സ്വയം ചലഞ്ച് ചെയ്യുന്ന മമ്മൂട്ടി
അഭിനയത്തോടും സിനിമയോടും അടങ്ങാത്ത ആർത്തിയുള്ള നടൻ ആര് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മലയാളികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി പോലും വരില്ല. പ്രായം തളർത്താത്ത, പ്രായം മത്സരിച്ചിട്ട് തോറ്റുപോകുന്നത് അയാൾക്ക് മുന്നിൽ മാത്രമാണെന്ന് ഇവിടെയല്ലാവർക്കും അറിയാം, ഓരോ തവണ തിയറ്റർ സ്ക്രീനിന് മുന്നിലേക്ക് എത്തുമ്പോഴും പ്രേക്ഷകർ അത് വീണ്ടും വീണ്ടും എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കുന്നു, ഷാജി എൻ കരുണിന്റെ ഡാനി ആരംഭിക്കുമ്പോൾ മറ്റൊരു സിനിമയിലും കാണാത്ത ഒരു ടെറ്റിൽ കാർഡുണ്ട്, സംവിധാനം, തിരക്കഥ, സംഗീതം, അവയെല്ലാം പോലെ ഒരു ടെെറ്റിൽ കാർഡ്, അത് ഇങ്ങനെയാണ് , അഭിനയം : മമ്മൂട്ടി. സിനിമയെടുക്കാനിറങ്ങുന്ന എല്ലാവരോടും അഭിനയമെന്നാൽ അത് മമ്മൂട്ടിയാണ് വിളിച്ചു പറയുന്ന പോലെ, പതിറ്റാണ്ടുകൾക്കിപ്പുറവും അത് തുടർന്നുകൊണ്ടിരിക്കുന്നു.
കൊവിഡ് ലോക്ഡൗണിൽ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു, ലോക്ഡൗൺ തുടങ്ങിയതിന് ശേഷം വാപ്പച്ചി പുറത്തുപോയിട്ടില്ലെന്നും പേഴ്സണലി എന്തെങ്കിലും ചലഞ്ച് ചെയ്യാൻ അദ്ദേഹത്തിന് ഇഷ്ടമാണെന്നും. അതിന് ശേഷം മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു സെൽഫി പോസ്റ്റ് ചെയ്യുന്നു. മിനിറ്റുകൾക്കുള്ളിൽ ആ ചിത്രം വൈറലായി. തിയറ്ററുകൾ തുറക്കുമ്പോൾ നിങ്ങൾ കാത്തിരുന്നോളൂ എന്ന് പ്രേക്ഷകർ സ്വയം അത് കണ്ട് പറഞ്ഞു.
കോവിഡ് മൂലം സിനിമ വ്യവസായം വഴിമുട്ടി തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വരവ് കുറഞ്ഞു നിന്ന സമയം. കുറുപ്പ് പോലുള്ള സിനിമകൾ വിജയമായെങ്കിലും, തിയറ്ററുകളിലേക്ക് വരാൻ പ്രേക്ഷകർ പൂർണമായി തയ്യാറാകാത്ത സമയം. അവിടേക്കാണ് ഭീഷ്മ പർവ്വവുമായി അമൽ നീരദ് മമ്മൂട്ടിയുമായി കടന്നുവരുന്നത്. ബിഗ് ബി എന്ന കൾട്ട് സിനിമക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദുമായി വരുന്ന ചിത്രം, മികച്ചൊരു ടീസർ അങ്ങനെ റിലീസിന് മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനായത് ഭീഷ്മക്ക് ഗുണം ചെയ്തു. മൈക്കിളപ്പ മമ്മൂട്ടിയിലെ നടനെയും അതിലുപരി താരപ്രഭയെയും ചൂഷണം ചെയ്ത കഥാപാത്രം തന്നെയായിരുന്നു. സുഷിന് ശ്യാമിന്റെ സ്‌കോറിൽ മമ്മൂട്ടി തലയെടുപ്പോടെ നടന്നുവരുന്ന രംഗത്തിൽ അദ്ദേഹത്തിന്റെ താരപ്രഭയെ എടുത്തു കാണിക്കുന്നത് തന്നെയായിരുന്നു. സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നില്ലെങ്കിലും മൈക്കിളപ്പ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ പ്രഭാവം ഓരോ സീനിലും പ്രതിഭലിക്കുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയിലെ സ്റ്റൈലിഷ് നായകനെ അമൽ കൊണ്ടുവന്നപ്പോൾ ബോക്സ് ഓഫീസിലും അത് പ്രതിജ്വലിച്ചു. ബോക്സ് ഓഫീസിലുകളുടെ വിജയ കണക്കുപട്ടികയിൽ മമ്മൂട്ടിക്ക് മുന്നിൽ തന്നെ സ്ഥാനം നേടി കൊടുത്തു ഭീഷ്മ. ഭീഷ്മപർവ്വം വരാനിരുന്ന വിജയ ഘോഷയാത്രയ്ക്ക് തുടക്കമായിരുന്നു.
