28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് വിഘ്‌നേശ് പി ശശിധരൻ സംവിധാനം ചെയ്ത ഷഹറാസാദ്. മാജിക്കൽ റിയലിസം ഫാന്റസി ഒക്കെ ഉള്ള ഒരു സിനിമയാണ് ഷഹറാസാദ്. ഒരു സോഷ്യൽ പൊളിറ്റിക്കൽ ബാക്ക്ഗ്രൗണ്ട് ഒന്നും സിനിമക്കില്ല അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഒരു സാമൂഹിക വ്യവസ്ഥിതികളെ ഒന്നും സിനിമ ചർച്ച ചെയ്യുന്നില്ലെന്നും സംവിധായകൻ വിഘ്‌നേശ് പി ശശിധരൻ. ഒരു ഫിലോസഫിക്കൽ അപ്പ്രോച്ചിൽ പറഞ്ഞു പോയിട്ടുള്ള എന്നാൽ ഒരു ടെക്സ്റ്റ് ബുക്ക് നരേറ്റിവിന് പകരമായി കുറച്ചുകൂടെ സ്റ്റൈലൈസേഷൻ വിഷ്വൽ നരേറ്റിവും ഉപയോഗിച്ചിരിക്കുന്ന സിനിമയാണിതെന്നും വിഘ്‌നേശ് പി ശശിധരൻ ക്യു സ്‌റ്റുഡിയോയോട് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഷഹറസാദിനെപ്പറ്റി
ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം ഷഹറസാദ് എന്ന പെൺകുട്ടി ആണ്. ആയിരത്തൊന്ന് രാവുകളിലെ നായികയാണ് ശരിക്കും ഷഹറസാദ്. ആ ഷഹറസാദിനെ ഒരു മോഡേൺ ഡേ ഇന്റർപ്രെട്ടേഷൻ പോലെയാണ് ഞങ്ങൾ ഈ സിനിമയിൽ കൊണ്ട് വന്നിരിക്കുന്നത്. ഇന്നത്തെ കാലത്ത് അങ്ങനെയൊരു കഥാപാത്രത്തെ പ്ലേസ് ചെയ്തുകൊണ്ടുള്ള ഡ്രാമയാണ് സിനിമ. മാജിക്കൽ റിയലിസം ഫാന്റസി ഒക്കെ ഉള്ള ഒരു സിനിമയാണ് ഷഹറാസാദ്. ഒരു സോഷ്യൽ പൊളിറ്റിക്കൽ ബാക്ക്ഗ്രൗണ്ട് ഒന്നും സിനിമക്കില്ല അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഒരു സാമൂഹിക വ്യവസ്ഥിതികളെ ഒന്നും സിനിമ ചർച്ച ചെയ്യുന്നില്ല. ഒരു ഫിലോസഫിക്കൽ അപ്പ്രോച്ചിൽ പറഞ്ഞു പോയിട്ടുള്ള എന്നാൽ ഒരു ടെക്സ്റ്റ് ബുക്ക് നരേറ്റിവിന് പകരമായി കുറച്ചുകൂടെ സ്റ്റൈലെസേഷനിലും വിഷ്വൽ നരേറ്റിവും ആണ് സിനിമക്ക് നൽകിയിട്ടുള്ളത്.
സിനിമയിലേക്ക്
ഒരു ഇൻഡിപെൻഡന്റ് ഫിലിം മേക്കർ ആകാൻ മോഹിച്ച് വന്നൊരാളാല്ല ഞാൻ. സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു പക്ഷെ കുറച്ചുകൂടെ മെയിൻസ്ട്രീമിലേക്കാണ് സിനിമ ചെയ്യാൻ ആഗ്രഹിച്ചത് ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. കോവിഡിന്റെ സമയത്ത് കുറച്ച് വലിയ സബ്ജെക്ട് ആലോചിച്ച് വച്ചിരുന്നു പക്ഷെ ആ സമയത്ത് അതൊന്നും നടന്നില്ല. അങ്ങനത്തെയൊരു സാഹചര്യത്തിൽ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ചെയ്ത സിനിമയായിരുന്നു ഉദ്ധരണി. ആ സമയത്ത് ഐ എഫ് എഫ് കെയിലേക്കുള്ള എൻട്രികൾ ഓപ്പൺ ആയിരുന്നു അങ്ങനെ അതിൽ അയച്ച് തിരഞ്ഞെടുത്തതാണ് ഉദ്ധരണി. ആ സിനിമ കൊണ്ട് കുറച്ച് എക്സ്പോഷർ ലഭിച്ചു. അതിനാലാണ് ഇപ്പോൾ രണ്ടാമത്തെ സിനിമയായ ഷഹറാസാദ് സംഭവിച്ചത്. അങ്കമാലി ചിത്രശാല ഫിലിം സൊസൈറ്റി ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . കഴിഞ്ഞ കുറെ കാലങ്ങളായി ഫിലിം സൊസൈറ്റി ഒരു സിനിമ ഇവിടെ നിർമ്മിച്ചിട്ടില്ല . ഷോർട്ട് ഫിലിമുകളും ഡോക്യൂമെന്ററികളും നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒരു ഫീച്ചർ ഫിലിം അവർ കുറേനാളായി നിർമ്മിച്ചിട്ടില്ല.
