നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവ്വഹിച്ച് അജ്മൽ അമീർ, രാഹുൽ മാധവ്, ജാഫർ ഇടുക്കി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അഭ്യൂഹം'. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാക്കൾ സെബാസ്റ്റ്യൻ, വെഞ്ചസ്ലാവസ്, അഖിൽ ആന്റണി എന്നിവരാണ്. ചിത്രം ഒരു കംപ്ലീറ്റ് മിസ്റ്ററി ത്രില്ലർ ഡ്രാമയാണെന്നും ചിത്രത്തിന്റെ തിരക്കഥ 2,3 ഡ്രാഫ്റ്റ് എഴുതിയതിനു ശേഷവും ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് പൊളിച്ചെഴുതിയിരുന്നുവെന്നും തിരക്കഥാകൃത്ത് ആനന്ദ് രാധാകൃഷ്ണൻ. അഭ്യൂഹങ്ങളിലൂടെയുള്ള കഥപറച്ചിലാണ് സിനിമയുടെ സ്ട്രെങ്ത്തെന്ന് ആനന്ദ് രാധാകൃഷ്ണൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമയെക്കുറിച്ച്
സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഓരോ നീക്കങ്ങളും കൃത്യമായി നമ്മൾ പ്രേക്ഷകന് കാണിച്ചു കൊടുത്താണ് കഥ പോകുന്നത്. ഈ സിനിമ അങ്ങനെ പോകുമെങ്കിലും ഒരുപാട് അഭ്യുഹങ്ങളുടെ പുറത്താണ് ഓരോ നീക്കങ്ങളും നടക്കുന്നത്. ആ രീതി തന്നെയാണ് നരറേറ്റിവ് പാറ്റേർണിലും ഉദ്ദേശിച്ചിട്ടുള്ളത്. പ്രേക്ഷകനും ഓരോ നിമിഷവും ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും സംഭവിച്ചിട്ടുള്ളത് എന്ന് ഇട്ടുകൊടുക്കും. വില്ലൻ ആരാണെന്നുള്ളത് അല്ല ചിത്രത്തിന്റെ സസ്പെൻസ് പക്ഷെ എന്താണ് സംഭവിച്ചത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പോയിന്റ്. കഥപറച്ചിലിലാണ് സിനിമയുടെ മൊത്തം സോളും സ്ട്രെങ്തും വരുന്നത്. ഒരു കംപ്ലീറ്റ് മിസ്റ്ററി ത്രില്ലർ ഡ്രാമയാണ് അഭ്യൂഹം.
പാട്ടുകളുടെ പ്രാധാന്യം
ചിത്രത്തിലെ ഹീറോ എന്ന ഇംഗ്ലീഷ് സോങ്ങിന്റെ ലിറിക്‌സ് ശ്രദ്ധിച്ചാൽ ഹീറോ എന്നയാളിൽ നമുക്ക് സഹതാപം തോന്നുന്ന തരത്തിലാണ് ഗാനം സെറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ രാഹുൽ മാധവ് ചെയ്യുന്ന കഥാപാത്രത്തിനുള്ള പാട്ടാണത്. അയാൾ നടത്തുന്ന ഇൻവെസ്റ്റിഗേഷന്റെ വഴിയിലാണ് ആ പാട്ട് വരുന്നത്. ആ കഥാപാത്രത്തിനൊപ്പമാണ് പ്രേക്ഷകർ സിനിമയിൽ സഞ്ചരിക്കുന്നത്. എന്നാൽ ആ കഥാപാത്രം കേസ് തെളിയിക്കാൻ പറ്റുമോ ഇല്ലയോ എന്ന വല്ലാത്തൊരു സാഹചര്യത്തിൽ എത്തിപ്പെടും. ആ ഐഡിയയെ സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ആ ഇംഗ്ലീഷ് സോങ് ഒരുക്കിയത്. ഹീറോ ഒരു ഘട്ടത്തിൽ ഇത് കണ്ടുപിടിക്കാതെ ഇരിക്കാൻ വരെ പ്രേക്ഷകർ ആഗ്രഹിക്കും. സാധാരണ വില്ലന്മാരുടെ ഭാഗത്തുനിന്നാണ് അവരതു കണ്ടുപിടിക്കരുത് എന്ന് നമ്മൾ പറയുന്നത് ഉദാഹരണത്തിന് ദൃശ്യത്തിലെ ഷാജോണിന്റെ കഥാപാത്രം. ഇവിടെ നായകനാണ് അത്തരത്തിലൊരു ഐറണി ഞങ്ങൾ ഒരുക്കി വച്ചിരിക്കുന്നത്. കോട്ടയം നസീർ ചെയ്തതിൽ ഏറ്റവും വ്യത്യസ്തമായ റോൾ ആകും ഇതിലേത്. അദ്ദേഹം ഇങ്ങനെയൊരു അഭിനയം കാഴ്ചവക്കുമെന്നു ആരും കരുതില്ല. ഞങ്ങൾ അതൊരു സസ്പെൻസ് ആയിട്ടല്ല അവതരിപ്പിക്കുന്നത്. പുള്ളി എന്താണെന്നുള്ളത് അതുപോലെതന്നെ കാണിക്കുന്നുണ്ട് തുടക്കം മുതൽ. അയാൾ ചെയ്യുന്ന കാര്യങ്ങൾക്ക് ന്യായമുണ്ടോ എന്ന സംശയത്തിന് ബലംകൊടുക്കാനാണ് ദുനിയ എന്ന ഹിന്ദി സോങ് ഉള്ളത്. ഒരു ഫാമിലി ഡ്രാമ സ്വഭാവം ഈ സിനിമക്കുണ്ട്. അപ്പോൾ ചിത്രത്തിലെ ഫാമിലിയെ അവതരിപ്പിക്കാനാണ് വാനം എന്ന പാട്ടു ഉപയോഗിച്ചിരിക്കുന്നത്. പൂമന്ദാരം എന്ന സോങ് ആ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ അവനിപ്പിക്കുന്നു എന്ന തരത്തിലാണ് സിനിമയിലുള്ളത്. ദുനിയാ, ഹീറോ എന്നീ പാട്ടുകൾ ഒരു സിനിമയിലെ അല്ലെങ്കിൽ ഒരു യൂണിവേഴ്സിലുള്ള പോലെ നമുക്ക് ഫീൽ ചെയ്യും പക്ഷെ മറ്റു രണ്ടു പാട്ടുകളും വേറൊരു കഥയാണ് പറയുന്നത്. രണ്ടു കഥകൾ ചേർന്നൊരു സിനിമയാണ് അഭ്യൂഹം, ഇതെങ്ങനെ ഒരുമിക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. അതിനാൽ രണ്ടു പശ്ചാത്തലത്തിന്റെ സ്വഭാവം മനസ്സിൽ കണ്ടാണ് നാല് പാട്ടുകളും ഉണ്ടാക്കിയിരിക്കുന്നത്.
അജ്മൽ അമീറിലേക്ക്
ആദ്യം അജ്മൽ അമീർ ചെയ്ത കഥാപാത്രത്തിനായി പല നടന്മാരെയും ആലോചിച്ചിരുന്നു. എല്ലാം അതിൽ പലരും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ മുൻപ് ചെയ്തിട്ടുണ്ടായിരുന്നു. അതുപോലെ ഉദ്ദേശിച്ച പലരും ഈ കഥാപാത്രമായി വന്നാൽ അവരുടെ ഇമേജ് ഈ കഥാപാത്രത്തിനൊരു ഭാരമായി വരുമായിരുന്നു. അവരായിരിക്കും ചിത്രത്തിന്റെ കണ്ട്രോൾ എന്നത് പ്രേക്ഷകന് എളുപ്പം മനസ്സിലാകും. അതൊന്നു് പൊളിക്കാനായി ആണ് അജ്മലിനെ കാസ്റ്റ് ചെയ്തത്. കൂടാതെ അജ്മൽ നമ്മുടെ നല്ല സുഹൃത്താണ്. അജ്മലിനെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാൻ പറ്റുമെന്ന് ഉറപ്പായിട്ടാണ് അദ്ദേഹത്തെ തന്നെ ഉറപ്പിക്കുന്നത്. ഇപ്പുറത് രാഹുൽ മാധവനാണ് മറ്റൊരു പ്രധാന അഭിനേതാവ് അതിനാൽ അതുപോലൊരു കഥാപാത്രം മതി അപ്പുറത്തും എന്നുകൂടി തീരുമാനിച്ചിരുന്നു.
