പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെയും മലയാളികളെയും വംശീയ അധിക്ഷേപം നടത്തിയും വ്യാജ വാദങ്ങള‍്‍ നിരത്തിയും എഴുതിയ ബ്ലോഗ് വലിയ വിവാദമായിരുന്നു. മലയാള സിനിമയോടും മലയാളികളോടും അപരവിദ്വേഷം പ്രവഹിക്കുന്ന വിധത്തിലായിരുന്നു സ്വന്തം ബ്ലോഗിലൂടെ ജയമോഹന്റെ ദീർഘ ലേഖനം. എംത്രീഡിബി സിനിമാ ഗ്രൂപ്പിന്റെ സാരഥികളിലൊരാളും സിനിമാസ്വാദകനുമായ മുകേഷ് കുമാർ ജയമോഹന്റെ ബ്ലോഗ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിക്കാം.
"മഞ്ഞുമ്മൽ ബോയ്സ്" സിനിമയെക്കുറിച്ച് എഴുത്തുകാരൻ ജയമോഹൻ എഴുതിയ വിവാദ ലേഖനത്തിൻ്റെ പൂർണ്ണമായ മലയാള പരിഭാഷ...Racist remarks, അപര വിദ്വേഷം, gross generalisation, half truths എന്നിവ നിറഞ്ഞ് തുളുമ്പുന്ന ഒരു ലേഖനം ആയാണ് എനിക്ക് അനുഭവപ്പെട്ടത്.
------------------------------------
മഞ്ഞുമ്മൽ ബോയ്സ് - മദ്യപതെമ്മാടികളുടെ കൂത്ത്
സമകാലീന സിനിമകളെ ഞാൻ വിമർശിക്കാറില്ല. അഭിപ്രായം പോലും പറയാറില്ല. കാരണം ഞാനും അതിൻ്റെ ഭാഗമാണ് എന്നത് തന്നെ. സിനിമ ഒരു കലയോ പ്രചാരണമോ അല്ല. അത് നൂറ് ശതമാനവും കച്ചവടമാണ്. ഒരു കച്ചവടക്കാരൻ മറ്റൊരാളുടെ കച്ചവടത്തെ നശിപ്പിക്കരുത്. അതാണ് ധർമ്മം.
പക്ഷേ "ആന ഡോക്ടർ" എഴുതിയയാൾ എന്ന നിലയ്ക്ക് എനിക്ക് ഇതും എഴുതേണ്ടിയിരിക്കുന്നു. വാഴ്ത്തുപാട്ടുകൾ, രോമാഞ്ചങ്ങൾ, ആരാധനകൾ എന്നിവയിലൂടെ കേട്ടറിഞ്ഞ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഇന്നലെ കാണാനിടയായി.
ആദ്യ വിഷയം, മലയാള സിനിമയെന്ന് പറയുമ്പോൾ നമ്മുടെ ആൾക്കാരുടെ ഈ കുളിര്കോരലാണ്. പ്രത്യേകിച്ച് 'തമിഴ് ഹിന്ദു' പത്രത്തിൻ്റേത്. മലയാള സിനിമയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും രോമാഞ്ച നിലയിലാണ് ആ മാധ്യമം. അവരെ സംബന്ധിച്ചിടത്തോളം എല്ലാ മലയാള സിനിമകളും ക്ലാസിക് ആണ്. അതിൽ പലതും പെറ്റമ്മയ്ക്ക് ഇരുന്ന് കാണാൻ കഴിയാത്ത, മടുപ്പുളവാക്കുന്ന വ്യാജ സൃഷ്ടികളാണ് എന്നതാണ് വസ്തുത ('പെറ്റ തള്ള സഹിക്കൂല്ല' എന്ന മലയാള പ്രയോഗം ആണ് ജയമോഹൻ ഇവിടെ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തം)