ഐ എഫ് എഫ് കെ പ്രതീക്ഷകൾ
ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമകളൊക്കെ കുറേകൂടി വോക്കലി സംസാരിക്കുന്നതായി മാറുന്നതായിട്ട് എനിക്ക് തോന്നുന്നു. സംസാരങ്ങളിലൂടെ മാത്രം കഥ പറഞ്ഞു പോകുന്ന സിനിമകളും വിഷ്വൽ ലാംഗ്വേജ് ഒട്ടും എക്സ്പ്ലോർ ചെയ്യാത്ത രീതിയിൽ പറഞ്ഞു പോകുന്ന സിനിമകളുമാണ് ഇപ്പോൾ കൂടുതലും വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു സിനിമകാഴ്ചയിൽ നിന്ന് മോചനം ലഭിക്കുക എന്നത് ഇത്തവണത്തെ ഐ എഫ് എഫ് കെ യിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നു. മലയാള സിനിമ ടുഡേ വിഭാഗത്തിൽ വന്നിരിക്കുന്ന സിനിമകളിൽ ഉദാഹരണത്തിന് ഗഗന്റെ ആപ്പിൾ ചെടികൾ എന്ന സിനിമയൊക്കെ വിഷ്വലി എക്സ്പ്ലോർ ചെയ്തിട്ടുണ്ടെന്നാണ് ഞാൻ കേട്ടത്. അത്തരത്തിൽ ഉള്ള സിനിമകൾ കുറേകൂടി വരണം. വെറുതെയൊരു സോഷ്യൽ പൊളിറ്റിക്കൽ കമെന്ററി പറയുന്നതിനപ്പുറം വിഷ്വൽ ലാംഗ്വേജിലും നരേറ്റിവിലും പരീക്ഷണങ്ങൾ ചെയ്തിട്ടുള്ള സിനിമകൾ ഇത്തവണ പ്രേക്ഷകർ സ്വീകരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത്തരത്തിലുള്ള സിനിമകളാണ് നമുക്ക് വേണ്ടത് ഇല്ലെങ്കിൽ ഈ സിനിമകൾക്കെല്ലാം ഒരു പൊതുവായ സ്വഭാവം വരും. ഴോണർ സിനിമകൾ നമ്മളിവിടെ എക്സ്പ്ലോർ ചെയ്യുന്നില്ല.
അഭിനേതാക്കളും അണിയറപ്രവർത്തകരും
തിയറ്ററിൽ വന്നുകഴിഞ്ഞാൽ ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന തോന്നൽ എനിക്കില്ല. ഒരു പരീക്ഷണ സ്വഭാവം ഉണ്ട് ഇതിന് പ്രത്യേകിച്ച് ഫിലോസഫി പറയുന്ന സിനിമകൾക്ക് ഇവിടെ പ്രേക്ഷകരുണ്ടോയെന്ന് എനിക്ക് അറിയില്ല. അങ്ങനത്തെ സ്വഭാവത്തിലെ സിനിമകൾ ആളുകൾ കാണാതിരിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തിയറ്റർ സാധ്യതകൾ എനിക്ക് അറിയില്ല. ഓ ടി ടി റിലീസിനായി ഞങ്ങളുടെ അടുത്ത് കുറച്ച് പേര് സംസാരിക്കുന്നുണ്ട് അപ്പോൾ ഐ എഫ് എഫ് കെ കഴിഞ്ഞ് അതിന്റെ ചർച്ചകളിലേക്ക് കടക്കണം. വർഷ എസ് നായർ എന്ന പുതുമുഖമാണ് ഷഹറസാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്റെ സുഹൃത്തിന്റെ മറ്റൊരു പ്രോജക്ടിന്റെ ഓഡിഷന് പോയപ്പോൾ അവിടെ വച്ച് കണ്ട് ഇഷ്ട്ടപ്പെട്ട് ഇതിലേക്ക് കാസ്റ്റ് ചെയ്തതാണ്. കഥ മുന്നോട്ട് കൊണ്ടുപോകുന്നത് ആദം എന്ന കഥാപാത്രമാണ്. ആദത്തെ അവതരിപ്പിച്ചിരിക്കുന്നത് അരുൺ കുമാർ എന്ന എന്റെ ഫ്രണ്ട് തന്നെയാണ്. അവനാണ് മുൻപത്തെ എന്റെ സിനിമയായ ഉദ്ധരണിയിലും നായകനായി അഭിനയിച്ചത്. പ്രധാനപ്പെട്ട മൂന്നോ നാലോ കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. ഇതിലെ ചില കഥാപാത്രങ്ങൾക്ക് പേരില്ല, പേരുള്ളത് ആകെ ഷഹറസാദിനും ആദത്തിനും മാത്രമാണ്. ഉദ്ധരണിയിൽ വർക്ക് ചെയ്ത കുറച്ച് പേർ ക്യാമറക്ക് പിന്നിൽ ഇതിലും പ്രവർത്തിച്ചിട്ടുണ്ട്. ഛായാഗ്രഹണം ആനന്ദ് പി മോഹൻദാസ് എന്നയാളാണ്. സൗണ്ട് ഡിസൈനർ സഫ്‌വാൻ എന്ന എന്റെ സുഹൃത്താണ് കൈകാര്യം ചെയ്തിരിക്കുന്നത്.