മലയാളത്തിൽ വലിയൊരു ഇടവേളക്ക് ശേഷമൊരു പൊളിറ്റിക്കൽ സറ്റയർ മൂഡുള്ള സിനിമയെത്തുകയാണ്. ശരത് കൃഷ്ണയുടെ തിരക്കഥയിൽ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിപ്പട്ടണം. മാർച്ച് 24ന് സിനിമ തിയറ്ററുകളിലെത്തുകയാണ് .
ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ മാത്രമായി വെള്ളരിപ്പട്ടണത്തെ സിനിമയെ ഒതുക്കി കളയരുതെന്നും ഹൃദ്യമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലം സിനിമക്കുണ്ടെന്നും തിരക്കഥാകൃത്ത് ശരത് കൃഷ്ണ.
ശരത് കൃഷ്ണ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു
ചക്കരക്കുടം ഒരു മിനിയേച്ചര്‍ ഇന്ത്യ
ഇന്ത്യയുടെ ഒരു മിനിയേച്ചര്‍ പതിപ്പാണ് ചക്കരക്കുടം പഞ്ചായത്ത്. അതായത് വെള്ളരിപ്പട്ടണം എന്ന സിനിമയിലെ കഥ നടക്കുന്ന ദേശം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും കേരള രാഷ്ട്രീയത്തിന്റെയും ചെറുപതിപ്പുകളായി തന്നെ ഈ പഞ്ചായത്തിനെ കാണാം. ദേശീയ രാഷ്ട്രീയത്തെ വളരെ ആഴത്തില്‍ ഉറ്റുനോക്കുന്ന ജനതയാണ് കേരളത്തിലേത്. മലയാളിക്ക് കേരള രാഷ്ട്രീയമെന്നപോലെ പരിചിതമാണ് ദേശീയ രാഷ്ട്രീയവും.
'രാഷ്ട്രീയം പറയരുത്' എന്ന മുന്നറിയിപ്പ് തന്നെ മലയാളി മലയാളിക്ക് വേണ്ടിയുണ്ടാക്കിയതാണ്. ഇതൊക്കെ കൊണ്ടാണ് വെള്ളരിപ്പട്ടണം ട്രെയിലറിലെ ഹിന്ദി പരിഭാഷ രംഗം മലയാളി പ്രേക്ഷകനെ ചിരിപ്പിക്കുന്നത്. യഥാര്‍ഥ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് കണ്ടെത്തുന്ന സമാനതകളിൽ നിന്നുണ്ടാകുന്ന ചിരിയാണത്. അത്തരത്തില്‍ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് പല സമാനതകള്‍ കണ്ടെത്താന്‍ കഴിയുന്ന ഇതിവൃത്തമാണ് ഈ സിനിമയുടേത്.
ഫാമിലി ഡ്രാമ കൂടിയാണ് വെള്ളരിപ്പട്ടണം
ഏതിനും രണ്ടുവശമുള്ളതുപോലെ രാഷ്ട്രീയത്തിനും നല്ലതും ചീത്തതുമായ വശങ്ങളുണ്ട്. പക്ഷേ നല്ലതിന്റെ ചീത്തയുടെ അനുപാതം അവിടെ 80:20 എന്നൊക്കെയാണെന്ന് പറയാം. വെള്ളരിപ്പട്ടണത്തിൽ നല്ല രാഷ്ട്രീയ പ്രവർത്തനത്തിന്റെയും മോശം രാഷ്ട്രീയത്തിന്റെയും
ഐഡിയോളജികളെ രണ്ട് നിലക്ക് പ്രയോഗിക്കുന്നതിന്റെയുമൊക്കെ ഉദാഹരണങ്ങൾ കാണാം. നല്ല രാഷ്ട്രീയത്തിന്റെയും ചീത്ത രാഷ്ട്രീയത്തിന്റയും പ്രതിനിധികളെ നിങ്ങൾക്ക് ഈ സിനിമയിൽ കാണാനാകും.