തുടർന്ന് പുഴുവിലേ ജാതി വെറി കൊണ്ട പോലീസ് ഓഫീസർ കുട്ടൻ. അയാളൊരു ടിപ്പിക്കൽ വില്ലനായിരുന്നു, ലിഫ്റ്റിലേക്ക് വിയർത്തൊലിച്ചുകൊണ്ടൊരു ഡെലിവറി ബോയ് കേറിവരുമ്പോൾ ഒരു നോട്ടം കൊണ്ട് മാത്രം അയാളിലെ സവർണ മനോഭാവം കാണിക്കാൻ കുട്ടന് കഴിഞ്ഞിരുന്നു, കാലങ്ങൾക്ക് മുന്നേ മമ്മൂട്ടി ചെയ്ത് പ്രേക്ഷകരെ വിറപ്പിച്ചിട്ടുള്ള പ്രതിനായക വേഷം വീണ്ടും അയാൾ എടുത്തണിഞ്ഞപ്പോൾ അത് സൂക്ഷ്മാഭിനയത്തിന്റെ പകർന്നാട്ടം തന്നെയായി. തന്റെ പുതിയ സിനിമാ തെരഞ്ഞെടുപ്പുകളിലു ആ സൂക്ഷ്മതയുണ്ടാകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നതായിരുന്നു പിന്നീട് എത്തിയ റോഷാക്ക്. തന്റെ കുടുംബത്തെ തകർത്തവരെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ലൂക്ക് ആന്റണി, മലയാളി അതുവരെ കാണാത്ത ഒരു ഴോണർ സിനിമയായിരുന്നു. ഹൊററെന്നോ ത്രില്ലറെന്നോ അറിയാതെ തിയറ്ററിലേക്ക് ടിക്കറ്റെടുത്ത പ്രേക്ഷകരെല്ലാം സെെക്കോളജിക്കൽ ത്രില്ലറിന്റെ ആഴമറിഞ്ഞു, പെർഫോർമൻസിൽ അവിടെയും മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു.
2023 ആരംഭിക്കുമ്പോൾ മലയാള സിനിമ കാത്തിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നിന്റെ റിലീസായിരുന്നു, ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയുമൊന്നിച്ച നൻപകൽ നേരത്ത് മയക്കം, ജെയിംസും സുന്ദരവും എന്ന രണ്ടു വ്യക്തിത്വങ്ങളായി മമ്മൂട്ടി പരകായ പ്രവേശനം നടത്തി, ജെയിംസും സുന്ദരവും എന്ന രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളിലെ രണ്ടു ഭാഷ സംസാരിക്കുന്ന, രണ്ടു ജീവിത സാഹചര്യങ്ങളിൽ ഉള്ളവരെ മമ്മൂട്ടി അഭിനയം കൊണ്ടും ശരീരഭാഷകൊണ്ട് വ്യത്യസ്തമാക്കിയപ്പോൾ മികച്ച നടനുള്ള അഞ്ചാമത്തെ കേരള സ്റ്റേറ് ഫിലിം അവാർഡ് പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തി.
