17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ
യുവൻ ശങ്കർ രാജയുടെ പശ്ചാത്തല സംഗീതത്തിൽ ഒരു പജേറോയിൽ വന്നിറങ്ങുന്ന സൂപ്പർ ഇൻട്രോ, ഏതൊരു നടനും ആഗ്രഹിക്കുന്ന അൻപതാമത് സിനിമ, സ്ഥിരം നന്മയോ, പാസമോ ഫ്ലാഷ്‌ബാക്കോ ഇല്ലാത്ത അജിത് എന്ന സൂപ്പർതാരത്തിന്റെ unapologetic വില്ലൻ വേഷം, ഞെട്ടിപ്പിച്ച ക്ലൈമാക്സ് ട്വിസ്റ്സ്. മങ്കാത്ത എന്ന ചിത്രം തമിഴ് കൊമേർഷ്യൽ സിനിമകളുടെ എഴുതിവച്ച എല്ലാ പാരാമീറ്ററുകളെയും തകർത്തെറിഞ്ഞ സിനിമയായിരുന്നു. മറ്റൊരു സംവിധായകനും തമിഴ് സിനിമയിൽ ഒരു സൂപ്പർസ്റ്റാറിനെ വച്ച് ചെയ്യാൻ ധൈര്യപ്പെടാത്ത ചിത്രം വെങ്കട്ട് പ്രഭു വിജയിപ്പിച്ചെടുക്കുകയായിരുന്നു, അക്ഷരാർത്ഥത്തിൽ ഒരു ട്രെൻഡ്‌സെറ്റർ. വെങ്കട്ട് പ്രഭു എന്ന സംവിധായകന്റെ 17 വർഷത്തെ കരിയർ പരിശോധിച്ചാൽ ഒരു ഡെയറിങ് ഫിലിം മേക്കർ എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കണ്ടുമടുത്ത കൊമേർഷ്യൽ സിനിമകളോടുള്ള കാഴ്ചപ്പാടുകളെ മാറ്റിയെടുത്ത് തന്റേതായ സ്റ്റൈലിൽ അവയെ അവതരിപ്പിച്ച് തനിക്കായി വെങ്കട്ട് പ്രഭു ഒരു ഫോള്ളോവിങ് നേടിയെടുക്കുകയായിരുന്നു.
സംവിധായകനും, സംഗീത സംവിധായകനുമായ ഗംഗൈ അമരന്റെ മകനായി ജനിച്ച വെങ്കട്ട് കുമാർ ഗംഗൈ അമരന് മ്യൂസിക് ഡിറക്ഷനിലായിരുന്നു ഏറെ താല്പര്യം. ലണ്ടനിൽ നിന്ന് അക്കൗണ്ടിങ്ങിൽ ഡിഗ്രിയും ഒപ്പം ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് മ്യൂസിക്ക് ഡിഗ്രിയും നേടി നാട്ടിലെത്തിയ വെങ്കട്ട് പ്രഭു അദ്ദേഹത്തിൻ്റെ സഹോദരൻ പ്രേംഗി അമരനും സുഹൃത്ത് എസ്.പി.ബി ചരണുമായി ചേർന്ന് നെക്സ്റ്റ് ജനെറേഷൻ എന്ന പേരിൽ ഒരു സംഗീത ബാൻഡ് ആരംഭിച്ചു. തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഇവർ പ്ലെയ് ചെയ്യുകയും ചെയ്തു. ആ സമയത്ത് വെങ്കട് പ്രഭുവിനെ നായകനാക്കി അച്ഛൻ ഗംഗൈ അമരൻ ഒരു സിനിമയെടുത്തു. എന്ന ചിത്രീകരണത്തിനിടെ ചില കാരണങ്ങളാൽ സിനിമ നിന്നുപോയി. തുടർന്ന് സഹോദരൻ പ്രേംജിയും സംവിധായകൻ അഗതിയനുമായി ചേർന്ന് രണ്ട് ചിത്രങ്ങളിൽ നായക വേഷത്തിലെത്തിയെങ്കിലും ആദ്യ സിനിമയെ പോലെ ആ രണ്ടു സിനിമകളും വെളിച്ചം കണ്ടില്ല. പിന്നീട് ജി, ശിവകാശി തുടങ്ങിയ സിനിമകളിൽ ക്യാരക്റ്റർ റോളുകളിലെത്തിയ വെങ്കട്ട് പ്രഭു 2007 ൽ ആദ്യമായി സംവിധായകനായി.
