വിന്റേജ് ലാലേട്ടനെ റീ ക്രിയേറ്റ് ചെയ്യാനല്ല, മുണ്ടുടുത്ത് വരുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് ശ്രമം ; തരുൺ മൂർത്തി അഭിമുഖം

വിന്റേജ് ലാലേട്ടനെ റീ ക്രിയേറ്റ് ചെയ്യാനല്ല, മുണ്ടുടുത്ത് വരുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് ശ്രമം ; തരുൺ മൂർത്തി അഭിമുഖം
Published on

നിരൂപക പ്രശംസ നേടിയ സൗദി വെള്ളയ്ക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ എല്‍360. കഴിഞ്ഞ ദവിസമാണ് ചിത്രത്തിന്റ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. 20 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന ജോഡി തിരിച്ചെത്തുന്ന ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമിക്കുന്നത്. ചിത്രത്തിൽ വിന്റേജ് മോഹൻലാലിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം നടത്തിയിട്ടില്ല എന്നും മുണ്ട് മടക്കി നടക്കുന്ന പുതിയൊരു മോഹൻലാലിനെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആ​ഗ്രഹമെന്നും തരുൺ മൂർത്തി പറയുന്നു. ഈ സിനിമ ഏറ്റെടുക്കുന്ന സമയത്ത് വളരെ ടെൻഷനുണ്ടായിരുന്നു എന്നും എന്നാൽ നിർമാതാവ് രഞ്ജിതും ആന്റണി പെരുമ്പാവൂരുമാണ് ധെെര്യം തന്നത് എന്നും തരൂൺ മൂർത്തി പറഞ്ഞു. തന്റേതായ ഫിലിം മേക്കിം​ഗ് രീതികളിൽ യാതൊരു വ്യത്യാസവും ഉണ്ടാക്കാതെ മോഹൻലാൽ എന്ന നടനെ അതിലേക്ക് കൊണ്ടു വരാനാണ് ഇരുവരും ആവശ്യപ്പെട്ടത്. മോഹൻലാലിന് വേണ്ടി തന്‍റെ ഫിലിം മേക്കിംഗ് രീതിയിൽ മാറ്റം വരുത്തേണ്ട എന്ന് അവർ പറഞ്ഞിരുന്നുവെന്നും തരുൺ മൂർത്തി പറയുന്നു. എല്‍360യുടെ വിശേഷങ്ങളെക്കുറിച്ച് തരുൺ മൂർത്തി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

മോഹൻലാൽ എന്ന നടനെ എക്സ്പ്ലോർ ചെയ്യാനുള്ളത് L360 ഉണ്ട്.