മലയാളി എന്നും ചര്‍ച്ച ചെയ്യുന്നതെന്താണോ, അതാണ് വെള്ളരിപ്പട്ടണവും ചര്‍ച്ച ചെയ്യുന്നത്. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്ന ധാരണ അടിച്ചേല്‍പ്പിക്കാനുള്ള ഒരു തരത്തിലുള്ള ശ്രമവും ഈ സിനിമക്കില്ല. അതോടൊപ്പം ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ മാത്രമായി ഈ സിനിമയെ ഒതുക്കി കളയരുത് എന്നൊരു അഭ്യർത്ഥനയും പ്രേക്ഷകരോടുണ്ട്. ഹൃദ്യമായ കുടുംബ ബന്ധങ്ങളുടെ ബാക്ക് ഡ്രോപ്പിൽ സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും പ്രണയവുമെല്ലാം കടന്നുവരുന്നുണ്ട്. അങ്ങനെ നോക്കിയാൽ ഫാമിലി ഡ്രാമ കൂടിയാണ് വെള്ളരിപ്പട്ടണം.
പഞ്ചവടിപ്പാലവും സന്ദേശവും പറയാന്‍ ബാക്കിവച്ചത്
'പഞ്ചവടിപ്പാലം' മലയാളത്തിലെ പൊളിറ്റിക്കല്‍ സറ്റയറുകളിലെ കള്‍ട്ട് ചിത്രമാണ്. രാഷ്ട്രീയ പദാവലിയിലെ ആദ്യാക്ഷരമായ അഴിമതിയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണത്. പഞ്ചവടിപ്പാലം ഉൾപ്പെടെ മലയാളത്തിലെ പൊളിറ്റിക്കല്‍ സറ്റയറുകള്‍ കൈകാര്യം ചെയ്ത രാഷ്ട്രീയ-സാമൂഹ്യ
സാഹചര്യങ്ങളുടെ തുടർച്ചയാണ് വെള്ളരിപ്പട്ടണം എന്ന സിനിമ എന്നുപറയാം. ഉദാഹരണത്തിന്, പഞ്ചവടിപ്പാലത്തില്‍ നിന്ന് വെള്ളരിപ്പട്ടണത്തിലേക്ക് എത്തുമ്പോള്‍ മീഡിയ കേരളത്തിൽ നേടിയെടുത്ത പ്രബലതയുൾപ്പെടെ സിനിമയുടെ ഫോക്കസ് പോയിന്റാകുന്നുണ്ട്. സന്ദേശം രണ്ട് പ്രബല രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കേന്ദ്രീകരിച്ചാണ് കഥ പറഞ്ഞത്. അവിടെ നിന്ന് ഇന്നത്തെ കേരളത്തിലേക്ക് നോക്കിയാൽ എണ്ണമറ്റ കക്ഷികളും ഐഡിയോളജികളുമുണ്ട്. ഈ രണ്ട് സിനിമകളും പറയാൻ ബാക്കി വച്ച പലതും, അതിനൊപ്പം ഈ സിനിമകൾക്ക് ശേഷമുള്ള കാലത്ത് കക്ഷി രാഷ്ട്രീയത്തിലും നമ്മുടെ സാമൂഹികാന്തരീക്ഷത്തിലുമുണ്ടായ മാറ്റങ്ങളും വെള്ളരിപ്പട്ടണത്തിന് ഇതിവൃത്തമായിട്ടുണ്ട്.
