ബ്യോംകേഷ് ബക്ഷി ക്ലൈമാക്‌സ് ഒന്നുമതി സുശാന്തിലെ നടനെ അറിയാന്‍

ബ്യോംകേഷ് ബക്ഷി ക്ലൈമാക്‌സ് ഒന്നുമതി സുശാന്തിലെ നടനെ അറിയാന്‍
Published on

ഡിറ്റക്റ്റീവ് ബ്യോംകേഷ് ബക്ഷി എന്ന സിനിമയെ സംവിധായകന്‍ ദിബാകര്‍ ബാനര്‍ജി ക്ലൈമാക്‌സിലേക്കെത്തിക്കുന്ന രീതി സവിശേഷതയുള്ളതായിരുന്നു. ബോളിവുഡിലെ പതിവ് കഥനരീതികളില്‍ നിന്ന് വ്യത്യസ്ഥമായ എഡിറ്റിങ് പാറ്റേണും പശ്ചാത്തലവുമൊക്കെയായി അത്ര 'സ്വാഭാവികമല്ലാത്ത' രീതിയില്‍ മുന്നോട്ട് പോയിടത്തുന്നിടത്ത് നിന്ന് ദിബാകര്‍ ബാനര്‍ജി ക്ലൈമാക്‌സിന് തൊട്ടുമുമ്പ് കുറ്റവാളികളെ വെളിപ്പെടുത്താനൊരുങ്ങുന്നു. പൂര്‍ണമായും അഭിനേതാക്കളുടെ പ്രകടനങ്ങളെ ആശ്രയിച്ച് നിശ്ചയിച്ചൊരു ക്ലൈമാക്‌സ്. സ്വാസ്തിക മുഖര്‍ജിയും നീരജ് കബിയും ഉള്‍പ്പെടെ പ്രഗല്‍ഭമതികളായ അഭിനേതാക്കള്‍ അണിനിരന്ന ഈ രംഗത്തില്‍ ഈ രംഗത്തില്‍ ഒരുപക്ഷേ ഏറ്റവും വലിയ പരീക്ഷണം നേരിടണ്ടിവന്നത് നായകവേഷം ചെയ്ത സുശാന്ത് സിംഗ് രാജ്പുത് ആയിരുന്നിരിക്കും. നീരജ് കബിയുടെ ഡോ. അനുകൂല്‍ ഗുഹയുടെ പ്രകനടത്തിനൊപ്പം കത്തിക്കയറി നില്‍ക്കേണ്ട ഉത്തരവാദിത്വം കൂടി ബ്യോംകേഷ് ബക്ഷിയായ സുഷാന്തിനുണ്ട്. അതേ സമയം തന്നെ സുശാന്തിന്റെ കഥാപാത്രം ഡിറ്റക്ടീവ് ബക്ഷി അതുവരെ പിന്തുടര്‍ന്ന മിതത്വമുള്ള എക്‌സന്‍ട്രിക് സ്വഭാവം കൈവിട്ടുപോകാനും പാടില്ല. സുഷാന്ത് അവതരിപ്പിക്കുന്ന കഥാപാത്രം ശരീരഭാഷയിലും ഭാവ വിനിമയത്തിലും അല്‍പ്പം ഓവറോ, കുറച്ച് പിന്‍വലിഞ്ഞോ പോയാല്‍ ആ രംഗം അതിസാധാരണമായിപ്പോവും. ഈ വെല്ലുവിളിയെ അനായാസമായി വിജയമാക്കിയത് കണ്ടത് മുതലാണ് സുശാന്ത് സിംഗ് രജ്പുത് എന്ന നടനെ ശ്രദ്ധിക്കുന്നത്.

ഹിന്ദി സോപ്പ് ഓപ്പറകളില്‍നിന്ന് സിനിമയിലേക്ക് പ്രമോഷന്‍ കിട്ടിയെത്തിയതാണ് സുഷാന്ത്. റൊമാന്റിക് റോളുകളിലൂടെയും ഏറെ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത കഥാപാത്രങ്ങളിലൂടെയും ബോളിവുഡില്‍ ചുവടുറപ്പിച്ച നായകന്‍. അത്തരമൊരു നടനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഒന്നല്ല കഥാപാത്രത്തിന്റെ വൈവിധ്യതകള്‍ക്കൊത്ത് പരിണമിക്കാനാകുന്ന നിയന്ത്രിതാഭിനയം.

ബ്യോംകേഷ് ബക്ഷിയില്‍ നിന്ന് ശാരീരികവും മാനസികവുമായ വലിയ അദ്ധ്വാനം ആവശ്യമുള്ള എം എസ് ധോനി പോലെയുള്ള ബയോപ്പിക്കിലും അവസാനം ശ്രദ്ധിക്കപ്പെട്ട ചിത്‌ചോരെയിലുമെല്ലാം അണ്ടര്‍പ്ലേ കൊണ്ട് പ്രകടത്തിന് മിഴിവേകുന്ന സുഷാന്തിനെ കാണാനാകും. ഫ്രെയിമിലുള്ള നിരവധി കഥാപാത്രങ്ങളില്‍ ഒരാളായി ഒതുങ്ങാനുള്ള അയാളുടെ കഴിവായിരുന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാന ഘടകമായത് .സോഞ്ചിരിയ തന്നെ നോക്കൂ ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരായ മനോജ് ബാജ്‌പെയും രണ്‍വീര്‍ േെഷാറെയും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. സാധാരണ ഗതിയില്‍ ഒരു ചോക്ലേറ്റ് മുഖവും ശരീരഭാഷയുമുള്ള സുശാന്തിനെപ്പോലൊരു നടന്‍ സോഞ്ചിരിയയുടെ പീരീഡ് സെറ്റപ്പിനോട് ചേര്‍ന്നുപോകാത്ത രൂപവും ശരീരവുമാണ്.

അവിടെയും മികച്ച അഭിനേതാക്കളുടെ പ്രകടനത്തോട് തോള്‍ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ കഥാപാത്രത്തിന് വേണ്ടത് മാത്രം നല്‍കി സുഷാന്ത്. ബോളിവുഡ് മുതലുള്ള കമേഴ്‌സ്യല്‍ സിനിമയുടെ റൊമാന്റിക് ഹീറോ മാനദണ്ഡങ്ങളില്‍ ഫുള്‍മാര്‍ക്ക് കിട്ടാവുന്ന ഒരു നായകനടന് ഇത്ര അനായാസം ഒരു ഫ്രെയിമിലേക്ക് കലര്‍ന്ന് കഥാപാത്രമായി ഒതുങ്ങാന്‍ സാധിച്ചെങ്കില്‍ അയാള്‍ക്ക് മുന്നിലുള്ള സാധ്യത വളരെ വിശാലമായിരുന്നു. സുശാന്ത് സിങ് അസ്തമിക്കുമ്പോള്‍ ചെയ്തുവെച്ച മികച്ച കഥാപാത്രങ്ങള്‍ മാത്രമല്ല ബാക്കിയാവുന്നത് ബോളിവുഡിലെ കമേഴ്‌സ്യല്‍ ടെംപ്ലേറ്റുകള്‍ ഒഴിവാക്കി ആലോചിക്കാനാകുന്ന ഒരു പിടി കഥാപാത്രങ്ങള്‍ കൂടിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in