കൊവിഡിന് ശേഷം വന്ന സംവിധായകരിൽ, മോഹൻലാൽ എന്ന മഹാനടനൊപ്പം സിനിമ ചെയ്യാൻ പറ്റുക എന്നത് വലിയ ഭാ​ഗ്യമായിട്ടും സന്തോഷമായിട്ടും കരുതുന്ന ഒരാൾ തന്നെയാണ് ഞാൻ. ഞാൻ‌ ഇതിന് മുമ്പ് ചെയ്തിരിക്കുന്ന രണ്ട് സിനിമകളും രണ്ട് വേരിയേഷനുകളിലുള്ള സിനിമയാണ്. ഒരു സൂപ്പർ സ്റ്റാർ മൂവീ എന്നതിലുപരിയായി കോണ്ടന്റുകളെ മാത്രം സ്റ്റാറായി കണ്ട് ചെയ്ത രണ്ട് ഫിലിമുകളാണ് അത് രണ്ടും. സിനിമയെ അത്ര ആത്മാർത്ഥമായി കണ്ടതിന്റെ ഭാ​ഗമായിട്ട് കിട്ടിയ പ്രൊജക്ടാണ് ഇപ്പോൾ ചെയ്യുന്ന L360. അപ്പോഴും അതിനകത്ത് ഒരു സ്റ്റാർ എന്നതിലുപരി ഒരു ആക്ടറിനെ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ ഭാ​ഗങ്ങളുണ്ട് എന്ന് കണ്ടത് കൊണ്ടാണ് ആ സിനിമ ചെയ്യാൻ തയ്യാറായതും. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിനെക്കാൾ മോഹൻലാൽ എന്ന അഭിനേതാവിനെ ഉപയോ​ഗിക്കാൻ പറ്റും എന്നത് കൊണ്ടാണ് അത്. ലാൽ സാറിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളൊക്കെ സ്കോർ ചെയ്യാൻ പറ്റുന്ന അല്ലെങ്കിൽ അദ്ദേഹത്തിനൊപ്പം തന്നെ നിൽക്കാൻ പറ്റുന്ന ഒരു കംപ്ലീറ്റ് സിനിമ ഉണ്ടാക്കാൻ പറ്റും എന്ന തോന്നൽ വന്നത് കൊണ്ടാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത്. ഈ സിനിമയുടെ തുടക്കം മുതൽ ഞാൻ പറഞ്ഞിട്ടുള്ളത് എനിക്കൊരു വിഷനുണ്ട് ഈ സിനിമ എങ്ങനെയിരിക്കണം എന്നതിൽ അതിൽ നിങ്ങൾ എനിക്കൊപ്പം നിന്നാൽ മതി എന്നാണ്. ട്രസ്സ് ദ പ്രോസസ്സ് എന്നാണ്. അത് അങ്ങനെയാണ് കംപ്ലീറ്റ് ആവുന്നത് എങ്കിൽ തിരിച്ച് ഇറങ്ങുമ്പോൾ അല്ലെങ്കിൽ രാത്രിയിൽ റൂമിയിൽ പോയി കിടന്ന് ഉറങ്ങുമ്പോൾ നമുക്ക് ഭയങ്കരമായ സന്തോഷം കിട്ടും എന്ന്. ആ സന്തോഷത്തിന് വേണ്ടി പണിയെടുക്കുക എന്നാണ് എല്ലാവരോടും ഞാൻ പറഞ്ഞത്. അതിന്റെ ഒരു ഭാ​ഗമാണ് ലാൽ സാർ വീഡിയോയിൽ പറ‍ഞ്ഞതും. ഇത് വളരെ സന്തോഷമുള്ള ഒരു സിനിമയാണ് എന്ന് ലാൽ സാർ പറയുമ്പോൾ എല്ലാവരും ഞങ്ങളുടെ വിഷനൊപ്പം നിന്നു എന്നുള്ളതാണ് എനിക്ക് അതിൽ നിന്നും ഫീൽ ചെയ്യുന്നത്.

