ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായ മിന്നല്‍ മുരളിക്ക് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളത്തില്‍ എന്ത് കൊണ്ടൊരു സൂപ്പര്‍ ഹീറോ സിനിമ ഉണ്ടായിക്കൂടാ എന്ന തിരക്കഥാകൃത്ത് അരുണ്‍ അനിരുദ്ധിന്റെ ചിന്തയില്‍ നിന്നാണ് മിന്നല്‍ മുരളിയുടെ തുടക്കം. അരുണ്‍ ബേസിലിനോട് കഥ പറയഞ്ഞതിന് ശേഷം തിരക്കഥാകൃത്ത് ജസ്റ്റിന്‍ മാത്യുവും മിന്നല്‍ മുരളിയുടെ ഭാഗമായി. മിന്നല്‍ മുരളി എന്ന കഥയില്‍ നിന്ന് സിനിമയിലേക്കുള്ള വളര്‍ച്ചയെ കുറിച്ച് അരുണും ജസ്റ്റിനും ദ ക്യുവിനോട് പറഞ്ഞു.
മിന്നല്‍ മുരളിയുടെ തുടക്കം
അരുണ്‍: കാലങ്ങള്‍ക്ക് മുന്‍പ് തന്നെ സൂപ്പര്‍ഹീറോ സിനിമകള്‍ കാണുമ്പോള്‍ മലയാളത്തില്‍ അത്തരമൊരു സിനിമ വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ ഒരു സ്‌പൈഡര്‍മാന്‍ വന്നാല്‍ എങ്ങനെയുണ്ടാവും എന്നൊക്കെ ആലോചിച്ചിരുന്നു. 2018ല്‍ പടയോട്ടത്തിന്റെ ഡബ്ബിങ്ങ് നടക്കുന്ന സമയത്താണ് മിന്നല്‍ മുരളി എന്ന ടൈറ്റില്‍ മനസിലേക്ക് വരുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ ഹീറോ സിനിമ എന്ന രീതിയിലാണ് ചിന്തിച്ചത്. ഈ സിനിമ ഏത് വ്യക്തി സംവിധാനം ചെയ്താല്‍ നന്നാവും എന്ന് ചിന്തിച്ചപ്പോള്‍ മനസില്‍ വന്നത് ബേസില്‍ തന്നെയായിരുന്നു. കാരണം ആദ്യമെ ഒരു ഫാന്റസി വേള്‍ഡ് ഉണ്ടാക്കിയിട്ടുള്ള ആളാണ് ബേസില്‍. അങ്ങനെയാണ് പടയോട്ടത്തിന്റെ തന്നെ നിര്‍മ്മാതാവായ സോഫിയ പോളിനോട് കഥ പറയുകയും സോഫിയ പോള്‍ തന്നെ ബേസിലിനെ തീരുമാനിക്കുകയും ചെയ്തത്. അതിന് ശേഷമാണ് ബേസില്‍ വേറൊരു കാഴ്ച്ചപ്പാട് കൂടി കിട്ടാന്‍ വേണ്ടി ജസ്റ്റിനെ വിളിക്കുന്നത്. ജസ്റ്റിന്‍ ബേസില്‍ ഷോട്ട് ഫിലിം ചെയ്തിരുന്ന കാലം മുതലെ സ്‌ക്രിപ്പ്റ്റുകള്‍ അയച്ചുകൊടുത്തിരുന്ന ആളായിരുന്നു. അങ്ങനെയാണ് ഞാനും ജസ്റ്റിനും ഒരുമിച്ച് ജോയിന്‍ ചെയ്യുന്നത്.
