'മദനോത്സവം' ഒരു നാടന്‍ മാസ്സ് പടം ; പഴയ സുരാജേട്ടനെ തിരിച്ചുകൊണ്ടുവരാനായെന്ന് സംവിധായകന്‍ സുധീഷ് ഗോപിനാഥ്
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഒരു ഇടവേളയ്ക്ക് ശേഷം സീരിയസ് വേഷങ്ങളില്‍ നിന്ന് മാറി സുരാജ് വെഞ്ഞാറമ്മൂട് അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. ഇ. സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞകാരന്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊമേര്‍ഷ്യല്‍ സിനിമയുടെ അതെ സ്വഭാവമുള്ള ഒരു നാടന്‍ മാസ്സ് പടം ആയിരിക്കും മദനോത്സവമെന്ന് സംവിധായകന്‍ സുധീഷ് ഗോപിനാഥ് പറയുന്നു. ഒരു പ്രകൃതി പടത്തിന്റെ പേസിലല്ല ഈ കഥ പോകുന്നത്. സിനിമയിലെ മ്യൂസിക്കും സൗണ്ടിങ്ങും എല്ലാ അതിനു അനുസരിച്ചു ഉണ്ടാക്കിയതാണ്. മദനോത്സവത്തെക്കുറിച്ച് സംവിധായകന്‍ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
ഇഷ്യൂ സീരിയസാണ്, പക്ഷേ ഹ്യൂമര്‍ ബേസിലും
നാട്ടിന്‍പുറത്തു കോഴിക്ക് കളര്‍ മുക്കുന്ന ഒരാളുടെ ജീവിതത്തില്‍ ഒരു പൊളിറ്റിക്കല്‍ ഇഷ്യൂ കടന്നു വരുകയും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആ കഥ സെറ്റ് ചെയ്തിരിക്കുന്നത് ഒരു ഫണ്‍ രീതിയിലാണ്. സീരിയസ് ആയിട്ടുള്ള ഇഷ്യൂ ചര്‍ച്ച ചെയ്യുന്നെങ്കില്‍ പോലും അതെല്ലാം ഒരു ഹ്യൂമര്‍ ബേസിലാണ് പോകുന്നത്
പഴയ സുരാജേട്ടനെ തിരിച്ചുകൊണ്ടുവരുക
സുരാജേട്ടനെ ഇതില്‍ കൊണ്ടുവരുമ്പോള്‍ ആലോചിച്ചത് തന്നെ ക്യാരക്ടറിനെ എങ്ങനെ ബ്രേക്ക് ചെയ്യാം എന്നായിരുന്നു. ഏതു മീറ്ററില്‍ പുള്ളിയെ കൊണ്ടുവന്നു പെര്‍ഫോം ചെയ്യിപ്പിച്ചാല്‍ ആണ് ഇത് വര്‍ക്ക് ആകുക എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് പഴയ സുരാജേട്ടനെ കൊണ്ട് വന്നാലോ എന്ന ആലോചന വന്നത്. ഒരു റിയലിസ്റ്റിക് സ്പേസില്‍ കഥ പറയുമ്പോള്‍ ഫിസിക്കല്‍ കോമഡി അവിടെ സെറ്റ് ചെയ്യുന്നതും ഒരു ചലഞ്ച് ആയിരുന്നു. ഇതിലെ സംഭവങ്ങള്‍ കുറച്ചു ലൗഡ് ആണ് എന്നാല്‍ അത് കഥയും കഥാപാത്രങ്ങളുമായി മെര്‍ജ് ചെയ്തു നില്‍ക്കുന്ന ഒന്നുമാണ്.