മഞ്ഞുമ്മൽ ബോയ്സ് തമിഴ് ചിത്രമായിരുന്നുവെങ്കിൽ ഇവിടെയുള്ള സാധാരണ പ്രേക്ഷകൻ വരെ ഒരു ചോദ്യം ചോദിച്ചേനേ. തമിഴ് പത്രങ്ങളിൽ വാർത്തയായ ഇത്ര വലിയൊരു സംഭവം..ഒരു ധീരപ്രവൃത്തി..അതെങ്ങനെ കേരളത്തിൽ ഉളളവർ അറിയാതെ പോയി? മഞ്ഞുമ്മൽ ബോയ്സ് അത് നാട്ടിലാരോടും പറഞ്ഞില്ലേ? ഒരാൾ മറ്റൊരാൾക്ക് ജീവൻ നൽകാൻ തയ്യാറായ അപൂർവ്വ സംഭവം ആണത്. അത് ആരുമറിയാതെ ഗോപ്യമാക്കി വച്ചുവെന്നാണോ പറയുന്നത്? വൈകാരികമായൊരു ക്ലൈമാക്സിന് വേണ്ടി ചുട്ടെടുക്കപ്പെട്ട രംഗം മാത്രമാണത്. പക്ഷേ മല്ലു സിനിമയെന്നാൽ റിയലിസമാണ് നമ്മുടെ നാട്ടിലെ അരക്കിറുക്കൻമാർക്ക്.
അതെന്തോ ആയിക്കോട്ടെ. എല്ലാ സിനിമകളും ഒരർത്ഥത്തിൽ വിവിധ തരത്തിലുള്ള ഏച്ചുകെട്ടലുകൾ തന്നെ. വെറും നേരമ്പോക്കുകൾ. സാമാന്യ ജ്ഞാനം പോലുമില്ലാതെ സിനിമയെ വലം വച്ച്, സിനിമ മാത്രം ചർച്ച ചെയ്ത്, ഏതോ ബൗദ്ധികപ്രവൃത്തിയിൽ മുഴുകിയിരിക്കുകയാണ് തങ്ങളെന്ന ഭാവനയിൽ ജീവിക്കുന്ന ഒരു പാമരസംഘം ഇവിടെയുണ്ട്. വെന്തതും കഴിച്ച് വിധി പോലെ ഇവിടെ ജീവിക്കേണ്ടവർ തന്നെയാണ് അവരും. അവരുടെ പേഴ്‌സിലെ പണം തന്നെയാണ് എൻ്റെ ബാങ്ക് അക്കൗണ്ട് നിറയ്ക്കുന്നത് എന്നതിനാൽ എനിക്ക് അവരോട് കുറച്ച് സഹാനുഭൂതിയും ഉണ്ടെന്ന് കരുതിക്കോളൂ. പുല്ല് വളരുമ്പോൾ പശുവിന് സന്തോഷം ഉണ്ടാവുമല്ലോ.
"മഞ്ഞുമ്മൽ ബോയ്സ്" എനിക്ക് അസ്വസ്ഥത ഉളവാക്കുന്ന സിനിമാനുഭവമായിരുന്നു. കാരണം അതിൽ കാണിക്കുന്നത് കെട്ടുകഥ അല്ല. ഇതിലെ ബോയിസിൻ്റെ അതേ മാനസികനിലയാണ് ദക്ഷിണേന്ത്യയിലൊട്ടുക്കും വിനോദയാത്രയ്ക്ക് വരുന്ന കേരള തെമ്മാടികൾക്ക് ഉള്ളത്. ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് മാത്രമല്ല, നിബിഡ വനങ്ങളിൽ വരെ അവർ എത്തിപ്പെടും. മദ്യപാനം...മദ്യപാനം...അത് മാത്രമേ ഉള്ളൂ. അത് കഴിഞ്ഞ് വാള് വയ്ക്കുക, ഒച്ച കൂട്ടുക, വഴിയിൽ വീണു കിടക്കുക, നിയമങ്ങൾ ലംഘിക്കുക... ഇവയല്ലാതെ മറ്റൊന്നിലും താൽപര്യമില്ല. കോമൺ സെൻസോ പൗരബോധമോ തൊട്ടു തീണ്ടിയിട്ടില്ല.
