മേഘമല്‍ഹാറില്‍ നന്ദിതയും രാജീവും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതായിരുന്നു ആലോചിച്ചിരുന്നത്, ഫാമിലി ഓഡിയന്‍സിനെ ഭയന്ന് മാറ്റി: കമല്‍
മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറും ഇന്ന് ആയിരുന്നെങ്കില്‍ മറ്റൊരു രീതിയില്‍ ചെയ്‌തേനെയെന്ന് സംവിധായകന്‍ കമല്‍. ദ ക്യു 'മാസ്റ്റര്‍ സ്‌ട്രോക്ക്' സീരീസില്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു കമല്‍.
കമല്‍ പറഞ്ഞത്
മധുരനൊമ്പരക്കാറ്റ് സിനിമയില്‍ മെലോഡ്രാമ കൂടുതലായിരുന്നു. അന്ന് അത്ര കോംപ്രമൈസ് ചെയ്തിരുന്നില്ലെങ്കില്‍ എന്റെ ഏറ്റവും നല്ല സിനിമകളിലൊന്നായേനേ. ഇന്ന് മേഘമല്‍ഹാര്‍ ചെയ്തിരുന്നെങ്കില്‍ രാജീവന്റെയും നന്ദിതയുടെയും കഥ ഇതുപോലെ ആയിരിക്കില്ല. ബിജു മേനോന്‍ അവതരിപ്പിച്ച രാജീവും സംയുക്തയുടെ നന്ദിതയും ഒന്നിച്ചുള്ള യാത്രയില്‍ ഒരു ഹോട്ടലില്‍ റൂമെടുക്കുകയും ഫിസിക്കല്‍ റിലേഷനിലേക്ക് കടക്കുകയും ചെയ്യുന്നതായിരുന്നു ആദ്യം ആലോചിച്ചത്. ടെലിവിഷന്‍ പ്രേക്ഷകരെ പരിഗണിച്ച് ചെയ്തിരുന്ന സിനിമ ആയതുകൊണ്ടാണ് അന്ന് അത് ചെയ്യാതിരുന്നത്. പ്രേക്ഷകര്‍ സ്വീകരിക്കില്ലന്ന ഭയമായിരുന്നു കാരണം.
തിയറ്ററിന് വേണ്ടി മാത്രം ആലോചിച്ച സിനിമ ആയിരുന്നെങ്കില്‍ മേഘമല്‍ഹാര്‍ ആദ്യം ആലോചിച്ച പോലെ ചെയ്‌തേനെ. മിന്നാമിന്നിക്കൂട്ടം, പച്ചക്കുതിര, ഗോള്‍ എന്നീ സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് ആലോചിച്ചിരുന്നതായും കമല്‍.