തിരക്കഥ എഴുതാമെന്ന് രതീഷേട്ടന്‍ ഇങ്ങോട്ട് പറഞ്ഞത്
ഞാന്‍ സിനിമ ചെയ്യാം എന്ന് തീരുമാനിച്ചപ്പോള്‍ രതീഷേട്ടനാണ് സ്‌ക്രിപ്റ്റ് എഴുതാമെന് ഇങ്ങോട്ടു പറഞ്ഞത്. അങ്ങനെ സന്തോഷ് കുമാറിന്റെ കഥയായ തങ്കച്ചന്‍ മഞ്ഞക്കാരന്‍ അദ്ദേഹത്തിന് വായിക്കാന്‍ കൊടുക്കുന്നതും അത് ഇഷ്ടപ്പെട്ടു ഇതൊരു സിനിമയായി മാറ്റാം എന്നു തീരുമാനിക്കുന്നതും. ഞാന്‍ മൂന്നു പടങ്ങളില്‍ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്നതിനാല്‍ അദ്ദേഹവുമായിയുള്ള കമ്മ്യൂണിക്കേഷന്‍ എളുപ്പം ആയിരുന്നു. രതീഷേട്ടന്റെ എഴുത്തിന്റെ പ്രോസസ്സില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഒരു ഇന്‍വോള്‍വ്‌മെന്റ് സ്‌ക്രിപ്റ്റിങ്ങിന്റെ ഘട്ടത്തില്‍ കുറവായിരുന്നു. ആദ്യമൊരു വണ്‍ലൈന്‍ സെറ്റ് ചെയ്ത് അതിനു ശേഷം ലൊക്കേഷന്‍ കണ്ടിട്ടാണ് രണ്ടാം ഘട്ട കഥയും കഥാപാത്രങ്ങളും സ്‌ക്രിപ്റ്റിലേക്ക് വരുന്നത്. ബളാല്‍ എന്നൊരു നാട് കണ്ടിട്ടാണ് കഥ അവിടെ പ്ലേസ് ചെയ്തത്. ബാക്കി എല്ലാം അതനുസരിച്ചായിരുന്നു.
നാടന്‍ മാസ്സ് പടം
ന്നാ താന്‍ കേസ് കൊട് ഒരു സോഷ്യല്‍ ഇഷ്യുവിനെക്കുറിച്ച് ആണ് സംസാരിച്ചത്. മദനോത്സവത്തില്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് കഥ പോകുന്നത്. അയാളുടെ ഒരു പേര്‍സണല്‍ ഇഷ്യൂ ആണ് ചര്‍ച്ച ചെയ്യുന്നത്. ഇത് ശരിക്കും ഒരു നാടന്‍ മാസ്സ് പടമാണ്. ഒരു പ്രകൃതി പടത്തിന്റെ പേസിലോ ഒന്നുമല്ല ഈ കഥ പോകുന്നത്. സിനിമയിലെ മ്യൂസിക്കും സൗണ്ടിങ്ങും എല്ലാ അതിനു അനുസരിച്ചു ഉണ്ടാക്കിയതാണ്. പ്രകൃതി പടമാണെകില്‍ അതിന്റെ തുടക്കവും ഒടുക്കവും ഒരേ പേസില്‍ ആയിരിക്കും എന്നാല്‍ ഇതിന്റെ പേസ് ഒരു കൊമേര്‍ഷ്യല്‍ സിനിമയുടേത് തന്നെയാണ്.
