തന്റെ ഭാവഗരിമയുള്ള ശബ്ദത്തിലൂടെ മലയാളത്തെ മുഴുവന്‍ സ്വന്തമാക്കിയ പി ജയചന്ദ്രന്റെ പുത്തന്‍ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം.
ഹോളിവുഡ് നടന്‍മാരോട് കിടപിടിക്കാവുന്ന വിധം കിടിലിന്‍ മേക്ക്ഓവറിലുള്ള ജയചന്ദ്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ടീ ഷര്‍ട്ടിട്ട്, തല മൊട്ടയടിച്ച്, മസിലൊക്കെ പെരുപ്പിച്ച് മലയാളിയുടെ ഭാവഗായകന്‍ നില്‍ക്കുന്നത് കണ്ടാല്‍ ആരും ഞെട്ടുമെന്നറുപ്പ്. മലയാളികളുടെ ഭാവഗായകന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ നിറഞ്ഞു സോഷ്യല്‍ ലോകം. ഈ പുതിയ രൂപമാറ്റത്തെക്കുറിച്ച് മാഷിനോട് തന്നെ ചോദിക്കാം.
ലോക്ക് ഡൗണ്‍ ആര്‍ട്ട് അല്ല കൂട്ടുകാരന്‍ തന്ന പണി
ലോക്ഡൗണ്‍ കാലത്തെ പരീക്ഷണമാണോ ഇതെന്ന ചോദ്യത്തിന് അല്ലേയല്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്റെ സുഹൃത്ത് സതീഷ് ഒപ്പിച്ച പണിയാണിത്. അദ്ദേഹത്തെ കാണാനായി വീട്ടില്‍ ചെന്നപ്പോള്‍ എന്റെ രൂപം കണ്ട് ഒരു ഫോട്ടോ എടുക്കട്ടെ എന്നുചോദിച്ചു. ഞാന്‍ ആദ്യം വേണ്ടയെന്ന് പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ മകനാണ് ഇങ്ങനെ ഒരു മസില്‍മാന്റെ സ്‌റ്റൈലില്‍ നില്‍ക്കാന്‍ പറഞ്ഞത്. ഞാനെന്താ ഗുസ്തിക്കാരനാണോ ഇങ്ങനൊയൊക്കെ നില്‍ക്കാന്‍ എന്ന് ചോദിച്ച് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. പിന്നെ ഞാനും വഴങ്ങിക്കൊടുത്തു. ഫോട്ടോ എടുത്തെങ്കിലും അത് എവിടേയും പരസ്യപ്പെടുത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ പുള്ളി പണി പറ്റിച്ചു.
ജയേട്ടാ അടിപൊളിയെന്ന് മോഹന്‍ലാല്‍
ഫോട്ടോ കണ്ട് മോഹന്‍ലാല്‍ വിളിച്ചിട്ട്, ജയേട്ടാ അടിപൊളിയായിട്ടുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. പിന്നെ മന്ത്രി വി.എസ് സുനില്‍കുമാര്‍ വിളിച്ച് ഈ ഫോട്ടോ മോര്‍ഫ് ചെയ്തതാണോ അതോ ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചു. അങ്ങനെ കുറേപ്പേര്‍ വിളിച്ച് ചോദിച്ചപ്പോഴാണ് ഇത് ഫേയ്മസായതായി ഞാനും അറിയുന്നത്.