'വെള്ളരിക്കാപ്പട്ടണം' 'വെള്ളരിപ്പട്ടണ'മായ കഥ
രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുന്ന, എല്ലാ രാഷ്ട്രീയക്കാരും ആവര്‍ത്തിച്ച് ഉരുവിടുന്ന ഒരുപാട് പേരുകളില്‍ നിന്നാലോചിച്ചാണ് ഞാനും മഹേഷും(മഹേഷ് വെട്ടിയാർ) 'വെള്ളരിക്കാപ്പട്ടണം' എന്ന പേരിലേക്ക് എത്തുന്നത്. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി ഫിലിം ചേമ്പറിനെ സമീപിച്ച ഘട്ടത്തിലാണ് 1985-ല്‍ തോമസ് ബെര്‍ലി പ്രേം നസീറിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിനും ഇതേ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. ചേമ്പര്‍ അറിയിച്ച നിലയ്ക്ക് അദ്ദേഹത്തില്‍ നിന്ന് നോ- ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റെല്ലാം നേടി 2018-ല്‍ രജിസ്ടേഷന്‍ കിട്ടി. ഒരു വര്‍ഷത്തിന് ശേഷം അത് പുതുക്കുകയും ചെയ്തു.
എന്നാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു സിനിമാ പ്രവര്‍ത്തകന്‍ ആ പേരില്‍ അവകാശവാദമുന്നയിച്ചു രംഗത്തെത്തി. പേരു വിവാദം വളരുന്നതിനിടെ അദ്ദേഹം സെന്‍സറിംഗെല്ലാം പൂര്‍ത്തിയാക്കി. ഈ ഘട്ടത്തില്‍ മറ്റ് നിയമ നടപടികളിലേക്ക് നീങ്ങാതെ സിനിമ പൂര്‍ത്തിയാകണമെന്നായിരുന്നു പ്രൊഡക്ഷന്‍ കമ്പനിയുടെ തീരുമാനം. ഒരേ പേരില്‍ രണ്ട് ചിത്രങ്ങളിറങ്ങുന്നത് പ്രേക്ഷകനില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നതും വെല്ലുവിളിയായി. എന്നാല്‍ നാഷണല്‍ ലെവലില്‍ പ്രമുഖര്‍ ട്വീറ്റ് ചെയ്യപ്പെട്ട ഒരു ചിത്രത്തിന്റെ പേര് മുഴുവനായി മാറ്റുന്നത് സാധ്യവുമല്ലാത്തതിനാല്‍ ഞങ്ങള്‍ സ്വമേധയാ വരുത്തിയ മാറ്റമാണ് പേരിലേത്. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമാനുസൃത രേഖകളും ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ പക്കലുണ്ട്.
വൈകുമ്പോഴും പഴകില്ല ചിരിയിൽ പൊതിഞ്ഞ രാഷ്ട്രീയം
കൊവിഡിന് മുന്‍പ് പ്രഖ്യാപനമുണ്ടായ ചിത്രമാണെങ്കിലും അന്നത്തേക്കാൾ രാഷ്ട്രീയത്തിന്റെ താപനില ഉയര്‍ന്ന് നില്‍ക്കുന്ന ഈ സമയയമാണ് റിലീസിന് കൂടുതൽ അനുയോജ്യമായതെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. വെള്ളരിപ്പട്ടണം മുന്നോട്ട് വെക്കുന്ന കാര്യങ്ങൾ ചർച്ചയാകുമെന്നും സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഏത് കാലത്തും പ്രസക്തമായ ചിത്രം തന്നെയായിരിക്കും വെള്ളരിപ്പട്ടണമെന്ന ഉറപ്പും അതിനൊപ്പം നല്‍കാനാകും.
ഈ സിനിമയുടെ ആലോചന വേള മുതൽ ഞങ്ങളുടെ ചിന്തകളിലുണ്ടായ പല രാഷ്ട്രീയ സാഹചര്യങ്ങളും പിന്നീട് യാഥാര്‍ഥ്യമാവുന്നത് കണ്ട് ഞങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ട്രെയ്ലറില്‍ കാണുന്ന പ്രതിമ ചിത്രത്തില്‍ ഒരു പ്രതീകവും കഥാഗതിയിലെ വളരെ പ്രധാനവുമായ ഒന്നാണ്. ഇത് തിരക്കഥയില്‍ ഉള്‍പ്പെടുത്തുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് ഇന്ത്യയില്‍ പ്രതിമ എന്ന ബിംബത്തിനുള്ളത്. അങ്ങനെ നോക്കിയാൽ സമകാലിക ഇന്ത്യ ചര്‍ച്ച ചെയ്യുന്ന പല കാര്യങ്ങളും ഈ സിനിമയിൽ കാണാം.
മഞ്ജു വാര്യർ ഹ്യൂമർ കൈകാര്യം ചെയ്യുമ്പോൾ
മലയാളത്തില്‍ ഹാസ്യം കൈകാര്യം ചെയ്യാന്‍ അറിയാവുന്ന നടിമാരില്‍ ഒരാള്‍ തന്നെയാണ് മഞ്ജുവാര്യര്‍. എന്നാല്‍ മഞ്ജു തന്നെ പറഞ്ഞിട്ടുള്ളപോലെ, എന്തുകൊണ്ടോ മലയാള സിനിമ അവരിൽ നിന്ന് അത്തരമൊരു സാധ്യത ഉപയോഗിച്ചിട്ടില്ല. ആദ്യകാലത്ത് ചെയ്ത സിനിമകളിൽ ചില സീനുകളിൽ ഹ്യൂമർ ചെയ്തതൊഴിച്ചാൽ ഒരു മുഴുനീള ഹാസ്യം കൈകാര്യം ചെയ്യുന്ന രീതീയിൽ മഞ്ജുവിനെ മുമ്പ് കാസ്റ്റ് ചെയ്തിട്ടില്ല. ആ തിരിച്ചറിവില്‍ നിന്നാണ് എന്തുകൊണ്ട് ഒരു മുഴുനീള കോമഡി എന്‍ര്‍ടെയ്നറില്‍ മഞ്ജുവിനെ കൊണ്ടുവന്നുകൂടാ എന്ന ചിന്തയുണ്ടാകുന്നത്.
സൗബിനും അത്രതന്നെ മികവില്‍ മലയാളത്തില്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടനാണ്. എന്നാല്‍ ഇവര്‍ക്കുപരി, ചിത്രത്തിലെ ഒരോ കഥാപാത്രത്തിനും പെര്‍ഫോം ചെയ്യാന്‍ സ്പേസുള്ള സിനിമയാണിത്. പ്രമോദ് വെളിയനാട്, ജഗതി ചേട്ടന് സമാനമായി സ്പോട്ട് ഇംപ്രൊവൈസേഷന്‍ അടക്കം നടത്തിക്കൊണ്ട് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
സൗബിന്‍ ആദ്യമേ പറഞ്ഞു, രാഷ്ട്രീയം അറിയില്ലെന്ന്,
സിനിമയാണ് മഞ്ജുവിന്റെയും, സൗബിന്റെയും മേഖല. അവര്‍ക്ക് രാഷ്ട്രീയത്തില്‍ അറിവുണ്ടാകണമെന്നില്ല. എന്നാല്‍ ബോണ്‍ ആര്‍ട്ടിസ്റ്റുകളാണവര്‍. സാഹചര്യവും സന്ദര്‍ഭവും പറഞ്ഞുകൊടുത്താല്‍ മാത്രം മതി അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍. അതനുസരിച്ച് സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കേണ്ടി മാത്രമേ വന്നിട്ടുള്ളൂ. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷം വാര്‍ത്തകളെയും രാഷ്ട്രീയ സംഭവങ്ങളെയും പിന്തുടരാനുള്ള ഹോംവര്‍ക്ക് അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്.
ഉദാഹരണത്തിന് അവര്‍ യഥാര്‍ഥത്തില്‍ നടന്ന പ്രസംഗ പരിഭാഷ സംഭവമൊന്നും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എന്നാല്‍ മലയാളിക്ക് അത് എളുപ്പം കിട്ടും, അത് മഞ്ജുവാര്യര്‍ എന്ന നടി ആ ഡയലോഗ് ഡെലിവറി ചെയ്തിന്റെ കൂടി മികവാണ്. അത് കൊളുത്തിയതുകൊണ്ട് സിനിമയും വര്‍ക്കാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അത് കൊളുത്തിയില്ലായിരുന്നുവെങ്കില്‍ ഇതേ പാറ്റേണിലെ മറ്റുള്ളവയുടെ കാര്യത്തിലെ സമാധാനം നഷ്ടമാകുമായിരുന്നു.
എഴുത്തിലെ വാള്‍പ്പയറ്റ്
21 വര്‍ഷമായി മാധ്യമ പ്രവര്‍ത്തനത്തിലുള്ളയാളാണ് ഞാന്‍, തിരുവനന്തപുരത്ത് ജേണലിസ്റ്റ് ട്രയിനിയായി ആരംഭിച്ച ആ കരിയറില്‍- രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ സാക്ഷിയാകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ ഉള്ളുകളികളും അന്തര്‍നാടകങ്ങളും പാര്‍ട്ടി രഹസ്യങ്ങളുമെല്ലാം കരിയറിന്റെ തുടക്കത്തില്‍ തന്നെ അറിയാനും പൊളിറ്റിക്കല്‍ ഫീച്ചറുകളായി അവയെ പരുവപ്പെടുത്താനുമായിരുന്നു എന്റെ അന്നത്തെ താത്പര്യം.
പിന്നീട് കൊച്ചിയിലെത്തിയപ്പോഴാണ് ഫിലിം ബീറ്റ് കൈകാര്യം ചെയ്ത് തുടങ്ങുന്നത്. സിനിമയില്‍ സൗഹൃദങ്ങള്‍ ഏറെയുണ്ടെങ്കിലും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷനുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ആ സൗഹൃദങ്ങളൊന്നും കഥ പറയാനായി ഉപയോഗിച്ചിട്ടില്ല. പിന്നീട് 2008-2009 കാലഘട്ടത്തിലാണ് 'ഒരിടത്തൊരു പോസ്റ്റ്മാന്‍' എന്ന സിനിമയുടെ സംവിധായകനായ ഷാജി അസീസിനൊപ്പം ഒരു സിനിമ ചെയ്യുന്നതിന് ആലോചന നടത്തിയിരുന്നു. അതാണ് സിനിമയിലെ തുടക്കം. പിന്നീട് പലരുമായി ഇത്തരത്തില്‍ കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു.
സംവിധായകന്‍ മഹേഷ് വെട്ടിയാരുമായി നയന്‍താരയുടെ ഡേറ്റുള്ള മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഫുള്‍ ഓണ്‍ സ്റ്റുഡിയോസുമായി ബന്ധപ്പെടുന്നത്. ദൗര്‍ഭാഗ്യവശാല്‍ ആ പ്രോജക്ട് നടന്നില്ല. അവിടെ നിന്നാണ് മഞ്ജുവാര്യരെ വച്ച് ഒരു സിനിമ എന്ന നിലയില്‍ ഞങ്ങള്‍ ആലോചിച്ചുതുടങ്ങുന്നത്. മഹേഷ് വെട്ടിയാര്‍ ആനിമേഷന്‍ ചിത്രങ്ങളിലും, പരസ്യ ചിത്രങ്ങളിലൂടെയും മറ്റും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനുപുറമെ, ഒരു കാര്‍ട്ടൂണിസ്റ്റുമാണ്. ആ നിലയ്ക്ക് ഒരു പത്രപ്രവര്‍ത്തകന്‍ എഴുതി ഒരു കാര്‍ട്ടൂണിസ്റ്റ് സംവിധാനം ചെയ്യുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ പാക്കേജെന്നാണ് മാധ്യമഭാഷയില്‍ വെള്ളരിപ്പട്ടണം എന്ന സിനിമയെ വിശേഷിപ്പിക്കാനാവുക.