ജസ്റ്റിന്‍: എനിക്ക് മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നു. കാരണം നമ്മള്‍ കണ്ടിട്ടുള്ളത് മുഴുവനും മാര്‍വലിന്റെയും ഡിസിയുടെയും സൂപ്പര്‍ഹീറോ സിനിമകളാണല്ലോ. പിന്നെ ഞാന്‍ സൂപ്പര്‍ ഹീറോ സിനിമകളുടെ വലിയ ആരാധകനൊന്നും അല്ലായിരുന്നു. എങ്കിലും മലയാളത്തില്‍ ഇങ്ങനെയൊരു ശ്രമം നടത്താന്‍ പോകുന്നു എന്നതില്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റ് തോന്നി. പിന്നെ എന്നെ വിളിക്കുന്നത് ബേസില്‍ ജോസഫാണ്. അത്തരമൊരു അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് കരുതിയാണ് ഞാന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്.
കുട്ടനാട്ടിലെ മീന്‍പിടുത്തക്കാരനില്‍ നിന്ന് കുറുക്കന്‍മൂലയിലേക്ക്
അരുണ്‍: കുട്ടനാട്ടിലെ ഒരു സാധാരണ കൃഷിക്കാരന് മിന്നല്‍ ഏല്‍ക്കുന്നതായിരുന്നു ആദ്യത്തെ വിഷയം. പക്ഷെ കുട്ടനാട് എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന സ്ഥലമാണ്. അത് കുറച്ച് കൂടെ റിയലാണ്. ബേസിലിന്റെ കുറുക്കന്‍മൂല എന്ന് പറയുന്ന സ്ഥലം ഫാന്റസിയാണ്. അവിടുത്തെ വണ്ടികള്‍ക്ക് വരെ കെ.എം എന്നാണ് രജിസ്റ്റ്രേഷന്‍. അപ്പോള്‍ അവിടെ നിന്ന് കഥ പറയാന്‍ കുറച്ച് കൂടെ എളുപ്പമാണ്.
കേരളത്തില്‍ ഒരാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടാന്‍ മിന്നലാണ് എളുപ്പ വഴി
ജസ്റ്റിന്‍: കേരളത്തില്‍ ഒരാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടാന്‍ ഏറ്റവും എളുപ്പമുള്ള വഴി മിന്നല്‍ അടിക്കുന്നതാണ്. അതാവുമ്പോള്‍ നമുക്ക് വല്ലാതെ കണ്‍വിന്‍സ് ചെയ്യേണ്ടി വരില്ല. റിയാക്റ്ററില്‍ നിന്ന് ഷോക്കടിക്കുക, കെമിക്കല്‍ റിയാക്ഷന്‍ എന്നീ സംഭവങ്ങളെക്കാളുമൊക്കെ വളരെ കണ്‍വിന്‍സിങ്ങായി ഒരാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടാന്‍ എളുപ്പം ഇടി മിന്നല്‍ തന്നെയാണ്. അതുകൊണ്ടാണ് മിന്നല്‍ എന്ന് തന്നെ തീരുമാനിച്ചത്. പിന്നെ ആദ്യം രണ്ട് പേര്‍ക്കും മിന്നല്‍ അടിക്കുമെന്നത് ഇല്ലായിരുന്നു. നായകന് മിന്നല്‍ അടിക്കുന്നു. പിന്നെ അയാള്‍ ആ സൂപ്പര്‍ പവര്‍ വെച്ച് ചെയ്യുന്ന കാര്യങ്ങളായിരുന്നു ആദ്യം ചിന്തിച്ചത്. വില്ലന് വേറൊരു രീതിയില്‍ സൂപ്പര്‍ പവര്‍ കൊടുക്കാമെന്നാണ് വിചാരിച്ചത്. അതിന് വേണ്ടി കെമിക്കല്‍ ലാബ് പൊട്ടിത്തെറി, ഫാക്ടറി പൊട്ടിത്തെറിയെല്ലാം ആലോചിച്ചു. പിന്നീടാണ് എന്തുകൊണ്ട് രണ്ട് പേര്‍ക്കും മിന്നല്‍ അടിച്ച് സൂപ്പര്‍ പവര്‍ കിട്ടിക്കൂടാ എന്ന ചിന്ത വന്നത്.
