മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ജിമ്മി ജെയിംസ് ഏഷ്യാനെറ്റ് വിടുന്നു. രാജ്യത്ത് സാമ്പത്തിക സുസ്ഥിരതയും, സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമായ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഹെഡ് ആയി നിയമനം ലഭിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നുള്ള രാജി. ധന- സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ ആഴത്തിലുള്ള ഗവേഷണങ്ങളിലാണ് സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാമ്പത്തികമേഖലയില്‍ ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയുണ്ടാക്കുകയാണ് സിഎഫ്എയുടെ ദൗത്യം.
2001ല്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്ത ജിമ്മി ജെയിംസ് കോട്ടയം, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായിരുന്നു. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗിനും, റിപ്പോര്‍ട്ടിംഗിനുമായി രണ്ട് തവണ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ജിമ്മിയെ തേടിയെത്തിയിട്ടുണ്ട്.
ഇരുപത് വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ജിമ്മി പ്രൈം ടൈം ചര്‍ച്ചയായ ന്യൂസ് അവര്‍ അവതാരകന്‍ കൂടിയാണ്. ചാനലിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമുകളിലൊന്നായ പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരമ്പരയില്‍ ജിമ്മി ജെയിംസ് നടത്തിയ നിരവധി അഭിമുഖങ്ങള്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. പോയിന്റ് ബ്ലാങ്കിലൂടെ മികച്ച അഭിമുഖത്തിനുള്ള സംസ്ഥാന അവാര്‍ഡും ജിമ്മിയെ തേടിയെത്തിയിട്ടുണ്ട്. സപ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, നടന്‍ വിനായകന്‍ എന്നിവരുടെ അഭിമുഖങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായി മാറിയിരുന്നു. ഫാക്ട് ചെക്ക് മുന്‍നിര്‍ത്തിയുള്ള 'ഒരു കഥ നുണക്കഥ' എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു ജിമ്മി ജെയിംസ്.
ഏഷ്യാനെറ്റില്‍ നോട്ടീസ് പിരിഡില്‍ തുടരുന്ന ജിമ്മി ജെയിംസ് സെപ്തംബര്‍ മുതല്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ ഭാഗമാകും.