കുറഞ്ഞത് പത്ത് തവണയെങ്കിലും ഈ മലയാളി മദ്യപ തെമ്മാടികൾ ഊട്ടി, കൊടൈക്കനാൽ, കുറ്റാലം പോലുള്ള സ്ഥലങ്ങളിൽ നടുറോഡിൽ വച്ച് അടിപിടി കൂടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ഈ സിനിമയിൽ കാണിക്കുന്നത് പോലെ ഇവരുടെ വാഹനങ്ങളുടെ ഇരു വശങ്ങളിലും ഛർദ്ദി വഴിഞ്ഞൊഴുകി കൊണ്ടിരിക്കും. മദ്യപിച്ച് കഴിഞ്ഞാൽ ബോട്ടിലുകൾ വീശിയെറിഞ്ഞ് പൊട്ടിച്ചു കൊണ്ടേയിരിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട - കുറ്റാലം റൂട്ടിലോ, ഗൂഡല്ലൂർ - ഊട്ടി റൂട്ടിലോ ചെന്ന് നോക്കണം. വഴി നീളെ പൊട്ടിയതും പൊട്ടാത്തതുമായ ബോട്ടിലുകൾ കാണാൻ കഴിയും. അതിനെ ഈ സിനിമയിൽ അഭിമാനം കൊള്ളേണ്ട പ്രവൃത്തി പോലെയാണ് കാണിക്കുന്നത്.
പല തവണ ഇത്തരക്കാരോട് വഴക്കിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഞങ്ങളോടൊപ്പം വന്ന ചെന്നൈ ഹൈക്കോർട്ട് അഡ്വക്കേറ്റായ സെന്തിൽ കുമാർ ഇവർ വീശിയെറിഞ്ഞ ബോട്ടിലുകളെ അദ്ദേഹം തന്നെ പെറുക്കിയെടുത്ത് നീക്കം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. വർഷത്തിൽ ഇരുപത് ആനകളെങ്കിലും ഈ കുപ്പിച്ചില്ലുകൾ കേറി കാൽ പഴുത്ത് മരണം പ്രാപിക്കുന്നു. ഇതിനെതിരെ രോഷം പൂണ്ട് ഞാനെഴുതിയ "ആന ഡോക്ടർ" എന്ന പുസ്തകം മലയാളത്തിലും ലക്ഷക്കണക്കിന് പ്രതികൾ ആണ് വിറ്റുപോയത്. പക്ഷേ ഈ സിനിമയുടെ സംവിധായകൻ അത് വായിച്ചിരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല.
ഈ മലയാള തെമ്മാടികൾക്ക് മറ്റ് ഭാഷകളിലെ ഒരു വാക്ക് പോലുമറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലേ മറുപടി പറയുകയുള്ളൂ. പക്ഷേ അവരുടെ ഭാഷ മറ്റുള്ളവർ അറിഞ്ഞിരിക്കണം എന്നൊരു ധാർഷ്ട്യവും പ്രകടമാണ്. ഈ സിനിമയിൽ തമിഴകത്തെ പോലീസ് ഇവരെ കൈകാര്യം ചെയ്യുന്ന രീതി കാണിച്ചിരിക്കുന്നത് സത്യമാണ്. കാരണം എന്തെന്നാൽ അടി അല്ലാതെ മറ്റൊരു ഭാഷയും ഇവർക്ക് മനസ്സിലാവില്ല.
