'ഗിരീഷേട്ടന് അന്ന് അയച്ചു കൊടുക്കാൻ കഴിയാതെ പോയ ഫോട്ടോയാണിത്';​ വിനീത് ശ്രീനിവാസൻ

'ഗിരീഷേട്ടന് അന്ന് അയച്ചു കൊടുക്കാൻ കഴിയാതെ പോയ ഫോട്ടോയാണിത്';​ വിനീത് ശ്രീനിവാസൻ
Published on

തൊണ്ണൂറുകളിലെ അച്ഛന്റെ സിനിമകളിൽ ഒന്നിച്ച് വർക്ക് ചെയ്യുന്ന കാലം തൊട്ടേ ഗിരീഷേട്ടനെ ഞാൻ കാണാറുണ്ട്, അച്ഛനും ഗിരീഷേട്ടനും തമ്മിൽ നല്ല അടുപ്പമായിരുന്നു. ഞങ്ങൾക്ക് അന്ന് അരക്കൊല്ല പരീക്ഷ കഴിയുമ്പോൾ ഇവർക്ക് എവിടെയാണ് ഷൂട്ട് എന്ന് വച്ചാൽ അങ്ങോട്ട് വിളിക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തെ ചെറുപ്പം മുതൽക്കേ അറിയാമായിരുന്നു. എനിക്ക് അദ്ദേഹവുമായി കൂടുതൽ ഓർമ്മകൾ ഉള്ളത് പാട്ട് പാടി തുടങ്ങിയതിന് ശേഷമാണ്. എന്നെ ആദ്യമായി ഇളയരാജാ സാറിന്റെ അടുത്ത് കൊണ്ടു പോകുന്നത് സത്യൻ‌ അങ്കിളും ഗിരീഷേട്ടനും കൂടിയിട്ടാണ്. രസതന്ത്രം എന്ന സിനിമയിൽ പാടിക്കാൻ വേണ്ടിയിട്ട്. രാജാ സാറിന് ശബ്ദം ഇഷ്ടപ്പെടണം ഇഷ്ടപ്പെട്ടാൽ മാത്രമേ അദ്ദേഹം പാടിക്കുകയുള്ളൂ. ഇവര് രണ്ട് പേരും കൂടി എന്നെ സ്റ്റുഡിയോയിൽ കൊണ്ടു പോയി.. എനിക്ക് അന്ന് ഭങ്കര പേടി, രാജാ സാറിന്റെ അടുത്തേക്കാണെല്ലോ പോകുന്നത്. ആ പേടിയിൽ അങ്ങനെ നിൽക്കുമ്പോൾ ഗിരീഷേട്ടൻ അടുത്ത് വന്നിട്ട് ഒന്നുല്ലടാ.. നീ പാടിയാൽ മതി, നിനക്ക് അറിയുന്ന കാര്യമല്ലേ? ചുമ്മാ പാടുക, ഇളയരാജയാണ് എന്നൊന്നും വിചാരിച്ച് നീ പേടിക്കുകയൊന്നും വേണ്ട. അന്ന് എന്നെ നന്നായിട്ട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ട് അദ്ദേഹം. ഇളം പൂങ്കാറ്റിനോടും എന്ന് ഗാനമായിരുന്നു അന്ന് ഞാൻ രാജാസാറിന് മുന്നിൽ പാടിയത്. പാടി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. ഇവൻ നാളെ വന്നോട്ടെ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ രസതന്ത്രം സിനിമയിലെ ''തേവാരം നോല്‍ക്കുന്നുണ്ടേ'' എന്ന ഗാനം പാടുന്നത്.

