ടിബറ്റ് ചലച്ചിത്രമേള: സിനിമ സംസാരിക്കാം, സിനിമയുടെ രാഷ്ട്രീയവും 

ടിബറ്റ് ചലച്ചിത്രമേള: സിനിമ സംസാരിക്കാം, സിനിമയുടെ രാഷ്ട്രീയവും 

Published on

“വെളിച്ചം മങ്ങുന്നു, കാണികൾ എല്ലാവരും നിശ്ശബ്ദരാകുന്നു, ഈ ലോകത്തിലെ സങ്കടങ്ങൾ കുറച്ചു നേരത്തേക്ക് കാഴ്ചക്കാർ മാറ്റിവെക്കുന്നു, ഒരു പുതിയ നിഗൂഢമായ ലോകം തങ്ങളുടെ കാഴ്ചയെയും കേൾവിയെയും കീഴടക്കുമെന്ന പ്രതീക്ഷയോടെ… സിനിമകൾ പല ലോകങ്ങളെ സൃഷ്ടിക്കുന്നു…”

(ബ്രെന്റ് പ്ലേറ്റ്)

ലോകത്തങ്ങോളം ഇങ്ങോളം നടക്കുന്ന വിവിധ ചലച്ചിത്രമേളകൾ മിക്കപ്പോഴും സ്വതന്ത്ര സിനിമകൾക്ക് സംവദിക്കാനുള്ള ഇടമാണ്. ചിലപ്പോൾ പ്രഗത്ഭരായ സിനിമാ കലാകാരന്മാരെ അവരുടെ സൃഷ്ടികളിലൂടെ ഓർമ്മിക്കാനുള്ള വേദി, അതുമല്ല എങ്കിൽ ദേശരാഷ്ട്രത്തിന്റെ അതിർത്തികൾ താണ്ടി സഞ്ചരിക്കുന്ന കഥകളുടെയും കാഴ്ചകളുടെയും ആഘോഷമാണ് ഓരോ മേളകളും. പക്ഷേ ഒരു ചലച്ചിത്രമേള തന്നെ കലാ-സാംസ്‌കാരിക പ്രതിരോധമാകുന്നത് തീർത്തും വ്യത്യസ്തമായ കാര്യമാണ്. . ഈ കഴിഞ്ഞ ഒക്ടോബർ മാസം ധരംശാലയിൽ (Dharamsala) നടന്ന പത്താമത് ടിബറ്റ് ചലച്ചിത്ര മേള (Tibet Film Festival) അത്തരത്തിൽ ഒരു പ്രതിരോധമാണ് സൃഷ്ടിക്കുന്നത്. 1959 -ൽ ചൈനീസ് സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും തുടർന്നുള്ള അടിച്ചമർത്തലിനും ശേഷം ടിബറ്റിൽ നിന്ന് നാടുകടത്തപ്പെട്ട (exile), അല്ലെങ്കിൽ നാടും വീടും ഉപേക്ഷിക്കാൻ നിർബന്ധിതരായ, ടിബറ്റൻ അഭയാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്നുണ്ട്. അവരുടെ ഇടയിൽ നിന്നുണ്ടാക്കുന്ന സിനിമകളാണ് ടിബറ്റ് ചലച്ചിത്ര മേളയിൽ പ്രധാനമായും പ്രദർശിപ്പിക്കുന്നത്. നാടുകടത്തപ്പെട്ട സമൂഹത്തിന്റെ അലമുറകൾ അല്ല ഈ സിനിമകൾ, അരനൂറ്റാണ്ടിനിപ്പുറവും ആളിക്കത്തുന്ന പോരാട്ടത്തിന്റെ ശക്‌തമായ രാഷ്ട്രീയ നിലപാടാണ് ഓരോ ചിത്രവും പങ്കുവെക്കുന്നത്.