വിന്റേജ് ലാലേട്ടനെ റീ ക്രിയേറ്റ് ചെയ്തിട്ടില്ല

ലാല്‍ സാറിന്‍റെ ചിരി, നോട്ടം, കുസൃതികൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ നമുക്ക് ഇഷ്ടമാണ്. പക്ഷേ അതൊന്നും റീ ക്രിയേറ്റ് ചെയ്യാൻ നോക്കണ്ട എന്നാണ് ആദ്യമേ തീരുമാനിച്ചത്. വിന്റേജ് എന്ന് പേരിൽ ഒന്നും റിക്രിയേറ്റ് ചെയ്യണ്ട എന്നായിരുന്നു തീരുമാനം. തിരക്കഥയ്ക്ക് അനുയോജ്യമായ തരത്തിൽ മോഹൻലാൽ എന്ന നടനിലുള്ള ചില നിഷകളങ്ക ഭാവങ്ങൾ, കൗതുകകരമായ അഭിനയ മൂഹൂർത്തങ്ങൾ അതെല്ലാം പുതുതായിട്ട് ഉണ്ടാക്കാൻ നോക്കുക എന്നതായിരുന്നു തീരുമാനം. എന്നാലും ചില സമയങ്ങളിൽ ചില കാര്യങ്ങളൊക്കെ പെട്ടന്ന് പഴയ സിനിമയുമായി റിലേറ്റ് ചെയ്യാൻ തോന്നും. അപ്പോൾ അദ്ദേഹം തന്നെ പറയും അത് മുമ്പുള്ള സിനിമകളിൽ ഉള്ളത് പോലെയില്ലേ നമുക്ക് അത് ചെയ്യണോ, വേറൊരു പരിപാടി ചെയ്യാം എന്ന്. ചിലപ്പോൾ നമ്മൾ തന്നെ ഇത് മറ്റൊരു തരത്തിൽ ചെയ്താലോ എന്ന് അങ്ങോട്ട് ചോദിക്കും. എപ്പോഴും പുതിയത് ഒന്ന് ഉണ്ടാക്കാനുള്ള ശ്രമം ഞങ്ങളുടെ ഭാ​ഗത്ത് നിന്നും ലാൽ സാറിന്റെ ഭാ​ഗത്ത് നിന്നും ഒക്കെയുണ്ടായിട്ടുണ്ട്. വിന്റേജ് എന്നതിനെ ഒരു മാർക്കറ്റിം​ഗ് ടൂളായിട്ട് വയ്ക്കാനോ വിന്റേജ് ലാലേട്ടനെപ്പോലെയുണ്ട് എന്ന് പറയിപ്പിക്കാനോ ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ നമുക്ക് കുറച്ചു നാളായിട്ട് മുണ്ട് ഒക്കെ ഉടുത്ത് നടക്കുന്ന ഒരു ലാലേട്ടൻ‌ മിസ്സിം​ഗ് ആണ്. അങ്ങനെ മുണ്ടുടുത്ത് നടക്കുന്ന ഒരു പുതിയ ലാലേട്ടനെ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, അത് എത്രത്തോളം വിജയിക്കും എന്ന് പറയേണ്ടത് പ്രേക്ഷകനാണ്.

ആദ്യ ഷെഡ്യൂൾ പാക്ക് അപ്പിന് ലെെറ്റിം​ഗ് ടീമിന് പ്രത്യേകം നന്ദി അറിയിക്കുന്നുണ്ടായിരുന്നല്ലോ?

ശരിക്കും പറഞ്ഞാൽ നമ്മൾ ഈ സിനിമയുടെ അപ്പർ ലെയറിലുള്ള ആളുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഓർക്കാതെ പോകുന്നത് ഇവരെക്കുറിച്ചാണ്. നമ്മൾ പലപ്പോഴും രാത്രി ഒരു പതിനൊന്നരയ്ക്ക് പാക്ക് അപ്പ് വിളിച്ച് പോകുമ്പോൾ സത്യത്തിൽ ഒന്നര മണിക്കാണ് ലെെറ്റ് യൂണിറ്റിലുള്ളവർ ഒക്കെ എല്ലാം അഴിച്ച് മാറ്റി റൂമിൽ പോയി കിടന്ന് ഉറങ്ങുന്നത്. അടുത്ത ദിവസം രാവിലെ നമ്മൾ ഏഴ് മണിക്ക് അവിടെ വീണ്ടും ഷൂട്ടിന് വരണം എന്നുണ്ടെങ്കിൽ ഇവർ ആറ് മണിക്കേ അവിടെ എത്തണം. അപ്പോൾ ഇതിനകത്ത് ഏറ്റവും ഉറക്കം കുറഞ്ഞ് മഴയും കൊണ്ട് ഇരിക്കുന്നത് അവരാണ്. നമുക്ക് ഒക്കെ മഴ നനയാതിരിക്കാൻ വേണ്ടി സെക്യൂരിറ്റീസ് വന്ന് കുട പിടിച്ച് തരും പക്ഷേ അവരൊക്കെ മഴ നനഞ്ഞാൽ നനഞ്ഞതാണ്. നല്ല മഴക്കാലത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്. പലപ്പോഴും നമുക്ക് ഷെഡും കാര്യങ്ങളും ഒക്കെ കിട്ടി മഴ നനയാതെയിരിക്കുമ്പോൾ അവർ അവിടെ മഴ നനഞ്ഞ് നിൽക്കുന്നത് കാണാം. രാത്രി ഒരുപാട് വെെകി കയറിപ്പോകുന്നതും കാണാം. അത് കാണുമ്പോൾ ഇതിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നത് അവരാണ്. ഒരുപാട് നെെറ്റ് സ്വീക്വൻസുകളുള്ള ഒരു സിനിമയാണ് ഇത്. അതിന് വേണ്ടി ഇവർ ഒരുപാട് പരിശ്രമിക്കുന്നത് കാണുമ്പോൾ അവർക്ക് അത് കൊടുക്കണം എന്ന് തോന്നി. ഒന്നും പ്ലാൻ ചെയ്ത് പറഞ്ഞതല്ല. പക്ഷേ ഈ സിനിമയിലെ ആരും കാണാത്ത ഹീറോസായി നിൽക്കുന്നത് അവർ തന്നെയാണ്.

