'പൊലീസ് കെണിയൊരുക്കിയത് എനിക്ക്, പൊക്കിയത് അവനെ'; 24-ഏഷ്യാനെറ്റ് പോര് മൂപ്പിച്ച് വീണ്ടും വിനു വി ജോണ്‍

'പൊലീസ് കെണിയൊരുക്കിയത് എനിക്ക്, പൊക്കിയത് അവനെ'; 24-ഏഷ്യാനെറ്റ് പോര് മൂപ്പിച്ച് വീണ്ടും വിനു വി ജോണ്‍
Published on

ചാനല്‍ ചര്‍ച്ചകള്‍ക്ക് പുറത്തേക്ക് ആരോപണ പ്രത്യാരോപണവുമായി വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു.വി ജോണ്‍. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പിടിയിലായ കേസില്‍ 24 ചാനല്‍ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത സംഭവം പരാമര്‍ശിച്ചാണ് പുതിയ ട്വീറ്റ്. പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്‍ ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.

വിനു വി ജോണിന്റെ ട്വീറ്റ്

പരാതിക്കാരില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത പണത്തില്‍ 2016 മുതല്‍ കൊച്ചി പ്രസ് ക്ലബില്‍ എത്ര ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. 2020ല്‍ സഹിന്‍ ആന്റണി വഴി വന്ന രണ്ടരലക്ഷം എങ്കിലും തിരിച്ചുകൊടുക്കണം എന്നായിരുന്നു ട്വീറ്റ്.

കൊച്ചി പ്രസ് ക്ലബില്‍ 2020ല്‍ നടന്ന കുടുംബ മേളയിലെ ഭക്ഷണത്തിന്റെ സ്‌പോണ്‍സര്‍ മോന്‍സണ്‍ മാവുങ്കല്‍ ആയിരുന്നു എന്നായിരുന്നു ട്വീറ്റിനൊപ്പം വിനു വി ജോണ്‍ പങ്കുവച്ച വാട്‌സ് ആപ്പ് സന്ദേശത്തിലെ ഉള്ളടക്കം.

മുട്ടില്‍മരംമുറി കേസില്‍ ട്വന്റി ഫോര്‍ ചാനല്‍ റീജനല്‍ ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം പ്രതികളുമായി സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നത് ബ്രേക്കിംഗ് ന്യൂസായി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോര്‍ ന്യൂസും പരസ്യ പോരിലേക്ക് എത്തുന്നത്.

ഏഷ്യാനെറ്റിന് പുറമേ മാതൃഭൂമി ന്യൂസും ന്യൂസ് 18ഉം മീഡിയ വണ്ണും ദീപക് ധര്‍മ്മടത്തിനെതിരെ വാര്‍ത്ത നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പങ്കാളികളാകുന്ന കേസുകള്‍ വന്നാല്‍ ഇനി മുതല്‍ ട്വന്റി ഫോര്‍ ചാനല്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യുമെന്ന രീതിയിലായിരുന്നു ചാനല്‍ എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പില്‍ ആരോപണവിധേയനായ സഹിന്‍ ആന്റണിയുടെ പേര് പരാമര്‍ശിച്ച് വിനു വി ജോണ്‍ ന്യൂസ് അവര്‍ ചര്‍ച്ച നടത്തിയത്. തൊട്ടടുത്ത ദിവസം മോണിംഗ് ഷോയില്‍ വിനുവിനെ പേരെടുത്ത് വിമര്‍ശിച്ച് ശ്രീകണ്ഠന്‍ നായരും എത്തി.

വിനു വി ജോണ്‍ നയിച്ച ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സഹിന്‍ ആന്റണിയുടെ കുടുംബത്തിനെതിരെ പാനലില്‍ നിന്ന് റോയ് മാത്യു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. റോയ് മാത്യുവിനും ചാനലിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് സഹിന്റെ കുടുംബം പിന്നീട് ട്വന്റി ഫോര്‍ ചാനലിലൂടെ വ്യക്തമാക്കി. തൊട്ടടുത്ത ദിവസം വിനു വി ജോണ്‍ രാത്രി ചര്‍ച്ചയില്‍ ഖേദപ്രകടനവുമായി എത്തിയിരുന്നു.

'ഇന്നലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമര്‍ശങ്ങള്‍ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല. ഈ അഭിപ്രായം നടത്തിയപ്പോള്‍ തന്നെ അവതാരകന്‍ എന്ന നിലയില്‍ അങ്ങനെ പറയരുതെന്ന് ഞാന്‍ തിരുത്തിയിരുന്നു. എങ്കിലും ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായത് ഖേദകരമാണ്. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.'

24ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് മകളുടെ പിറന്നാള്‍ ആഘോഷമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മനീഷ രാധാകൃഷ്ണന്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും മനീഷ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം പരാമര്‍ശിച്ച് പ്രവാസി വനിതയോട് വിനു വി ജോണ്‍ നടത്തിയ പരാമര്‍ശവും ചോദ്യവും വലിയ വിവാദമായിരുന്നു.

പുരാവസ്തു തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ട്വന്റി ഫോറിന്റെ ജനപ്രീതി തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്നും ശ്രീകണ്ഠന്‍ നായര്‍ ചാനലിലൂടെ പറഞ്ഞു. ന്യൂസ് അവറിന്റെ അവതാരകന്‍ എന്ന് പറയുന്ന വിനു വി ജോണ്‍ എന്ന് പറയുന്ന ആള്‍, ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുകയെന്നായിരുന്നു ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍.

ബാര്‍ക് റേറ്റിംഗ് കാലയളവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വലിയ മത്സരം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും, ട്വന്റി ഫോര്‍ ന്യൂസും വാര്‍ത്താ അവതാരകരുടെ ഭാഷയെയും സഭ്യതയെയും മുന്‍നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കുകയാണ്.

വിനു വി ജോണ്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളെയും ട്വിറ്ററില്‍ മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനെതിരെ നടത്തിയ അധിക്ഷേപ പ്രയോഗങ്ങളും മുന്‍നിര്‍ത്തിയായായിരുന്നു ഒക്ടോബര്‍ അഞ്ചിനുള്ള ട്വന്റി ഫോര്‍ ചാനലിലെ പ്രൈം ടൈം ചര്‍ച്ച.

'അവതാരകര്‍ അതിരുവിടരുത്' എന്ന തലക്കെട്ടിലുള്ള ചര്‍ച്ചയില്‍ അവതാരകന്‍ കെ ആര്‍ ഗോപീകൃഷ്ണനൊപ്പം സിപിഎം നേതാവ് എം.സ്വരാജ്, അലക്‌സാണ്ടര്‍ ജേക്കബ്, പി.ഡി.ടി ആചാരി, ജാന്‍സി ജെയിംസ്, പ്രേംകുമാര്‍ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്.

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹമനോടിച്ച് കയറ്റിയതും കര്‍ഷക സമരത്തിനെതിരെയുള്ള പൊലീസ് നരനായാട്ടും ചര്‍ച്ച ചെയ്യാതെ മോന്‍സന്റെ കയ്യിലെ ചെമ്പോലയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച ചെയ്തതിനെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മീഡിയ വണ്‍ എഡിറ്ററുമായ പ്രമോദ് രാമന്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയിരുന്നു. പ്രമോദ് രാമനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു വിനു വി ജോണിന്റെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in