അർജ്ജുൻ റെഡ്‌ഢി എന്ന ചിത്രം ആൽഫാ മെയിൽ നായക സങ്കൽപ്പത്തിൻ്റെ ന്യൂ ജെൻ അവതാരമായിരുന്നു. നരസിംഹത്തിലും, ദി കിങ്ങിലുമൊക്കെയായി മലയാളത്തിലെ സൂപ്പർ താരസ്വരൂപങ്ങൾ അരക്കിട്ടുറപ്പിച്ച ആണവതാരം. ഒരു കച്ചവട സിനിമയ്ക്ക് വേണ്ട കൂട്ടുകൾ കൃത്യമായി കൂട്ടിച്ചേർത്ത് പാകപ്പെടുത്തിയ ചിത്രം, ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നുവെങ്കിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് (പൊ .ക) അളവുകോൽ കൊണ്ടുള്ള പരിശോധനകളിൽ ചിത്രം നിശിതമായി വിമർശിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ആണധികാരത്തിൻ്റെ ആഘോഷവും ഫെമിനിസ്റ്റുകളുൾപ്പടെ ചൂണ്ടിക്കാട്ടിയിരുന്നു. അർജ്ജുൻ റെഡ്ഢിയുടെ ഹിന്ദി റീമേക്കായിരുന്ന കബീർ സിങ്ങും ബോക്സ് ഓഫീസിൽ വിജയമായി. ഈ ചിത്രങ്ങളുടെ സംവിധായകനായ സന്ദീപ് റെഡ്ഢി വാങ്കയുടെ ഏറ്റവും പുതിയ ചിത്രമാണ് രൺബീർ കപൂർ മുഖ്യവേഷത്തിലെത്തുന്ന 'അനിമൽ'.
അർജുൻ റെഡ്ഢിയുടെ പതിന്മടങ്ങ് ആൽഫാ മെയിൽ വീരഗുണങ്ങൾ തൻ്റെ ശരീരത്തിലാവാഹിച്ച കഥാപാത്രമായാണ് രൺബീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തൻ്റെ പ്രണയിനിയോടുള്ള പെരുമാറ്റത്തിലുൾപ്പടെ അനിമലിലെ വിജയ് അർജ്ജുൻ റെഡ്ഢിയുടെ മാതൃക പിന്തുടരുകയാണ്. ഇതിലെ ആൺ കഥാപാത്രങ്ങൾ മൃഗതുല്യരും അമിതമായ വയലൻസിൽ ഭ്രമിക്കുന്നവരുമാണെന്ന സൂചനകൾ ചിത്രത്തിലുടനീളം നൽകുന്നതിലൂടെ പൊ.ക വിമർശനങ്ങൾക്കുള്ള പഴുത് സംവിധായകൻ അടച്ചിടുന്നതായി കാണാം. എന്നാൽ മൂന്നര മണിക്കൂറിനടുത്ത് ദൈർഘ്യം വരുന്ന ഈ ചിത്രത്തിലെ രക്തച്ചൊരിച്ചിലിനും ആണുങ്ങളുടെ കുടിപ്പകയ്ക്കുമപ്പുറത്ത് , വരികൾക്കിടയിലൂടെയുള്ള വായനയിൽ മനസ്സിൽ കൊളുത്തിപ്പിടിച്ച ചില രാഷ്ട്രീയ സൂചനകളുണ്ട്. വിശകലനത്തിനും അതിവായനയ്ക്കുമിടയിലെ നേർത്ത പാലത്തിലൂടെയുള്ള സഞ്ചാരത്തിലൂടെ ‘അനിമൽ’ അതിൻ്റെ ദൃശ്യശരീരത്തിലൊളിപ്പിച്ച ചില അർത്ഥങ്ങളെ കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ.
