മലര്‍വാടി@9, വിനീത് സംവിധായകനായപ്പോള്‍ നിവിനും അജുവും മലര്‍വാടിക്കൂട്ടവും ക്യാമറക്ക് മുന്നിലെത്തിയ സിനിമ
പിന്നണി ഗായകനായും അഭിനേതാവായും സിനിമയില്‍ സജീവമായിരിക്കേയാണ് വിനീത് ശ്രീനിവാസന്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ആദ്യ സിനിമ പ്രഖ്യാപിച്ചത്. ഭൂരിഭാഗം കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ പുതുമുഖങ്ങളെ തെരഞ്ഞെടുക്കാനുള്ള വിനീതിന്റെ തീരുമാനവും വിപ്ലവകരമായിരുന്നു. ഓഡിഷനിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കോഫീ അറ്റ് എംജി റോഡ് എന്ന ഹിറ്റ് വീഡിയോ ആല്‍ബം യുവാക്കള്‍ക്കിടയില്‍ തരംഗം തീര്‍ത്തതിന് പിന്നാലെയാണ് സ്വന്തം സംവിധാനത്തിലുള്ള സിനിമയുടെ പ്രഖ്യാപനം വന്നത്. ദിലീപിന്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് നിര്‍മ്മിച്ചത്. 2010 ജൂലൈ 16ന് ചിത്രം തിയറ്ററുകളിലെത്തി.
ഓഡിഷന്‍ ഏതാണ്ട് അവസാനഘട്ടത്തിലെത്തിയിരിക്കേ ആണ് സിനിമാ മോഹം തലക്ക് പിടിച്ച നിവിന്‍ പോളി ആലുവയില്‍ നിന്ന് എത്തിയത്. എറണാകുളത്തായിരുന്നു ഓഡിഷന്‍. കാലില്‍ പരിക്കേറ്റ് പ്ലാസ്റ്റര്‍ ഇട്ട് കിടപ്പിലായിരുന്നു നിവിന്‍ പോളി. സുഹൃത്ത് അല്‍ഫോണ്‍സ് പുത്രന്റെ നിര്‍ബന്ധത്തിലാണ് വയ്യാത്ത കാലുമായി എത്തിയത്. വിനീത് പിന്നീട് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കാലില്‍ പ്ലാസ്റ്ററിട്ട ചെറുപ്പക്കാരനുമായി കൂട്ടുകാര്‍ സ്‌കൂട്ടിയിലാണ് എത്തിയത്. ഒപ്പമുള്ള ഫ്രണ്ട്‌സ് താങ്ങിപ്പിടിച്ചാണ് കൊണ്ടുവരുന്നത്. മലര്‍വാടിയിലെ പ്രകാശന് വേണ്ട അതേ ലുക്ക്, താടിയും രൂപവും. ഇത്രയും കഷ്ടപ്പെട്ട ഓഡിഷന് വന്നയാള്‍ എന്ന നിലയില്‍ സോഫറ്റ് കോര്‍ണര്‍ ഉണ്ടായിരുന്നെങ്കിലും ഓഡിഷനിലെ പെര്‍ഫോര്‍മന്‍സില്‍ നിവിന്‍ നായകനായി.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് വേണ്ടിയുള്ള മൂന്നാമത്തെ ഓഡിഷനിലാണ് നിവിന്‍ പോളി പങ്കെടുത്തത്. നിവിന്‍ പോളിക്ക് പുറമേ നാല് അഭിനേതാക്കളായിരുന്നു ടൈറ്റില്‍ റോളില്‍. അജു വര്‍ഗ്ഗീസ്, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍. ഇവര്‍ക്കൊപ്പം നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ജനാര്‍ദ്ദനന്‍, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. നിവിന്‍ പോളിയുടെ പ്രകാശന്‍ എന്ന കഥാപാത്രത്തിനൊപ്പം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അജുവിന്റെ കുട്ടു. ഹ്യൂമര്‍ റോളുകളിലേക്ക് അജുവിന്റെ യാത്ര തുടങ്ങിയതും കുട്ടുവില്‍ നിന്നാണ്. സിനിമയിലെ വിളിപ്പേര് തട്ടത്തിന്‍ മറയത്ത് എന്ന സിനിമ വരെ അജുവിനൊപ്പമുണ്ടായിരുന്നു. മാളവിക വെയില്‍സ്, അപൂര്‍വാ ബോസ് എന്നിവരായിരുന്നു നായികാ താരങ്ങള്‍.
നാട്ടിന്‍പുറത്തുകാരനായ കാഴ്ചയില്‍ പരുക്കനായ കൂട്ടുകാര്‍ക്ക് വേണ്ടി എന്തിനും ഇറങ്ങിപ്പുറപ്പെടുന്ന പ്രകാശനായി നിവിന്‍ പോളിയും മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ മലര്‍വാടിക്കൂട്ടത്തിലെ കുട്ടുവായി അജുവും പുരുഷുവായി ഭഗതും സന്തോഷ് ആയി ശ്രാവണും പ്രവീണായി ഹരികൃഷ്ണനും. കണ്ണൂരിലെ മനശേരി എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണെങ്കിലും സിനിമ ചിത്രീകരിച്ചത് പാലക്കാടാണ്. പി സുകുമാര്‍ ക്യാമറയും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും സമീറാ സനീഷ് സവസ്ത്രാലങ്കാരവും നിര്‍വഹിച്ചു. ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയിലാണ് തുടക്കമിട്ടെങ്കിലും ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകന്‍ ക്ലിക്ക് ആയ ചിത്രവുമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. വിനീതിന്റെ രചനയിലായിരുന്നു ഗാനങ്ങള്‍. മംഗലം കൂടാന്‍ ഞങ്ങളുമുണ്ടേ ചങ്ങായി, മാന്യ മഹാജനങ്ങളേ, തുടങ്ങിയ പാട്ടുകള്‍ എളുപ്പം ഹിറ്റ് ചാര്‍ട്ടിലുമെത്തി.
നിവിന്‍ പോളി മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് പിന്നാലെ ട്രാഫിക്, സ്പാനിഷ് മസാലാ എന്നീ സിനിമകളില്‍ അതിഥി താരമായും, ദി മെട്രോ, സെവന്‍സ് എന്നീ സിനിമകളില്‍ നായകനായും അഭിനയിച്ചെങ്കിലും മുന്‍നിര നായകനിരയിലേക്ക് ഉയരുന്ന തരത്തില്‍ റീ ലോഞ്ച് സംഭവിച്ചത് വീണ്ടും വിനീതിന്റെ സംവിധാനത്തില്‍ തട്ടത്തിന്‍ മറയത്ത് എന്ന സിനിമ പുറത്തുവന്നപ്പോഴാണ്. രണ്ട് വര്‍ഷത്തിന് ശേഷം 2012ലായിരുന്നു തട്ടത്തിന്‍ മറയത്ത് വിനീത് ഒരുക്കിയത്. മലയാളത്തിന് താന്‍ പരിചയപ്പെടുത്തിയ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും വീണ്ടും ഒരുമിപ്പിച്ച് ബോക്‌സ് ഓഫീസിനെ ഇളക്കിമറിക്കാന്‍ വിനീതിന് സാധിച്ചു. ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ നായക കഥാപാത്രമായി എത്തുന്ന ദീപക് പറമ്പോല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രവും മലര്‍വാടി ആര്‍ട്്‌സ ക്ലബ്ബ് ആണ്.