കുറച്ചു വർഷങ്ങൾക്കു മുൻപ് ‘പൊളിറ്റിക്കൽ സിനിമ’ – യെ കുറിച്ച് സിനിയാസ്റ്റെ (Cineaste) സംഘടിപ്പിച്ച ഒരു ചർച്ചയിൽ ചലച്ചിത്ര സംവിധായകനായ റോബർട്ട് ഗുയിദിഗുയിയാൻ (Robert Guedeguian) അഭിപ്രായപ്പെട്ടത് ഇങ്ങനെ ആണ്, “സിനിമ എന്നത് – ചലച്ചിത്രകാരൻ അംഗീകരിച്ചാലും ഇല്ലെങ്കിലും – മനുഷ്യൻ ജീവിക്കുന്ന രീതിയുടെ ഒരു കാഴ്ചപ്പാടാണ്. ആ അർത്ഥത്തിൽ സിനിമ എപ്പോഴും പൊളിറ്റിക്കലാണ്.” TFF -ൽ ഇത്തവണ പ്രദർശിപ്പിച്ച സിനിമകൾ എല്ലാം തന്നെയും സാധാരണക്കാരായ ടിബറ്റൻ മനുഷ്യരുടെ ജീവിതത്തിലേക്കും അവരുടെ അനുഭവങ്ങളിലേക്കുമാണ് ക്യാമറ ചലിപ്പിച്ചത്. പാശ്ചാത്യ വിജ്ഞാനസിദ്ധാന്തങ്ങൾ ലോകത്തിന്റെ ദേശ-ദേശീയ സങ്കൽപങ്ങളെ അടക്കിവാണപ്പോൾ രാജ്യത്തിൻറെ രാഷ്ട്രീയ അതിർത്തികൾക്കും പൗരത്വ നിയമങ്ങൾക്കും വെളിയിൽ തുടച്ചുനീക്കപെട്ട മനുഷ്യരുടെ (stateless people) ദൈനംദിന ജീവിത യാഥാർഥ്യങ്ങളിലേക്ക് തുളച്ചുകയറുകയാണ് മേളയിൽ പ്രദർശിപ്പിച്ച ഓരോ സിനിമകളും. നാടുകടത്തപ്പെട്ട് ചെന്നെത്തുന്ന ഇടങ്ങളിൽ നിന്ന് ജീവിതത്തെ കുറിച്ച് കാണുന്ന സ്വപ്‌നങ്ങൾ യാഥാർഥ്യമാകുക എന്നത് എത്രത്തോളം സങ്കീർണമാണ് എന്ന് ‘റോയൽ കഫേ’ (Royal Cafe) പോലെയുള്ള സിനിമകൾ കാണിച്ചു തരുന്നു. ദൃശ്യാഖ്യാനങ്ങൾക്കും അപ്പുറം സ്ക്രീനിലെ തെളിയുന്ന ഓരോ ചിത്രങ്ങളിലും (image) ടിബറ്റൻ ജനതയുടെ അഭയാർത്ഥിത്വത്തിന്റെയും സ്വതബോധത്തിന്റെയും ജീവിത സംഘട്ടനത്തിന്റെയും ആഴത്തിലുള്ള അടിയൊഴുക്കുകൾ അടയാളപ്പെടുത്തുന്നുണ്ട്.

നിലനിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയോടു ഒത്തുപോകുന്ന സിനിമകൾ എന്നും അതേ വ്യവസ്ഥികളോട് കലഹിക്കുന്ന സിനിമകൾ എന്നും പൊളിറ്റിക്കൽ സിനിമയെ രണ്ടായി തിരിക്കാം എന്നാണ് ഈവ മെസിയേഴ്‌സ്‌ക (Ewa Mazierska) പൊളിറ്റിക്കൽ സിനിമയെ കുറിച്ചുള്ള ഒരു പഠനത്തിൽ എഴുതുന്നത്. ടിബറ്റൻ സിനിമകൾ കാണുമ്പോൾ ഒരുപക്ഷെ കാഴ്ചക്കാരന്റെ ഉള്ളിൽ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ ഒന്ന് സിനിമ സംസാരിക്കുന്ന രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയാഖ്യാനങ്ങളോട് എത്രത്തോളം ഒത്തുപോകുന്നു അല്ലെങ്കിൽ എത്രത്തോളം എതിർപ്പ് പ്രകടിപ്പിക്കുന്നു എന്നതാണ്. ടെൻസിങ് സോനം-റിതു സരിൻ (Tenzing Sonam and Ritu Sarin) എന്നിവർ സംവിധാനം ചെയ്ത ‘ദി സൺ ബീയോണ്ട് ദി ക്‌ളൗഡ്‌സ്’ (The Sun Behind the Clouds) എന്ന ഡോക്യുമെന്ററി 2008 -ലെ ബീജിങ് ഒളിംപിക്‌സിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രക്ഷോഭങ്ങളെയും പ്രതിഷേധ റാലികളെയും ആസ്പദമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. എന്തിനാണ് ടിബറ്റൻ പോരാട്ടം എന്നതിൽ തന്നെ പലതരം രാഷ്ട്രീയ ആഖ്യാനങ്ങളാണ് നിലവിലുള്ളത്. ഒരു പോരാട്ടത്തിന്റെ പല തലങ്ങളിൽ നിന്നുള്ള വീക്ഷണങ്ങളാണ് ഡോക്യൂമെന്ററിയിൽ ഉള്ളത്. ടെൻസിൻ ദാസെൽ-റെമി കേറീറ്റെയ്‌ (Tenzin Dazel and Remy Caritey) എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘റോയൽ കഫേ’ (Royal Cafe) -ൽ ടിബറ്റൻ സിനിമയിലോ പൊതുവ്യവഹാരത്തിലോ ചർച്ചചെയ്യപ്പെടാത്ത സ്വവർഗാനുഭോഗം, അക്രമം, ടിബറ്റൻ ഗാംഗ്‌സ്റ്റർ പോലെയുള്ള വിഷയങ്ങളെ കുറിച്ച സിനിമയെടുക്കണം എങ്കിൽ അതിനു നേരിടുന്ന എതിർപ്പുകളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും സംവിധായിക ആകാൻ ആഗ്രഹിക്കുന്ന കഥാപാത്രം സംസാരിക്കുന്നുണ്ട്.

ഫീച്ചർ സിനിമകളും ഡോക്യൂമെന്ററികളും അടക്കം ടിബറ്റ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ആവിഷ്‌ക്കാര-അഭിപ്രായ സ്വാതന്ത്ര്യം ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ഇടം നഷ്ടപെട്ട ജനതയുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്‌തമായി പ്രകടിപ്പിക്കുന്നുണ്ട്. TFF പോലെയൊരു വേദിയിൽ ഈ നിലപാടുകൾക്ക് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. ഓരോ സിനിമകൾ കഴിയുമ്പോഴും കാഴ്ചകൾ അവിടെ അവസാനിക്കും എങ്കിലും അവ തുടങ്ങി വെക്കുന്ന ചർച്ചകളുടെ കാട്ടുതീ അത്ര പെട്ടന്ന് കെട്ടടങ്ങില്ല. ചലച്ചിത്ര മേളകളിൽ കൂടുതലും സിനിമയെ ഒരു വികാരമായി ഏറ്റെടുക്കുന്ന ആസ്വാദകരാണ് എപ്പോഴും വരാറുള്ളത്. അവരുടെ ഇടയിലേക്ക് കഴമ്പുള്ള രാഷ്ട്രീയ വാതിലുകൾ കാഴ്ചകളിലൂടെയും പല കഥകളിലൂടെയും തുറന്നിടുമ്പോൾ ഐക്യദാർഢ്യപ്പെടലിന്റെ കാറ്റ് നല്ല പോലെ തന്നെ വീശും. സിനിമയോളം മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കുന്ന മറ്റൊരു കല ഇല്ലെന്നിരിക്കെ, സിനിമകൾ തീർക്കുന്ന പ്രതിരോധം ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറുകയാണ്.