ബേസില്‍ കൃത്യമായി ഗൈഡ് ചെയ്തു
അരുണ്‍: ബേസില്‍ ഞങ്ങളെ വളരെ കൃത്യമായി ഗൈഡ് ചെയ്യുന്നുണ്ടായിരുന്നു. ഞാനും ജസ്റ്റിനും ഓരോ സീനുകള്‍ എഴുതി പരസ്പരം ചര്‍ച്ച ചെയ്തതിന് ശേഷം ബേസിലിനെ വിളിക്കും. എന്നിട്ട് വായിച്ച് കേള്‍പ്പിക്കും. അപ്പോള്‍ അത് എങ്ങനെയുണ്ടെന്ന് ബേസില്‍ പറയും. അങ്ങനെ ഒരു അധ്യാപകനെ പോലെയാണ് ബേസില്‍ സ്‌ക്രിപ്പ്റ്റ് റൈറ്റിങ്ങില്‍ ഒപ്പം ഉണ്ടായിരുന്നത്. ആദ്യം തന്നെ ബേസില്‍ എന്റെ അടുത്ത് ഇതുവരെ ഇറങ്ങിയ എല്ലാ സൂപ്പര്‍ ഹീറോ സിനിമകളും കാണാന്‍ പറഞ്ഞു. കാരണം ഒരു സൂപ്പര്‍ ഹീറോകളുമായും സാമ്യം തോന്നരുത് എന്നത് നിര്‍ബന്ധമായിരുന്നു. പിന്നെ ജസ്റ്റിനോട് മലയാളം ഡ്രാമ സിനിമകള്‍ കാണാന്‍ പറയുകയും ചെയ്തിരുന്നു. കെ.ജി ജോര്‍ജിന്റെയും പത്പരാജന്റെയും എല്ലാം സിനിമകള്‍. അതിന്റെ ഒരു മിക്‌സ് സിനിമയിലുമുണ്ട്.
സൂപ്പര്‍ ഹീറോ എലമെന്റ് മാറ്റി വെച്ചാലും മിന്നല്‍ മുരളി ഒരു നല്ല സിനിമയായിരിക്കണം എന്ന തീരുമാനം ഞങ്ങളും ബേസിലും കൂട്ടായി എടുത്തതാണ്. ഇതൊരിക്കലും കുട്ടിക്കളിയാവരുതെന്നും സിനിമ കാണുന്നവര്‍ക്ക് ഇവരെന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാവരുതെന്നുമാണ് ചിന്തിച്ചത്. സിനിമ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയണം എന്നും ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് സൂപ്പര്‍ ഹീറോ എലമെന്റ് മാത്രം കാണിക്കാതെ ഒരു കഥയിലേക്ക് അതിനെ കൊണ്ട് വന്നത്.
സിനിമ മെയില്‍ ഷോ ഓഫ് ആകാതിരിക്കാനാണ് ബ്രൂസിലി ബിജി
അരുണ്‍: പൊതുവെ എല്ലാ സൂപ്പര്‍ ഹീറോ സിനിമകളിലും നായികയെ രക്ഷിക്കുന്നത് സൂപ്പര്‍ ഹീറോ ആയിരിക്കും. സൂപ്പര്‍ ഹീറോ എന്ന് മാത്രമല്ല ഏത് മാസ് സിനിമകള്‍ നോക്കിയാലും ക്ലൈമാക്‌സ് അങ്ങനെയാണ്. നായികയെ രക്ഷിക്കുന്ന നായകന്‍ എന്നത് സ്ഥിരം കണ്ട് വരുന്ന കാര്യമാണ്. അതിനെ മാറ്റി എന്തുകൊണ്ട് ഇതൊരു ടീം വര്‍ക്ക് ആക്കിക്കൂടാ എന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. പിന്നെ ബേസില്‍ പറഞ്ഞിരുന്നു ബ്രൂസിലി ബിജിക്ക് ഹ്യൂമര്‍ എലമന്റ് വേണമെന്ന്. കാരണം കഴുത്തില്‍ കോളര്‍ എല്ലാം ഇട്ട് വരുമ്പോള്‍ പഴയ കല്‍പന ചേച്ചിയുടെ എല്ലാം രീതിയില്‍ ഉള്ള കോമഡി കിട്ടിയാല്‍ നന്നാവുമെന്നും പറഞ്ഞിരുന്നു.