തൻ്റെ അച്ഛനോടുള്ള അമിതമായ സ്നേഹവും വിധേയത്വവും ഒരു മകൻ്റെ മാനസികനില തെറ്റിക്കുന്നതോളമെത്തുന്നതാണ് ചിത്രത്തിൻ്റെ കഥാതന്തു. രൺബീറിൻ്റെ കഥാപാത്രം സ്‌കൂൾ കാലം മുതൽക്കേ തൻ്റെ അച്ഛനെ സൂപ്പർ ഹീറോയായി മനസ്സിൽ പ്രതിഷ്ഠിക്കുകയാണ്. കുടുംബത്തിലെ സ്ത്രീകൾ പുരുഷന്മാരാൽ സംരക്ഷിക്കപ്പെടണം എന്ന ബോധ്യവും അയാൾക്കുണ്ട്. തൻ്റെ സഹോദരി കോളേജിൽ അപമാനിക്കപ്പെടുമ്പോൾ അവിടേക്ക് തോക്കും കൊണ്ട് കയറിച്ചെല്ലുന്നതും ആൺരക്ഷാകർതൃത്തത്തെക്കുറിച്ച് ആവർത്തിച്ച് പറയുന്നതും അതിൽ മേനി കൊള്ളുന്നതും കാണാം. ഇവിടെ അച്ഛനെന്ന ഇമേജ് അയാളിൽ സൃഷ്ടിക്കുന്ന ചില ബോധ്യങ്ങളുടെ ബാക്കിപത്രം കൂടിയാണിത്. ഇതിൽ ശ്രദ്ധിക്കേണ്ട ചില സൂചകങ്ങൾ കാണാം. ചിത്രത്തിൽ അയാളുടെ അച്ഛൻ്റെ കമ്പനിയുടെ പേര് 'സ്വാസ്തിക്' എന്നാണ്. അതിൻ്റെ ചിഹ്നവും സാക്ഷാൽ ഹിറ്റ്‌ലറുടെ സ്വാസ്തിക തന്നെ. ഹിറ്റ്ലറുടെ കാലത്ത് ജർമനി 'ഫാദർലാൻഡ്' ആയിരുന്നു എന്നതോർക്കുക. അതിശക്തനും, കുടുംബത്തിൻ്റെ , ദേശത്തിൻ്റെ സംരക്ഷകനുമായ ഒരു പിതൃരൂപം ഇവിടെ ആഘോഷിക്കപ്പെടുന്നുണ്ട്. സർവ്വശക്തനായ ആ പിതൃരൂപത്തിൻ്റെ ആജ്ഞകൾ മാത്രം നടപ്പിലാവുന്ന ഒരു ഫാഷിസ്റ്റ് ഡിസ്റ്റോപ്പിയയാണ് (ഹിറ്റ്ലറുടെ ജർമനി ഓർക്കുക) വിജയ് സ്വപ്നം കാണുന്നത്. അച്ഛനു നേരെ വധശ്രമമുണ്ടാവുന്ന സമയത്ത് അവിടേക്കെത്തുന്ന വിജയ്, കമ്പനി തൊഴിലാളികളോട് നടത്തുന്ന പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ അതിസൂക്ഷമമായ വായന ആവശ്യപ്പെടുന്നുണ്ട്. ആവേശത്തോടെ പ്രസംഗിക്കുന്ന അയാളുടെ പിന്നിൽ സ്വസ്തിക ചിഹ്നം കാണാം. കൂടാതെ ഹിറ്റ്ലറുടെ ശൈലിയിൽ കൈകൾ മുന്നോട്ടുയർത്തിയാണ് അയാൾ പ്രതിജ്ഞയെടുക്കുന്നത്. തൻ്റെ അച്ഛനെ ഇല്ലാതാക്കാൻ ശ്രമിച്ചവരെ താൻ കണ്ടെത്തി വകവരുത്തുമെന്ന് പ്രഖ്യാപിക്കുന്ന ആ പ്രസംഗത്തിൽ അയാളുടെ വാചകങ്ങൾ കാണികൾ ആവർത്തിക്കുന്നതും, അയാളുടെ വാചകങ്ങളാൽ ഒരുതരം frenzied അവസ്ഥയിൽ എത്തിപ്പെടുന്നതും കാണാം.