കേരളത്തിലെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നത് തന്നെ ദുസ്വപ്നമായി മാറിയിട്ടുണ്ട്. മലയാളികളെ രണ്ടായി തരം തിരിക്കാം. വിദേശത്ത് രക്തം വിയർപ്പാക്കി പണിയെടുക്കുന്നവരും അവരെ ചൂഷണം ചെയ്യുന്ന നാട്ടിലെ മദ്യപാനി സംഘങ്ങളും. ഈ സംഘങ്ങൾ വിവാഹ ചടങ്ങുകളിലൊക്കെ വന്നാൽ പിന്നെ അർമ്മാദമാണ്. വിവാഹ മണ്ഡപത്തിൽ വാള് വയ്ക്കുന്നവർ നിരവധി. വിവാഹ വേദിയിൽ വരൻ തന്നെ ഛർദ്ദിക്കുന്നത് കാണാനിടവന്നിട്ടുണ്ട്.
മദ്യപാനത്തിൽ തമിഴകം കേരളത്തിൻ്റെ പാതയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ഒരു വ്യത്യാസം എന്താണെന്ന് വച്ചാൽ കേരള സമൂഹം ലഹരിയോടുള്ള ആവേശത്തെയും അതിൻ്റെ എല്ലാ മോശം വശങ്ങളെയും സ്വാഭാവികമെന്ന രീതിയിൽ സ്വീകരിച്ച് കൊണ്ടിരിക്കുന്നു. നിയമത്തെ മാനിക്കുന്ന സാമാന്യനെ അത് വിഡ്ഢിയായും ഒന്നിനും കൊള്ളാത്തവനായും ചിത്രീകരിക്കുന്നു. കേരളത്തിലെ ബീച്ചുകളിൽ രാത്രി ഏഴു മണിക്ക് ശേഷം പെണ്ണുങ്ങൾക്ക് മാത്രമല്ല, ആണുങ്ങൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. പോലീസ് അധികാരികൾ തന്നെ ഇത് സമ്മതിക്കുന്നുണ്ട്.
മലയാള സിനിമകളിൽ സന്തോഷിക്കുക എന്നാൽ മൂക്കറ്റം കുടിച്ച്, തല്ല് കൂടി, വാള് വച്ച്, പൊതുജനങ്ങളെ അസ്വസ്ഥരാക്കുന്ന രീതിയിൽ കൂത്തടിച്ച് മതി മറക്കുക എന്നതാണ്. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന നാലാൾക്കാരെ ഏതെങ്കിലും മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? മഞ്ഞുമ്മൽ ബോയ്സും ഈ തെമ്മാടികളെ "ജോളി" മൂഡിലുളളവരായിട്ടാണ് കാണിക്കുന്നത്. സമൂഹത്തിൽ പതിയെ പതിയെ ഇതിനൊരു സ്വീകാര്യത സൃഷ്ടിച്ചെടുക്കുകയാണ് ഇവർ ചെയ്യുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ തമിഴ് സിനിമയിലെ നായകൻ ഏത് തെമ്മാടിയിൽ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കുന്നുവോ ആ തെമ്മാടിയാണ് ഇപ്പോൾ മലയാള സിനിമയിലെ നായകൻ.
ഇതിനൊരു കാരണവുമുണ്ട്. എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ ഒരു സംഘം ഇന്ന് മലയാള സിനിമയിൽ വളരെ പ്രാമുഖ്യമുള്ള സ്ഥാനത്തുണ്ട്. അവിടെ രാവും പകലും മദ്യത്തോടും മദ്യത്തേക്കാൾ ദോഷം ചെയ്യുന്ന മറ്റ് ലഹരി വസ്തുക്കളോടുമുള്ള അഭിനിവേശമാണ് കാണാൻ കഴിയുക. മലയാളത്തിലെ നായക നടൻമാർ വരെ മയക്കുമരുന്ന് കേസുകളിൽ പെടുന്നത് ഇടയ്ക്കിടെ വാർത്തകളിൽ വരാറുണ്ട്. മലയാളി സമൂഹത്തിൽ ലഹരിയോടുള്ള ആസക്തിയെ സ്വാഭാവികമായ ഒന്നായി ശീലിപ്പിച്ചെടുക്കുന്നത് ഇവരൊക്കെയാണ്.