സിനിമക്ക് എന്ത് വേണേലും സംസാരിക്കാം, എങ്ങനെ വേണേലും സംസാരിക്കാം. പക്ഷേ ഒരു സിനിമക്ക് എന്തിനെ കുറിച്ചെല്ലാം സംസാരിക്കാം? സാലി പോർട്ടർ ഒരിക്കൽ ഒരു വേദിയിൽ ഈ ചോദ്യത്തിനുള്ള ഉത്തരം പറയുന്നുണ്ട്. “ഒരു കപ്പ് ചായ ഉണ്ടാക്കുന്നത് പോലും പൊളിറ്റിക്കലാണ്, ചില ചോദ്യങ്ങൾ ചോദിക്കുകയാണ് എങ്കിൽ: ആരാണ് തേയില നട്ടതും പറിച്ചതും? എങ്ങനെയാണ് അത് അവിടെ എത്തിയത്? ആരാണ് ലാഭം ഉണ്ടാക്കിയത്? ആരാണ് കെറ്റിലിൽ തേയില ഇട്ടത്? ആരാണ് കെറ്റിലും കപ്പും കഴുകിയത്? ഇങ്ങനെ ചിന്തിക്കുമ്പോൾ, ഒരു പ്രവർത്തിയും, വസ്തുവും, പരസ്പര ഇടപെടലുകളും, ഒന്നും രാഷ്ട്രീയത്തിന് വെളിയിൽ അല്ല, അല്ലെങ്കിൽ സിനിമക്ക് വെളിയിൽ അല്ല.” അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിന്റെ ഓർമ്മകളെ ദൃശ്യാഖ്യാനങ്ങളുടെ (visual narrative) രൂപത്തിൽ സൂക്ഷിക്കുന്ന ഏതു പ്രവർത്തിയും പൊളിറ്റിക്കലാണ്. സിനിമകൾക്ക് തീർച്ചയായും ഒരു കാലഘട്ടത്തിന്റെ ഓർമ്മകളെ ചിത്രങ്ങളായി സൂക്ഷിക്കാൻ സാധിക്കും. ദോർജി (Dorjee) തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ആത്മാഹുതി ചെയ്യാനുള്ള തീരുമാനം വരെ തന്നെ നയിച്ച വികാരങ്ങളെയും ചിന്തകളെയും തിരയുമ്പോൾ, താൻ സ്കൂളിൽ മനഃപാഠമാക്കിയ മാവോ സേതുങ്ങിനെ കുറിച്ചുള്ള പദ്യം താർലോ നാല്പതാമത്തെ വയസിലും ഓർത്തു ചൊല്ലുമ്പോൾ, ഈ രണ്ട് സിനിമകളും ദൃശ്യങ്ങളിലൂടെ ഭൂതകാലത്തിലെ ഓർമ്മകളാണ് പ്രതിഫലിക്കുന്നത്. ഓരോ മനുഷ്യരിൽ നിന്നും മറ്റൊരാളിലേക്ക് എത്തുമ്പോൾ പല കാരണങ്ങൾ കൊണ്ടും മാറുന്ന ഇടം നഷ്ടപെടലിന്റെ അനുഭവങ്ങളും നാടുകടത്തപ്പെട്ട ഇടത്തെ ജീവിതവും ദൃശ്യാഖ്യാനങ്ങളുടെ രാഷ്ട്രീയ പാളികളിൽ വിദഗ്ദ്ധമായി തുന്നി ചേർത്തിരിക്കുന്നത് സിനിമയുടെ അപനിർമാണത്തിലും പുനർവായനയിലും നമ്മൾക്ക് കാണാം. ബുദ്ധ ആശ്രമത്തിലെ ജീവിതത്തിനും അപ്പുറം ടിബറ്റൻ ഓപെറയുടെ സംഗീതത്തിലും അവതരണത്തിലും സന്തോഷം കണ്ടെത്തുന്ന റെഡ് മാസ്ക് -ലെ (Red Mask) പയ്യനും, അഭയാർത്ഥിജീവിതത്തിന്റെ സങ്കീർണതകൾക്കു സിനിമയുടെ രൂപം നൽകണം എന്നാഗ്രഹിക്കുന്ന റോയൽ കഫേ -യിലെ (Royal Cafe) സ്ത്രീക്കും, അതിജീവനത്തിനും നിലനിൽപ്പിനുമായി ഹൃദയത്തോട് ചേർത്തുനിർത്തിയതെല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന പാവോ – യിലെ (Pawo) ദോർജിയും എല്ലാം പല കാലങ്ങളിലെ ചില ഓർമകളുടെ രാഷ്ട്രീയമാണ് കാഴ്ച്ചക്കാരോട് പറയാൻ ശ്രമിക്കുന്നത്. കുറച്ചു മനുഷ്യരുടെ കഥ എന്നതിനപ്പുറത്തായി അഭയാർഥിത്വം മുറിവേല്പിച്ച പല തലമുറകളുടെ അടങ്ങാത്ത തീക്കനൽ അവിടെ ഇവിടെയായി എരിയുന്നത് ഓരോ ദൃശ്യങ്ങളിലൂടെയും അനുഭവിച്ചറിയാം. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിന്റെ കരുത്ത് എപ്പോഴും ഈ അനുഭവപ്പെടലും ഓർമ്മകളുമാണ്.