പേരിലെ കൗതുകം തൽക്കാലം അങ്ങനെ തന്നെ നിൽക്കട്ടെ..

ഈ സിനിമ സ്ക്രിപ്റ്റ് ചെയ്യുന്ന സമയത്ത് ഇതിന്റെ കോ റെെറ്റർ ആയിട്ടുള്ള അല്ലെങ്കിൽ അതിന്റെ കഥ എഴുതിയിട്ടുള്ള സുനിലേട്ടൻ ഒരു പേര് ഇട്ടിരുന്നു. ആ പേര് നമ്മൾ ലാലേട്ടന്റെ അടുത്ത് കഥ പറയുമ്പോൾ പറയുകയും ചെയ്തിരുന്നു. പിന്നീട് അതിൽ ചെറിയ മാറ്റം വരുത്തി ലാലേട്ടന്റ പിറന്നാളിന് അനൗൺസ് ചെയ്യാൻ ഇരുന്നപ്പോഴാണ് എമ്പുരാന്റെ ഒരു അനൗൺസ്മെന്റുണ്ട് എന്ന് പറയുന്നത്. അപ്പോൾ രഞ്ജിത്തേട്ടൻ തന്നെയാണ് പറഞ്ഞത് ഒരേ സമയത്ത് ഒരു സ്റ്റാറിന്റെ ഒരുപാട് പടങ്ങൾ അനൗൺസ് ചെയ്യുന്നതിനോട് എതിരഭിപ്രായം ഉണ്ട്. നമുക്ക് ഒന്ന് ഹോൾഡ് ചെയ്യാം എന്ന്. പേര് വെളിപ്പെടുത്താത്തതിന്റെ ഒരു കൗതുകം അങ്ങനെ തന്നെ നിൽക്കട്ടെ എന്ന് കരുതി. പിന്നെ പേര് പറഞ്ഞ് ഈ സിനിമയെ ബ്രാൻഡ് ചെയ്യേണ്ട സമയമായി എന്ന ആശങ്കയൊന്നും ഇപ്പോഴില്ല. കാരണം നമുക്കൊപ്പമുള്ളത് മോഹൻലാൽ എന്ന് പറയുന്ന വലിയൊരു ബ്രാന്റാണ്. ലാൽസാർ ഉള്ളപ്പോൾ ആ സിനിമയ്ക്ക് ഏത് പേരിട്ടാലും നല്ലതാണെങ്കിൽ അത് ഓടും. അതുകൊണ്ട് തന്നെ സമയമാകുമ്പോൾ പേര് പ്രഖ്യാപിക്കാം എന്നാണ് ഞങ്ങളുടെ തീരുമാനം.

പേരിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ഡിസ്കഷനുകൾ ഒക്കെ കാണാറുണ്ട്, വായിക്കാറുമുണ്ട്. കുറച്ച് നാൾ മുമ്പ് രഞ്ജിത്തേട്ടന്റെ ബാനറിൽ ലാൽ സാറിന്റെ ഒരു പ്രൊജക്ട് അനൗൺസ് ചെയ്തിരുന്നു. ആ പ്രൊജക്ടാണോ ഇത് എന്നുള്ള ആശയകുഴപ്പം എല്ലാവർക്കുമുണ്ടായിരുന്നു. പക്ഷേ അവർ ആ പറയുന്ന പേരുകൾ‌ ഒന്നുമല്ല നമ്മൾ കണ്ടെത്തിയിരിക്കുന്നത്, ചിലപ്പോഴൊക്കെ ഇത് കാണുമ്പോൾ പേടി വരും. നമ്മുടെ കയ്യിലുള്ള തിരക്കഥയ്ക്ക് അനുസരിച്ച് മാത്രമേ നമുക്ക് വർക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. അത് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് വരുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇത് എന്റെ മൂന്നാമത്തെ സിനിമയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് വലിയൊരു അവസരമാണ്. ആ അവസരത്തെ ഞാൻ അനുയോജ്യമായി ഉപയോ​ഗിച്ചില്ലെങ്കിൽ എനിക്ക് ഇൻഡസ്ട്രിയിൽ കിട്ടാൻ പോകുന്ന മോശം ഇംപാക്ടുകളെ പറ്റി എനിക്ക് നല്ല ധാരണയുണ്ട്. അതുകൊണ്ട് തന്നെ എന്റെ മാക്സിമം ആണ് ഞാൻ ഇതിലേക്ക് വേണ്ടി ചെയ്യുന്നത്. അത് ഒരുപാട് ആളുകൾക്ക് ഇഷ്ടപ്പെടാൻ സാധിക്കട്ടെ എന്നാണ് ആ​ഗ്രഹം. ഒരോ സിനിമയ്ക്കും ഒരോ ടാർ​ഗറ്റ് ഓഡിയൻസ് ഉണ്ടായിരിക്കുമല്ലോ അവർ അത് കാണാൻ തിയറ്ററിൽ എത്തുമ്പോഴാണ് ആ സിനിമയ്ക്ക് അതിന്റെ അർത്ഥമുണ്ടാകുന്നത്.

ഒരു ദിവസം ശോഭന മാമിന്‍റെ വീഡിയോ കോള്‍ വന്നു.

തുടക്കത്തിൽ തന്നെ ശോഭന മാം ആയിരുന്നെങ്കിൽ നന്നായേനെ എന്നൊരു ചിന്തയുണ്ടായിരുന്നു. പിന്നീട് ശോഭന മാം ഇത് ചെയ്യുമോ എന്നൊരു സംശയവും തോന്നിയിരുന്നു. അതിനിടയിൽ പല ആർട്ടിസ്റ്റുകളെയും കാസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. മാത്രമല്ല ഇതൊരു ഷോട്ട് നോട്ടീസിൽ വന്ന സിനിമയാണെല്ലോ? അപ്പോൾ നമ്മൾ കണ്ടിരുന്ന പല ആർട്ടിസ്റ്റുകൾക്കും ആ ഡേറ്റിൽ വരാൻ പറ്റാത്ത സഹചര്യമുണ്ടായി. അങ്ങനെയാണ് വീണ്ടും ഈ കാര്യത്തെക്കുറിച്ച് ശോഭന മാമിനോട് ചോദിച്ചു നോക്കാം എന്ന് തോന്നിയത്. രജപുത്ര രഞ്ജിത്തും ശോഭന മാമും തമ്മില്‍ നല്ല ബന്ധമാണ്. അങ്ങനെയാണ് വിളിക്കുന്നത്. ശോഭന മാം ആണ് തരുണിന്റെ നമ്പർ തരൂ ഞാൻ കോണ്ടാക്ട് ചെയ്യാം എന്ന് പറയുന്നത്. അങ്ങനെ എനിക്ക് ശോഭന മാമിന്‍റെ വീഡിയോ കോള്‍ വരികയായിരുന്നു. ഏതോ ഡാൻസ് പ്രാക്ടീസിന്റെ ഇടയിൽ വളരെ ക്ഷീണിച്ച് നിന്നിട്ടാണ് മാം എന്നെ വിളിച്ചത്. കഥ കേട്ടാലോ എന്ന് ചോദിച്ചപ്പോൾ എന്നെക്കൊണ്ട് പറ്റുന്ന തരത്തിൽ പത്ത് പതിനഞ്ച് മിനിറ്റിൽ ഞാൻ ആ കഥ പറഞ്ഞ് ഒപ്പിച്ചു. അപ്പോള്‍ എന്നോട് പറഞ്ഞു, ഓക്കെ ഡേറ്റ് എന്നൊക്കെയാണ് വേണ്ടതെന്ന് പറയൂ എന്ന്. അങ്ങനെയാണ് ഈ പ്രൊജക്ട് ഓൺ ആവുന്നത്.

