നവീന്‍ കുമാര്‍ ഗൗഡയില്‍ നിന്ന് യഷിലേക്ക്

നവീന്‍ കുമാര്‍ ഗൗഡയില്‍ നിന്ന് യഷിലേക്ക്
Published on

നവീന്‍ കുമാര്‍ ഗൗഡ എന്ന പേര് അധികം ആരും അങ്ങനെ കേട്ടിട്ടുണ്ടാവില്ല. 1986 ജനുവരി 8നാണ് കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഭൂവനഹള്ളിയിലാണ് നവീന്‍ കുമാര്‍ ഗൗഡ ജനിക്കുന്നത്. പഠനത്തിന് ശേഷം കര്‍ണാടകയിലെ തിയേറ്റര്‍ ഗ്രൂപ്പായ ബെനകയുടെ ഭാഗമായ ആ ചെറുപ്പക്കാരന്‍ ഒരു സ്റ്റേജ് നെയിം സ്വീകരിക്കുകയുണ്ടായി. യഷ് എന്നായിരുന്നു ആ പേര്. കന്നഡ സിനിമയെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ചവരുടെ കൂട്ടത്തില്‍ കെജിഎഫ്് എന്നും റോക്കി ഭായ് എന്നും അടയാളപ്പെടുത്തുന്നത് പോലെ തന്നെ യഷ് എന്ന പേരും ഇനിയുണ്ടാവും.

നന്ദ ഗോകുല എന്ന ടെലിവിഷന്‍ സീരിയയിലാണ് യഷിന്റെ മുഖം ആദ്യമായി സ്‌ക്രീനിലെത്തുന്നതെങ്കിലും 2008ല്‍ ശശാങ്ക് സംവിധാനം ചെയ്ത മൊഗ്ഗിന മനസ്സിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം, അതിനു ശേഷം 12 കന്നഡ സിനിമകളോളം ചെയ്തുവെങ്കിലും ശ്രദ്ധ കിട്ടുന്നതും, ചെറിയ രീതിയില്ലെങ്കിലും ഒരു സ്റ്റാര്‍ഡം ക്രിയേറ്റ് ചെയ്തു നല്‍കിയതും 2013ല്‍ റിലീസ് ചെയ്ത ഗൂഗ്ലി എന്ന ചിത്രമാണ്.

ഗൂഗ്ലി ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ സിനിമയായി മാറി. തുടര്‍ന്ന് റിലീസ് ചെയ്ത ഗജകേസരിയും ബോക്‌സ് ഓഫീസില്‍ വിജയമായതോടെ യഷ് എന്ന പേരിനു കന്നഡ ഇന്‍ഡസ്ട്രിയുടെ കൊമേര്‍ഷ്യല്‍ സാധ്യതകളില്‍ മിനിമം ഗ്യാരണ്ടീ നടന്‍ എന്ന ബ്രാന്‍ഡിംഗ് കൂടി ലഭിച്ചു. അതെ വര്‍ഷം തന്നെ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് രാമചരി 50 കോടി കളക്ഷന്‍ നേടി, കന്നഡ സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി മാറി. ഇത്രയുമാണ് കെ.ജി.എഫിന് മുന്നേയുള്ള യഷിന്റെ കഥ.

2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫിനും പറയാനുണ്ട് റോക്കി ഭായിക്ക് ഉള്ളപോലെ ഒരു ഫ്‌ലാഷ്ബാക്ക് സ്റ്റോറി. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് രാമചരിയുടെ വലിയ വിജയത്തിന് ശേഷം 2015 മാര്‍ച്ചില്‍ യഷ് 4 സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്നു. അതിലൊന്ന് ഉഗ്രം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീലിനായിരുന്നു. 80 കോടി ബഡ്ജറ്റില്‍ കന്നഡ ഇന്ടസ്ട്രിയിലെ തന്നെ ഏറ്റവും വലിയ സിനിമയിലെ നായകനാക്കുവാന്‍ വേണ്ടിയാണ് പ്രശാന്ത് നീല്‍ യഷിന്റെ അടുക്കലെത്തിയത്. 80 കോടിയായിരുന്നു കെജിഫിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ്. ഇത്രയും വലിയ ബഡ്ജറ്റില്‍ വരുന്ന സിനിമയായതുകൊണ്ട് തന്നെ കെജിഫിനെ മുന്നോട്ട് കൊണ്ട് പോവുകയെന്നത് റോക്കി ഭായ് എന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ കൂടി ആവശ്യമായിരുന്നു. ഒരുപക്ഷെ യഷിനും അറിയുമായിരുന്നിരിക്കണം കെജിഫിന്റെ വിജയം ഇന്ടസ്ട്രിയെ എത്രമാത്രം ഉയര്‍ത്തുമെന്നും, താരമെന്ന നിലയില്‍ തന്റെ വളര്‍ച്ചയെ എത്രമാത്രം സപ്പോര്‍ട്ട് ചെയ്യുമെന്നും.