സഹോദരൻ പ്രേംജി ഉൾപ്പടെ പതിനൊന്ന് പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സ്ട്രീറ്റ് ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ 60028 വെങ്കട്ട് പ്രഭുവിന്റെ ആദ്യ സിനിമയായി. തികച്ചും റിയാലിറ്റിയിൽ നിൽക്കുന്ന നമുക്ക് ചുറ്റും കാണപ്പെടുന്ന സാധാരണക്കാരായിരുന്നു വെങ്കട്ട് പ്രഭുവിന്റെ നായകന്മാർ. പ്രത്യേകിച്ചും തമിഴ് സിനിമയിൽ കാലാകാലങ്ങളായി ഹൗസിംഗ് ബോർഡ് മോശമായി ചിത്രീകരിക്കപ്പെട്ടിരുന്നു. അതിന് വിപരീതമായി അവരുടെ രസകരമായ ജീവിതം വളരെ നന്നായി വെങ്കട് പ്രഭു ചെന്നൈ 28 ലൂടെ അവതരിപ്പിച്ചു. പതിയെ തുടങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി. ഒരു സ്ലീപ്പർ ഹിറ്റായ ചിത്രം തമിഴിലെ ഒരു കൾട്ട് ക്ലാസ്സിക് ആയി മാറുകയും ചെയ്തു. ചിത്രത്തിലെ പതിനൊന്ന് പേരും വെങ്കട്ട് പ്രഭുവും അവിടെ രജിസ്റ്റർ ചെയ്യപ്പെട്ടു.
സാധാരണ തമിഴ് സിനിമകളിൽ ഹ്യൂമറിനായി സൈഡ് കഥാപാത്രങ്ങൾക്ക് ഒരു പ്രേത്യേക ട്രാക്ക് തന്നെ ഉണ്ടാക്കാറായിരുന്നു പതിവ്. വടിവേലുവും, വിവേകും, ഗൗണ്ടമണി- സെന്തിലുമെല്ലാം അവിടെ സ്കോർ ചെയ്യുക പതിവായിരുന്നു. എന്നാൽ വെങ്കട്ട് പ്രഭു അത്തരം പാരലൽ ട്രാക്കിനെ പൂർണ്ണമായി ഒഴിവാക്കി കഥയോട് ചേർന്ന് പോകുന്ന സിറ്റുവേഷണൽ ഹ്യൂമർ ഉണ്ടാക്കിയെടുത്തു. തന്റെ നായകന്മാർ സാധാരണകാരായതുകൊണ്ടു തന്നെ റിലേറ്റ് ചെയ്യാൻ പറ്റുന്ന തമാശകളും, ഒപ്പം തമിഴ് സിനിമയിൽ ആദ്യമായി ഡാർക്ക് ഹ്യൂമറിനെ എസ്‌റ്റാബ്ലിഷ് ചെയ്തതും വെങ്കട്ട് പ്രഭു ആയിരുന്നു. എം ജി ആർ സിനിമകളിൽ നിന്നും തമിഴ് സിനിമകളിൽ നിന്നും റെഫെറെൻസ് എടുത്ത് വെങ്കട്ട് പ്രഭു തമാശകൾ സൃഷ്ട്ടിച്ചു. ആദ്യ സിനിമ മുതൽ ഇതുവരെ വെങ്കട്ട് പ്രഭു സിനിമകളിൽ എല്ലാം അദ്ദേഹത്തിന്റെ ഗാങ്ങും ഉണ്ടാകാറുണ്ട്. അതിൽ സഹോദരൻ പ്രേംജിയാണ് പലപ്പോഴും ഹ്യൂമർ ടച്ച് ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വളരെ Eccentric ആയ, കുറച്ചു ലൗഡ്, goofy ആയ റോളുകൾ ആയിരുന്നു ഇപ്പോഴും പ്രേംജിയുടേത്. 