“പൊളിറ്റിക്കൽ സിനിമ ഉണ്ടാക്കുന്നതിനേക്കാൾ താൻ ശ്രമിക്കുന്നത് പൊളിറ്റിക്കലായി സിനിമ ഉണ്ടാകാനാണ്” എന്ന് ഒരു അഭിമുഖത്തിൽ ഴാങ് ലുക് ഗൊദാർദ് (Jean Luc Godard) പറയുകയുണ്ടായി. തങ്ങളുടേതല്ലാത്ത ദേശത്തിൽ, വേറെ ഒരു രാജ്യത്തിന്റെ അതിഥിയായോ ‘വലിഞ്ഞുകേറി വന്നവരായോ’ കഴിയുന്ന മനുഷ്യരുടെ ഇടയിൽ നിന്നുണ്ടാകുന്ന ഓരോ സിനിമയും അതിന്റെ ആശയം ജനിക്കുമ്പോൾ മുതൽ തന്നെ പൊളിറ്റിക്കലാണ്. അഭയാർത്ഥികൾക്കു സ്വന്തം ഇടം എന്നത് എപ്പോഴും അവർ തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഇടം ആയിരിക്കുന്ന കാലത്തോളം, നാടുകടത്തലിന്റെ ഓർമ്മകൾ എപ്പോഴും ഉള്ളിൽ ഉണ്ടാകേണ്ട ആവശ്യകതയുണ്ട്. ഓരോ സിനിമകളുണ്ടാകുമ്പോഴും അത് ഉയർത്തിക്കാട്ടുന്നത് അതിലൂടെ യാഥാർഥ്യമാകുന്ന സാംസ്‌കാരിക പ്രതിരോധത്തെയും രാഷ്ട്രീയ ഇടപെടലിനെയുമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മുകളിൽ അടിച്ചമർത്തൽ ഉണ്ടായപ്പോൾ അതിൽ പ്രധിഷേധിച്ചാണ് ടിബറ്റ് ചലച്ചിത്രമേള എന്ന ആശയം ജനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2008 -ൽ ഒരു ഡോക്യൂമെന്ററിക്കായി കുറെ പേരുടെ അഭിമുഖം എടുക്കാൻ വേണ്ടി ടിബറ്റിലേക്ക് പോയ ധൊന്ദുപ് വാങ്ച്ചൻ -നെയും ഗോലോഗ് ജിഗ്‌മേ -യെയും (Dhondup Wangchen and Golog Jigme) ചൈനീസ് ഗവൺമെന്റ് തടവിലാക്കിയത് ലോക മാധ്യമങ്ങളിലാകെ വാർത്തയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ആ ദൃശ്യങ്ങൾ ധൊന്ദുപ് തന്റെ സഹോദരന് കൈമാറിയിരുന്നു. പിന്നീട് ഫില്മിങ് ഫോർ ടിബറ്റ് -ന്റെ (Filming for Tibet) നേതൃത്വത്തിൽ ‘ലീവിങ് ദി ഫിയർ ബിഹൈൻഡ്’ (Leaving the Fear Behind) എന്ന പേരിൽ ആ ഡോക്യുമെന്ററി പുറത്തു വരികയും ചെയ്തു. ധോന്ദുപിനെയും സുഹൃത്തിനെയും ചൈനീസ് ഗവൺമെന്റ് വിട്ടയക്കാൻ പിന്നെയും വർഷങ്ങൾ എടുത്തു എങ്കിലും ടിബറ്റൻ സിനിമകളെ ലോകത്തിന്റെ മുന്നിലേക്ക് എത്തിക്കാൻ ഒരു ചലച്ചിത്രമേള വേണം എന്ന ആശയത്തിൽ നിന്ന് TFF ഉരുത്തിരിഞ്ഞു വരികയായിരുന്നു.