മേ ഐ കം ഇന്‍ എന്ന് പറഞ്ഞ് കയ്യിലൊരു തോക്കുമേന്തി റോക്കി ഭായ് കടന്നു വന്നത് സാന്‍ഡല്‍വുഡിന് ഒരു പാന്‍ ഇന്ത്യന്‍ ഗ്രോത്ത് നല്‍കാന്‍ വേണ്ടി തന്നെയായിരിക്കും.

സ്വപ്നം കണ്ടതിനും മുകളില്‍ ലഭിക്കുന്ന സ്വീകാര്യത എന്നൊക്കെ പറയുന്നത് ഒരുപക്ഷെ കൂടുതല്‍ അര്‍ത്ഥവത്താകുന്നത് കെജിഫിന്റെ കാര്യത്തിലായിരിക്കും. കന്നഡ ഇന്ടസ്ട്രിക്ക് പുറമെ തമിഴ്‌നാട് കൂടി ലക്ഷ്യം വെച്ചിറക്കിയ സിനിമ ഇന്ത്യയിലെ തന്നെ എല്ലാ ഭാഷകളിലും സ്വീകരിക്കപ്പെട്ടു. നീട്ടിയ താടിയും, നീണ്ടു കിടക്കുന്ന മുടിയും, ഡോമിനേറ്റിങ് മെയില്‍ അപ്പിയറന്‍സും, ഡയലോഗ് ഡെലിവെറിയും റോക്കി ഭായിക്ക് വലിയ ഫാന്‍ ഫോള്ളോവിങ് ഉണ്ടാക്കി കൊടുത്തു. റോക്കി ഭായ് 100 പേരെ ഒറ്റക്ക് ഇടിച്ചിട്ടു എന്ന് പറയുമ്പോള്‍ ഒരു തരത്തിലും ഷോക്കിങ് അല്ലാതെ, 'അതിനിപ്പോ എന്താ റോക്കി ഭായ് ഇടിച്ചിടും' എന്ന് പറയാന്‍ പാകത്തിന് ആ കഥാപാത്രത്തെ പ്രേക്ഷകരുടെയുള്ളില്‍ പ്ലേസ് ചെയ്തു. അതോടെ യഷ് എന്ന പേരിന്റെ ബ്രാന്‍ഡ് വാല്യൂവും കൂടി.

ഒരു നടനെ താരമാക്കുന്നതില്‍ പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ കഴിയുന്ന സിനിമകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പല പ്രായത്തിലുള്ള പല ഭാഷയിലുള്ള പല ചിന്താഗതിയിലുള്ള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കെജിഎഫ് വന്ന് നിന്നപ്പോള്‍, ഇതിന് മുന്‍പ് ഒരു കന്നഡ സിനിമ പോലും കണ്ടിട്ടില്ലാത്ത മലയാളിപ്രേക്ഷകരും ടിക്കറ്റെടുത്തു. 240 കോടി രൂപക്ക് മുകളിലുള്ള കളക്ഷനായിരുന്നു ചിത്രം നേടിയത്. കന്നഡ ഇന്ഡസ്ട്രിക്കും രാജ്യത്തെ മറ്റ് റീജിയണല്‍ സിനിമകള്‍ക്കും ഒരുപാട് വാതിലുകള്‍ ചിത്രം തുറന്നിട്ടു. കെജിഫ് സൃഷ്ട്ടിക്കുന്ന ലോകത്തിന്റെ അതെ വലുപ്പം റോക്കി എന്ന കഥാപാത്രത്തിനും ഉള്ളതുകൊണ്ട് തന്നെ കെജിഫ് ചാപ്റ്റര്‍ രണ്ടിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണവും ഒരുപാട് തന്നെ.

നാടകങ്ങളിലും, സീരിയലുകളിലും, അഭിനയം തുടങ്ങിയ യഷ് ഇന്ന് എത്തി നില്‍ക്കുന്ന ദൂരവും ഉയരും പലര്‍ക്കും ഇന്‍സ്പയറിങ്ങാണ്. കെജിഫ് 2വോട് കൂടി റോക്കി ഭായിയുടെ അധ്യായം അവസാനിക്കും. സിനിമ അവസാനിച്ചാലും, റോക്കി ഭായ് എന്ന ഹീറോ ടെംപ്‌ളേറ്റിനെ പിന്തുടര്‍ന്ന് ഇനിയും ഒരുപാട് സിനിമകള്‍ വന്നേക്കാം. യഷിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. കെജിഫിലൂടെ തുടങ്ങിയ അധ്യായം ഇനിയും ഒരുപാട് മുന്നോട്ട് പോകുക തന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in