ജസ്റ്റിന്‍: ഒരു മെയില്‍ ഷോഓഫ് മാത്രമല്ലാതെ എല്ലാവര്‍ക്കും കൃത്യമായി സിനിമയില്‍ പങ്കുണ്ടാവണം എന്ന ചിന്ത ആദ്യമെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയില്‍ ആദ്യം തന്നെ ബ്രൂസിലിയുടെ ആ കിക്ക് ബില്‍ഡ് അപ്പ് കൊടുത്ത് കൊണ്ടുവന്നത്.
മലയാളികളുടെ സൂപ്പര്‍ ഹീറോയാണ് പുണ്യാളന്‍
അരുണ്‍: സൂപ്പര്‍ ഹീറോയെ മലയാളികള്‍ക്ക് എങ്ങനെ റിലേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ഞാനും ജസ്റ്റിനും ഒരുപാട് ആലോചിച്ചിരുന്നു. ഈ പുണ്യാളന് ശരിക്കും ഒരു സൂപ്പര്‍ ഹീറോ ഇമേജ് ഉണ്ട്. പുണ്യാളന് കെയിപ്പ് എല്ലാം ഉണ്ടല്ലോ. അങ്ങനെയാണ് ആ എലമെന്റിനെ സിനിമയിലേക്ക് കൊണ്ടുവന്നാല്‍ നന്നായിരിക്കുമെന്ന് ചിന്തിക്കുന്നത്.
ജസ്റ്റിന്‍: സൂപ്പര്‍ഹീറോയെ സിനിമയില്‍ പല സീനുകളിലും പുണ്യാളനുമായി ഉപമിക്കുന്നുണ്ട്. കുന്തം വെച്ച് ഷിബുവിനെ കൊല്ലുന്നതും, പിന്നെ ജേയ്‌സണ്‍ന്റെ അച്ഛന്റെ കഥപാത്രവും എല്ലാം അതിന്റെ ഭാഗമായി ചെയ്തതാണ്. ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കണം എന്നതിനാലാണ് അങ്ങനെ ചെയ്തത്.
ഷിബുവിന്റെ പ്രണയം ടോക്‌സിക്കാണ്
അരുണ്‍: ഷിബുവിന്റെ പ്രണയത്തെ ഒരിക്കലും ഞങ്ങള്‍ മഹത്വവത്കരിച്ചിട്ടില്ല. ഷിബുവും ജേയ്്‌സണും ആയുള്ള ബസ് ഫൈറ്റിന് ശേഷം ബസ് കൊക്കയിലേക്ക് പോകുന്നുണ്ട്. അത് ഷിബുവും ജെയ്‌സണും കണ്ടു. പക്ഷെ ഷിബു ആ സമയത്ത് അവിടെ നിന്ന് തിരിച്ച് പോവുകയാണ് ചെയ്തത്. അല്ലാതെ അവരെ രക്ഷിക്കാനല്ല നോക്കിയത്. എന്നാല്‍ ജെയ്‌സണ്‍ അവിടെ നാട്ടുകാരെ രക്ഷിക്കുകയാണ്. അവിടെയാണ് ശരിക്കും മിന്നല്‍ മുരളി ഒറിജിനല്‍ ആവുന്നത്. മിന്നല്‍ മുരളി ഒരു ഹീറോയാവുന്നത്. ഷിബു പക്ഷെ വില്ലന്‍ തന്നെയാണ്.