​ഗിരീഷ് പുത്തഞ്ചേരിയും ഇളയരാജയും
​ഗിരീഷ് പുത്തഞ്ചേരിയും ഇളയരാജയും

വേർഡ് പ്ലേ നല്ല രീതിയിൽ ഉണ്ടായിരുന്ന പാട്ടായിരുന്നു അത്. ഞാൻ അത് പാടിക്കൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഇടയ്ക്ക് ശ്വാസം കിട്ടാതെയാവുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒരു ലെെൻ അങ്ങനെ എനിക്ക് ബ്രേക്ക് ആയി. പിന്നീട് ബ്രീത്ത് എടുത്തിട്ടാണ് അത് പാടിയത്. ആ ലെെൻ എടുത്ത് കഴിഞ്ഞ് രാജാ സാർ എന്നെ നോക്കി. ഞാൻ പറഞ്ഞു സാർ എനിക്ക് ബ്രീത്ത് കിട്ടുന്നില്ല എന്ന്. നീ ചെറുപ്പക്കാരനല്ലേ നിനക്ക് ബ്രീത്ത് കിട്ടേണ്ടതല്ലേ? നമുക്ക് ഒന്നുകൂടി എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു . അങ്ങനെ ഞാൻ മുട്ടിടിച്ചിട്ട് പാടിയ പാട്ടാണ് അത്. മാമ്പുള്ളിക്കാവിൽ എന്ന ഗാനത്തിലും ഇതുപോലെ വാക്കുകൾ കൊണ്ടുള്ള കളിയുണ്ട്. ''കളരിയിൽ ഇനിയൊരു മിന്നായം കാൽത്തളയുടെ കളമൊഴിനാദം'' എന്നുള്ള വരിയിലൊക്കെ 'ള' കൊണ്ടുള്ള കളിയാണ്.

ഗിരീഷ് ഏട്ടന്റെ പാട്ടുകളിലൊക്കെ തന്നെയും ഈ വാക്ക് കൊണ്ടുള്ള കളികൾ കാണാൻ പറ്റും. എനിക്ക് അദ്ദേഹത്തിന്റെ ചില നല്ല പാട്ടുകൾ ഒക്കെ പാടാൻ പറ്റിയിട്ടുണ്ട്. എന്ത് കാര്യത്തിനെക്കുറിച്ചും വളരെ ആധികാരികമായി സംസാരിക്കുന്നൊരാളായി മാത്രമേ ഞാൻ ഗിരീഷേട്ടനെ കണ്ടിട്ടുള്ളൂ. ഒരിക്കൽ കൊച്ചിയിൽ നിന്നും ചെന്നെെയിലേക്കുള്ള ഫ്ലെെറ്റിൽ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നു. അന്ന് സെറിനാ വഹാബ് സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് എയർപോട്ടിലേക്ക് വന്നു. സെറീന വഹാബിനെ കണ്ടപ്പോൾ പുള്ളി ഒരു കുട്ടിയായിട്ട് മാറി. നമ്മൾ ഫാൻ ബോയ് എന്നൊക്കെ പറയില്ലേ അതുപോലെയായിരുന്നു. അന്ന് വരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഗിരീഷ് ഏട്ടനെ ആയിരുന്നില്ല അത്. അയ്യോ സെറീനെ വരുന്നു, സെറീന വരുന്നു.. എനിക്ക് ഒരു ഫോട്ടോ എടുത്ത് തരുമോ?.. അന്ന് വരെ ഗിരീഷ് ഏട്ടന്റെ അങ്ങനെ ഒരു സെെഡ് ഞാൻ കണ്ടിരുന്നതേയില്ല, ഒരു പ്രൗഡിയോടെയാണ് എപ്പോഴും ഗിരീഷേട്ടനെ ഞങ്ങൾ കണ്ടിട്ടുള്ളത്. പെട്ടെന്ന് ഇങ്ങനെ കാണുമ്പോൾ പുള്ളിക്ക് എന്ത് പറ്റി എന്നാണ് ഞാൻ ഓർത്തത്. ചാമരം ഒക്കെ കാണുന്ന കാലം മുതൽ എന്തൊരു ആരാധനയാണ് എനിക്ക് എന്ന് അറിയുമോ ഒരു ഫോട്ടോ എടുത്ത് തരുമോ എന്ന് ചോദിച്ചു ഗിരീഷേട്ടൻ. സെറീന വഹാബ് സെക്യുരിറ്റി ചെക്കിന്റെ ഫ്രണ്ട് ലെെനിൽ നിൽക്കുമ്പോൾ അയ്യോ അങ്ങോട്ട് ചെന്നാൽ മോശമാകുമോ എന്ന് പറഞ്ഞ് പുള്ളി എന്റെ അടുത്ത് നിന്നിട്ട് ചാമരത്തിനെക്കുറിച്ച് എന്നോട് സംസാരിക്കുകയാണ്. അവസാനം ഫ്ലെെറ്റിൽ കയറിയതിന് ശേഷം സെറീന വഹാബിന്റെ സീറ്റിന് അടുത്ത് എത്തിയപ്പോൾ എന്നോട് എടാ ഒരു ഫോട്ടോ എടുത്ത് താടാ എന്ന് പറഞ്ഞു. അവരോട് പെർമിഷൻ ഒക്കെ ചോദിച്ച് ഞാൻ ഫോട്ടോ എടുത്ത് കൊടുത്തു. ഫോട്ടോ എടുത്ത ഉടനെ എന്നോട് എടാ എന്റെ ഒരു മെയിൽ ഐഡിയുണ്ട് ആ മെയിൽ ഐഡിയിലേക്ക് ഫോട്ടോ അയച്ചു തരുമോയെന്ന് ചോദിച്ചു. ഞാൻ മെയിൽ ഐഡി വാങ്ങി. അന്ന് എനിക്ക് രണ്ടാഴ്ചത്തെ ഒരു യാത്രയുണ്ടായിരുന്നു. ആ യാത്രയ്ക്കിടെ ഇത് അയച്ചു കൊടുക്കേണ്ട കാര്യം ഞാൻ മറന്നു പോയി. അതിന് ശേഷമാണ് അദ്ദേഹം മരണപ്പെട്ട വാർത്ത ഞാൻ അറിയുന്നത്. എനിക്ക് അത് അയച്ചു കൊടുക്കാൻ കഴി‍ഞ്ഞിട്ടില്ല, എന്റെ കയ്യിലുണ്ട് ആ ഫോട്ടോ. പിന്നീട് അദ്ദേഹത്തിന്റെ മകന് ഞാൻ ഇത് അയച്ചു കൊടുത്തിരുന്നു. നിന്റെ അച്ഛൻ എന്നോട് അയച്ചു കൊടുക്കാൻ പറഞ്ഞ ഫോട്ടോയാണ്, എനിക്ക് അയച്ചു കൊടുക്കാൻ കഴിഞ്ഞിരുന്നില്ല, എന്ന് ഞാൻ അവനോട് പറഞ്ഞു.

