പാലക്കാടിന്റെ കാലാവസ്ഥ 'തെക്ക് വടക്കിന്റെ' ഭാഗമാക്കി മാറ്റുകയായിരുന്നു, ഛായാഗ്രാഹകൻ സുരേഷ് രാജൻ അഭിമുഖം

പാലക്കാടിന്റെ കാലാവസ്ഥ 'തെക്ക് വടക്കിന്റെ' 
ഭാഗമാക്കി മാറ്റുകയായിരുന്നു, ഛായാഗ്രാഹകൻ സുരേഷ് രാജൻ അഭിമുഖം
Published on

വിനായകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'തെക്ക് വടക്ക്' തിയറ്ററുകളിലേക്കെത്തുകയാണ്. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്തിനു ശേഷം എസ്. ഹരീഷ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് 'തെക്ക് വടക്ക്'. സറ്റയർ കോമഡിയായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. പാലക്കാടിന്റെ ഗ്രാമീണ ഭംഗി പ്രകടമാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധേയമായിരുന്നു. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും 'തെക്ക് വടക്ക്' എത്തുമ്പോൾ സിനിമയെ കുറിച്ച് ഛായാഗ്രാഹകൻ സുരേഷ് രാജൻ ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുന്നു.

'തെക്ക് വടക്ക്' പാലക്കാട് ചിത്രീകരിക്കുമ്പോൾ

പാലക്കാട് പശ്ചാത്തലമായിട്ടാണ് തെക്കു വടക്ക് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പ്രദേശത്ത് ജനിച്ച് വളർന്ന രണ്ട് ആളുകളുടെ കഥയാണ് തെക്ക് വടക്ക്. ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി പാലക്കാട് ഉണ്ടായിരുന്ന ശക്തമായ വേനൽ ആയിരുന്നു. ആ സമയത്ത് കാലാവസ്ഥ ചൂടും വെയിലും ആയിരുന്നത് കൊണ്ടുതന്നെ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ വിഷ്വൽ ട്രീറ്റ്‌മെന്റ് മാറ്റുകയായിരുന്നു. പച്ച പുതച്ച് കിടന്നിരുന്ന അവസ്ഥയിൽ നിന്ന് മാറി കരിഞ്ഞുണങ്ങി മഞ്ഞ, ബ്രൗൺ നിറത്തിലായിരുന്നു പ്രദേശം മുഴുവൻ. കാലാവസ്ഥ അതുകൊണ്ട് വിഷ്വൽ ട്രീറ്റ്‌മെന്റിനെ കൂടെ സ്വാധീനിച്ചു. പാലക്കാടിന്റെ പ്രകൃതിയും കാലാവസ്ഥയും എല്ലാം കൂട്ടി യോജിപ്പിച്ചാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്.

തെക്ക് വടക്കിന്റെ കളർ ടോൺ

ട്രെയ്‌ലറിൽ കാണുന്നത് പോലെ മഞ്ഞ ടോണാണ് സിനിമയ്ക്കും ഉള്ളത്. നേരത്തെ സുഹൃത്തുക്കൾ ആയിരുന്ന, എന്നാൽ ഏതോ കാരണം കൊണ്ട് പിരിഞ്ഞുപോയ രണ്ടുപേർ തമ്മിലുള്ള നിരന്തരമായ കലഹങ്ങളാണ് കഥയുടെ അടിസ്ഥാനം. പൊതു സുഹൃത്തുക്കളാണ് രണ്ടു കഥാപാത്രങ്ങൾക്കും ഉള്ളത്. ശത്രുക്കൾ ആയി ഇരിക്കുമ്പോൾ തന്നെ ചീട്ടു കളിക്കാനും ഒക്കെയായി സുഹൃത്തുക്കൾക്കിടയിൽ ഇവരെ നമുക്ക് കാണാം. വിരുദ്ധമായ ഒരവസ്ഥയാണിത്. മഞ്ഞയും ചുവപ്പും നിറങ്ങളിലൂടെയാണ് ഈ അവസ്ഥ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. കുറച്ചു നാടകീയത കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നി. ഇങ്ങനെ ഒരു കഥ പറയുമ്പോൾ വളരെ റിയലിസ്റ്റിക്ക് ആയിട്ടായിരിക്കും ആളുകൾ സാധാരണ സിനിമ അവതരിപ്പിക്കുക.

