ഓണ്‍ലൈന്‍ ബുക്കിംഗിനെക്കുറിച്ച് കെട്ടുകേള്‍വി പോലുമില്ലാതിരുന്ന എന്റെ കോളേജ് കാലഘട്ടം. ഒന്നുകില്‍ തിയേറ്ററില്‍ ക്യൂ നിന്ന് ടിക്കറ്റെടുക്കണം, അല്ലെങ്കില്‍ റിസര്‍വ് ചെയ്യണം അതായിരുന്നു അവസ്ഥ. റിസര്‍വേഷന്‍ കൗണ്ടറിലിരിക്കുന്നത് തിയേറ്റര്‍ മാനേജരായിരിക്കും. അന്ന്, സിനിമാ നടന്മാരെക്കാള്‍ ആദരവോടെ ആളുകള്‍ നോക്കിയിരുന്ന ഒരു വിഭാഗമാണ് തിയേറ്റര്‍ മാനേജര്‍മാര്‍. ക്യൂവില്‍ നില്‍ക്കുന്നതിനിടയില്‍ നമ്മളെ എതെങ്കിലും രീതിയിലുള്ള പരിചയം ഉണ്ടെങ്കില്‍ ചില്ലറ പരിഗണന കിട്ടും. മൂന്നു ടിക്കറ്റില്‍ കൂടുതല്‍ റിസര്‍വേഷന്‍ കിട്ടില്ല. നമുക്ക് വേണ്ടത് ഒരു ഗ്രൂപ്പിനുള്ള ബുക്കിംഗ് ആയിരിക്കും. പക്ഷേ അവര്‍ സമ്മതിക്കില്ല. മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന കാലഘട്ടമാണ്. റിസര്‍വേഷനു വേണ്ടി അതിരാവിലെ പോയി ക്യൂ നില്‍ക്കണം.
ചങ്ങനാശ്ശേരി 'അഭിനയ' തിയേറ്ററിലാണ് ഞാന്‍ 'അമരം' കാണുന്നത്. ആ സിനിമ എത്ര തവണ കണ്ടു എന്നത് എനിക്കു തന്നെ നിശ്ചയമില്ല. വീണ്ടും വീണ്ടും കാണാന്‍ ആവേശം തരുന്നതായിരുന്നു അമരത്തിലെ മമ്മൂട്ടി സാറിന്റെ കഥാപാത്രം. അതുപോലെ തന്നെ, ചങ്ങനാശേരി 'അപ്‌സര' തിയേറ്ററിലാണ് 'ഒരു സിബിഐ ഡയറിക്കുറിപ്പ്' കണ്ടത്. അവിടെയും അതേ അവസ്ഥ തന്നെയായിരുന്നു. ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിലെ മാനേജര്‍മാരുടെ ജാഡ അതു കാണാന്‍ തന്നെ ഒരു രസമാണ് ആ തിരക്ക് അവര്‍ ആസ്വദിക്കുകയാണ് ക്യൂവില്‍ നിക്കുന്ന എന്നെ ഒന്നു നോക്കിയിരുന്നെങ്കില്‍ എന്നു തോന്നിയ നിമിഷങ്ങള്‍. സത്യത്തില്‍ പിന്നീട് അവരെ പരിചയപ്പെട്ടപ്പോളാണ് ശുദ്ധ പാവങ്ങളാണ് അന്ന് നമ്മളെ 'ശത്രുത'യിലാക്കി ഈ മാനേജര്‍മാര്‍ എന്നു മനസ്സിലായത് .ഒരു പക്ഷേ അമരവും സിബിഐ ഡയറിക്കുറിപ്പുമായിരിക്കാം ഒരു സിനിമാ സംവിധായകനാകണം എന്ന തോന്നല്‍ എന്നില്‍ ജനിപ്പിച്ചത്. അമരത്തിന്റെ ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കണ്ടപ്പോള്‍ ആ ക്യൂവില്‍ നിക്കുമ്പോള്‍ മനസ്സില്‍ തോന്നിയൊരു സ്വപ്നമാണ്, എന്റെ ഒരു സിനിമ ആ സ്‌ക്രീനില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന്. മമ്മൂട്ടി സാര്‍ നായകനായി ഒരു സിനിമയെന്നും.
സിനിമ എന്താണെന്ന് പോലും അറിയാത്ത സമയം. മമ്മൂട്ടി സാര്‍ എന്നത് നമ്മുടെ കൈയെത്താ ദൂരത്ത്, സിനിമയ്ക്കുമപ്പുറത്ത് നില്‍ക്കുന്നൊരു വ്യക്തി. നമുക്ക് സിനിമയിലേക്ക് വരാന്‍ പറ്റുമോ, മമ്മൂട്ടി സാറിനെ വച്ചു സിനിമ ചെയ്യാന്‍ പറ്റുമോ എന്നൊന്നും അറിയില്ല. കാരണം, അന്നൊരു സംവിധായകനെ കാണണമെങ്കില്‍ ലാന്‍ഡ്ഫോണില്‍ വിളിച്ച് ആള്‍ എവിടെയുണ്ടെന്നൊക്കെ അറിഞ്ഞ ശേഷമേ നടക്കൂ എന്ന സ്ഥിതി. ആ കാലഘട്ടത്തിലും എങ്ങനെയൊക്കെയോ സിനിമയിലെത്തി മമ്മൂട്ടിസാറിനെ അടുത്തറിഞ്ഞു സാറിന്റെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയക്ടറാകാന്‍ ഭാഗ്യമുണ്ടായി ഒടുക്കം, ഞാന്‍ ഒരിക്കല്‍ ആഗ്രഹിച്ചതുപോലെ, അമരം ഓടിയ അതേ അഭിനയ തിയേറ്ററിലെ അതേ സ്‌ക്രീനില്‍, എന്റെ സിനിമ 'ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്' ഓടി. ഞാന്‍ അമ്മയുടെ കൈപിടിച്ചിരുന്ന് ആ സിനിമ കണ്ടു. അച്ഛന് അത് കാണാനുള്ള വിധി ഉണ്ടായില്ല. അമരത്തിലെ നായകന്‍, എന്റെ മമ്മൂട്ടി സാര്‍, തന്നെയാണ് ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസിലെയും നായകന്‍. അതില്പരം അഭിമാനിക്കാവുന്ന മറ്റെന്തുണ്ട്! അന്നു പക്ഷേ, 'അമരം' ബുക്ക് ചെയ്യാനിരുന്ന മാനേജര്‍ അവിടെ ഉണ്ടായിരുന്നില്ല... എന്നെ സിനിമയിലേക്കടുപ്പിച്ച ആ രണ്ടു സിനിമകളിലെയും നായകന്‍ തന്നെ എന്നെ ആദ്യമായി സംവിധായകനാക്കി എന്നത് ദൈവവിധി.
ഇന്ന് ആ മഹാ പ്രതിഭയുടെ, എന്നെ സംവിധായകനാക്കിയ മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ, ജന്മദിനമാണ്. ഓരോ ജന്മദിനത്തിലും അദ്ദേഹം ചെറുപ്പമാവുകയാണ്. അത് ഇനിയും അങ്ങനെയാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട്, ഇനിയുമൊരുപാടൊരുപാട് ജന്മദിനങ്ങള്‍ അദ്ദേഹത്തിന് ആഘോഷിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്, മമ്മൂട്ടിസാറിനു എന്റെയും, എന്റെ അമ്മയുടെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു...