ഒരു നാടന്‍ നായ പ്രധാന കഥാപാത്രങ്ങളിലൊന്നാകുന്ന നെയ്മര്‍ പൂര്‍ണമായും ഒരു ഡോഗ് മൂവി ആണെന്നും എന്നാല്‍ കണ്ടുശീലിച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മുഴുനീള കോമിക് എന്റര്‍ടൈനറായിരിക്കുമെന്നും തിരക്കഥാകൃത്തുക്കള്‍ പറയുന്നു. മാത്യു തോമസ്-നസ്ലന്‍ കോമ്പിനേഷനിലെ മൂന്നാം ചിത്രമാണ് നെയ്മര്‍. തിരക്കഥയെഴുതുന്ന സമയത്ത് തന്നെ അവരെ തീരുമാനിച്ചിരുന്നുവെന്നും, അവരുടെ കെമിസ്ട്രിക്ക് കൊണ്ടു വരാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്താണ് തിരക്കഥ എഴുതിയത് എന്നും തിരക്കഥാകൃത്തുക്കള്‍ പറയുന്നു. ചിത്രത്തെക്കുറിച്ച് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ദ ക്യു സ്റ്റുഡിയോയില്‍.
നെയ്മര്‍ എന്ന നായ
പോള്‍സണ്‍: ഫുട്‌ബോള്‍ സിനിമ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്ന തോന്നല്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഞങ്ങള്‍ നെയ്മറിന് വേണ്ടി ഒരു ഇന്‍ട്രോ ടീസര്‍ ചെയ്ത് പുറത്തുവിട്ടത്.
ആദര്‍ശ്: പിന്നെ തീര്‍ച്ചയായും ഫുട്‌ബോളും ബ്രസീലും ഈ സിനിമയുടെ ഒരു ഭാഗം തന്നെയാണ്. പക്ഷെ നെയ്മര്‍ ഒരു ഡോഗ് മൂവി ആണ്. ഫുട്ബോള്‍ ചിത്രമെന്ന തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ വേണ്ടി ആദ്യമേ റിവീല്‍ ചെയ്തു എന്ന് മാത്രം.
പോള്‍സണ്‍: നായക്ക് നെയ്മര്‍ എന്ന പേരിടുമ്പോള്‍ ആളുകള്‍ മോശമായി പ്രതികരിക്കുമോ എന്ന പേടി ഇല്ലാതിരുന്നില്ല. പക്ഷെ ഇന്‍ട്രോ ടീസറിന്റെ കീഴെ വന്ന കമന്റ്‌സ് ഒന്നും നെഗറ്റീവ് ആയിരുന്നില്ല. ആളുകള്‍ കുറേക്കൂടെ വിശാലമനസ്‌കരാണ്.
മുഴുനീള കോമിക് ചിത്രം
ആദര്‍ശ്: സിഐഡി മൂസ മുതല്‍, ചാര്‍ളി 777 വരെ ആളുകള്‍ ഏറ്റെടുത്ത സിനിമകള്‍ ഇന്ത്യയിലും പുറത്തുമായി ഒരുപാടുണ്ടായിട്ടുണ്ട്. അതെല്ലാം ഞങ്ങള്‍ക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഡോഗ് മൂവീസിന്റെ സ്ഥിരം ടെംപ്ലേറ്റ് പൊളിക്കുക എന്നത് തന്നെയായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന വലിയ ചലഞ്ച്. അതേറ്റെടുത്തു കൊണ്ട് തന്നെയാണ് ഈ സിനിമ എഴുതാന്‍ തുടങ്ങിയതും.
സ്ഥിരം ഇമോഷണല്‍ ട്രാക്കില്‍ പോകാതെ, ഒരു നായക്കുട്ടിയുടെ കഥയുടെ കോമിക് വേര്‍ഷന്‍ ആണ് ചിത്രത്തില്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ കഴിയുന്നതാക്കുക എന്നത് ആയിരുന്നു ഞങ്ങള്‍ ആദ്യമെടുത്ത തീരുമാനം.
