വി.രവീന്ദ്രനാഥ് മാതൃഭൂമി സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍
മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ മനോജ്.കെ.ദാസ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ വി.രവീന്ദ്രനാഥിനെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചു. നിലവില്‍ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററാണ് വി.രവീന്ദ്രനാഥ്. മാതൃഭൂമിയിലെ ഏറ്റവും സീനിയോരിറ്റിയുള്ള മാധ്യമപ്രവര്‍ത്തകരിലൊരാളുമാണ്.
എഡിറ്റര്‍ പദവിയില്‍ ഒന്നര വര്‍ഷം പിന്നിട്ടപ്പോഴാണ് മനോജ് കെ.ദാസ് മാതൃഭൂമിയില്‍ നിന്ന് രാജി വച്ചത്. ഈ സാഹചര്യത്തില്‍ എഡിറ്റോറിയല്‍ ടീമിലെ തന്നെ മുതിര്‍ന്നയാളെ തലപ്പത്തേക്ക് നിയമിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
പുറത്ത് നിന്നുള്ളവരെ പത്രാധിപരായി നിയമിക്കുന്നതായിരുന്നു മാതൃഭൂമി ദിനപത്രത്തിന്റെ പതിവ്. ഇതിന് മുമ്പ് പത്രാധിപരുടെ ചുമതല വഹിച്ചിരുന്ന കെ.ഗോപാലകൃഷ്ണ്‍, എം. കേശവമനോന്‍, പി.ഐ രാജീവ്, മനോജ് കെ.ദാസ് തുടങ്ങിയവരെ മറ്റ് മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് മാതൃഭൂമിയിലേക്ക് കൊണ്ടുവരികയായിരുന്നു.
2019 നവംബറില്‍ ആണ് മനോജ് കെ ദാസ് മാതൃഭൂമി പത്രത്തില്‍ ജോയിന്‍ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് മനോജ് കെ.ദാസ് മാതൃഭൂമിയിലെത്തുന്നത്. 1994ല്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാതൃഭൂമി ദിനപത്രത്തില്‍ ദീര്‍ഘകാലം എഡിറ്റര്‍ പദവിയില്‍ ഉണ്ടായിരുന്നു കെ.ഗോപാലകൃഷ്ണന് ശേഷം എം.കേശവമേനോന്‍ പത്രത്തിന്റെ എഡിറ്റര്‍ ആയി ചുമതല ഏറ്റിരുന്നു. 9 വര്‍ഷത്തോളം എം.കേശവമേനോന്‍ ആയിരുന്നു എഡിറ്റര്‍. ഇതിന് ശേഷം എഡിറ്റര്‍ പദവിക്ക് പകരം എക്്സിക്യൂട്ടീവ് എഡിറ്റര്‍ ആയി പി.ഐ രാജീവ് ചുമതലയേറ്റു. രാജീവ് കാലാവധി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആണ് മനോജ്.കെ.ദാസ് എഡിറ്റര്‍ പദവിയില്‍ എത്തുന്നത്. 2 വര്‍ഷത്തെ കരാറില്‍ ആയിരുന്നു നിയമനം.
ജൂലൈ ഒന്ന് മുതല്‍ മാതൃഭൂമി ചാനലിന്റെ തലപ്പത്ത് ഉണ്ണി ബാലകൃഷ്ണന് പകരം രാജീവ് ദേവരാജിനെ നിയമിച്ചിരുന്നു. ഉണ്ണി ബാലകൃഷ്ണന്‍ രാജി വച്ചതിന് പിന്നാലെയായിരുന്നു നിയമനം.
ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ മാതൃഭൂമി ദിനപത്രം കൈക്കൊണ്ട സംഘപരിവാര്‍ അനുകൂല നിലപാട് ഏറെ വിമര്‍ശിക്കപെട്ടിരുന്നു. പത്രം സംഘപരിവാര്‍ അനുകൂല നിലപാട് തുടര്‍ച്ചയായി സ്വീകരിക്കുന്നതില്‍ എം.ഡിയും ഇടത് എം.പിയും ആയ എം.വി.ശ്രേയാംസ് കുമാറിനെതിരെ സിപിഎം അണികള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ശ്രേയംസിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായി. വയനാട് മണ്ഡലത്തില്‍ ശ്രേയാംസ് പരാജയപ്പെട്ടതില്‍ മാതൃഭൂമി പത്രവും ചാനലും സ്വീകരിച്ച സിപിഎം വിരുദ്ധ സമീപനം കാരണമായെന്ന് എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റിയിലും ആക്ഷേപം ഉയര്‍ന്നിരുന്നു.