസിഫര്‍ ലാപ്പ് ടോപ്പില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സിനിമയെ അധിക്ഷേപിച്ച സംസാരിച്ച അസ്‌കര്‍ പൊന്നാനി എന്ന ടിക് ടോക് ഐഡിക്ക് പിന്നിലുള്ള ആള്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ സൗദിയില്‍ ആയതിനാല്‍ സൗദി ഗവണ്‍മെന്റുമായും ജോലി ചെയ്യുന്ന സ്ഥാപനവുമായും നിയമനടപടിക്ക് വേണ്ടി ബന്ധപ്പെട്ടതായി ആശിര്‍വാദ് സിനിമാസ് ഇതേക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു.
ലൂസിഫര്‍ വ്യാജപതിപ്പുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയില്‍ പെട്ടില്ലെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസറായ എഡിജിപി മനോജ് എബ്രഹാം ദ ക്യുവിനെ അറിയിച്ചു. ലോക്കല്‍ പോലീസിനെയായിരിക്കും ബന്ധപ്പെട്ടിട്ടുണ്ടാവുക.
വ്യാജപതിപ്പിനെതിരായ നിയമനടപടിയെക്കുറിച്ച് ആശിര്‍വാദ് സിനിമാസ്
വ്യാജപതിപ്പിനെതിരായ നിയമനടപടിയെക്കുറിച്ച് ആശിര്‍വാദ് സിനിമാസ്
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
“ലൂസിഫർ”നെ വമ്പൻ വിജയമാക്കിയ നിങ്ങളേവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് തുടങ്ങട്ടെ.
വളരെ വേദനയോടെ ആണ് ഞങ്ങൾ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നത്. “ലൂസിഫർ” എന്ന ഞങ്ങളുടെ ചലച്ചിത്രം വലിയ റെക്കോർഡ് വിജയം കൈവരിച്ച്, മലയാള സിനിമയ്ക്ക് തന്നെ പുതിയ മാനങ്ങൾ സമ്മാനിക്കുന്ന ഈ വേളയിൽ, ഇതിനെ തകർക്കാനും ഇതിന്റെ വ്യാജ പ്രിന്ററുകൾ ഇറക്കാനും കച്ചകെട്ടി ഇറങ്ങുന്നവർ ചിലരുണ്ട്. നിയമം ഇവരുടെ പിന്നാലെയും ഉണ്ട്.
ഇത്തരം വ്യാജ പ്രിന്റുകൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധം ആണെന്നിരിക്കെ, ഇത് ഡൗൺലോഡ് ചെയ്യാനും കാണാനും എന്നു മാത്രമല്ല, കണ്ടുകഴിഞ്ഞു “കണ്ടു” എന്ന് ഉറക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാനും യാതൊരു മടിയും നിയമഭയവും ഇല്ലാത്ത ഒരാൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.
അസ്‌കർ പൊന്നാനി എന്ന് പേരുള്ള ഇയാൾ സൗദി അറേബ്യയിൽ നിന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഒരു സിനിമയെപ്പറ്റി, അതോടുന്ന തീയേറ്ററിൽ പോയിക്കണ്ട ശേഷം, എന്തും പറയാനുള്ള അധികാരവും അവകാശവും എല്ലാവർക്കുമുണ്ട്. പക്ഷെ അസ്‌കർ പൊന്നാനിയെപ്പോലെയുള്ളവർ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവർത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്.
ഇതിനെ കണ്ടില്ലെന്ന് നടിക്കാൻ സാധ്യമല്ല എന്ന് മാത്രമല്ല, വരും കാലങ്ങളിൽ ഇത്തരം തെമ്മാടിത്തരങ്ങൾ തടയേണ്ടത് വലിയ ഒരു ആവശ്യവും കൂടി ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ നിയമപരമായി നീങ്ങിയതിന്റെ ഫലമായി കേരളാ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സൗദി ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇയാൾ ജോലിചെയ്യുന്നിടവും കണ്ടെത്തിയിട്ടുണ്ട്. തക്കതായ നിയമനടപടികൾ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും ഇയാൾക്കെതിരെ കൈക്കൊള്ളുന്നതാണ്. നാട്ടിലെത്തിയാലുടൻ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയിൽ ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്യുന്നവരെ നേരിടാൻ മറ്റു പല മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്, എന്നുകൂടി അറിയിച്ചുകൊള്ളട്ടെ.
ജനങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ വിജയിക്കട്ടെ. തിയേറ്ററിൽ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങൾ നേരിടുക തന്നെ ചെയ്യും.