റേറ്റിംഗില്‍ ഏഷ്യാനെറ്റിന് വെല്ലുവിളിയുയര്‍ത്തി 24, മനോരമ മൂന്നാമത്; മാതൃഭൂമിയെ പിന്നിലാക്കി ജനം

റേറ്റിംഗില്‍ ഏഷ്യാനെറ്റിന് വെല്ലുവിളിയുയര്‍ത്തി 24, മനോരമ മൂന്നാമത്; മാതൃഭൂമിയെ പിന്നിലാക്കി ജനം
Published on

സിപിഐഎം ബഹിഷ്‌കരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് പുറത്തുവരുമ്പോള്‍ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. ഏഷ്യാനെറ്റിന് തൊട്ടുപിന്നിലായി വലിയ വെല്ലുവിളി ഉയര്‍ത്തി ട്വന്റ് ഫോര്‍ ന്യൂസ് ചാനലുണ്ട്. കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ജൂണില്‍ യുവപ്രേക്ഷക വിഭാഗത്തില്‍ ട്വന്റി ഫോര്‍ ന്യൂസ് ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കിയിരുന്നു. തുടര്‍ആഴ്ചകളില്‍ ഏഷ്യാനെറ്റിന് കടുത്ത മത്സരമുയര്‍ത്തുന്നതാണ് ഒടുവില്‍ പുറത്തുവന്ന റേറ്റിംഗ്.മുന്‍വര്‍ഷങ്ങളിലെ ഏഷ്യാനെറ്റിന്റെ ഒന്നാം സ്ഥാനത്തെ റേറ്റിംഗ് കണക്ക് നോക്കിയാല്‍ രണ്ടാം സ്ഥാനത്തുള്ള ചാനലിനെക്കാള്‍ ഏതാണ്ട് ഇരട്ടിയോളം മുന്നേറ്റം പ്രകടമായിരുന്നു. ട്വന്റി ഫോറിന്റെ മുന്നേറ്റത്തില്‍ ആ ആധിപത്യം നഷ്ടമായിട്ടുണ്ട്.

WS3

ഓഗസ്റ്റ്‌ 1 മുതല്‍ 7 വരെയുള്ള ആഴ്ചയിലെ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ(ബാര്‍ക്) കണക്കുകള്‍ പ്രകാരം റേറ്റിംഗില്‍ 72,103 ഇംപ്രഷനുമായി ഏഷ്യാനെറ്റ് ന്യൂസും തൊട്ടുപിന്നില്‍ 55,603 ഇംപ്രഷനുമായി 24 ന്യൂസുമാണ്.

ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും, അപഹസിക്കുന്നുവെന്നും കാട്ടി സിപിഐഎം ബഹിഷ്‌കരിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിംഗിനെ ആദ്യ രണ്ടാഴ്ചകളില്‍ ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. പിഎസ്‌സി നിയമനത്തിലെ അപാകത പ്രൈം ടൈം ചര്‍ച്ചയാക്കിയതാണ് ഏഷ്യാനെറ്റിന് റേറ്റിംഗില്‍ തുണയായത്. രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോര്‍ ചാനലിന് ഏഷ്യാനെറ്റിന്റെ റേറ്റിംഗിന് തൊട്ടടുത്തായി നിലയുറപ്പിക്കാനായി.

മനോരമാ ന്യൂസ് 45,794 ഇംപ്രഷനുമായി റേറ്റിംഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുമുന്നത്തെ ആഴ്ചയില്‍ നിന്ന് നില മെച്ചപ്പെടുത്താനായെന്ന് മാത്രം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും അനുബന്ധ പരിപാടികളും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിയെ നാലാം സ്ഥാനത്തെത്തിച്ചു(28,282). ഇതോടെ മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് (28,028)പിന്തള്ളപ്പെട്ടു.

വിപണിയില്‍ സുപ്രധാനമെന്ന് വിശ്വസിക്കുന്ന 22 പ്ലസ് മെയില്‍ കാറ്റഗറിയില്‍ ഏഷ്യാനെറ്റ് ന്യൂസ് 229.85 പോയിന്റുമായി ഒന്നാമതും തൊട്ടുപിന്നില്‍ 177.25 പോയിന്റുമായി ട്വന്റി ഫോറുമാണ്. തൊട്ടുമുന്നത്തെ ആഴ്ചയില്‍ ഏഷ്യാനെറ്റ് 278ഉം ട്വന്റി ഫോര്‍ 192ഉം പോയിന്റുകളായിരുന്നു നേടിയത്. ഈ കാറ്റഗറിയിലും ഏഷ്യാനെറ്റിന് മുന്നില്‍ കനത്ത മത്സരമാണ് ട്വന്റി ഫോര്‍ കാഴ്ച വച്ചിരിക്കുന്നത്.

റേറ്റിംഗില്‍ ഏഷ്യാനെറ്റിന് വെല്ലുവിളിയുയര്‍ത്തി 24, മനോരമ മൂന്നാമത്; മാതൃഭൂമിയെ പിന്നിലാക്കി ജനം
യുവപ്രേക്ഷകരില്‍ ഒന്നാമതെന്ന് ട്വന്റി ഫോര്‍, ശരിക്കും മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗില്‍ പോര്

2018ല്‍ സംപ്രേഷണമാരംഭിച്ച ട്വന്റി ഫോര്‍ ന്യൂസ് കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മലയാളം ന്യൂസ് ചാനലുകളില്‍ അപ്രതീക്ഷിത മുന്നേറ്റവും റേറ്റിംഗില്‍ അട്ടിമറിയും കാഴ്ച വച്ചിരുന്ന ചാനലാണ്. ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ യുവപ്രേക്ഷകരുടെ വിഭാഗത്തില്‍ ട്വന്റി ഫോര്‍ ഏഷ്യാനെറ്റിനെ പിന്നിലാക്കിയിരുന്നു.

എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം ഡിബേറ്റില്‍ അവതാരകനായി എത്തിയതും, ന്യൂസ് 18 കേരളയില്‍ നിന്നും ശരത് ചന്ദ്രന്‍ എക്‌സിക്യുട്ടീവ് എഡിറ്ററായി ചാനല്‍ തലപ്പത്തെത്തിയതും കൈരളി ന്യൂസിന് കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗില്‍ ഗുണം ചെയ്തിട്ടില്ല. ഏഴാം സ്ഥാനത്താണ് കൈരളി ന്യൂസ്. മീഡിയാ വണ്ണിനെ പിന്നിലാക്കാനായി എന്നത് മാത്രമാണ് കൈരളിയുടെ നേട്ടം. ന്യൂസ് 18 ചാനല്‍ ആറാം സ്ഥാനത്താത്താണ്. എട്ടാമത് മീഡിയാ വണ്ണും

Related Stories

No stories found.
logo
The Cue
www.thecue.in