ലഹരിയെയും വ്യഭിചാരത്തെയും normalize ചെയ്യുന്ന കിളി പോയി, ഒഴിവ് ദിവസത്തെ കളി, വെടി വഴിപാട്, ജല്ലിക്കട്ട് തുടങ്ങിയ സിനിമകൾ പത്ത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ പുറത്തു വന്നു. കാമ്പില്ലാത്ത, കാര്യ ഗൗരവമില്ലാത്ത വ്യാജ പടപ്പുകൾ ആയിരുന്ന ഇവയെ "റിയലിസ്റ്റിക് കലാസൃഷ്ടികൾ" എന്ന് ബുദ്ധിജീവികൾ വാഴ്ത്തി. തമിഴകത്തിലും പക്വതയില്ലാത്ത ബുദ്ധിജീവികൾ അവയെ ആഘോഷിച്ചു.
പക്ഷേ ഇന്ന് ഈ പോക്ക് സിനിമയുടെ തന്നെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുക്കുന്നു. കേരളത്തിൽ ക്ഷേമം കാംക്ഷിക്കുന്ന ഒരു സർക്കാർ ഉണ്ടെങ്കിൽ ഈ സിനിമാക്കാർക്ക് മേൽ നേരിട്ട് നടപടികൾ സ്വീകരിക്കണം.
ഇവരൊക്കെ നിർമ്മിക്കുന്ന, ലഹരി ആസക്തിയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളെ തമിഴകത്തിലും ആഘോഷമാക്കുന്നവരെ ഞാൻ രണ്ടായി തരം തിരിക്കും. വിഡ്ഢികൾ അല്ലെങ്കിൽ ദ്രോഹികൾ. വാണിജ്യ സിനിമ എന്നത് കലയൊന്നുമല്ല. യാതൊരു തരത്തിലുള്ള ബൗദ്ധിക പരിശീലനമോ കലാപരിചയമോ ഇല്ലാത്ത ഒരു വൻ ജനാവലിയോടാണ് ഈ സിനിമകൾ നേരിട്ട് സംവേദിക്കുന്നത്. ബൗദ്ധികമായ പ്രതിരോധം സൃഷ്ടിക്കാൻ കഴിയാത്ത ആൾക്കൂട്ടങ്ങളെ ഇത്തരം അരാജകത്വം അധപതനത്തിലേക്കാവും നയിക്കുക.
ഈ വിനോദ യാത്രാ സംഘങ്ങൾ ടൂറിസ്റ്റ് സ്പോട്ടുകളെ നശിപ്പിക്കുന്നത് ഒരു വശത്ത്. മറു വശത്ത് നിബിഡ വനങ്ങളിലും ഇവർ ഇടിച്ചു കയറുന്നു. അതിനുള്ള കുറുക്കു വഴികൾ കണ്ടെത്തുന്നു. ഒരു നിയമവും കാര്യമാക്കുന്നില്ല. ഒരു ജാഗ്രതാ നിർദ്ദേശവും പാലിക്കുന്നില്ല. പേരയ്ക്കയുടെ ഉള്ളിൽ മുളക് പൊടി നിറച്ച് കുരങ്ങുകൾക്ക് കൊടുക്കുന്നു. ആനകൾക്ക് നേരെ ബോട്ടിലുകൾ വീശിയെറിയുന്നു. ഉൾവനങ്ങളിൽ പാട്ടും ബഹളവുമായി കൂത്താടുന്നു.
ആപത്കരമായ സമയമാണ് മെയ് മാസം. കേരളത്തിലെ വനങ്ങളെപ്പോലെ പച്ചപ്പോടെയല്ല, കരിഞ്ഞുണങ്ങിയാണ് തമിഴ്നാട്ടിലെ വനങ്ങൾ ഈ സമയത്ത് കാണപ്പെടുക. ഇവരാകട്ടെ അവിടെ ബീഡിയും സിഗരറ്റും വലിച്ചെറിയും. എക്കറു കണക്കിന് വനങ്ങൾ കത്തിനശിക്കും. ആയിരക്കണക്കിന് ജീവജാലങ്ങൾ വെന്ത് മരിക്കും. ഇവർക്ക് അതിൽ യാതൊരു സങ്കടവുമില്ല.