എനിക്ക് തോന്നുന്നു, മാം വളരെയധികം ആസ്വദിച്ച് ചെയ്ത ഒരു സിനിമയായിരുന്നു ഇത് എന്ന്. സിനിമയിലുള്ള ശോഭന മാമിന്റെ ഭാ​ഗങ്ങളൊക്കെ നമ്മൾ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഷൂട്ട് കഴിഞ്ഞ് തിരിച്ച് പോകുമ്പോഴും മാമിന്റെ ഉള്ളിൽ ഒരു സങ്കടമുണ്ടായിരുന്നു. ഇപ്പോഴും ഷൂട്ടില്‍ ഇല്ലെങ്കില്‍ പോലും ‍ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഞങ്ങൾക്ക് ഇടയിലുള്ള ഈ ബന്ധവും കരുതലും സ്നേഹവും ഒക്കെ പ്രേക്ഷകരിലേക്ക് കൂടി എത്തുമ്പോഴാണ് അത് പൂർത്തിയാവുന്നത്. അങ്ങനെ എത്തിക്കാനുള്ള ഒരു ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

മോഹൻലാൽ- ശോഭന എല്‍360 ഫസ്റ്റ് ഷോട്ട്

അവർ ഒരുമിച്ചുള്ള ഒരു ഷോട്ടാണ് നമ്മൾ ആദ്യ ഷോട്ടായി എടുത്തത്. അവർ തമ്മിൽ അഭിനയിക്കുമ്പോൾ സ്വിച്ചിട്ട പോലെയാണ് നമുക്ക് റിയാക്ഷനുകൾ കിട്ടുന്നത്. മാത്രമല്ല ഇവരുടെ എക്സ്പീരിയൻസ് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ പറയേണ്ട ആവശ്യവും വന്നിരുന്നില്ല. ഞാൻ എന്താണ് എടുക്കാൻ പോകുന്നത് എന്നതിനെ സംബന്ധിച്ചുള്ള ബ്രീഫിം​ഗ് രണ്ട് പേരും ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ശോഭന മാം. മാം കൃത്യമായിട്ട് എന്താണ് ഞാൻ എടുക്കാൻ പോകുന്നത് എന്ന് ചോദിക്കുകയും എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യും. പിന്നെ ഓൺ ദ സ്പോട്ട് ഇംപ്രൊവെെസേഷനാണ് എപ്പോഴും നടക്കുക. എന്റെ കഴിഞ്ഞ രണ്ട് സിനിമകളിലും അങ്ങനെ തന്നെയായിരുന്നു, ഇംപ്രൊവെെസ് ചെയ്ത് പരിചയമില്ല എന്നും അത് പാടായിരിക്കുമെന്നും മാം ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞിരുന്നു. പക്ഷേ നാലാം ദിവസം മുതൽ മാം ഇങ്ങോട്ട് ഇംപ്രൊവെെസ് ചെയ്ത് പറഞ്ഞു തുടങ്ങി.