മദനോത്സവം കാസര്‍ഗോഡാണെന്ന് പ്രേക്ഷകര്‍ വിശ്വസിക്കില്ല
ആദ്യം ഞാന്‍ ആലോചിച്ചത് കുറച്ചു കൂടി ഡ്രൈ, ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. അതിനു വേണ്ടി കാസര്‍ഗോഡ്- കര്‍ണാടക ഗ്രാമങ്ങളിലൊക്കെ പോയിരുന്നു. ആ സമയത്ത് സെന്ന ഹെഗ്ഡെയുടെ വൈറ്റ് ആള്‍ട്ടോ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു അതും ഇങ്ങനെ ഒരു ബാരന്‍ ലാന്‍ഡില്‍ ആണ് നടക്കുന്നത്. ന്നാ താന്‍ കേസ് കൊടും അങ്ങനെ ഒരു സ്ഥലത്തു ആയിരുന്നല്ലോ. അപ്പോള്‍ കാസര്‍ഗോഡിന്റെ ആവര്‍ത്തനം വേണ്ട എന്ന് വിചാരിച്ചാണ് പുതിയൊരു സ്ഥലം നോക്കിയത്. സിനിമ കഥ നടക്കുന്ന കഥാപരിസരത്തിന് വളരെ പ്രാധാന്യം ഉണ്ട്. കോഴിക്കുഞ്ഞിന് കളര്‍ അടിച്ചു വില്‍ക്കുന്ന ഒരാള് ജീവിക്കുന്ന ഒരാളുടെ കഥ പറയണമെങ്കില്‍ നമ്മള്‍ ഒരുപാട് ഉള്ളിലേക്ക് ഇറങ്ങി ചെല്ലണം. അങ്ങനെ ഒരു ഗ്രാമത്തിലാണ് ഈ കഥ എടുത്തിരിക്കുന്നത്. മലയാള സിനിമയില്‍ കാസര്‍ഗോഡിനെ ഒരു ൈഡ്ര ലാന്‍ഡ് ആക്കിയാണ് കൂടുതലും കാണിച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി കുന്നും, മലകളും,വയലും ഉള്ള കാസര്‍കോഡിന്റെ പച്ചപ്പാണ് താന്‍ ചിത്രീകരിക്കാന്‍ ആഗ്രഹിച്ചത്. സിനിമ കാണുമ്പോള്‍ ഇത് കാസര്‍ഗോഡ് ചിത്രീകരിച്ചതാണെന്നു പ്രേക്ഷകര്‍ വിശ്വസിക്കില്ല.
കല്യാണവീട് വരെ നാട്ടുകാരാണ് സെറ്റ് ഇട്ട് തന്നത്
ബളാല്‍ എന്ന ഗ്രാമത്തിലാണ് സിനിമ ഷൂട്ട് ചെയ്തത്. ആ നാട്ടിലെ എല്ലാവരും ഈ സിനിമയുടെ ഭാഗമാണ്. മുന്നൂറും നാന്നൂറും പേരെല്ലാം ക്രൗഡ് ആയി വന്നതൊക്കെ അവിടുത്തെ നാട്ടുകാരാണ്. അതുകൊണ്ടു എല്ലാ സീനുകളിലും ഒരു ഒറിജിനാലിറ്റി ഉണ്ടായിരുന്നു. സിനിമയിലെ ഒരു പാട്ട് കര്‍ണാടക-കേരളം ബോര്‍ഡറിലുള്ള കൊച്ചി കോളനി എന്ന സ്ഥലത്താണ് ഷൂട്ട് ചെയ്തത്. ആ കോളനിയിലെ ആള്‍ക്കാരാണ് ആ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. അതിനു മുന്‍പ് അവിടത്തെ ആളുകളെയെല്ലാം ഉള്‍പ്പെടുത്തി ഒരു ക്യാമ്പ് നടത്തിയിരുന്നു. അതുകൊണ്ടു ഷൂട്ട് ചെയ്യുമ്പോഴേക്കും എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. അവിടത്തെ കുട്ടികളെ കൊണ്ട് ഡാന്‍സ് കളിപ്പിച്ചു. അതെ കുട്ടികള്‍ തന്നെയാണ് ആ പാട്ടിലും അഭിനയിച്ചിരിക്കുന്നത്. ആ പാട്ടിലുള്ള കല്യാണവീടും പന്തലുമൊക്കെ സെറ്റ് ചെയ്തിരിക്കുന്നത് അവിടത്തെ നാട്ടുകാര്‍ തന്നെയാണ്. അവിടത്തെ ആള്‍ക്കാരുടെ വീട്ടിലെ സ്ത്രീകളുടെ സാരി വച്ചിട്ടാണ് കര്‍ട്ടന്‍ ഒക്കെ ഉണ്ടാക്കിയത്. ആ നാട്ടില്‍ ഒരു കല്യാണം എങ്ങനെ ആണോ നടക്കുന്നത് അവര്‍ അതുപോലെ പാട്ടിനായി സെറ്റ് ചെയ്തു. രാത്രി ഷൂട്ടിംഗ് നടക്കുമ്പോഴൊക്കെ ഉറങ്ങാതെ അവരൊപ്പം നില്‍ക്കുകയും ചെയ്തു.