സിനിമയുടെ കളർ ഉൾപ്പെടെയുള്ള കാര്യങ്ങൾ കഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ മാറ്റിയിട്ടുണ്ട്. കഥയ്ക്ക് മുൻഗണന കൊടുത്തുകൊണ്ടാണ് കളർ പാലറ്റ് തിരഞ്ഞെടുത്തത്. ആദ്യ ചർച്ചകളിൽ തന്നെ നിറത്തെ കുറിച്ച് പ്ലാൻ ഉണ്ടായിരുന്നു. കഥയോടൊപ്പം പ്രകൃതിയുടെ അവസ്ഥകളും നൈസർഗീകമായി തന്നെ അത് ചേർന്നു എന്നുള്ളതാണ്. അതല്ലാതെ പ്രത്യേകമായി മഞ്ഞ നിറം തീരുമാനിച്ചതല്ല.

പ്രധാന ലൊക്കേഷനുകളെല്ലാം തീരുമാനിച്ചത് സിനിമയുടെ കളർ ടോണിന് കൂടെ സഹായകമാകുന്ന രീതിയിലാണ്. വീട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം വരുത്തിയത്തിൽ കളർ പാലറ്റിന് വ്യക്തമായ പ്രാധാന്യം നൽകിയിട്ടുണ്ട്. സിനിമയിൽ വിനായകൻ ചെയ്ത കഥാപാത്രത്തിന്റെ വീട് ആയിരുന്നു പ്രധാന ലൊക്കേഷൻ. സുരാജിന്റെ കഥാപാത്രത്തിന്റെ വീടും പരിസരവുമായിരുന്നു മറ്റൊരു ലൊക്കേഷൻ. ഇവിടെയെല്ലാം ആവശ്യമായ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച കളർ പാലറ്റ് അനുസരിച്ചാണ് കഥാപാത്രങ്ങളുടെ വസ്ത്രങ്ങളുടെ നിറം ഉൾപ്പെടെ സെലക്ട് ചെയ്തത്. അങ്ങനെ ഒരു പ്ലാനിങ് സിനിമയിൽ ഉണ്ടായിരുന്നു. സിനിമയുടെ കളർ പാലറ്റ് തീരുമാനിക്കുന്നത് ക്യാമറമാനും സംവിധായകനും ചേർന്നാണ്. പാലറ്റ് മുന്നോട്ട് വെയ്ക്കുമ്പോൾ ആർട്ട് ഡയറക്ടറുടെ സംഭാവനകളും അതിലേക്ക് വരും. വസ്ത്രാലങ്കാരം, ആർട്ട് തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ നേരത്തെ തീരുമാനിച്ച പാലറ്റിന് അനുസരിച്ച് ആയിരിക്കണം. ചിത്രീകരണത്തിന് അനുയോജ്യമായ രീതിയിലായിരുന്നു ക്യാമറയും മറ്റു കാര്യങ്ങളും ഒരുക്കിയത്.

തെക്ക് വടക്കിലെ വിനായകനും സുരാജ് വെഞ്ഞാറമൂടും

വിനായകൻ പുതിയ ഒരു രൂപത്തിലാണ് സിനിമയിലുള്ളത്. ഇലക്ട്രിസിറ്റി ഓഫിസിൽ നിന്ന് റിട്ടയർ ചെയ്ത, കഷണ്ടിയുള്ള ഒരാളാണ് വിനായകന്റെ കഥാപാത്രം. അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ശരീര ഭാഷയിൽ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ആദ്യം മുതൽ അവസാനം വരെ തുടർന്ന് കൊണ്ടുപോകുന്നുമുണ്ട്. പ്രായമായ കഥാപാത്രമാണെങ്കിൽ പോലും തൊട്ടപ്പനിൽ കണ്ട വിനായകനല്ല തെക്ക് വടക്കിലുള്ളത്. കോമിക്കൽ എലെമെന്റുകൾ ഉള്ളതുകൊണ്ട് ആ രീതിയിൽ ശരീരഭാഷ മാറ്റിയിട്ടുണ്ട്. കൃത്യമായ ഒരു ബോഡി ലാംഗ്വേജ് രൂപപ്പെടുത്തിയതും അതിന് തുടർച്ച കൊണ്ടുവന്നതും എല്ലാം നന്നായി തന്നെ ചെയ്തിട്ടുമുണ്ട്. സിനിമയിൽ സുരാജിന്റെ കഥാപാത്രവും വിനായകന്റെ കഥാപാത്രവും സമപ്രായക്കാരാണ്. ഇവരുടെ യഥാർത്ഥ പ്രായത്തിനും കഥാപാത്രത്തിന്റെ പ്രായത്തിനും ഇടയിൽ 30 വയസ്സിന്റെ വ്യത്യാസമുണ്ടാകും. ശാരീരികമായി രൂപപ്പെടുത്തിയ മാറ്റം പോലെ തന്നെ അഭിനയത്തിലൂടെയും അവർ എടുത്തിട്ടുള്ള പ്രയത്‌നം സിനിമയിൽ നന്നായി വന്നിട്ടുണ്ട്. വിനായകന്റെയും സുരാജിന്റെയും കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യമാണ് സിനിമയിലുള്ളത്.