ജസ്റ്റിന്‍: ഷിബുവിന്റെ പ്രണയം ടോക്‌സിക്ക് തന്നെയാണ്. കാരണം ചിത്രത്തില്‍ ഭയങ്കര അപകടകാരിയായ സ്റ്റോക്കര്‍ അല്ലെങ്കില്‍ പോലും ഇയാള്‍ ഉഷയെ കാര്യമായി തന്നെ സ്‌റ്റോക്ക് ചെയ്യുന്നുണ്ട്. ഒരു ശല്യമാവും വിധം തന്നെ പിന്‍തുടരുന്നുണ്ട്. പക്ഷെ ഉഷ ഒരു ഒറ്റപ്പെട്ട ആളായാതുകൊണ്ടാണ് അത് അവര്‍ക്ക് മനസിലാവാത്തത്. ഒരു പക്ഷെ ഉഷ ഈ പ്രണയം തിരസ്‌കരിച്ചിരുന്നെങ്കില്‍ ഷിബു ഉഷയെയും കൊന്ന് കളഞ്ഞേനെ. കാരണം സൂപ്പര്‍ പവര്‍ അത്രത്തോളം അയാളെ ഭ്രമിപ്പിച്ചിട്ടുണ്ട്. രണ്ട് രീതിയിലുള്ള ആളുകള്‍ക്ക് ഒരേ രീതിയിലുള്ള ശക്തി കിട്ടികഴിയുമ്പോള്‍ എന്ത് ചെയ്യുമെന്നത് തന്നെയാണല്ലോ സിനിമ പറഞ്ഞ് വെക്കുന്നത്.
ഏറ്റവും ബുദ്ധിമുട്ടിയത് ഷിബുവിനെ എഴുതാന്‍
അരുണ്‍: ഞങ്ങള്‍ ഏറ്റവും അധികം കഷ്ടപ്പെട്ടത് വില്ലന്‍ കഥാപാത്രത്തെ ശരിയാക്കാനായിരുന്നു. ഏകദേശം നാല് അഞ്ച് മാസത്തോളം വില്ലന്‍ കഥാപാത്രത്തില്‍ തന്നെയായിരുന്നു. ഒരു ഭാഗത്ത് ജെയ്‌സണിന്റെ കഥാപാത്രം ശരിയാക്കി വെച്ചിരുന്നു. പക്ഷെ വില്ലന്റെ ഭാഗം എത്ര ശ്രമിച്ചിട്ടും ശരിയാവുന്നുണ്ടായിരുന്നില്ല. പിന്നെ ഒരു പോയന്റില്‍ വെച്ചാണ് ഷിബു വരുന്നതും ബാക്കിയെല്ലാം ശരിയാവുന്നതും. അത് വരെയുള്ള വില്ലന്‍മാരെല്ലാം വളരെ ഓവര്‍ ദ ടോപ്പായിരുന്നു. കെമിക്കല്‍ റിയാക്ഷന്‍ സംഭവിച്ചോ, ആദിവാസി കഥാപാത്രമൊക്കെയാണ് ചിന്തിച്ചിരുന്നത്. പിന്നീടാണ് ജയിസണെ പോലെ തന്നെ ആ നാട്ടിലെ ഒരു ചായക്കടയില്‍ ഒക്കെയുള്ള ഒരാള്‍ വില്ലനായാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചപ്പോഴാണ് ഷിബു ഉണ്ടാവുന്നത്. ഇതില്‍ വില്ലന്‍ കഥാപാത്രത്തിന് ഒരു ലക്ഷ്യം ഉണ്ടാകണം എന്നത് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് പ്രണയം എന്ന എലമന്റ് കൊണ്ടുവന്നത്. ഷിബു ആദ്യം മുതല്‍ അവസാനം വരെ ഫൈറ്റ് ചെയ്യുന്നതും അതിന് വേണ്ടിയാണ്. ആ എലമെന്റ് കിട്ടിയപ്പോള്‍ തന്നെ ആ കഥാപാത്രത്തെ എഴുതാന്‍ എളുപ്പമായി.