എനിക്ക് മാസ്സ് വേറെയാണ്

നമ്മളെ ആവേശം കൊള്ളിച്ചിട്ടുള്ള അഭിനേതാവ് എന്ന തരത്തിൽ നമ്മുടെ വിഷന് മുകളിൽ വരുന്ന ആക്ടർ തന്നെയാണ് ലാൽ സാർ എപ്പോഴും. എല്ലാവരും തല്ലുന്നതും മീശ പിരിക്കുന്നതും ഒക്കെയാണ് മാസ്സായി കാണുന്നത്. ഞാൻ എപ്പോഴും മാസ്സ് എന്നതിനെ കാണുന്നത് ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒരു കാര്യത്തെയാണ്. മീശ പിരിക്കുന്നതും മുണ്ട് പറിക്കുന്നതും മാത്രമാണ് മാസ്സ് എന്ന് ഞാൻ കരുതുന്നില്ല. ഒരുപാട് പേർക്ക് കാണാൻ ഇഷ്ടമുള്ളത് എന്താണോ അതാണ് എന്നെ സംബന്ധിച്ച് മാസ്സ്. ലാൽ സാറിന്റെ ചിരി എനിക്ക് മാസ്സാണ്, അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത്, തൊണ്ടയിടറുന്നത്, തോള് ചരിച്ച് നടക്കുന്നത്, അദ്ദേഹത്തിന്റെ ബാക്ക് ഷോട്ടുകൾ തുടങ്ങി നിരവധി കാര്യങ്ങൾ എനിക്ക് മാസ്സാണ്. എന്നെ സംബന്ധിച്ച് അങ്ങനെ ഒരുപാട് മാസ്സ് എലമെന്റുകൾ ഉണ്ട്. നമ്മൾ ഒരു സ്ക്രിപ്റ്റ് വായിച്ച് വരുമ്പോൾ നമ്മുടെ മനസ്സിൽ ഒരു സീനിന്റെ അന്തരീക്ഷവും അത് അഭിനേതാവ് അഭിനയിക്കുന്ന ഒരു മീറ്ററും ഒക്കെ ഉണ്ടാവും. പലപ്പോഴും അതിന് മുകളിലുള്ള ഒരു ഔട്ട് പുട്ട് സാർ തന്നിട്ടുണ്ട്. ഒരിക്കലും അത് താഴേക്ക് പോയിട്ടില്ല. ചില സമയത്ത് നമ്മൾ ഓവറായി ഫീഡ് ചെയ്യുമ്പോൾ ഈ കഥാപാത്രം ഇങ്ങനെ ചെയ്യുമോ സാർ എന്ന് അദ്ദേഹം ചോദിക്കും. ആ സാർ വിളിയിൽ തന്നെ നമ്മൾ വല്ലാണ്ട് ഇല്ലാണ്ടായി പോകും. ഒരുപാട് റിഹേഴ്സൽ നടത്തി എടുക്കുന്ന ഷൂട്ടിം​ഗ് മെത്തേഡ് ആയിരുന്നു L360. എനിക്ക് തോന്നുന്നു കുറേ നാൾക്ക് ശേഷമാണ് അദ്ദേഹം ഇങ്ങനെ റിഹേഴ്സൽ നടത്തി ഷൂട്ട് ചെയ്യുന്നത് എന്ന്. ഇങ്ങനെ റിഹേഴ്സൽ നടത്തുമ്പോൾ അദ്ദേഹം എന്നോട് ചോദിക്കാറുണ്ട് നമ്മൾ എന്തിനാണ് ഇത്രയും റിഹേഴ്സൽ ചെയ്ത് ഷൂട്ട് ചെയ്യുന്നത് എന്ന്. പലപ്പോഴും സാർ വന്ന് നിൽക്കുമ്പോൾ ചുറ്റുമുള്ള ആളുകൾ കംഫർ‌ട്ട് ആവാൻ വേണ്ടിയിട്ടാണ് നമ്മൾ റിഹേഴ്സൽ എടുക്കാറ്. രണ്ട് മൂന്ന് ദിവസത്തിന് ശേഷം ലാൽ സാറും ആ റിഹേഴ്സലിനൊപ്പം കൂടി.