'തെക്ക് വടക്കിലുള്ള' പുതുമുഖങ്ങൾക്കെല്ലാം തന്നെ അഭിനയത്തിന്റെ കാര്യത്തിൽ നേരത്തെ അനുഭവമുണ്ടായിരുന്നു. നാടകം ഉൾപ്പെടെ ചെയ്ത് അഭിനയ പരിചയം ഉള്ളവരായിരുന്നു എല്ലാവരും. കോട്ടയം രമേശിനെപ്പോലെയുള്ള നടൻമാർ ഒരുപാട് വർഷത്തെ നാടക പാരമ്പര്യമുള്ളവർ കൂടെയാണ്. അവരിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. യുവനടന്മാർ ആണെങ്കിൽ കൂടി മൊബൈൽ ക്യാമറയുടെ മുന്നിൽ അഭിനയിച്ച് അവർക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആർക്കും പരിഭ്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വിനായകൻ എന്ന നടന്റെ വളർച്ച

മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലം മുതൽ വിനായകനെ അറിയാം. അവിടെ നിന്ന് ഒരു നടൻ എന്ന നിലയിൽ വിനായകന് ഉണ്ടായിട്ടുള്ള വളർച്ച കണ്ടിട്ടുണ്ട്. ജെയ്‌ലറിന് ശേഷമായിരുന്നു തെക്ക് വടക്കിന്റെ ഷൂട്ടിങ് നടന്നത്. സെറ്റിൽ ഫോട്ടോ എടുക്കാൻ ആളുകൾ വരുമ്പോൾ ജെയ്‌ലറിലെ ഡയലോഗായ 'മനസ്സിലായോ' എന്നൊക്കെ ചോദിച്ചത് ഓർമ്മയുണ്ട്. വിനായകനൊപ്പം തൊട്ടപ്പനും അതിന് മുൻപേ ചെറിയ സിനിമകളും ചെയ്തിരുന്നു. സംവിധായകനോട് സംസാരിച്ചും അല്ലാതെയും ഒരു കഥാപാത്രത്തെ രൂപപ്പെടുത്താൻ അദ്ദേഹം ശ്രമിക്കാറുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. രൂപമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ കഥാപാത്രത്തിന് വേണ്ടതാണെങ്കിൽ അത് കണ്ടറിഞ്ഞു ചെയ്യാൻ മനസ്സുള്ളവരാണ് വിനായകനും സുരാജുമൊക്കെ. മേക്കപ്പ് ഡിപ്പാർട്മെന്റും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിനായകന്റെയും സുരാജിന്റെയും വലിയ മേക്കോവർ സിനിമയിലുണ്ട്.