തൻ്റെ കാമുകിയോട് വിജയ് പറയുന്നത് നിൻ്റെ ഇടുപ്പിന് ആവശ്യത്തിന് വലിപ്പമുണ്ടെന്നും അതിനാൽ ആരോഗ്യമുള്ള ധാരാളം കുട്ടികളെ പ്രസവിക്കാനാകുമെന്നുമാണ്. തൻ്റെ വംശപരമ്പര കാത്തുസൂക്ഷിക്കാനുള്ള അയാളുടെ അമിതമായ താല്പര്യത്തിൻ്റെ നിഴലിലാണ് അയാളുടെ പ്രണയം പോലും. നാസിസം ഉത്തമരായ മനുഷ്യരാൽ ലോകം നിയന്ത്രിക്കപ്പെടണമെന്ന് ശഠിച്ച പ്രത്യയശാസ്ത്രമാണ്. ഏറ്റവും ശേഷിയുള്ള, കരുത്തുള്ള മനുഷ്യരായി ആര്യന്മാരെ കാണുകയും അവരുടെ ആധിപത്യത്തെ സ്വാഭാവികമെന്നോണം പറഞ്ഞുറപ്പിക്കുകയുമാണ്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന ജീനാണ് തൻ്റെത് എന്ന് രൺബീറിൻ്റെ കഥാപാത്രം ഇടയ്ക്കിടെ അവകാശപ്പെടുന്നുണ്ട്. തൻ്റെ കുടുംബത്തിൻ്റെ ജീനുകൾ എത്ര ശ്രേഷ്ഠമാണെന്നും അയാൾ അഭിമാനത്തോടെ പറയുന്നുണ്ട്. തൻ്റെ വംശപരമ്പരയുടെ മേന്മയിലുള്ള ഈ അഭിമാനബോധം നവനാസിയൻ പ്രത്യയശാസ്ത്രത്തെ അനാവരണം ചെയ്യുന്നു.(അതിശക്തരായ ഉത്തമ മനുഷ്യരെ സൃഷ്ടിക്കാനുള്ള നാസി ജെനെറ്റിക് പ്രോജക്ട് ഓർക്കുക) നെഗറ്റിവ് ഷെയ്ഡോട് കൂടിയ നായക കഥാപാത്രത്തിൻ്റെ സ്വഭാവ സവിശേഷതയായി ഇതിനെ മനസ്സിലാക്കിക്കൂടെയെന്ന വാദത്തെ അടിയോടെ പിഴുതു മാറ്റുന്നതാണ് ചിത്രത്തിലെ വില്ലൻ്റെ പ്രതിനിധാനം. ചിത്രത്തിൻ്റെ രാഷ്ട്രീയ സൂചനകൾ വെറുമൊരു തോന്നലല്ലെന്ന ഉറപ്പിലേക്കാണ് ഈ കാഴ്ചപ്പെടുത്തൽ കാണികളെ കൊണ്ടെത്തിക്കുന്നത്.