'എവളവോ പണ്ണിറ്റോം ഇത പണ്ണമാട്ടമാ', 'എന്ന കൊടുമ സാർ ഇത്' ഇതുടങ്ങിയ ഡയലോഗ് എല്ലാം വളരെ പോപ്പുലർ ആണ്. വെങ്കട്ട് പ്രഭു സിനിമകളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് യുവൻ ശങ്കർ രാജ. ചെന്നൈ 28 മുതൽ ഇങ്ങു ഗോട്ട് വരെയുവന്റെ മ്യൂസിക് ആണ് വെങ്കട്ട് പ്രഭു സിനിമകളുടെ നട്ടെല്ല്. മങ്കാത്തയിലെ ഇന്റെർവലിലെ ബൈക്ക് സീനും ഇൻട്രോയുമെല്ലാം ഇന്നും നമ്മൾ ഓർക്കാൻ കാരണങ്ങളിൽ ഒന്ന് യുവന്റെ ബാക്ക്ഗ്രൗണ്ട് സ്കോറാണ്. യുവൻ - വെങ്കട്ട് പ്രഭു കോമ്പൊയിൽ ഉണ്ടായതെല്ലാം ഹിറ്റ് ഗാനങ്ങളാണ്. വെങ്കട്ട് പ്രഭു സിനിമകളിലെ അവസാനത്തെ ബ്ലൂപ്പറുകൾക്ക് നിറയെ ആരാധകരുണ്ട്. ഒപ്പം എ വെങ്കട്ട് പ്രഭു ഗെയിം, എ വെങ്കട്ട് പ്രഭു ഹോളിഡേ എന്ന് തുടങ്ങി സിനിമയുടെ നേച്ചർ ടൈറ്റിലൂടെ അറിയിക്കുന്നതും ഒരു വെങ്കട്ട് പ്രഭു സ്റ്റൈൽ ആണ്.
ചെന്നൈ 28 ന് ശേഷം പുറത്തിറങ്ങിയ ഗോവ, സരോജ തുടങ്ങിയ സിനിമകളിലും തന്നെ സ്ഥിരം ഗാങ് തന്നെ വെങ്കട്ട് പ്രഭു കൂട്ടുപിടിച്ചു. ഒരുപക്ഷെ തമിഴ് സിനിമയിൽ ആദ്യമായി ഒരു ഗേ കപ്പിളിനെ സീരിയസ് ആയി അവതരിപ്പിച്ചത് ഗോവയിലൂടെ വെങ്കട്ട് പ്രഭുവാണ്. ആദ്യ മൂന്ന് സിനിമകളും ഹിറ്റ് ആക്കിയ വെങ്കട്ട് പ്രഭുവിന്റെ കരിയർ മാറ്റിമറിച്ചത് മങ്കാത്ത ആയിരുന്നു, ഒരു 100 % വെങ്കട്ട് പ്രഭു പടം. മങ്കാത്ത അടിമുടി അജിത്തെന്ന സ്റ്റാറിനെ ആഘോഷിച്ച സിനിമ ആയിരുന്നു. ക്രിക്കറ്റ് ബെറ്റിങ്ങും, കൊള്ളയും ഒക്കെ കൂടിക്കലർത്തിയ തട്ടുപൊളിപ്പൻ കൊമേർഷ്യൽ സിനിമ. ഇൻട്രോ മുതൽ ക്ലൈമാക്സ് ട്വിസ്റ്റ് വരെ ഒരു പോയിന്റിൽ പോലും സ്ഥിരം എലെമെന്റുകളെ കൂട്ടുപിടിക്കാതെയുള്ള കഥപറച്ചിൽ. യുവന്റെ മികച്ച ബാക്ക്ഗ്രൗണ്ട് സ്കോറും വെങ്കട്ട് പ്രഭുവിന്റെ മികച്ച എഴുത്തും, അജിത്തിന്റെ ആന്റി ഹീറോ വേഷവും കൂടിച്ചേർന്ന് ആ വർഷം എന്തിരന്റെ തൊട്ടു പിന്നിൽ രണ്ടാമതായി ആണ് ചിത്രം ഫിനിഷ് ചെയ്തത്.
