മോഹന്‍ലാലിന്റെ ബറോസില്‍ സംഗീതമൊരുക്കാന്‍ ഇന്ത്യന്‍ നിധിയെന്ന് റഹ്മാന്‍ വിശേഷിപ്പിച്ച ലിഡിയന്‍
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ സംഗീതം നിര്‍വഹിക്കാന്‍ 13 കാരന്‍ ലിഡിയന്‍. തമിഴ്‌നാട് സ്വദേശിയായ ഈ സംഗീത പ്രതിഭയെ ഇന്ത്യയുടെ നിധിയെന്നാണ് എആര്‍ റഹ്മാന്‍ മുന്‍പ് വിശേഷിപ്പിച്ചത്. കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന്‍ ശ്രദ്ധയാകര്‍ഷിച്ചത്. കൊറിയന്‍ ടീമിനെ ഫൈനലില്‍ പരാജയപ്പെടുത്തി ഏഴുകോടിരൂപയുടെ സമ്മാനം ഈ കൗമാര പ്രതിഭ കരസ്ഥമാക്കിയിരുന്നു. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ്.
അച്ഛന്റെയും സഹോദരി അമൃതവര്‍ഷിണിയുടെയും പിന്‍തുണയില്‍ രണ്ടാം വയസ്സുമുതല്‍ സംഗീത ഉപകരണങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു. ഒന്‍പതാം വയസ്സിലാണ് പിയാനോ പഠനം ആരംഭിച്ചത്. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടിയിട്ടുണ്ട്. തബലയിലും മൃദംഗത്തിലും ഇതിനകം പ്രാവീണ്യം നേടി. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പ്പെട്ടതോടെ എ ആര്‍ റഹ്മാന്‍ അവനെ തന്റെ കെ എം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. പിയാനോയില്‍ വേറിട്ട പ്രകടനങ്ങള്‍ സാധ്യമാക്കുമെന്നതാണ് ലിഡിയന്റെ മറ്റൊരു സവിശേഷത.
കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും വിസ്മയിപ്പിച്ചിട്ടുണ്ട്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കുകയെന്നതാണ് ലിഡിയന്റെ മോഹം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ത്രിഡി ചിത്രം നിര്‍വ്വഹിച്ച ജിജോയുടെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ലിഡിയന്റെ സംഗീത മികവിനെക്കുറിച്ച് അറിഞ്ഞ് ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു മോഹന്‍ലാലെന്നും കേരള കൗമുദി വാര്‍ത്തയില്‍ വിഎസ് രാജേഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.