സംസ്ഥാനത്ത് തിയറ്ററുകള്‍ വലിയ തരത്തിലുള്ള പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നാന്നൂറിലധികം തിയറ്ററുകളാണ് സംസ്ഥാനത്ത് ആകെ അടച്ചിട്ടിരിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ തന്നെ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ വിരലിലെണ്ണാവുന്നവ മാത്രമേ തിയറ്ററുകളില്‍ ലാഭം ഉണ്ടാക്കിയിരുന്നുള്ളൂ. സൂപ്പര്‍താര ചിത്രങ്ങളടക്കം തിയറ്ററില്‍ ലാഭമുണ്ടാക്കിയില്ല. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായിട്ടും ദിവസങ്ങള്‍ പിന്നിടവേ തന്നെ തിയറ്ററുകള്‍ അടച്ചിടുന്നുവെന്ന വാര്‍ത്തകള്‍ വരുകയാണ്. നല്ല സിനിമകള്‍ വരുന്നില്ലെന്നതും വേഗത്തിലുള്ള ഓടിടി റിലീസും തിയറ്ററുകളെ ബാധിക്കുന്നുവെന്ന് തിയറ്റര്‍ ഉടമകള്‍ പറയുന്നു. പക്ഷേ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാന്നൂറോളം സ്‌ക്രീനുകള്‍ അടയ്ക്കുന്നുവെന്ന വാര്‍ത്തകളില്‍ പൂര്‍ണമായ യാഥാര്‍ത്ഥ്യമില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ക്യുവിനോട് പറഞ്ഞു.
നാന്നൂറോളം തിയറ്ററുകള്‍ അടച്ചു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്. കേരളത്തില്‍ 700 തിയറ്ററുകളാണ് ആകെയുള്ളത്. അതില്‍ നാന്നൂറോളം തിയറ്ററുകള്‍ അടച്ചു എന്ന് പറഞ്ഞാല്‍ കേരളത്തിലെ മൊത്തം തിയറ്ററുകള്‍ അടച്ചതായി കണക്ക് കൂട്ടണം. പക്ഷേ ഷോ നടക്കാതെ പല തിയറ്ററുകളും അടയ്ക്കുന്നുണ്ട് എന്ന വസ്തുത ശരിയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
എന്നാല്‍ നാന്നൂറോളം തിയറ്ററുകള്‍ അടച്ചു എന്ന് വച്ചാല്‍ അവിടെ ഷോ നടക്കുന്നില്ല എന്നാണെന്ന് തിയറ്റര്‍ ഉടമയും ഫിയോക് അംഗവുമായ സുരേഷ് ഷേണായി പറയുന്നു. അതില്‍ വാസ്തവമുണ്ട്. അമ്പത് ശതമാനം സ്‌ക്രീനുകളും തീര്‍ച്ചയായും അടഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് സിനിമ തിയറ്ററുകള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഏറ്റവും വലിയ കാരണമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പറയുന്നു. നമ്മുടെ മൊബൈല്‍ ഫോണില്‍, വീട്ടിലെ ടി.വിയില്‍ ഇരുന്ന് നമുക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ കാണാം എന്നുള്ളപ്പോള്‍ ആരാണ് മെനക്കെട്ട് തിയറ്ററിലേക്ക് വരിക.
ഇരുസംഘടനകളും പൊതുവായി ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങളില്‍ ആദ്യത്തേത് ഒടിടി റിലീസിനെക്കുറിച്ചാണ്.
* ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിയെടുത്ത സിനിമകളാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തുന്നത്
* ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മാത്രമേ എടുക്കു എന്നത് കൊണ്ട് ഒ.ടി.ടി ക്ക് വേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളുമായി തിയറ്ററുകളില്‍ വരുന്നു
* വന്‍ വിജയം എന്ന രീതിയില്‍ ആഘോഷങ്ങള്‍ ഒക്കെ സംഘടിപ്പിക്കുന്ന സിനിമകള്‍ പലതും പ്രേക്ഷകരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
* ജനങ്ങള്‍ തിയറ്ററിലെത്തി കാണുന്ന തരത്തിലുള്ള സിനിമകള്‍ വരണം
* ഒടിടി റിലീസ് പരിധി നീട്ടണം
* സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകളണ്ടാകണം
ഇതിന്റെ പ്രധാന കാരണം നല്ല സിനിമകള്‍ വരാത്തതാണ്. ഒ.ടി.ടിക്ക് വേണ്ടിയുള്ള പടങ്ങളാണ് ഇവിടെ തിയറ്ററുകളില്‍ ഇപ്പോള്‍ എത്തുന്നത്. ഒ.ടി.ടി യെ കണക്കാക്കി പടങ്ങള്‍ എടുത്തിട്ട് പല ഡിസ്ട്രിബ്യുട്ടേഴ്സിന്റെയും സമ്മര്‍ദ്ദം കൊണ്ട് തിയറ്ററില്‍ കളിക്കേണ്ടി വരുന്നു.
ലിബര്‍ട്ടി ബഷീര്‍
കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്ത് നോക്കിയാല്‍ ഇറങ്ങുന്ന മലയാള സിനിമയുടെ ക്വാണ്ടിറ്റി കൂടിയിരിക്കുകയാണ്. പക്ഷേ ക്വാളിറ്റിയില്ല. ജനുവരി മുതല്‍ മെയ് വരെ നോക്കിയാല്‍ 92 മലയാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് അതില്‍ നാലെണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളൂ. ബാക്കി 97 ശതമാനവും ജങ്കാണ്. ഒരു സിനിമ റിലീസ് ചെയ്ത് അതിന് ആളില്ലെങ്കില്‍ ആ ഷോ കട്ട് ചെയ്യുന്നതാണ് ഇപ്പോ എല്ലാരും ചെയ്യുന്നത്. ഒന്നോ രണ്ടോ ആള്‍ക്കാരെ വച്ച് സിനിമ പ്രദര്‍ശിപ്പിക്കുന്നത് വലിയ നഷ്ടമാണ്.