എന്നാൽ തുടർന്ന് വന്ന വെങ്കട്ട് പ്രഭു സിനിമകൾക് ഒന്നും വലിയ വിജയങ്ങൾ ആകാൻ സാധിച്ചില്ല. തന്റെ സ്ഥിരം സ്റ്റൈലിൽ തന്നെയാണ് വെങ്കട്ട് അപ്പോഴും കഥപറച്ചിൽ തുടർന്നിരുന്നത്. ബിരിയാണി, മാസ്സ്, എന്നിവക്കൊന്നും ബോക്സ് ഓഫീസിൽ വിജയങ്ങളാകാൻ സാധിച്ചില്ല. ഇടക്കിറങ്ങിയ ചെന്നൈ 28 പാർട്ട് 2 ഭേദപ്പെട്ട അഭിപ്രായം നേടി ആദ്യ ഭാഗത്തിന്റെ പേര് കളയാതെ തിയറ്റർ വിട്ടു. മങ്കാത്തയ്ക്ക് ശേഷം വെങ്കട്ട് പ്രഭുവിന്റെ ഫുൾ പൊട്ടൻഷ്യൽ കാണിച്ചു തന്ന ചിത്രമായിരുന്നു മാനാട്. ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലറിൽ ടൈം ലൂപ്പും ത്രില്ലറും ഒക്കെ കലർത്തിയ പെർഫെക്റ്റ് എന്റർടൈനർ. കാഴ്ചക്കാർക്ക് ഒട്ടും കൺഫ്യൂഷൻ ഉണ്ടാകാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എന്നാൽ കൊമേർഷ്യൽ എലെമെന്റുകളെ പരിഗണിച്ച് മാനാട് 100 കോടിക്ക് മുകളിൽ തിയറ്ററിൽ നിന്ന് നേടി. ട്രെൻഡിനെ ഫോള്ളോ ചെയ്യുന്നതിന് പകരം ട്രെൻഡ് ഉണ്ടാക്കുകയാണ് വെങ്കട്ട് പ്രഭു എന്നും ചെയ്തിരുന്നത്. , മംഗാതക്ക് ശേഷം സാൾട്ട് ആൻഡ് പേപ്പർ ട്രെൻഡ് ആയതും, നായകന്മാർ തന്നെ ആന്റി ഹീറോ വേഷമണിയാൻ ശ്രമിച്ചതുമെല്ലാം അവയിൽ ചിലത് മാത്രം. സിനിമകൾ പരാജയപ്പെടുമ്പോഴും തന്റെ സ്റ്റൈലിനെയോ ഴോണറുകളെ കോമ്പ്രോമൈസ് ചെയ്യാനോ വെങ്കട്ട് പ്രഭു ശ്രമിച്ചിരുന്നില്ല.
സംവിധാനത്തോടൊപ്പം അഭിനയത്തിനും സംഗീതത്തിലും വെങ്കട്ട് പ്രഭു സ്വയം പരീക്ഷിച്ചു. ചെന്നൈ 28 പാർട്ട് 2, കസട തപറ, ആർ കെ നഗർ തുടങ്ങിയ സിനിമകളും അദ്ദേഹം നിർമിച്ചു. യുവാൻ ശങ്കർ രാജ, കാർത്തിക് രാജ എന്നിവരുടെ സംഗീതത്തിൽ നിരവധി ഗാനങ്ങളും വെങ്കട്ട് പ്രഭു ആലാപിച്ചിട്ടുണ്ട്.
മങ്കാത്തയ്ക്ക് ശേഷം മറ്റൊരു സൂപ്പർസ്റ്റാറുമായി ഒരു വെങ്കട്ട് പ്രഭു സിനിമയെത്തുകയാണ്. വിജയ് നായകനാകുന്ന ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് വിജയ് ഇരട്ട വേഷത്തിലെന്നാണ്. ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് ഗോട്ടെന്നും ഒരാളുടെ തന്നെ പല കാലഘട്ടങ്ങൾ ടൈം ട്രാവലിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെയെന്നും സോഷ്യൽ മീഡിയ ചർച്ചകളുണ്ട്. എന്തായാലും അജിത്തിന് മങ്കാത്തയിലൂടെയും ചിമ്പുവിന് മാനാടിലൂടെയും നൽകിയ കരിയർ ബെസ്റ്റ് ഫിലിം വിജയ്‌യ്ക്കും വെങ്കട്ട് പ്രഭു ഗോട്ടിലൂടെ ഒരുക്കി വെക്കുമെന്ന് പ്രതീക്ഷിക്കാം.