സീൻ മാറ്റുന്ന സൗബിൻ ഷാഹിർ
സുഭാഷിന് ജീവനുണ്ടെന്ന് മനസ്സിലാക്കി ആ കുഴിയിലേക്ക് ഇറങ്ങാൻ മടി കാണിക്കുന്ന ഓഫീസർമാരുടെ മുന്നിലേക്ക് ഞാൻ ഇറങ്ങാം സാറേ എന്ന് പറഞ്ഞു ധൈര്യപൂർവം മുന്നോട്ട് വരുന്ന ഒരാളുണ്ട്. ആ കൂട്ടത്തിലെ മുതിർന്ന ഒരാൾ, കുട്ടൻ. ആ കൊടൈക്കനാൽ യാത്ര ആരംഭിക്കുന്നത് മുതൽ സുഭാഷിനെ രക്ഷിച്ചെടുക്കും വരെ ഒരു ചേട്ടനെപോലെ സംരക്ഷിച്ച അവരുടെ സ്വന്തം കുട്ടേട്ടൻ, അയാളെ മനോഹരമാക്കിയ സൗബിൻ ഷാഹിർ എന്ന അഭിനേതാവ്. പല ഗ്രാമപ്രദേശങ്ങളിലും കാണാനാകുന്ന ഒന്നാണ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ. ഒന്ന് നോക്കിയാൽ ആ ക്ലബ്ബിലെ ചെറുപ്പക്കാരെയും കുട്ടികളെയും നയിക്കുന്ന മുതിർന്നൊരു ചെറുപ്പകാരൻ എല്ലായിടത്തും ഉണ്ടാകും. ക്രിക്കറ്റ് ഗ്രൗണ്ടുകളിലും, കല്യാണങ്ങൾക്കും തുടങ്ങി ആ നാട്ടിലെ എല്ലാ ആഘോഷങ്ങൾക്ക് മുന്നിലുള്ള ഒരാൾ. സൗബിന്റെ കുട്ടേട്ടൻ അത്തരത്തിൽ ഉള്ളയാളാണ്, ആ റിലേറ്റബിൾ ഫാക്ടർ തന്നെയാണ് ഒരു സാധാരണ പ്രേക്ഷകനെ അയാളിലെ അഭിനേതാവിലേക്ക് അടുപ്പിക്കുന്നതും.
ഇതാദ്യമായല്ല സൗബിൻ സാധാരണക്കാരന്റെ വേഷത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. അതിന്റെ തുടക്കമായിരുന്നു സൗബിൻ ലീഡ് റോളിലെത്തിയ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കലർപ്പില്ലാത്ത കഥ പറഞ്ഞ സകരിയ ചിത്രം സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിന്റെ നായകനായ മജീദ് അവിവിവാഹിതനായ ഫുട്ബോളിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു മലപ്പുറം കാരനാണ്. തന്റെ അമ്മ രണ്ടാമതൊരു വിവാഹം കഴിച്ചതിന്റെ പേരിൽ അവരോട് അധികമായി സംസാരിക്കാത്ത തന്റെ രണ്ടാനച്ഛനെ അംഗീകരിക്കാത്ത ഒരാളാണ് മജീദ്. എന്നാൽ സാമുവേൽ എന്നയാൾ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് മുതൽ മജീദ് തന്നെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. ചിത്രം അവസാനിക്കുമ്പോൾ അയാൾ തന്റെ രണ്ടാനച്ഛൻ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുകയാണ് ചെയ്യുന്നത്. മജീദ് ഒരു അസാധാരണകാരനല്ല. ഒരു സാധാരണക്കാരന്റെ എല്ലാ ദൗർബല്യങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരുന്ന, യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ്. അയാളെ കൃത്യമായ അളവിൽ സൗബിൻ എന്ന ആക്ടർ തനിക്കൊപ്പം ചേർത്തുനിർത്തിയപ്പോൾ അന്ന് അയാളെ തേടിയെത്തിയത് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡാണ്.
ഒരു ബ്രോതേർഹുഡ് അല്ലെങ്കിൽ ബ്രോമാൻസ് സ്‌ക്രീനിൽ തന്മയത്വത്തോടെ അവതരിപ്പിച്ചെടുക്കാൻ സൗബിന് കഴിയാറുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ സജി കുടുംബത്തിലെ മൂത്ത ചേട്ടൻ എന്ന സ്ഥാനത്തിന്റെ യാതൊരു ഉത്തരവാദിത്വങ്ങളും തലയിലെടുക്കാത്ത വൾനറബിൾ ആയ മനുഷ്യനാണ്. സജി നിസ്സാഹായനാകുന്നുണ്ട്, അയാൾക്ക് തെറ്റുകൾ സംഭവിക്കുന്നുണ്ട്, ഉറക്കെ കരയുന്നുണ്ട്, ഒടുവിൽ തിരിച്ചറിവുകളും ഉണ്ടാകുന്നുണ്ട്. മലയാള സിനിമ കാലങ്ങളായി കെട്ടിപ്പടുത്ത കുടുംബസ്നേഹിയായ വല്യേട്ടൻ അല്ല സൗബിന്റെ സജി. ഒരു imperfect ആയ കുടുംബത്തിലെ imperfect മനുഷ്യനാണ് അയാൾ. സ്വന്തം സഹോദരങ്ങളെക്കുറിച്ചോ അവരുടെ നിലനില്പിനെക്കുറിച്ചോ സജിക്ക് ആവലാതികളില്ല. എന്നാൽ അറിയാതെയാണെങ്കിലും താൻ ചെയ്ത തെറ്റിന്റെ പേരിൽ അയാൾ പശ്ചാത്തപിക്കുന്നുണ്ട്. എന്റെ പണിയാകെ പാളിയിരിക്കുകയാണ് എന്നോയൊന്ന് ആശുപത്രിയിൽ കൊണ്ടുപോകുമോ എന്ന് മരവിച്ചൊരു മനസ്സുമായി അയാൾ പറയുമ്പോൾ, അയാളുടെ വിങ്ങിപൊട്ടിയുള്ള കരച്ചിൽ കാണുമ്പോൾ അത് സജിയെ കൂടുതൽ നമ്മുടെ ഉള്ളിലേക്ക് അടുപ്പിക്കുന്നു. എടുത്ത് പറയത്തക്ക പ്രേത്യേക കഴിവുകളോ അമാനുഷികതയോ ഇല്ലാത്ത സജിയെ സൗബിൻ മികച്ചതാക്കിയപ്പോൾ അവിടെ പ്രേക്ഷകർ കണ്ടത് വർക്കിംഗ് ക്ലാസ് വിഭാഗത്തിലെ ഒരു സാധാരണ മനുഷ്യന്റെ പ്രതിരൂപമാണ്.
വളരെ ലൗഡ് ആയ, ഓവർ ദി ടോപ് ആയ കഥാപാത്രങ്ങളും, അങ്ങിങ്ങായുള്ള മിസ്കാസ്റ്റിന്റെ പേരിൽ മോശം പ്രകടനങ്ങളും സൗബിന്റെതായി ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം തിരികെ സാധാരണക്കാരനായി മാറി കൂട്ടത്തിനുള്ളിലെ മുതിർവനായി സൗബിൻ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഒരു സൗഹൃദ വലയത്തിൽ പല പ്രായത്തിലുള്ള മനുഷ്യർക്കിടയിൽ അവരിൽ ഒരാളായി ഇഴുകിച്ചേരാൻ സൗബിൻ ഷാഹിറിന് വളരെ വേഗം സാധിക്കാറുണ്ട്. ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചത്തിലും അത്തരത്തിൽ കൂട്ടത്തിൽ ഒരുവനാണ് സൗബിന്റെ ജിബിൻ. കുമ്പളങ്ങി നൈറ്റ്സിലും സുഡാനി ഫ്രം നൈജീരിയയിൽ നിന്നേറെ വ്യത്യസ്തമായി തമാശകളും ആഘോഷങ്ങളുമായി കൂട്ടത്തിനൊപ്പം ഒരു വീടിനുള്ളിൽ താമസിക്കുന്നയാളാണ് സൗബിന്റെ കഥാപാത്രം. സൗബിന്റെ തന്നെ കംഫോർട്ട് സോണിൽ അയാളെത്തന്നെ പൊളിച്ചെഴുതിയ കഥാപാത്രമായിരുന്നു ഭീഷ്മയിലെ അജാസ്. ഗേറ്റ് തള്ളിത്തുറന്ന് അജാസ് എത്തുമ്പോൾ അവിടെ കണ്ടത് ഒരു മാസ്സ് പരിവേഷമുള്ള സൗബിൻ ഷാഹിറിനെ ആയിരുന്നു.
മഞ്ഞുമ്മൽ ബോയ്‌സിലേക്ക് എത്തുമ്പോൾ ആ സൗഹൃദ സംഘത്തിന്റെ തലപ്പത്ത് കുട്ടേട്ടനുണ്ട്. കുട്ടികാലത്ത് കൂട്ടത്തിൽ ഒരാൾ വെള്ളത്തിലേക്ക് മുങ്ങിത്താഴുമ്പോൾ അതിലേക്ക് എടുത്ത് ചാടി അവന്റെ ജീവൻ രക്ഷിക്കുന്നത് മുതൽ ഏറ്റവുമൊടുവിൽ കുഴിയിൽ വീണ സുഭാഷിനെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് കരകയറ്റുന്നതും സൗബിന്റെ കുട്ടേട്ടനാണ്. ഒപ്പം ചേരുന്നതിനോടൊപ്പം തന്നെ ആ കൂട്ടത്തിൽ മുതിർന്നയാളെന്ന ചിന്തയും അയാൾക്കുണ്ട്. താഴെ ഗുണ കെവിലേക്ക് ഇറങ്ങി ചെല്ലാൻ കൂട്ടുകാർ ആവേശം കൂട്ടുമ്പോൾ വേണ്ടടാ ഫോറെസ്റ്റുകാരൊക്കെ ഉണ്ട്, നമുക്ക് തിരികെ പോകാം എന്ന് അവരെ പിന്തിരിപ്പിക്കാൻ അയാൾ ശ്രമിക്കുന്നുമുണ്ട്. സുഭാഷ് മടങ്ങിവരില്ല അവൻ മരിച്ചെന്ന് എല്ലാവരും പറയുമ്പോഴും അവനെ തിരികെയെത്തിക്കാൻ കുട്ടേട്ടൻ എല്ലാ തരത്തിലും ശ്രമം തുടരുന്നുണ്ട്. സുഭാഷിനെ വീട്ടിൽ നിന്ന് കൊണ്ടുപോകുമ്പോഴും ഞാൻ നോക്കിക്കോളാം എന്ന ഉറപ്പിൽ ഒരു മൂത്ത ചേട്ടനെപോലെയാണ് അയാൾ പെരുമാറുന്നത്. ചിത്രത്തിന്റെ ടെക്‌നിക്കൽ വശങ്ങളെയും കമൽ ഹാസന്റെ ഗുണയെയും പരാമർശിക്കുന്നതിനോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് സൗബിൻ ഷാഹിറിന്റെ പ്രകടനവും.