സെറീന വഹാബും ​ഗിരീഷ് പുത്തഞ്ചേരിയും
സെറീന വഹാബും ​ഗിരീഷ് പുത്തഞ്ചേരിയും

പാട്ട് പാടിയതിന് ശേഷം ഞാൻ ഇടയ്ക്ക് വിളിച്ച് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ആ പാട്ടിന്റെ ആലോചനകളെക്കുറിച്ച് ഒക്കെ ഇടയ്ക്ക് എന്നോട് പറഞ്ഞിട്ടുണ്ട്. ഗിരീഷ് ഏട്ടനോട് സംസാരിച്ചു കൊണ്ടിരിക്കേ ഗിരീഷ് ഏട്ടാ ഞാൻ വണ്ടിയോടിച്ചോണ്ടിരിക്കുകയാണ് എന്ന് പറയാനുള്ള ഒരു ഗ്യാപ്പ് പോലും നമുക്ക് കിട്ടില്ല. നല്ല രസത്തിൽ സംസാരിച്ചിരിക്കുകയാവും അദ്ദേഹം. നന്ദനം എന്ന ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് അങ്ങനെ സംസാരിച്ച് പോകേ കാർ ഡ്രെെവ് ചെയ്ത് ഫോണിൽ സംസാരിച്ചതിന് അവസാനം എന്നെ പോലീസ് പിടിച്ചു. അതായിരുന്നു അദ്ദേഹവുമായുള്ള ഏറ്റവും അവസാനത്തെ സംഭാഷണം.

