Witnessing The Undercurrent through Urvashi | Ullozhukku

ഒരഭിനേതാവിന്റെ പെർഫോമൻസ് കണ്ട് സെറ്റ് മുഴുവൻ നിശ്ചലമാകുന്നു, സംവിധായകൻ റിയാക്ഷൻ ഷോട്ട് ചോദിക്കേണ്ടെന്ന് വയ്ക്കുന്നു, സംഗീത സംവിധായകൻ ആ ഷോട്ടിന് സംഗീതമേ വേണ്ടന്ന് വയ്ക്കുന്നു, സഹ അഭിനേത്രി കരച്ചിൽ അടക്കിപ്പിടിക്കുന്നു. രണ്ട് മിനുട്ട് നീണ്ട ആ സിംഗിൾ ഷോട്ട് പെർഫോമൻസിനെ പറ്റി ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ട്. കണ്ടു നിൽക്കെ ഒരുപക്ഷേ പ്രേക്ഷകരും പറഞ്ഞു പോകും, ഉർവശി എന്ന നടിയുടെ പുതിയൊരു യുഗം അവിടെ തുടങ്ങി പോകുന്നെന്ന്.

കെപിഎസി ലളിതയും, ജഗതി ശ്രീകുമാറും, ശ്രീനിവാസനും ലിസ്റ്റ് എടുത്തു തുടങ്ങിയാൽ തീരാത്ത ഒരുപാട് പേരും ഒരേ തരത്തിൽ ആവർത്തിക്കുന്ന പേരാണ് ഉർവശി. ആരാകണം എന്ന ചോദ്യത്തിന് ഒരുപാട് പേർ പറയുന്ന ഉത്തരം ഒരേയൊരു ഉർവശി. ഇനി ഒന്നും ചെയ്യാനില്ല എന്ന് വിചാരിച്ചിരിക്കെ, മറ്റൊരു ഭാവം കൊണ്ട് ഉർവശി വരുന്നു. സെറ്റിലുള്ളവരെ മാത്രമല്ല. പ്രേക്ഷരെയും നിശ്ചലരാക്കിക്കൊണ്ട്.

സൂര്യവംശത്തിൽ മേതിൽ എഴുതി, 'ഏതിലയും മധുരിക്കുന്ന കാട് ' എന്ന്. ആ പ്രയോഗത്തെ സ്ക്രീനിലേക്ക് തർജ്ജമ ചെയ്താൽ ഒരുപക്ഷേ ഉർവശി എന്ന ഉത്തരം കിട്ടും. മുന്താണൈ മുടിച്ച് മുതൽ ഉള്ളൊഴുക്ക് വരെ നീണ്ടു നിൽക്കുന്ന ഫിൽമൊഗ്രഫിയെ സാക്ഷ്യം നിർത്തി, ഉർവശിയുടെ നടനവൈഭവത്തെ പറ്റി പറയാൻ മറ്റൊരു വാക്യവും മതിയാകുമെന്ന് തോന്നുന്നില്ല. തനിക്ക് മേൽ ചാർത്തപ്പെട്ട എല്ലാ സ്റ്റീരിയോടൈപ്പുകളെയും ഉർവശി മേൽ തറച്ച ഒരു മുള്ളെടുക്കുന്ന ലാഘവത്തോടെ നുള്ളിയെടുത്ത് കളഞ്ഞിട്ടുണ്ട്. എന്നോ തൊട്ടേ. ആനന്ദവല്ലിയേയും, കാഞ്ചനയേയും, എൽഐസി വനജയേയും, സ്നേഹലതയേയും, സുലോചനയേയും എല്ലാം നിങ്ങൾക്ക് മുന്നിൽ നിർത്തി കൊണ്ട് തന്നെ ഞാൻ പറയട്ടെ, ലീലാമ്മയെ നിങ്ങൾ കണ്ടിട്ടില്ല. ഉർവശി ഇന്ന് വരേക്കും ലീലാമ്മയുടെ ഒരു നോക്ക് പോലും നിങ്ങൾക്ക് കാട്ടിതന്നിട്ടില്ല.

ലീലാമ്മയ്ക്ക് ഉള്ളൊഴുക്കാണ്. അടിത്തട്ടിലാണ് ഒഴുക്ക്. പുറമെ നിശ്ചലമെന്ന് തോന്നുകിലും, ആഴത്തിൽ കുത്തിയൊലിക്കുന്ന പുഴയുണ്ട് ലീലാമ്മക്കുള്ളിൽ. അത് ശബ്ദത്തിലോ, വാക്കുകളിലോ കാണില്ല. പക്ഷെ ലീലമ്മയുടെ അടിയൊഴുക്ക് ഉർവശിയിൽ കാണാം. ലീലാമ്മയ്ക്കുള്ളിലെ വെള്ളം പൊങ്ങുന്നതും, താഴുന്നതും മുഖഭാവങ്ങളിൽ, അനക്കങ്ങളിൽ അറിയാം. അപ്രതീക്ഷിതമായ ഒരു കാര്യം അറിയുന്ന ലീലാമ്മയുടെ മുഖത്ത് ചിരിയിൽ നിന്ന് ഞെട്ടലിലേക്കുള്ള ഒരു മൈക്രോ സെക്കന്റ് ട്രാൻസിഷൻ ഉണ്ട്. ഉർവശിയ്ക്കല്ലാതെ മറ്റാർക്ക് സാധിക്കുമത്?

മലയാളിയുടെ കുടുംബസങ്കല്പങ്ങളിൽ നിന്നും, സ്ത്രീസങ്കല്പങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്ന കാഞ്ചനയെയും, സ്നേഹലതയെയും സത്യൻ അന്തിക്കാട് സധൈര്യം കൊണ്ട് ചെല്ലുമ്പോൾ, അവരെ ആവോളം ചേർത്ത് പിടിച്ച് നമുക്ക് മുന്നിലെത്തിച്ച അപാര സ്ക്രീൻ പ്രസൻസ് ഉള്ള ഉർവശി, ഉള്ളൊഴുക്കിലെത്തുമ്പോൾ, ലീലാമ്മയെ ആരും പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അഞ്ജുവിനൊപ്പം മാത്രം പ്രേക്ഷകർക്കും കാണാനൊക്കുന്ന ഉള്ളൊഴുക്ക് ബാക്കി വയ്ക്കുന്നുണ്ട്. അഞ്ജുവിന് സ്ക്രീൻ കൊടുക്കേണ്ട സമയത്ത് പ്രേക്ഷകർ അറിയുന്നതിന് മുൻപ് അവർ ബ്ലർ ആകുന്നുണ്ട്.

ആദ്യമായല്ല ഉർവശി അമ്മ കഥാപത്രമായി വരുന്നത് അച്ചുവിന്റെ അമ്മ വന്നു കഴിഞ്ഞ് തുടർച്ചയായി അമ്മ കഥാപാത്രങ്ങൾ വന്നപ്പോൾ ഞാൻ അപ്പോഴേ ഓടിപ്പോയി എന്ന് പറഞ്ഞ ഉർവശി, ഒരു ഗ്യാപ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അമ്മമാരിൽ പുതിയ അമ്മമാരെ കണ്ടെത്തി. അരവിന്ദന്റെ അതിഥികളിലെ ഗിരിജയോ, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഡോ.ഷേർലിയോ അല്ല ലീലാമ്മ എന്നതുറപ്പ്.

ആദ്യമായല്ല ഉർവശി ഗ്രേ ഷെയ്ഡ് ഉള്ള കഥാപാത്രമായി വരുന്നതും. ഉർവശിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ, നായകന്റെ പ്രെസ്റ്റീജ് ഇഷ്യൂ ആണ് നായികയുടെ സ്വഭാവം എന്ന ഊട്ടിയുറപ്പിക്കലിന്റെ കാലത്താണ് അവർ അതിൽ നിന്നും ചാടി പുറത്തു കടക്കുന്നത്. ഇന്ന് നടിമാരോട് ആരാകണം എന്ന ചോദ്യത്തിന് ഉത്തരമാകുന്ന ഉർവശിയോട്, ആരാകണം എന്ന് ചോദിച്ചപ്പോൾ സുകുമാരിയമ്മ ചെയ്തപോലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് പറഞ്ഞത്. വേഴ്‌സറ്റൈൽ ആകണമെന്നാണ് അവർ അന്ന് തൊട്ടേ ആഗ്രഹിച്ചത്. അന്നവർ നായകന്റെ നായിക എന്ന ടാഗിലേക്ക് ചുരുങ്ങാതെ കോമഡിയും,വില്ലത്തരവും ഏറ്റെടുത്തു. ഇന്ന് നായകന്റെ വെറുമൊരമ്മയാകാതെ, കഥയെ അവരിലേക്കെടുന്നു.

കേവലം കഥാപാത്രങ്ങളിൽ മാത്രമല്ല, അഭിനയരീതിയിലും, ശൈലിയും അവർ പുതുക്കാൻ തയ്യാറാകുന്നു. തന്റെ ചേച്ചിയുടെ കൂടെ സെറ്റിൽ പോയി, തമിഴ് വായിക്കാനാറിയാത്ത ചേച്ചിക്ക് ഉച്ചത്തിൽ ഡയലോഗുകൾ വായിച്ചു കൊടുത്ത പതിമൂന്ന്കാരി, അന്ന് ആ സിനിമയിൽ നായികയായി. പല കഥാപാത്രങ്ങളും എന്തെന്ന് പോലുമറിയാതെ ചെന്ന് നിന്ന് അഭിനയിച്ചിട്ടുണ്ട്. യോദ്ധയിലെ ദമയന്തിയെ നോക്കൂ, മറ്റേതോ സെറ്റിൽ നിന്ന് വന്ന്, ആ ഇത്തിരി നേരം അഭിനയിച്ച് പോയി. സംവിധായകരെ മാത്രം വിശ്വസിച്ച് പൂർണ്ണമായും അവരുടെ നിർദ്ദേശങ്ങളിൽ അഭിനയിച്ചിരുന്ന ഉർവശി, ഉള്ളൊഴുക്കിലെത്തിയപ്പോൾ കഥ മാറുന്നു. സംവിധായകൻ ക്രിസ്റ്റോ ടോമി അവരോട് ലീലാമ്മയെ നയിക്കാൻ പറഞ്ഞു. ഉർവശി നയിച്ച ലീലാമ്മയാണ്, സംവിധായകനെ പോലും ഞെട്ടിച്ച്, രണ്ട് മിനുട്ട് നേരം സ്ക്രീൻ കയ്യിലെടുത്തത്.

ഉർവശിയുടേതായി അഞ്ചോളം ഭാഷകളിലായി എഴുനൂറിൽ പരം സിനിമകൾ നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇനിയുമൊന്നില്ലെന്ന് തോന്നുമ്പോൾ, അവർ വീണ്ടും വരും. ഇനിയുമെത്രയോ ഉർവശീഭാവങ്ങൾ കാണാനുണ്ടെന്ന ഉറപ്പിൽ ഞാൻ ആവർത്തിക്കട്ടെ, ഉർവശി, ഏതിലയും മധുരിക്കുന്ന കാട്.

Related Stories

No stories found.
logo
The Cue
www.thecue.in