ഒരുമിച്ചുള്ള എഴുത്ത്
ആദര്‍ശ്: 2013 കാലം മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. പത്തു വര്‍ഷം കൊണ്ട് ഞങ്ങള്‍ക്കിടയില്‍ സൗഹൃദവും, ഒരു ബോണ്ടും ഉണ്ടായിട്ടുണ്ട്. എഴുത്തിലേക്ക് വന്നപ്പോള്‍ അത് കുറച്ചു കൂടെ വര്‍ക് ഔട്ട് ആയി. എല്ലായിടത്തും ഉള്ള പോലെ ആവിഷ്‌കാരപരമായ തര്‍ക്കങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്. അത് ഹെല്‍ത്തി ആയി തന്നെയാണ് പര്യവസാനിച്ചിട്ടുള്ളത്. അതിന്റെയൊക്കെ റിസള്‍ട്ട് ആണ് നമ്മള്‍ കാണാന്‍ പോകുന്ന സിനിമകളൊക്കെ.
പോള്‍സണ്‍: സൗഹൃദം തന്നെയാണ് ഞങ്ങളെ എല്ലാവരെയും കൂട്ടിക്കെട്ടിയത്. സുധി സിനിമക്ക് വേണ്ടി സമീപിക്കയാണുണ്ടായത്. ഞങ്ങൾക്കിടയിൽ ഒരു നല്ല സൗഹൃദമുണ്ടായി, അത് സിനിമയെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
നാടന്‍ നായ തിരക്കഥയ്ക്ക് നല്‍കിയ വെല്ലുവിളികള്‍
പോള്‍സണ്‍: നായയാണ് അഭിനയിക്കുന്നത് എന്നതൊരു കണ്‍സ്ട്രൈന്റ് ആയിക്കണ്ടല്ല തിരക്കഥയെഴുതിയത്. അതൊരു ലിമിറ്റ് ആയി കണ്ടാല്‍ നമ്മുടെ ക്രിയേറ്റിവിറ്റി അതില്‍ ഉണ്ടാകില്ല. അങ്ങനെയൊരു ആശങ്കയില്ലാതെ തന്നെയാണ് തിരക്കഥ എഴുതിയത്. എഴുതിക്കഴിഞ്ഞ ശേഷം ആ ഡ്രാഫ്റ്റ് നെയ്മറിനെ ട്രെയിന്‍ ചെയ്യിച്ച പാര്‍ത്ഥസാരഥിക്ക് കൊടുത്ത്, ആ ഫീഡ്ബാക്ക് എടുത്താണ് പിന്നീട് എഴുതിയത്. ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞെതെല്ലാം മാറ്റിയെഴുതിയിട്ടുണ്ട്.
ആദര്‍ശ്: സിനിമക്ക് വേണ്ടി സമീപിച്ചപ്പോള്‍ തന്നെ സുധിക്ക് നിര്‍ബന്ധമുണ്ടായിരുന്നു നാടന്‍ നായയാകണം എന്ന്. ഫോറിന്‍ ഡോഗിനെ വച്ചു ചെയ്യുന്ന സ്റ്റീരിയോടൈപ്പ് നമ്മള്‍ പൊളിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു ചലഞ്ച് ആയി എടുത്ത് കൊണ്ട് തന്നെയാണ് നമ്മള്‍ എഴുത്ത് തുടങ്ങിയത്. കണ്‍ഫ്യൂഷന്‍സ് ഉണ്ടാകുന്ന സമയത്ത് ഒക്കെ അദ്ദേഹത്തിന്റെ സ്ട്രോങ് ഡിസിഷന്‍സ് ഉണ്ടായിട്ടുണ്ട്. അതൊരുപാട് സഹായിച്ചിട്ടുണ്ട്.
നെയ്മറും ട്രെയ്‌നറും തിരക്കഥയും
പോള്‍സണ്‍: ബേസിക് ഐഡിയ ആകുന്ന സമയത്ത് ഞങ്ങള്‍ക്ക് നായയെ കിട്ടിയിട്ടില്ലായിരുന്നു. തിരക്കഥയുടെ ഒരു അറുപത് ശതമാനമൊക്കെ എഴുതിക്കഴിഞ്ഞ ശേഷമാണ് ഞങ്ങള്‍ക്ക് രണ്ടു മാസം പ്രായമുള്ള നെയ്മറിനെ കിട്ടുന്നത്. എന്നിട്ടാണ് ട്രെയിനര്‍ ആയുള്ള കമ്മ്യൂണിക്കേഷന്‍ തുടങ്ങുന്നത്.
ആദര്‍ശ്: ആഴ്ച്ചതോറും അവനുണ്ടാകുന്ന പ്രോഗ്രസ് ഞങ്ങള്‍ക്ക് അയച്ചു തരും. നെയ്മര്‍ എണീറ്റ് നിന്നു, ചാടാന്‍ പഠിച്ചു തുടങ്ങിയുള്ള കാര്യങ്ങള്‍ അപ്‌ഡേറ്റ് തരും. എന്തൊക്കെ പഠിപ്പിക്കണം എന്നതിന് ഒരു ലിസ്റ്റ് ഞങ്ങള്‍ അങ്ങോട്ടും അയച്ചു കൊടുക്കും. സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി പാര്‍ത്ഥസാരഥി അത് പഠിപ്പിച്ച് ഞങ്ങള്‍ക്ക് അതിന്റെ വീഡിയോ അയച്ചു തരും. അതായിരുന്നു ആദ്യ പ്രോസസ്.
നസ്ലന്‍-മാത്യു കോമ്പിനേഷന്‍
പോള്‍സണ്‍: കഥ രൂപപ്പെടുന്ന സമയത്ത് തന്നെ അവര്‍ തന്നെ മതി എന്ന് തോന്നിയിരുന്നു. അവരുടെ ഒരു കെമിസ്ട്രി കൂടെ കണക്കിലെടുത്താണ് തിരക്കഥയെഴുതിയത്. അവരുടെ കോൺട്രിബ്യൂഷൻസ് വരുന്ന രീതിയില്‍, അതിനൊരു സ്‌കോപ് കണ്ടു കൊണ്ട് കൂടെയാണ് എഴുതിയത് തന്നെ.
മാത്യുവിനോട് സുധി ചിത്രത്തെ പറ്റി ആദ്യമേ പറഞ്ഞിരുന്നു. നസ്ലന്‍ അവൈലബിള്‍ ആയത് പിന്നെയാണ്. പക്ഷെ കേട്ടപ്പോഴേ നസ്ലനും ഒക്കെ പറഞ്ഞു.
ആദര്‍ശ്: ഡോഗ് മൂവിയുടെ കാര്യത്തില്‍ റിപ്പീറ്റേഷന്‍ ഉണ്ടാകരുത് എന്ന പോലെ തന്നെ ഇവരുടെ കോമ്പിനേഷനിലും ആവര്‍ത്തനം ഉണ്ടാകാതിരിക്കുക എന്നത് ഒരു ചലഞ്ച് തന്നെ ആയിരുന്നു. ഈ സിനിമയില്‍ തീര്‍ച്ചയായും അവരുടെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളുമൊക്കെ തന്നെയാണ് ഉള്ളത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍
ആദര്‍ശ്: കാസ്റ്റില്‍ എല്ലാവരും എഴുതി വന്നപ്പോള്‍ പല സ്റ്റേജസിലായി മനസ്സില്‍ വന്നവരാണ്. മുതിര്‍ന്ന അഭിനേതാക്കളായ ജോണി ചേട്ടന്‍, ഷമ്മി ചേട്ടന്‍, വിജയരാഘവന്‍ ചേട്ടന്‍ തുടങ്ങിയവയെല്ലാം ഓരോ പോയിന്റില്‍ ഞങ്ങളുടെ മനസ്സില്‍ വന്നതാണ്. പ്രൊഡ്യൂസര്‍ ഞങ്ങള്‍ പറഞ്ഞ ആളുകളെ തന്നെ തരികയാണുണ്ടായത്.