അനിമലിലെ പ്രധാന വില്ലനായി എത്തുന്നത് ബോബി ഡിയോൾ അവതരിപ്പിക്കുന്ന മുസ്ലിം കഥാപാത്രമാണ്. ഇവിടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയാണ് അനിമലിൻ്റെ ഫ്രയിമുകൾക്കിടയിലെ രാഷ്ട്രീയ സൂചനകളെ പ്രസക്തമാക്കുന്നത്. രണ്ടു ഭാര്യമാരുള്ള ബോബിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അയാളുടെ മൂന്നാം വിവാഹത്തിൻ്റെ വേളയിലാണ്. ഒരു യാഥാസ്ഥിതിക സംഘി കാഴ്ചപ്പാടിലെ മുസ്ലിം അവതരണമാണ് നാല് കെട്ടും, ലവ് ജിഹാദും ബീഫ് തീറ്റയുമൊക്കെ. സംഘി ഫാഷിസം അതിൻ്റെ എല്ലാ തീവ്രതയോടും കൂടി നാടിനെ വിഴുങ്ങുന്ന കാലത്തെ ഇത്തരമൊരു 'മൂന്ന് കെട്ട്’ കാഴ്ച അത്ര നിഷ്കളങ്കമാണെന്ന് കരുതുക വയ്യ. സ്വന്തം വിവാഹസ്ഥലത്തു വച്ചു തന്നെ നവവധുവിനെ പ്രാപിക്കുന്ന, ഉടനടി അവളെ ഗർഭിണിയാക്കുന്ന മുസ്ലിം കഥാപാത്രം, എഡ്‌വേഡ് സെയ്ദിൻ്റെ ഓറിയെൻ്റലിസം(Orientalism ) എന്ന ഗ്രന്ഥത്തിലെ ചില പ്രസ്താവനകൾ ഓർമിപ്പിക്കുന്നു. സെയ്ദിൻ്റെ അഭിപ്രായത്തിൽ പടിഞ്ഞാറൻ നോട്ടത്തിൽ കിഴക്കിലെ പ്രത്യേകിച്ചും അറബ് നാടുകളിലെ മനുഷ്യർ അപരിഷ്‌കൃതരും അമിതമായ ലൈംഗീകവാഞ്ഛയുള്ളവരുമാണ്. അവർ കിഴക്കുള്ള 'സംസ്കാരമുള്ള' മനുഷ്യരുടെ അപരരാവുന്നു. ചിത്രത്തിലെ മുസ്ലിം പ്രതിനിധാനം ഇത്രമേൽ ഏകപക്ഷീയമായ ഒന്നാവുന്നതിനോടൊപ്പം തന്നെയാണ് നരേന്ദ്ര മോഡിയുടെ 'മെയ്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' തുടങ്ങിയ പരിപാടികളുടെ സൂചനകൾ ചിത്രത്തിൽ കടന്നു വരുന്നത്.
ബോക്സ് ഓഫീസിലെ പണക്കിലക്കം മാത്രം ലക്ഷ്യമിട്ടുള്ള ഒരു കച്ചവട സിനിമയാണ് ആത്യന്തികമായി അനിമൽ. എങ്കിലും മേക്കിങ്ങിൽ സാധാരണ ബോളിവുഡ് മസാല സിനിമകളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് സമ്മതിക്കേണ്ടി വരും. civilized ആയ മനുഷ്യരുടെ യാതൊരു സ്വഭാവഗുണങ്ങളുമില്ലാത്ത ഒരു കൂട്ടമാളുകളുടെ കഥയാണ് അനിമൽ പറയുന്നത്. വിജയ് എന്ന നായകഥാപാത്രം ഒരിക്കൽ പോലും സർവ്വഗുണ സമ്പന്നനാണെന്ന സൂചനയും സംവിധായകൻ നൽകുന്നില്ല. പൊളിറ്റിക്കൽ കറക്ട്നെസ് വിചാരണയിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ അതിലൂടെ സാധിക്കുമെങ്കിൽ പോലും, ചിത്രത്തിൻ്റെ സൂക്ഷ്മരാഷ്ട്രീയം അവഗണിക്കാവുന്ന ഒന്നല്ല. ഇന്നിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സന്ദീപ് റെഡ്ഢി വാങ്കയുടെ ഫ്രയിമുകൾ നിരവധി ചോദ്യങ്ങളെ നേരിടേണ്ടി വരും. അർജ്ജുൻ റെഡ്ഢി മുതലുള്ള ഹൈപ്പർ മാച്ചോ സർക്കസിനുള്ളിലെ പ്രത്യയശ്ശാസ്ത്ര പരിസരം ചികഞ്ഞു നോക്കേണ്ടത് അനിവാര്യമായി മാറും. ഫാഷിസ്റ്റ് കാലത്തെ രാഷ്ട്രീയ ജാഗ്രത അതിനു നിർബന്ധിക്കുന്നുണ്ട്