യാക് പ്രൈസിനായുള്ള (Yak Prize) അഞ്ചു ഹ്രസ്വചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്രമേളയിൽ മത്സരിച്ചത്. ടെൻസിൻ നാംഡോൾ (Tenzin Namdol) സംവിധാനം ചെയ്ത ആക്ടർ ടെൻസിൻ (Actor Tenzin) ആണ് അവാർഡ് നേടിയത്. ടെൻസിൻ (Tenzin) , ദി ചിർപ് (The Chirp), ഹോർസ് (Horse), ഖാചെം: ദി ലാസ്‌റ് വേർഡ് (Khachem: The Last Word) എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ച മറ്റു ചിത്രങ്ങൾ. കൽസാംഗ് റിൻചെൻ (Kalsang Rinchen) സംവിധാനം ചെയ്ത റെഡ് മാസ്ക് – ന്റെ (Red Mask) ആദ്യ പ്രദർശനവും TFF -ൽ വച്ചായിരുന്നു. ഓപ്പറ കലാകാരൻ ആകണം എന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിൽ കഴിയുന്ന ഒരു ടിബറ്റൻ പയ്യന്റെ കഥയാണ് സിനിമ പറയുന്നത്. പക്ഷേ അവനെ വൈദിക പഠനത്തിന് വിടാൻ ആണ് അവന്റെ അമ്മയുടെ തീരുമാനം. പക്ഷേ ആ തടസങ്ങളൊന്നും അവന്റെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഒരു തടസം ആകുന്നേയില്ല. ഒരു പയ്യൻ അവന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കുന്നു എന്നതിനപ്പുറം മതം എങ്ങനെയാണ് ടിബറ്റൻ ജീവിതത്തിന്റെ ഭാഗമായി സ്വാധീനം ചെലുത്തുന്നത് എന്ന് ഈ സിനിമ പറഞ്ഞു വെക്കുന്നു.