കേരളത്തിലെ റിസോർട്ടുകളിലേക്ക് പോകുന്നത് തന്നെ ആപത്താണ്. പുറത്ത് പറയാനാവാത്ത പല സംഭവങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ട്. എൻ്റെ ഒരു സുഹൃത്തിൻ്റെ മകളെയും മരുമകനെയും ഹണിമൂണിനായി കേരളത്തിലെ റിസോർട്ടിലേക്ക് ഞാൻ തന്നെ അയച്ചിരുന്നു. അന്ന് ഇത് പോലൊരു സംഘത്തിൻ്റെ അതിക്രമങ്ങളിൽ നിന്ന് അവർക്ക് ഓടി രക്ഷപ്പെടേണ്ടി വന്നു. ഒരു സിനിമയുടെ പ്രവർത്തനത്തിനായി ഞാൻ താമസിച്ചിരുന്ന മാനന്തവാടിയിലെ റിസോർട്ടിൽ ഒരു നോർത്തിന്ത്യൻ വനിതയെ ഇത് പോലൊരു സംഘം ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഞാൻ അതിൽ ഇടപെട്ട്, അറിയാവുന്നവരെയൊക്കെ വിളിച്ച് അവരെ രക്ഷപ്പെടുത്തുകയായിരുന്നു (ആ റിസോർട്ടിൽ മാനേജർ പോലുമില്ല. മലയാളം അറിയാത്ത രണ്ട് ബംഗാളി പയ്യന്മാർ മാത്രം)
ഈ തെമ്മാടിക്കൂട്ടങ്ങളുടെ ചെയ്തികളെ എളിയവരുടെ ആഘോഷമാക്കി ന്യായീകരിക്കുക മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ചെയ്യുന്നത്. അതിനെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു. അവരെ ത്യാഗം ചെയ്യുന്നവരായും സൗഹൃദത്തിൻ്റെ മാതൃകകളായും ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. ഏത് തെമ്മാടിക്കൂട്ടം എടുത്ത് പരിശോധിച്ചാലും അതിനുള്ളിലും ഒരു ഐക്യം കാണാൻ കഴിയും. കുറ്റവാളി സംഘങ്ങളിലും ത്യാഗമനോഭാവം കണ്ടെത്താം. എന്ന് വച്ച് അവയെല്ലാം ഉന്നത മൂല്യങ്ങൾ അല്ല. ഈ സംഭവം ശരിക്കും നടന്നതാണെന്നും അതിൽ ഒരാൾക്ക് ദേശീയ പുരസ്കാരം ലഭിച്ചുവെന്നും സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്. നിയമപ്രകാരം അവൻ ജയിലിൽ അടയ്ക്കപ്പെടേണ്ടവനാണ്.
ഈ സിനിമയിലൂടെ ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള ജാഗ്രത തമിഴ്നാട്ടിലും കർണാടകത്തിലും ഉണ്ടാകുമെങ്കിൽ നല്ലത്. പോലീസ് ഇവരെ കുറ്റവാളികളായി തന്നെ കണക്കാക്കണം. ഒരിക്കലും ഒരു രീതിയിലും ഇവരെ പിന്തുണയ്ക്കരുത്. ഇടയ്ക്ക് എപ്പോഴെങ്കിലും ഇവർ എവിടെയെങ്കിലും കുടുങ്ങി ചത്താൽ പോലും നല്ലതാണ്. അത് പ്രകൃതി ഇവർക്ക് നൽകുന്ന സ്വാഭാവിക ശിക്ഷയാണ്.