പിന്നെ ലോക്ഡൗണ്‍ കാലം ഞാന്‍ ചെലവഴിയ്ക്കുന്നത് എന്റെ പ്രിയഗാനങ്ങള്‍ ഒക്കെ ആസ്വദിച്ചാണ്. പാട്ടുകേട്ടങ്ങനെ ഇരിക്കാന്‍ ബഹുരസമെന്ന് മലയാളിയുെട ഭാവഗായകന്‍ പറയുന്നു. തൃശ്ശൂര്‍ പൂങ്കുന്നത്താണ് താമസം. എന്നും രാവിലെ ഗ്രൗണ്ടില്‍ നടക്കാന്‍ പോകുമായിരുന്നു. എന്നാലിപ്പോള്‍ പുറത്തിറങ്ങാന്‍ ഒക്കില്ലല്ലോ. അപ്പോള്‍ വീടിനുള്ളില്‍ തന്നെയിരുന്നുള്ള വ്യായാമങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. ഗുരുവായൂരപ്പന്റെ ഞാന്‍ പാടിയതടക്കമുള്ള പാട്ടുകള്‍ കേട്ടിരിക്കലാണ് തന്റെ മെയ്ന്‍ ഹോബിയെന്നും പി ജയചന്ദ്രന്‍.
ജയചന്ദ്രന്‍ മാഷ് മേക്ക് ഓവറിന്റെ ആളാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. മീശയിലും താടിയിലുമെല്ലാം എപ്പോഴും പരീക്ഷണം നടത്താറുണ്ടെന്നും ലോക്ഡൗണ്‍ കാലത്ത് പുറത്തുപോയി മുടിവെട്ടാന്‍ സാധിക്കാത്തതിനാലാണ് മൊട്ടയടിച്ചതെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മനോഹരന്‍ നായര്‍ പറഞ്ഞു. ചിത്രത്തിലെ സ്‌റ്റൈലും അദ്ദേഹത്തിന്റെ സ്വന്തം ക്രിയേഷന്‍ ആണത്രേ. ഈ ചിത്രം ആദ്യം സുഹൃത്തുക്കളുടെ ഇടയിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വന്നതെന്നും പിന്നീട് പലരും ഫെയ്സ്ബുക്കിലൊക്കെ ഷെയര്‍ ചെയ്തപ്പോള്‍ വൈറലായി മാറിയെന്നും തന്റെ മകള്‍ വരെ വിളിച്ച് ഇത് ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചതായും മനോഹരന്‍നായര്‍ പറഞ്ഞു.
ശബ്ദം വിട്ടുള്ള ഒരു കളിയ്ക്കും ഞാനില്ല
പുതിയ സ്‌റ്റൈല്‍ കണ്ടിട്ട് പെമ്പിള്ളേര്‍ പുറകെ വരുമെന്നൊക്കെ കമന്റുണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ വന്നാല്‍ താന്‍ ഓടിരക്ഷപ്പെടുമെന്നാണ് ജയചന്ദ്രന്‍ മാഷ് പറഞ്ഞത്. സിനിമയിലേയ്ക്ക് അഭിനയിക്കാന്‍ വിളിച്ചാല്‍ താന്‍ പോകില്ലെന്നും അദ്ദേഹം. അതിന് ജയചന്ദ്രന് തന്റേതായ കാരണങ്ങളും ഉണ്ട്. എന്റെ മേഖല സംഗീതമാണ്. ശബ്ദം വിട്ടുള്ള ഒരു കളിയ്ക്കും ഞാന്‍ ഒരുക്കമല്ല. ഇവിടെയല്ല,അങ്ങ് ഹോളിവുഡില്‍ നിന്നു വിളിച്ചാല്‍ പോലും ഞാന്‍ അഭിനയിക്കാന്‍ പോകില്ല. ഒത്തിരി പ്രയാസമേറിയ പരിപാടിയാണ് ഈ ഷൂട്ടിംഗ് ഒക്കെ. വല്ലാതെ അലച്ചില്‍ ഉണ്ടായാല്‍ അത് എന്റെ ശബ്ദത്തിനെ ബാധിക്കും.അതുകൊണ്ട് സിനിമാ അഭിനയം എനിക്ക് തീരെ താല്‍പര്യമില്ല. അപ്പോള്‍ പുതിയ ലുക്കില്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് താങ്കളെ കാണാനുള്ള ഭാഗ്യമുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോള്‍ ആ സ്വതസിദ്ധമായ ചിരിയായിരുന്നു മറുപടി.