ഇത്തവണത്തെ മേളയുടെ പ്രധാന പരിപാടികളിലൊന്ന് ‘റിച്വൽസ് ഓഫ് റെസിസ്റ്റൻസ്’ (Rituals of Resistance) എന്ന ഡോക്യൂമെന്ററിയുടെ സംവിധാകയനായ ടെൻസിൻ ഭുന്റ്‌സോഗ് – ഉമായുള്ള (Tenzin Phuntsog) പ്രത്യേക അഭിമുഖം ആയിരുന്നു. “ഓർമ്മകൾ സത്യത്തെ കുറിച്ചുള്ള ബോധ്യങ്ങളാണ്, അതിലൂടെ നമ്മൾ നമ്മളെ തന്നെ അറിയുകയാണ്, ഞാനും ഈ ഓർമകളിലൂടെ എന്നെ മനസിലാകുന്ന പാതയിലാണ്,” ജ്യോത്സ്‌ന സാറ ജോർജ് -മായുള്ള (Jyotsna Sara George) അഭിമുഖ ചർച്ചയിൽ ടെൻസിൻ പറഞ്ഞു. അഭയാർത്ഥിത്വത്തിന്റെ ഇടങ്ങളിൽ നിന്ന് ദൃശ്യങ്ങളിലൂടെ സംവദിക്കാൻ ശ്രമിക്കുന്ന ഓരോ ചലച്ചിത്രകാരനും സിനിമ എന്നത് ബോധ്യങ്ങളാണ്. ആ ബോധ്യങ്ങളിൽ നിന്ന് അവരുടെ ഭൂതവും വർത്തമാനവും ഓർമ്മകളായി മാറുകയാണ്. സാംസ്‌കാരിക ആവിഷ്കരണം എന്ന നിലയ്ക്ക് കഴിഞ്ഞു പോയ കാലത്തിന്റെ മാത്രമല്ല വർത്തമാന കാലത്തിന്റെ സംസകാരത്തിലേക്കും സിനിമകൾ എത്തിനോക്കണം എന്നും ടെൻസിൻ ഓർമ്മിപ്പിച്ചു. “നമ്മളുടെ ഓർമകളിൽ നമ്മൾക്കു നഷ്‌ടമായ ദൃശ്യങ്ങളെ തേടി കണ്ടെത്തി” സൂക്ഷിക്കുന്ന ടിബറ്റ് ഫിലിം ആർകൈവ് – ന്റെ പിന്നിലെ പ്രധാന കരുത്തും തെൻസിനാണ്.

ജോയ് ഡൈട്രിക് -നൊപ്പം (Joe Dietrich) ചേർന്ന് ടെൻസിൻ ഭുന്റ്‌സോഗ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘റിച്വൽസ് ഓഫ് റെസിസ്റ്റൻസ്’ മൂന്ന് തലമുറയിലെ മൂന്ന് ആളുകളുടെ സ്വകാര്യ ജീവിത ആഖ്യാനങ്ങളാണ്. മൂന്ന് വ്യത്യസ്ത മനുഷ്യരുടെ കാഴ്ചപ്പാടുകളിലൂടെ പല കാലങ്ങളിലെ അഭയാർത്ഥി ജീവിതത്തെ കുറിച്ചും അവരുടെ പോരാട്ടങ്ങളെ കുറിച്ചും സ്വതബോധത്തിനേൽക്കുന്ന മുറിവുകളെ കുറിച്ചും അവർ സംസാരിക്കുകയാണ്. ആ ജീവിതാനുഭവങ്ങളിൽ നിഴലിക്കുന്ന രാഷ്ട്രീയം സമാനതകളില്ലാത്ത ഭൂതകാല ഓർമ്മകളെ തുറന്നു വെക്കുകയാണ്. ചൈനയ്ക്ക് എതിരെയുള്ള ഒരു പ്രക്ഷോഭത്തിൽ സ്വയം അഗ്നിക്കിരയാകാൻ തീരുമാനിച്ച ജാംഫേൽ യെഷി – യുടെ (Jamphel Yeshi) ജീവിതത്തെ ആസ്പദമാക്കി സോനം സേദെൻ – നും മാർവിൻ ലിത്വാക്ക് – ക്കും (Sonam Tseten and Marvin Litwak) ചേർന്ന് സംവിധാനം ചെയ്ത സിനിമയായ ‘പാവോ’ (Pawo) ആണ് മേളയിൽ പ്രദർശിപ്പിച്ച മറ്റൊരു ചിത്രം. ആ സിനിമയ്ക്ക് ശേഷം വെളിച്ചം വീഴുമ്പോൾ ഓരോ ആളുകളുടെ കണ്ണിൽ നോക്കിയപ്പോൾ മാത്രം ഉള്ളിൽ ഉണ്ടായ ചിന്തകളുടെയും തിരിച്ചറിവുകളുടെയും പ്രവാഹം വാക്കുകളിൽ കുറിക്കാൻ കഴിയുന്നില്ല. വികാരങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കുകൾക്കും അപ്പുറം എല്ലാവരും ചേർന്ന് സമാഹരിക്കുന്ന ഓർമ്മകളാണ് (collective memory) ഓരോ ദൃശ്യങ്ങളെയും എല്ലാ അതിർത്തുകളും ഭേദിച്ചു വിഹരിക്കാൻ അനുവദിക്കുന്നത്.