ജസ്റ്റിന്‍: ഒരു കഥാപാത്രം എല്ലാം നശിപ്പിക്കുക എന്ന മനോനിലയില്‍ എത്തണമെങ്കില്‍ വളരെ ജനുവിനായ ഒരു കാരണം വേണമല്ലോ. താനോസ് ലോകം നശിപ്പിക്കാന്‍ വരുന്നു എന്ന് പറയുന്നത് പോലെ വളരെ ശക്തമായ ആളുകള്‍ വിശ്വസിക്കുന്ന ഒരു കാര്യം വേണമല്ലോ. അതുകൊണ്ട് ആദ്യ പകുതിയില്‍ കൂടുതലായി വില്ലനെ കാണിക്കേണ്ടി വന്നത്. കാരണം അയാളാണ് ആ നാടിനെ നശിപ്പിക്കുന്ന വിധത്തിലേക്ക് മാറുന്നത്. നായകന്റെ കഥാപാത്രത്തെ എഴുതാന്‍ അത്രത്തോളം ബുദ്ധിമുട്ട് വേണ്ടി വന്നില്ല. കാരണം രക്ഷിക്കുക എന്നത് നായകന്‍മാര്‍ സ്ഥിരമായി ചെയ്യുന്ന കാര്യമാണ്. പക്ഷെ നശിപ്പിക്കുക എന്നതിന് കൃത്യമായൊരു കാരണം വേണം. അതിനുള്ള കാരണമാണ് ഉഷയുമായുള്ള പ്രണയം. അതിന് മുകളില്‍ ഒരു കാരണം കൊടുക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം എല്ലാം വികാരത്തിന്റെയും മുകളില്‍ നില്‍ക്കുന്നതാണ് പ്രണയം. ആ പ്രണയം ഇല്ലാതാവുന്ന ദാരുണമായ അവസ്ഥയിലാണ് ഷിബു എല്ലാം നശിപ്പിക്കുന്നത്.
ഷിബുവും ജോക്കറുമായി ബന്ധമില്ല
അരുണ്‍: അവസാനമായി ഇറങ്ങിയ ജോക്കര്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നമ്മള്‍ സ്‌ക്രിപ്പ്റ്റ് എഴുതി കഴിഞ്ഞിരുന്നു. ജോക്കര്‍ റെഫറന്‍സ് ഒരിക്കലും ഷിബു എന്ന കഥാപാത്രത്തിന് ഇല്ല. മറിച്ച് കെ.ജി ജോര്‍ജിന്റെ ഇരകള്‍, ലോഹിതദാസിന്റെ തനിയാവര്‍ത്തനം എന്നീ സിനിമകള്‍ ആ കഥാപാത്രം ഉണ്ടാവുന്നതില്‍ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.
ജസ്റ്റിന്‍: ജോക്കര്‍ എന്ന് കഥാപാത്രം ഗൂഢമായ ചിന്തകളുള്ള ഒരാളാണ്. ഷിബു ഒരിക്കലും അങ്ങനെയല്ല. ഷിബുവിന് എന്തോ നഷ്ടപ്പെട്ടപ്പോഴാണ് അയാള്‍ ഇതെല്ലാം ചെയ്യുന്നത്. അതേസമയം ജോക്കര്‍ കൃത്യമായ ലക്ഷ്യങ്ങളുള്ള നശിപ്പിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട മാസായിട്ടുള്ള ഒരു വില്ലനാണ്. എന്നാല്‍ ഷിബുവിന്റെ സാഹചര്യങ്ങളാണ് ഷിബുവിനെ ആ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നത്.
ആദ്യ ഭാഗത്തേക്കാള്‍ മികച്ച കഥ കിട്ടിയാല്‍ രണ്ടാം ഭാഗം ചെയ്യും
അരുണ്‍: മിന്നല്‍ മുരളി രണ്ടാം ഭാഗത്തെ കുറിച്ച് എല്ലാവരും ചോദിക്കുന്നു. നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ രണ്ടാം ഭാഗം ചെയ്തിട്ട് മിന്നല്‍ മുരളിയുടെ ആദ്യ ഭാഗത്തിന് ചീത്തപ്പേര് വരാന്‍ പാടില്ല. അതുകൊണ്ട് ആദ്യ ഭാഗത്തേക്കാളും മികച്ച കഥ എന്ന് മനസില്‍ വരുന്നോ അന്ന് മിന്നല്‍ മുരളി രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കും.