സുരേഷ് ഷേണോയി
വലിയ താരങ്ങളെ വച്ച് വളരെ ചെറിയ മുതല്‍ മുടക്കില്‍ ചിത്രങ്ങളെടുത്ത് ചെറിയ ലൊക്കേഷനുകളില്‍ പടങ്ങള്‍ ഷൂട്ട് ചെയ്തിട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വന്‍ വിലയ്ക്കാണ് വില്‍ക്കപ്പെട്ടിട്ടുള്ളത്. അതിലൂടെ അവര്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഇനി ഈ തിയറ്റര്‍ റിലീസിന് ശേഷം മാത്രമേ പടം എടുക്കു എന്നൊരു ധാരണ വന്നിട്ടുണ്ട്. വന്‍ താരങ്ങളുടെ മാത്രം ചിത്രത്തിനെ അവര്‍ ഇപ്പോള്‍ അഡ്വാന്‍സ് കൊടുക്കുന്നുള്ളൂ.
കെ വിജയകുമാര്‍
പരമ്പരാഗതമായി സിനിമ എടുക്കുന്ന നിര്‍മാതാക്കള്‍ക്ക് തിയറ്ററില്‍ വന്നതിന് ശേഷം മാത്രം ഒ.ടി.ടി യിലേക്ക് വരുന്നതില്‍ യാതൊരു വിധ പ്രശ്നവുമില്ലെന്ന് വിജയകുമാര്‍ പറയുന്നു. എന്നാല്‍ ഇവിടെ താരങ്ങളുടെ നിഴലായി പ്രവര്‍ത്തിക്കുന്ന ചില നിര്‍മാതാക്കളുണ്ട് അവര്‍ താരങ്ങളുമായി ചേര്‍ന്ന് അവരുടെ സിനിമകള്‍ എത്രയും പെട്ടന്ന് ഒ.ടി.ടി യില്‍ ചെന്ന് ലാഭം കൊയ്യുക എന്നുള്ളതാണ് അവരുടെ ഉദ്ദേശ്യം. അവരെ സംബന്ധിച്ചിടത്തോളം കല, തിയറ്റര്‍, ഒരു കലാസൃഷ്ടി എന്നതൊക്കെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തിയറ്റര്‍ റിലീസിന് ശേഷം 90 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് ചെയ്യാവു എന്ന രീതിയിലേക്ക് പരിധി ഉയര്‍ത്താനാണ് ഫിയോക് ആവശ്യപ്പെടുന്നത്. നിലവില്‍ മാര്‍ച്ച് 31നുള്ളില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രങ്ങളില്‍ നേരത്തെ ഒ.ടി.ടി റിലീസ് തീരുമാനിക്കപ്പെട്ടവയെല്ലാം ഒ.ടി.ടി.യിലേക്ക് കൊടുക്കാം,അതിന് ശേഷം വരുന്ന സിനിമകളിലാണ് ഇത് പ്രാവര്‍ത്തികം ആക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒ.ടി.ടിയിലേക്കുള്ള ചിത്രങ്ങളുടെ ദൈര്‍ഘ്യം കൂടുമ്പോള്‍ തീര്‍ച്ചയായും അത് തിയറ്ററുകള്‍ക്ക് ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വിജയകുമാര്‍ പറഞ്ഞു.
ജൂണ്‍, ജൂലായ് മാസങ്ങളില്‍ സിനിമകളില്ല
നിലവില്‍ വെക്കേഷന്‍ സമയം കഴിയുകയും കേരളത്തില്‍ മഴ സീസണ്‍ ആരംഭിക്കുകയും ചെയ്തതോടെ നിര്‍മാതാക്കള്‍ സിനിമകള്‍ റിലീസിന് തയ്യാറാകാത്തതും നിലവില്‍ നേരിടുന്ന പ്രശ്‌നമാണെന്ന് സുരേഷ് ഷേണായ് പറയുന്നു. സിനിമകളില്ലാത്തതുകൊണ്ട് അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നത് മാത്രമാണ് വഴി. അങ്ങനെ വരുമ്പോള്‍ ഒരുപാട് ഷോകള്‍ തിയറ്ററുകളില്‍ നടക്കമമെന്നില്ല. രാവിലെയും ഉച്ച സമയങ്ങളിലും നിലവില്‍ ഷോ കുറവാണെന്നും അദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ ഇടപെടുന്നില്ല
ഇത്ര ഗുരുതരമായ സാഹചര്യം നേരിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരുതരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്ന് കെ വിജയകുമാര്‍ പറയുന്നു. വളരെയധികം നിഷേധാത്മകമായ നിലപാടാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഒരു ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ടി ഒരു ഉത്തരവാദിത്തപ്പെട്ടൊരാളുമില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്നും വിജയകുമാര്‍ പറയുന്നു.
നിലവില്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരത്തിന് നിര്‍മാതാക്കളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്. തിയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന സിനിമകള്‍ വന്നാല്‍ മികച്ച കളക്ഷന്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് അവരും മനസിലാക്കി തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ തിയറ്ററിലെത്തി കാണുന്ന തരത്തിലുളള സിനിമകള്‍ വരണം. അല്ലാതെ ജനത്തിന് വേണ്ടാത്ത മുന്നൂറ് സിനിമകള്‍ വന്നിട്ട് കാര്യമില്ലെന്നും അവര്‍ പറയുന്നു.