'അനുഭവത്തില്‍ നിന്നുണ്ടായ കഥ, ഞങ്ങളുടെ ബെസ്റ്റ്' ; താരം തീര്‍ത്ത കൂടാരം ഇമോഷണല്‍ ഡ്രാമയാണെന്ന് തിരക്കഥാകൃത്ത് അര്‍ജുന്‍ പ്രഭാകരന്‍

'അനുഭവത്തില്‍ നിന്നുണ്ടായ കഥ, ഞങ്ങളുടെ ബെസ്റ്റ്' ; താരം തീര്‍ത്ത കൂടാരം ഇമോഷണല്‍ ഡ്രാമയാണെന്ന് തിരക്കഥാകൃത്ത്
അര്‍ജുന്‍ പ്രഭാകരന്‍
Published on

32-ാം അധ്യായം 23-ാം വാക്യം, ഷിബു, ബന്നേര്‍ഘട്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'താരം തീര്‍ത്ത കൂടാരം'. സംവിധായകനൊപ്പം അര്‍ജുന്‍ പ്രഭാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗോകുലിന്റെയും അര്‍ജുന്റെയും ജീവിതത്തില്‍ ഉണ്ടായ അനുഭവമാണ് സിനിമയുടെ കഥയെന്ന് അര്‍ജുന്‍ പറയുന്നു. ഇന്‍സിഡന്റ് നടന്നു ഒന്നരക്കൊല്ലം കഴിഞ്ഞാണ് സിനിമ ഉണ്ടാവുന്നത്. അത്രയും കാലം അത് മനസ്സില്‍ ഉണ്ടായിരുന്നുവെന്നും സംഭവിച്ചതെല്ലാം അതുപോലെ പകര്‍ത്താതെ സിനിമയ്ക്ക് ആവശ്യമുള്ളതെല്ലാം ഉള്‍പ്പെടുത്തായാണ് 'താരം തീര്‍ത്ത കൂടാരം' ഒരുക്കിയിരിക്കുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. 'താരം തീര്‍ത്ത കൂടാര'ത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അര്‍ജുന്‍ പ്രഭാകരന്‍ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

രണ്ടു താരങ്ങള്‍ അതിജീവനത്തിനായി തീര്‍ക്കുന്ന കൂടാരം.

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വന്നു കണ്ടുമുട്ടുന്ന രണ്ടു താരങ്ങളുടെ കഥയാണ് 'താരം തീര്‍ത്ത കൂടാരം'. എല്ലാവരും ഉണ്ടായിട്ടും ഒറ്റപെട്ടു പോകുന്ന സഞ്ജയ്യുടെയും ഇദയയുടെയും അതിജീവനത്തിന്റെയും ഒരു വീട് സ്വന്തമാക്കുന്നതിനായി ഇരുവരും ചുറ്റുപാടുകളുമായി നിരന്തരം ഫൈറ്റ് ചെയ്യുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കൂടാരം ഒരു താത്കാലിക സംവിധാനമാണ്. ഇവിടെ ലോഡ്ജ് എന്ന താല്‍ക്കാലിക സംവിധാനത്തില്‍ നിന്നുകൊണ്ട് പോരാടുകയാണ് ഇരുവരും.

എല്ലാ ഇമോഷനുകളും ഇവിടെയുണ്ട്; പ്രണയവും, കുടുംബ ബന്ധങ്ങളുടെ വൈകാരികതയും.

താരം തീര്‍ത്ത കൂടാരം എന്റെയും ഗോകുലിന്റെയും ജീവിതത്തില്‍ ഉണ്ടായ അനുഭവത്തിന്റെ സ്വാധീനവും പശ്ചാത്തലവും ഉള്ള സിനിമയാണ്. ഇന്‍സിഡന്റ് നടന്നു ഒന്നരക്കൊല്ലം കഴിഞ്ഞാണ് ഈ സിനിമ ഉണ്ടാവുന്നത്. അത്രയും കാലം അത് മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഈ സിനിമ സംഭവിച്ചു. സംഭവിച്ചതെല്ലാം അതുപോലെ പകര്‍ത്തുകയല്ല ഈ സിനിമയില്‍, മറിച്ചു സിനിമക്ക് ആവശ്യമായതെല്ലാം ഉള്‍പ്പെടുത്തി. അതില്‍ പ്രണയവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയുമെല്ലാമുണ്ട്.

എല്ലാ അര്‍ഥത്തിലും ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം. ട്രെയ്ലറില്‍ കാണുന്ന പോലെ ഒരു ഇമോഷണല്‍ ഡ്രാമയാണ് താരം തീര്‍ത്ത കൂടാരം.

താരം തീര്‍ത്ത കൂടാരത്തിലെ താരങ്ങള്‍

ക്യാരക്ടറിന് അനുയോജ്യമായി തോന്നിയവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ആളാണ് കാര്‍ത്തിക്. അതുകൊണ്ടു തന്നെ അവനു കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് വളരെ എളുപ്പമായിരുന്നു. ഞാനും ഗോകുലും എങ്ങനെ ഈ കഥാപാത്രം തയ്യാറാക്കിയെടുത്തുവെന്നു അവന് അറിയാം. നൈനിത പുതുമുഖമാണ്. പക്ഷെ ഓഡീഷനിലെ പ്രകടനം കണ്ടപ്പോള്‍ ഈ കഥാപാത്രത്തിന് യോജിക്കുന്ന ലുക്ക് ആണെന്ന് മനസ്സിലായിരുന്നു. മറ്റുള്ളവരും എക്‌സ്പീരിയന്‍സ്ഡാണ്.