ചൂട് എന്ന വെല്ലുവിളി

പാലക്കാടിന്റെ ചൂട് ലൊക്കേഷനിൽ ഒരു വെല്ലുവിളിയായിരുന്നു. വീടിന് പുറത്ത് ഷൂട്ട് ചെയ്യേണ്ട ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു. സിനിമയിൽ കാണുമ്പോ ചിലപ്പോൾ ഇത് മനസ്സിലാകണം എന്നില്ല. യൂണിറ്റിലുള്ള മുഴുവൻ ആളുകളും അനുഭവിച്ച ബുദ്ധിമുട്ടായിരുന്നു ചൂട്. അഭിനേതാക്കൾക്ക് പൊതുവെ കൂടുതൽ പ്രയാസം നേരിട്ടിട്ടുണ്ടാകും. ഛായാഗ്രാഹകനെ സംബന്ധിച്ച് ആവശ്യമായ തണൽ ഒരുക്കി ക്യാമറ വെക്കാൻ കഴിയും. അഭിനേതാക്കൾ വെയിലത്താണ്‌ നിക്കുന്നതെങ്കിൽ ഷോട്ടിന്റെ സമയത്ത് കുട ഒന്നും വയ്ക്കാനാകില്ല. അഭിനേതാക്കളാണ് ആ രീതിയിൽ അത്യുഷ്ണം നേരിട്ടത്. കഥാപാത്രത്തിനെ ശ്രദ്ധിച്ച് അവതരിപ്പിക്കുന്നതിനിടയിൽ ചൂടും സഹിക്കേണ്ടി വരും. ചിത്രത്തിന്റെ ടീസറിലുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ വെയിലും ചൂടുമായിരുന്നു. പക്ഷെ അഭിനയിച്ചവർ എല്ലാം തന്നെ സിനിമയോട് നീതി പുലർത്തുന്ന രീതിയിൽ സഹകരിച്ചിട്ടുണ്ട്. സ്‌ക്രീനിൽ എത്തുമ്പോൾ ഇതിന്റെയെല്ലാം മനോഹാരിത മാത്രമാകും ഉണ്ടാകുക. പരിമിതികളിൽ നിന്നുകൊണ്ട് എത്രത്തോളം നന്നായി സിനിമ ചെയ്യാൻ കഴിയും എന്നുള്ളതായിരുന്നു യഥാർത്ഥ വെല്ലുവിളി.

സറ്റയർ കോമഡിയായി സിനിമ ചെയ്യുമ്പോൾ

സറ്റയർ കോമഡി ഴോണറിൽ സിനിമ ചെയ്യുമ്പോഴുള്ള പ്രധാന കാര്യം ആളുകൾക്ക് ഏറ്റവും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കണം എന്നുള്ളതാണ്. ദൃശ്യഭംഗി, ചടുലമായ എഡിറ്റിങ് എന്നതിലെല്ലാം ഉപരി സംവിധായകൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എളുപ്പം പ്രേക്ഷകരിൽ എത്തിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. നാടകം കാണുന്നത് പോലെയാകണം. ഫ്രെയിമിനുള്ളിൽ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയും, കഥാപാത്രങ്ങൾ പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്ന രീതിയിലുമാണ് തെക്ക് വടക്ക് അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യ ചലനങ്ങൾ ഇല്ലാതെ എളുപ്പം മനസ്സിലാകുന്ന രീതിയിലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും. ചില സന്ദർഭങ്ങളിൽ വിട്ടു വീഴ്ച്ച നടത്തിയിട്ടുണ്ടെങ്കിലും എളുപ്പത്തിൽ പ്രേക്ഷകരിലെത്തുക എന്നത് തന്നെയായിരുന്നു പ്രധാന ഉദ്ദേശം. ലളിതമായി കഥ പറയുന്ന രീതിയായിരുന്നു സിനിമയ്ക്ക് ഉണ്ടായിരുന്നത്.

സിനിമ എടുക്കുന്നതിനു മുൻപ് മറ്റ് കോമഡി സറ്റയർ സിനിമകളുടെ റെഫെറെൻസുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹരീഷിന്റെ കഥയുടെ പ്രത്യേകത കൊണ്ടാകാം അത്. കഥയുമായി സാമ്യമുള്ള മറ്റ് സിനിമകൾ മനസിലേക്ക് വന്നിരുന്നുണ്ടായിരുന്നില്ല. കെ ജി ജോർജ്ജിന്റെ പഞ്ചവടി പാലം ആയാലും വേറൊരു രീതിയിലുള്ള സറ്റയറാണ്. സിനിമയിൽ രണ്ടു കഥാപാത്രങ്ങളുടെ ഇടയിലുള്ള സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ആക്ഷേപ ഹാസ്യത്തിന്റെ രീതിയിൽ പല സാമൂഹിക പ്രശ്നങ്ങളെയും സിനിമയിൽ പരാമർശിച്ചു പോകുന്നുണ്ട്. അല്ലാതെ 'സന്ദേശം' സിനിമ പോലെ സിസ്റ്റത്തെ നേരിട്ട് വിമർശിക്കുന്ന ഒരു സറ്റയർ സിനിമയല്ല 'തെക്ക് വടക്ക്'.

Related Stories

No stories found.
logo
The Cue
www.thecue.in