എല്‍360 ലേക്ക് വരുമ്പോൾ ഒരുപാട് ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നു

ഈ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് വളരെ ടെൻഷനുണ്ടായിരുന്നു. ഒരാൾ എന്താണ് എന്റെ എക്സ്പീരിയൻസ് എന്ന് ചോദിച്ചാൽ ഞാൻ ചെറുപ്പകാലം മുതൽ കണ്ടിട്ടുള്ള മോഹൻലാൽ സിനിമകളാണ് എന്റെ എക്സ്പീരിയൻസ്. അല്ലാതെ ഞാൻ എങ്ങും പോയി സിനിമ പഠിച്ചിട്ടില്ല. എന്റെ അച്ഛനും അമ്മയും വരെ കടുകട്ടി മോഹൻലാൽ ഫാൻസാണ്. അവർ എനിക്ക് പ്രിയൻസാറിന്റെയും സത്യൻ അന്തിക്കാട് സാറിന്റെയും സിനിമകളാണ് കാണിച്ചു തന്നിട്ടുള്ളത്. അങ്ങനെയൊരു സംവിധായകനോട് ഒരു സൂപ്പർസ്റ്റാറിനെ ഡയറക്ട് ചെയ്യാൻ പറയുമ്പോൾ ഞാൻ ഭയന്നിരുന്നു. എനിക്ക് ഇത് ചെയ്യാൻ പറ്റുമോ എന്ന് സംശയിച്ചിരുന്നു. എന്നെ അതിൽ നിന്ന് മുന്നോട്ട് കൊണ്ട് വന്നത് ആന്റണി പെരുമ്പാവൂർ ചേട്ടനും രഞ്ജിത് ചേട്ടനും കൂടിയാണ്. അവരാണ് എന്നോട് പറഞ്ഞത് നിന്റെ സിനിമയും ഫിലിം മേക്കിം​ഗും ‍ഞങ്ങൾ കണ്ടതാണ്. അതുകൊണ്ട് നിന്റെ ഫിലിംമേക്കിംഗ് രീതിയിലേക്ക് മോഹന്‍ലാല്‍ എന്ന് പറഞ്ഞ നടനെ കൊണ്ടുവന്ന് വച്ചാല്‍ മതി. മോഹൻലാലിന് വേണ്ടിയിട്ട് നീ നിന്‍റെ ഫിലിം മേക്കിംഗ് രീതി മാറ്റണ്ട എന്ന്. എന്താണോ നീ നിന്റെ കഴിഞ്ഞ രണ്ട് ഫിലിം മേക്കിം​ഗിലും ചെയ്തത് അത് തന്നെ ഇവിടെയും ചെയ്താൽ മതി എന്ന്. മുമ്പ് ഒക്കെ പലരും വരുമ്പോൾ മോഹൻലാൽ എന്ന ആക്ടറിനെ കണ്ട് അവർ എക്സെെറ്റഡാവും. പിന്നീട് അവരുടേതായൊരു ലോകത്ത് സിനിമയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. അങ്ങനെ അവർ തന്നെ ഉള്ളിന്റെയുള്ളിൽ ഒരു പ്രഷർ എടുത്ത് വയ്ക്കും. ആ പ്രഷറിൽ നിന്ന് നിങ്ങൾ ഫ്രീയാവണം. നീ എങ്ങനെ സൗദി വെള്ളയ്ക്ക് ചെയ്തോ എങ്ങനെ ഓപ്പറേഷൻ ജാവ ചെയ്തോ അതുപൊലെ തന്നെ ഇതും ചെയ്യുക എന്നാണ് അവർ പറഞ്ഞത്. അതിൽ നിന്നാണ് എനിക്ക് ഇത് ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസിലേക്ക് ഞാൻ വരുന്നത്. അതുവരെ എനിക്ക് പല ഇൻസെക്യൂരിറ്റികളും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in