‘സെക്‌സി ദുര്‍ഗ കണ്ടിട്ടില്ല, ഇഷ്‌ക് ഫഹദിനെ നായകനാക്കി മുന്‍പ് പ്രഖ്യാപിച്ചത്’; കോപ്പിയടി ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനുരാജ് മനോഹര്‍
മലയാളത്തിലെ ഒരു മുന്‍നിര പ്രൊഡക്ഷന്‍ കമ്പനി ഫഹദ് ഫാസിലിനെ നായകനാക്കി കാര്‍ട്ടൂണ്‍ എന്ന പേരില്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണ് ഇഷ്‌ക്.
ഷെയ്ന്‍ നിഗം നായകനായ പുതിയ ചിത്രം 'ഇഷ്‌ക്' സനല്‍കുമാര്‍ ശശിധരന്റെ 'സെക്‌സി ദുര്‍ഗ' എന്ന ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. ഇഷ്‌കിന്റെ തിരക്കഥ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയാക്കിയതാണെന്നും സെക്‌സി ദുര്‍ഗ കണ്ടിട്ടില്ലെന്നും അനുരാജ് 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മലയാളത്തിലെ ഒരു മുന്‍നിര പ്രൊഡക്ഷന്‍ കമ്പനി ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം ചെയ്യാന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നുവെന്ന് അനുരാജ് പറഞ്ഞു. 2014-15 കാലഘട്ടത്തിലായിരുന്നു ഇത്. കാര്‍ട്ടൂണ്‍ എന്നായിരുന്നു ചിത്രത്തിന് അന്ന് പേരിട്ടിരുന്നത്. ഗൂഗിളില്‍ അതിന്റെ പോസ്റ്ററുകളിപ്പോഴുമുണ്ട്. അന്ന് മറ്റൊരു സംവിധായകനായിരുന്നു. ആരോപണമുന്നയിക്കപ്പെട്ട മറ്റ് ചിത്രങ്ങള്‍ക്ക് എത്രമാത്രം പഴക്കമുണ്ടെന്ന് പരിശോധിച്ചാല്‍ സത്യം മനസിലാകുമെന്നും അനുരാജ് വ്യക്തമാക്കി.
2013ലാണ് ഈ സിനിമയുടെ തിരക്കഥ രതീഷേട്ടന്‍ (രതീഷ് രവി) പൂര്‍ത്തിയാക്കുന്നത്. ‘കിസ് ഓഫ് ലവ്’ പോലും ഇല്ലാത്ത സമയത്താണ് അത്തരമൊരു കഥയുടെ കണ്ടെത്തലുണ്ടാവുന്നത്. അത് കൊണ്ട് തന്നെ കോപ്പിയടിയെന്ന ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് തോന്നുന്നു. അതിന് ശേഷം മലയാളത്തിലെ തന്നെ മറ്റ് നിര്‍മാതാക്കളുടെ അടുത്തും ഈ കഥ പറഞ്ഞിട്ടുണ്ട്. സാങ്കേതിക പ്രവര്‍ത്തകരോട് സംസാരിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ തന്നെ പലര്‍ക്കുമറിയാവുന്ന ഒരു കഥയാണിത്.
അനുരാജ് മനോഹര്‍
ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടറുമായുള്ള താരതമ്യങ്ങളോടും സംവിധായകന്‍ പ്രതികരിച്ചു. ആ ചിത്രം കണ്ടിട്ടുണ്ടെന്നും എന്നാല്‍ സദാചാര പൊലീസിങ്ങ് മാത്രമല്ല ഇഷ്‌കിന്റെ വിഷയമെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു. ലിജോ പെല്ലിശേരി, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇഷ്‌ക്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിവി സാരഥി, മുകേഷ് ആര്‍ മേത്ത, അനൂപ് എവി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സച്ചിദാനന്ദന്‍, വസുധ എന്നീ കഥാപാത്രങ്ങളെയാണ് ഷെയ്ന്‍ നിഗവും നായിക ആന്‍ ശീതളും അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും പ്രധാന റോളിലുണ്ട്.
സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ സിനിമ കോപ്പിയടിച്ച് ആരെങ്കിലും ഒരു കമേഴ്സ്യല്‍ ഉണ്ടാക്കി വിജയിപ്പിച്ചാല്‍ എനിക്ക് സന്തോഷമേയുള്ളു. അത് കണ്ട് ആളുകള്‍ കയ്യടിക്കുന്നതിലും സന്തോഷം. മുമ്പൊക്കെ മലയാള സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിന്റെ ഒറിജിനല്‍ ഏതെങ്കിലും ഹോളിവുഡ്-കാന്‍-ബെര്‍ലിന്‍ സിനിമകള്‍ ആണെന്നായിരുന്നു ആരോപണം ഉയരുന്നതെങ്കില്‍ ഈയിടെയായി അത് മലയാളം ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ കോപ്പിയാണ് എന്ന് ആരോപണം ഉണ്ടാവുന്നത് പുരോഗമനമല്ലേ. പക്ഷെ കോപ്പി ഉണ്ടാവാന്‍ മൂന്നാലുവര്‍ഷം വേണ്ടി വരുന്നു എന്നത് നല്ല സൂചന അല്ല. ഈ സിനിമകള്‍ കോപ്പിയടിക്കാന്‍ കൊള്ളാമെന്ന് പോലും തിരിച്ചറിയാന്‍ ഇത്രയും സമയം വേണ്ടിവരുന്നു എന്നത് കോപ്പിയടിക്കുന്നവരുടെ ആസ്വാദന നിലവാരത്തെ സൂചിപ്പിക്കുന്നു. കമോണ്‍ ബോയ്‌സ്..