ഞാൻ പാടിയ 'കൊക്കൊക്കോ കോഴി ചുമ്മാ കൊക്കി പാടാതെ' ആ പാട്ടൊക്കെ ഗിരീഷ് ഏട്ടനാണോ എഴുതിയത് എന്ന് തന്നെ തോന്നിപ്പോകും. ദീപക്ക് ഏട്ടൻ ആ പാട്ട് എനിക്ക് വായിക്കാൻ തന്ന സമയത്ത് കൊക്കൊക്കോ കോഴി ചുമ്മാ കൊക്കിപ്പാടാതെ ചിക്കൻ ചില്ലി ഫ്രൈ ആയി വെട്ടി വിഴുങ്ങും ഞാൻ, എന്ന വരി വായിച്ചിട്ട് ഞാൻ ദീപക്ക് ഏട്ടനെ ഒരു നോട്ടം നോക്കി, ദീപക്കേട്ടാ ഇത് ആരാ എഴുതിയത് എന്ന പോലെ. വേറെയാരാ ഗിരീഷ് ഏട്ടനാണ് എന്ന് പറഞ്ഞു. കരിനീല കണ്ണിലെന്തെടി എന്ന ഗാനമാണ് ഗിരീഷേട്ടന്റെ ഞാൻ പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

ഷാൻ റഹ്മാന്റെ ആദ്യ സിനിമയായ 'പട്ടണത്തിൽ ഭൂതം' എന്ന സിനിമയുടെ കമ്പോസിംഗ് നടക്കുകയാണ്. മെലഡി കമ്പോസ് ചെയ്യുമ്പോൾ മ്യൂസിക്ക് ഡയറക്ടറിനൊപ്പം ട്രാക്ക് പാടാൻ ആരെങ്കിലും കൂടെ നിൽക്കാറുണ്ട്. അതിലെ ബേസിക്ക് മെലഡിയുടെ ട്രാക്ക് ഷാനിനൊപ്പം പാടിയത് ഞാനായിരുന്നു. അതിൽ 'ആരോ നിലാവായി തലോടി' എന്നൊരു ഗാനമുണ്ട്. ഞാനും ഷാനും ആൽബം ചെയ്യുന്ന സമയം തൊട്ടേ ഡമ്മി ലിറിക്സ് ഇങ്ങനെ പാടി വയ്ക്കും. ഞാൻ ആ ഗാനത്തിന് ഡമ്മി ലിറിക്സ് ചുമ്മാ പാടിയത് ആരെന്ന് ചൊല്ലുകില്ലേ നീ, എൻ ഇന്ദ്രജാലക്കാരാ എന്നൊക്കെയാണ്. അപ്പോൾ മനസ്സിൽ വന്ന ഒരു ഡമ്മി ലിറിക്സായിരുന്നു അത്. ഗിരീഷ് ഏട്ടൻ അതിങ്ങനെ കേട്ടിട്ട് എന്നെ ഒരു നോട്ടം നോക്കി ഇത് ഞാൻ എഴുതണോ എന്ന പോലെ. ഞങ്ങൾ പെട്ടെന്ന് അയ്യോ ഗിരീഷ് ഏട്ടാ ഞങ്ങളിത് ചുമ്മാ എഴുതിയതാണ് എന്ന് പറഞ്ഞു. പിന്നീട് ആരോ നിലാവായി തലോടി ആകാശ ഗന്ധർവ്വനോ എന്ന് ഗിരീഷ് ഏട്ടൻ എഴുതിയപ്പോൾ മനസ്സിലായി നമ്മുടെ റെഫറൻസ് എവിടെ കിടക്കുന്നു ഗിരീഷ് ഏട്ടന്റെ റെഫറൻസ് എവിടെ കിടക്കുന്നു എന്ന്. എഴുതി തുടങ്ങിയ സമയം തൊട്ട് ഏറെ ആരാധകരുള്ള ആളാണ് ഗിരീഷ് ഏട്ടൻ. സോഷ്യൽ മീഡിയയിൽ അത് റിഫ്ലക്ട് ചെയ്യുന്നത് ഇപ്പോഴാണെന്ന് മാത്രം. എ.ആർ ദിൽ സേ എന്ന ചിത്രത്തിന് വേണ്ടി മലയാളത്തിൽ ഒരു ലിറിക്സ് വേണം എന്ന് പറഞ്ഞപ്പോൾ ഗിരീഷേട്ടനെയാണെല്ലോ വിളിച്ചത്. ഗിരീഷേട്ടൻ പണ്ടേ എല്ലാവരും മാർക്ക് ചെയ്തു വച്ചിട്ടുള്ള ഒരാളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in