സുരാജിന്റെ വീട് ഒറിജിനല്‍ തന്നെ
അതെ. പക്ഷേ അത് ഷൂട്ടിന് വേണ്ടി പൊളിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. അതിന്റെ ടെക്സ്റ്റര്‍ മിസ്സാവാതെ ഇരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. വീട് ഉണ്ടാക്കിയിരിക്കുന്നത് പാടത്തെ ചെളി കുഴച്ചുള്ള ഇഷ്ട്ടിക വച്ചിട്ടായിരുന്നു. അത് വീണ്ടും സൃഷ്ടിക്കുക ബുദ്ധിമുട്ടായതിനാല്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ അടക്കം പുതിയ സെറ്റ് ഉണ്ടാക്കാന്‍ വിസമ്മതിക്കുകയും അതേ വീട്ടില്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുകയുമാണ് ചെയ്തത്. ആദ്യം വീട് തരില്ലെന്നൊക്കെ പറഞ്ഞു. സിനിമയില്‍ വീട് പൊളിക്കുന്നുണ്ട് അതിനൊന്നും ആദ്യം സമ്മതിച്ചില്ല. അങ്ങനെ കുറച്ചു പ്രശ്നം ഉണ്ടായിരുന്നു. പിന്നെ അവര്‍ സമ്മതിച്ചു. വളരെ ചെറിയ സ്പേസ് ആണ് ആ വീട്. അതുകൊണ്ടു വൈഡ് ഫ്രെയിം വച്ച് കഥ പറയാനും, ലൈറ്റ് അപ്പ് ചെയ്യാനുമൊക്കെ ആദ്യം കുറച്ചു കഷ്ടപ്പെടുകയും ചെയ്തു.
പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക ഉത്തരവാദിത്തമാണ്
നമ്മള്‍ ചെയ്ത സിനിമ പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുമോ എന്നറിയാനുള്ള ആകാംഷയുണ്ട്. ഇപ്പോഴത്തെ കാലത്തു ആള്‍ക്കാരെ തിയ്യേറ്ററില്‍ എത്തിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ഭയങ്കര ചെലവേറിയ ഒരു ലോകത്ത് ആള്‍ക്കാര്‍ ജീവിക്കുമ്പോള്‍, പ്രത്യേകിച്ചും മിഡില്‍ ക്ലാസ് പ്രേക്ഷകരൊക്കെ തിയ്യേറ്ററില്‍ വന്ന് സിനിമ കാണാന്‍ തന്നെ അവര്‍ക്ക് ഒരു ആയിരം രൂപയ്ക്ക് മേല്‍ ചെലവുണ്ടാകും. ഒരുപക്ഷെ അവര്‍ കാണുന്ന സിനിമ മോശമായാല്‍ പിന്നെയവര്‍ തിയേറ്ററില്‍ വരാന്‍ തന്നെ മടിക്കും. നമ്മള്‍ ചെയ്യുന്നത് നമ്മള്‍ വിശ്വസിക്കുന്ന ഒരു സിനിമയാണ്. അത് ആളുകള്‍ക്ക് ഇഷ്ടപ്പെടും എന്ന രീതിയിലാണ് ചെയ്യുന്നത്. പ്രത്യേകിച്ചും കൊറോണയ്ക്ക് ശേഷമുള്ള ഈ കാലഘട്ടത്തില്‍ പലരും ഡിപ്രഷനിലൂടെയും പല ബുദ്ധിമുട്ടുകളിലൂടെയുമെല്ലാം കടന്ന് പോകുന്നുണ്ട്. അത്തരമൊരു സമയത്ത് പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ കഴിവതും ചിരിപ്പിക്കേണ്ട സ്ഥലങ്ങളില്‍ ചിരിപ്പിച്ചും സീരിയസ് ആയി പറയേണ്ടിടത്ത് സീരിയസ് ആയും കഥ പറഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ നിരാശപ്പെടില്ല എന്ന വിശ്വാസമുണ്ട്.