റോർഷാക്കും നന്പകൽ നേരത്ത് മയക്കവും മമ്മൂട്ടി കമ്പനിക്ക് ജനനം നൽകി. ഇന്ന് ടൈറ്റിൽ കാർഡിൽ മമ്മൂട്ടി കമ്പനി എന്ന് തെളിയുമ്പോൾ ആ ചിത്രം മികച്ചതാകുമെന്ന് തന്നെയാണ് ഓരോ പ്രേക്ഷകനും വിശ്വസിക്കുന്നത്. അതിന്റെ പുതിയ ഉദാഹരണമാണ് കണ്ണൂർ സ്‌ക്വാഡ്. ജോർജ് മാർട്ടിൻ എന്ന തോളിൽ നക്ഷത്രങ്ങളോ പവറോ ഇല്ലാത്ത പൊലീസുകാരനായി വീണ്ടും മമ്മൂട്ടിയെത്തി, തന്റെ കരിയറിലെ 28ആമത്തെ പൊലീസ് കഥാപാത്രമാണ് ജോർജ് മാർട്ടിൻ, പക്ഷേ അയാൾ ബൽറാമല്ല, സേതുരാമയ്യറല്ല, മണിസാറല്ല, അയാൾ ജോർജ് മാർട്ടിനാണ്. ചിത്രം അമ്പത് കോടി ക്ലബ്ബും പിന്നിടുമ്പോൾ പ്രേക്ഷകർ മമ്മൂട്ടിക്കമ്പനിയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്, തന്റെ പരീക്ഷണങ്ങൾക്കോ അഭിനയത്തോടുള്ള ആർത്തി സ്ക്രീനിലെത്തിക്കാനാണോ അയാൾ മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചത്... ഒരുപക്ഷെ മമ്മൂട്ടി എന്ന നടന്റെ അഭിനയത്തോടുള്ള ആർത്തി ഇവിടെ അറിയാത്തവരില്ലാത്തത് കൊണ്ടാകാം ആ ചോദ്യം അവർ ചിരിച്ചുകൊണ്ട് ചോദിക്കുന്നത് .
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ നമ്മൾ കണ്ടത് മറ്റൊരു മമ്മൂട്ടി ഭാവത്തെയായിരുന്നു. ഷർട്ട് ഇടാതെ ഒരു കസേരയിൽ ഭയപ്പെടുത്തി ചിരിച്ചുകൊണ്ടിരിക്കുന്ന പ്രായം ചെന്നൊരു കഥാപാത്രത്തിന്റെ ബ്ലാക്ക് ആൻ്‍ഡ് വൈറ്റ് ഫോട്ടോ, ഭ്രമയുഗം ഫസ്റ്റ് ലുക്ക് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ആ ചിത്രത്തിലൂടെ വിധേയനിലെ ഭാസ്കര പട്ടേലറിനെ കാണാൻ സാധിച്ചെന്ന് പറഞ്ഞാലും തെറ്റില്ല. ഒരു ഹൊറാർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും വാർത്തകളുണ്ട്. എന്തായാലും അഭിനയമികവിന്റെ മറ്റൊരു മികച്ച വേർഷൻ ആകും ഭ്രമയുഗം എന്നത് സംശയമില്ലാതെ തുടരുന്നു.
സിനിമ മാറിയതും കഥാപശ്ചാത്തലങ്ങൾ മാറിയതും മമ്മൂട്ടിയിലെ നടനെ ബാധിച്ചിട്ടില്ല പകരം അദ്ദേഹം സ്വയം പുതുക്കി പണിയുകയാണ്. പുതു തലമുറയിലെ കഴിവുറ്റവരെ കണ്ടെത്തി കൂടെനിർത്തി തന്നെ സ്വയം ചാലഞ്ച് ചെയ്യുകയാണ് ആ 72 കാരൻ. അഭിനയമെന്നാൽ അത് മമ്മൂട്ടിയാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ, ഒരുപാട് അത്ഭുതങ്ങൾ അയാൾ കാണിച്ചുതന്നിട്ടും ഇനിയെന്ത് അത്ഭുതമാണ് അടുത്ത ചിത്രത്തിലെന്ന് വീണ്ടും പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്നു., അതുകൊണ്ട് തന്നെ പ്രേക്ഷകരും കാത്തിരിക്കുന്നു.