പോള്‍സണ്‍: ഞങ്ങള്‍ എഴുതിയതിനപ്പുറത്തേക്ക് നമുക്ക് തരികയെന്നത് എല്ലാ അഭിനേതാക്കളും ചെയ്ത കാര്യമാണ്. പരിചയം കുറഞ്ഞ അഭിനേതാക്കളും, ഒരുപാട് പരിചയമുള്ളവരുമെല്ലാം നല്ല രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. പരിചയസമ്പത്തുള്ളവരുടെ ഔട്ട്പുട്ട് ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ആര്‍ഡിഎക്സ് വിവാദം
ആദര്‍ശ്: നല്ല കോണ്ടന്റുകള്‍ വന്നാല്‍ മലയാളി പ്രേക്ഷകര്‍ അത് സ്വീകരിക്കാറുണ്ട്. അവര്‍ക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളെയും, കഥയെയും കൊടുത്താല്‍ അവര്‍ക്കത് ഇഷ്ടമാകും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ആര്‍ഡിഎക്സ് ഒരു ആക്ഷന്‍ ഫാമിലി എന്റര്‍ടൈനര്‍ ആണ്. അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന നൂറു ശതമാനം പ്രതീക്ഷ എനിക്കുണ്ട്. വിവാദങ്ങളെ തടയാന്‍ ഒന്നും കഴിയില്ലല്ലോ. ചിത്രം എന്തെന്ന് അല്ലെ നോക്കേണ്ടതുള്ളൂ. നഹാസ് ഗംഭീരമായി തന്നെ ചിത്രം ചെയ്തു വച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന രീതിയില്‍ ഞാന്‍ വളരെ സാറ്റിസ്ഫൈഡ് ആണ്. കമര്‍ഷ്യലി ആര്‍ഡിഎക്സ് പ്രേക്ഷകര്‍ക്ക് നല്ലൊരു ട്രീറ്റ് ആയിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
തിയേറ്ററുകളിലെത്തുന്ന ആദ്യ ചിത്രം
ആദര്‍ശ്: റീലീസിന്റെ എക്‌സൈറ്റ്‌മെന്റിനൊപ്പം തന്നെ പേടിയുമുണ്ട്. പ്രേക്ഷകര്‍ നമ്മുടെ സിനിമ എങ്ങനെ ഏറ്റെടുക്കും എന്നതിന്റെ പേടിയാണ് കൂടുതല്‍.
പോള്‍സണ്‍: ചിത്രം 12 ന് മലയാളത്തില്‍ റീലീസ് ചെയ്യും. മറ്റു ഭാഷകളില്‍ ചിത്രം ഇറക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ആദര്‍ശ്: പാന്‍ ഇന്ത്യന്‍ സിനിമ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതിന് ഭാഷ ഒരു ബാരിയര്‍ അല്ല എന്നതാണ്.
നെയ്മര്‍ തിയേറ്ററുകളിലെത്തുമ്പോള്‍
പോള്‍സണ്‍: നെയ്മര്‍ ഒരു കുടുംബചിത്രമാണ്. കുറച്ചു കാലത്തിന് ശേഷം മലയാള സിനിമയില്‍ വരുന്ന പ്ലീസിങ്ങും എന്റര്‍ടൈനിങ്ങും ആയ ചിത്രമായിരിക്കും നെയ്മര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.
ആദര്‍ശ്: ആര്‍ത്തുല്ലസിച്ച് കാണാനുള്ള സിനിമകള്‍ ഇല്ല എന്ന് പ്രേക്ഷകര്‍ക്ക് പരാതിയുണ്ട് എന്നു പറയപ്പെടുന്നുണ്ടല്ലോ. ഈ സിനിമ ആ വിഷമം മാറ്റാന്‍ ശ്രമിക്കുന്ന ഒരു സിനിമയാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ക്കും കൂടി വേണ്ടിയുള്ള ചിത്രമാണിത്. വെക്കേഷന്‍ കഴിയുന്ന കാലത്ത് അവര്‍ക്കെല്ലാം ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും നെയ്മര്‍.