ടിബറ്റൻ സംവിധായകനായ പേമാ സെഡന്റെ (Pema Tseden) ‘തർലോ’ (Tharlo) മേളയിലെ ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്നായിരുന്നു. ആധുനികതയുടെയും പരമ്പരാഗത ജീവിതരീതിയുടെയും ഇടയിൽ അകപ്പെട്ട പോകുന്ന തർലോയുടെയും ടിബറ്റിന്റെയും കഥയാണ് ഈ സിനിമ. ഭരണകൂട അടിച്ചമർത്തലിന്റെ ഇരയായ ടിബറ്റിൽ നിന്ന് കൊണ്ടാണ് ഈ കഥ സംവിധായകൻ പറയുന്നത്. ആധുനികത എങ്ങനെയാണ് ടിബറ്റിന്റെ പാരമ്പര്യ ജീവിതത്തിലേക്ക് കടക്കുന്നത് എന്നതിന്റെ മനസ്സിൽ തട്ടുന്ന ആഖ്യാനമാണ് ഈ സിനിമ. ഫിലിം സ്നാക്ക് എന്ന വിഭാഗത്തിൽ മൂന്ന് ഹ്രസ്വ ചിത്രങ്ങൾ കൂടി മേളയിൽ പ്രദർശിപ്പിച്ചു. വൺ വേ ഹോം (One Way Home), ടർട്ടിൽ സൂപ്പ് (Turtle Soup), ലോ സും ചോ സും (Lo Sum Choe Sum) എന്നെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ സ്ക്രീൻ ചെയ്‌തത്‌. റിതു സരിൻ-ടെൻസിൻ സോനം (Ritu Sarin and Tenzing Sonam) എന്നിവർ സംവിധാനം ചെയ്ത ദി സ്വീറ് റുക്വിഎം – ന്റെ (The Sweet Requiem) പ്രദർശനത്തോടെയാണ് മേളക്ക് സമാപനമായത്.

ഓരോ തലമുറയിൽ നിന്നും അടുത്ത തലമുറകളിലേക്ക് കൈമാറി വന്ന ഓർമ്മകൾക്കാണ് ഇപ്പോഴാണ് ദൃശ്യങ്ങളുടെ രൂപം കൈവരുന്നത്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് ടിബറ്റൻ സിനിമയ്ക്ക്. പക്ഷേ ഒരുപാട് പേർ തുടച്ചു നീക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ ഇവിടെ തന്നെ ഉണ്ടാകും എന്നത് ഉറപ്പാണ്. സിനിമ സംസാരിക്കാം, നിരന്തരം അതിന്റെ രാഷ്ട്രീയം സംസാരിക്കാം.

logo
The Cue
www.thecue.in