ഇടവേളകള്‍ ബോധപൂര്‍വം ഉണ്ടാക്കുന്നതല്ല, ഓരോ കഥയും ഓരോ ചലഞ്ചാണ്.

ആദ്യ സിനിമ 32-ാം അധ്യായം 22-ാം വാക്യം 2015ലാണ് റിലീസ് ചെയ്തത്. 2019ല്‍ റൊമാന്റിക് കോമഡി ഷിബു, 2021 ല്‍ ബനേര്‍ഘട്ട. ഇത്രയുമാണ് തിരക്കഥ നിര്‍വഹിച്ച ചിത്രങ്ങള്‍. ഒരു സിനിമ എഴുതി പൂര്‍ത്തിയാക്കാനും അതിന്റെ മറ്റു പ്രവര്‍ത്തങ്ങള്‍ പൂര്‍ണ്ണമാവാനും സമയമെടുക്കും. ഇടവേളകള്‍ അങ്ങനെ ഉണ്ടായി പോകുന്നതാണ്. ഓരോ കഥയും ആവശ്യപെടുന്ന പോലെയാണ് എഴുതിപൂര്‍ത്തിയാക്കുന്നത്. പൂര്‍ണത കിട്ടുന്ന രീതിയില്‍ എഴുതുന്നു. ഓരോ കഥയും ഓരോ ചലഞ്ചാണ്.

തുടക്കം മുതലേ ഞങ്ങള്‍ ഒന്നിച്ചാണ് എഴുതുന്നത്.

ആദ്യ സിനിമ മുതല്‍ ഞാനും ഗോകുലും ഒന്നിച്ചാണ് എഴുതുന്നത്. ഒറ്റയ്ക്ക് എഴുതിയിരുന്നെങ്കിലും സിനിമയായി അത് രൂപാന്തരം പ്രാപിച്ചിട്ടില്ല. ഞങ്ങള്‍ ഒന്നിച്ചു എഴുതുന്ന പ്രോജക്ടുകള്‍ ആണ് നിലവില്‍ സിനിമയായി വരുന്നത്.

ഗോകുൽ രാമകൃഷ്ണനും അർജുൻ പ്രഭാകരനും സെറ്റിൽ

ബനേര്‍ഘട്ടയുടെ ജനനവും ചലച്ചിത്ര മേളയിലെ പ്രദര്‍ശനവും.

നമുക്ക് പരിചയമുള്ള ഒരു കഥാപാത്രമാണ് ബനേര്‍ഘട്ടയില്‍ എഴുതി തയ്യാറാക്കിയത്. ആറോളം കഥാപാത്രങ്ങളുടെ ഡീറ്റെയ്ലിങ് സിനിമയില്‍ നല്‍കിയിട്ടുണ്ട്. പാലക്കാട് നിന്നും എറണാകുളം വരെയുള്ള ഞങ്ങളുടെ യാത്രയില്‍ പരിചയപ്പെട്ട ഒരു കഥാപാത്രവും അയാള്‍ക്ക് വന്ന ഫോണ്‍ കോളുകളും അയാള്‍ അതിനെ ഡീല്‍ ചെയുന്ന രീതിയും രസകരമായി തോന്നി. ആ സമയത്തു ഒരു ക്യാമറ കൊണ്ട് അത് ഷൂട്ട് ചെയ്തിരുന്നെങ്കില്‍ നന്നായിരിക്കുമെന്നും നല്ലൊരു പടമായിരിക്കുമെന്നും തോന്നി. ആ ചിന്തയില്‍ നിന്നാണ്

ബനേര്‍ഘട്ട ഉണ്ടാകുന്നത്. ഐ.എഫ്.എഫ്.കെ യില്‍ അത് പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു വണ്‍ മാന്‍ ത്രില്ലര്‍ എന്ന രീതിയില്‍ കിട്ടിയ സ്വീകാര്യത സന്തോഷിപ്പിച്ചു.

താരം പ്രേക്ഷകര്‍ക്കിടയില്‍ ഉദിച്ചുയരും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

ഈ സിനിമ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ പ്രിവ്യു ഇട്ടിരുന്നു, കണ്ടിറങ്ങിയവര്‍ എല്ലാം ഇതാണ് ഞങ്ങള്‍ ചെയ്തതില്‍ വച്ചു മികച്ച ചിത്രമാകാന്‍ പോകുന്നതെന്നു പറഞ്ഞിരുന്നു. കഥ നല്ല രീതിയില്‍ പറയാന്‍ കഴിയുന്നതാണ് പ്രധാനം. വലിയ താരങ്ങള്‍ വേണമെന്നില്ല. ഞങ്ങളുടെ ബെസ്റ്റ് കൊടുത്തു ചെയ്ത സിനിമയാണിത്. അത് ജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസം ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in