തിരക്കഥാ രചനയെക്കുറിച്ച്
അഭ്യൂഹത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയി വർക്ക് ചെയ്തത് പടയോട്ടം സിനിമയുടെ സംവിധായകനായ റഫീക്ക് ഇബ്രാഹിം ആണ്. അദ്ദേഹത്തിന്റെ സിനിമയിലാണ് ഞാൻ ആദ്യമായി അസിസ്റ്റ് ചെയ്യുന്നത് ഒപ്പം പടയോട്ടത്തിൽ ഒരു വേഷവും ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് എന്നെ ഈ പടത്തിലേക്ക് വിളിക്കുന്നത്. അഭ്യൂഹത്തിന്റെ സംവിധായകൻ അഖിൽ ശ്രീനിവാസന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ് റഫീക്ക് ഇബ്രാഹിമും എഡിറ്റർ നൗഫൽ അബ്ദുള്ളയും. ഒരു ഫ്രണ്ട്ഷിപ്പിന്റെ പേരിലാണ് ഈ സിനിമ ഒരുമിച്ചു ചെയ്യാം എന്ന തീരുമാനത്തിലെത്തുന്നത്. അടുത്ത സുഹൃത്തിന്റെ പടമായതുകൊണ്ടു നൗഫൽ അബ്ദുള്ള ഒരു എഡിറ്ററിനപ്പുറം വളരെയധികം ഈ സിനിമയിൽ ഇൻവോൾവ് ആയിട്ടുണ്ട്. തിരക്കഥയിലും ചില ഭാഗങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരുമിച്ച് വർക്ക് ചെയ്‌താൽ കുറച്ചുകൂടി നല്ലൊരു റിസൾട്ട് ഉണ്ടാവുന്നുണ്ടെന്ന് തോന്നി. ചിത്രത്തിന്റെ കഥ ആദ്യമേ സംവിധായകൻ അഖിലിന്റെ കയ്യിൽ ഉണ്ടായിരുന്നു. കഥ കയ്യിലുണ്ടായിരുന്നെങ്കിലും ഉദ്ദേശിച്ച കഥ പറച്ചിലിന്റെ രീതിയിലേക്ക് ഇത് അഡാപ്റ്റ് ചെയ്യണം എന്ന താല്പര്യത്തോടെയാണ് എന്റടുത്തേക്ക് വരുന്നത്. ഇവർ മൂന്ന് പേരെയും തൃപ്തിപ്പെടുത്തണം എന്നതായിരുന്നു എന്റെ ചാലഞ്ച്. ഞാൻ എഴുതുമ്പോൾ ചില ഭാഗങ്ങൾ രണ്ടുപേർക്ക് ഇഷ്ടപ്പെടും ഒരാൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടാവും. എഴുതി തുടങ്ങിയായപ്പോഴാണ് മനസ്സിലായത് സ്ക്രിപ്റ്റ് ലോക്ക് ചെയ്തിട്ട് ഷൂട്ടിങ്ങിലേക്ക് കടക്കാൻ ഒരിക്കലും കഴിയില്ലെന്ന്. ഷൂട്ടിങ്ങിന്റെ സമയത്തും എഴുത്ത് നടക്കുന്നുണ്ടായിരുന്നു. 2,3 ഡ്രാഫ്റ്റ് എഴുതിയതിനു ശേഷവും ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ സ്ക്രിപ്റ്റ് പൊളിച്ച് എഴുതുമായിരുന്നു.
പ്രേക്ഷകരോട്
എല്ലാവരും തിയറ്ററിൽ പോയി കാണുക സാധാരണ ഒരു ഇൻവെസ്റ്റിഗേഷൻ പാറ്റെർണിൽ ഉള്ളൊരു സിനിമയല്ല ഇത്. സിനിമ കണ്ടിട്ട് കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ പോലും പറയണം കാരണം ഇനിയും നമുക്ക് സിനിമകൾ ചെയ്യാൻ ഉള്ളതാണ്. തിയറ്ററിനു അനുയോജിച്ച തരത്തിലാണ് സിനിമ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ സിനിമക്കിടയിൽ വന്നുപോയിട്ടുണ്ട്, മുടങ്ങിപോകേണ്ട സാഹചര്യം വരെ ഉണ്ടായി പക്ഷെ ഇവർ മൂന്നു പേരും ഉള്ളതുകൊണ്ടാണ് സിനിമ ഇന്നത്തെ നിലയിൽ എത്തിയത്. അവർക്ക് ഈ സബ്ജെക്റ്റിൽ നല്ലൊരു കോൺഫിഡൻസ് ഉള്ളതുകൊണ്ട് അതിനായി നല്ല രീതിയിൽ പണിയെടുത്തിട്ടുണ്ട്. സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിൽ എന്നെയും ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.