കെജിഎഫ് മലയാളം പൃഥ്വിയുടെ വിഷന്‍, ഒന്നര വര്‍ഷം; 80ലേറെ താരങ്ങള്‍: ശങ്കര്‍ രാമകൃഷ്ണന്‍ അഭിമുഖം

കെജിഎഫ് മലയാളം പൃഥ്വിയുടെ വിഷന്‍, ഒന്നര വര്‍ഷം; 80ലേറെ താരങ്ങള്‍: ശങ്കര്‍ രാമകൃഷ്ണന്‍ അഭിമുഖം
Published on

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത യഷ് നായകനാവുന്ന കെജിഎഫ് 2 ഏപ്രില്‍ 13നാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് നിര്‍വ്വഹിക്കുന്നത്. കെജിഎഫ് 2 മലയാളം ഡബ്ബിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് ഡബ്ബിങ്ങ് പൂര്‍ത്തിയാക്കിയത്. മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നതെന്നും ശങ്കര്‍ രാമകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

കെ.ജി.എഫ് 2 മലയാളം പൃഥ്വിയുടെ വിഷന്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ മേഖലകള്‍ ഒരുമിച്ച് പാന്‍ സൗത്ത് ഇന്ത്യന്‍ സിനിമ എന്നൊരു കണ്‍സെപ്റ്റ് ഉണ്ടായി വരുന്നുണ്ട്. ഇപ്പോള്‍ മിക്ക തെന്നിന്ത്യന്‍ സിനിമകളുടെയും ഹിന്ദി ഡബ്ബ് വേര്‍ഷനും മികച്ച പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. പുഷ്പ, ബാഹുബലി പോലുള്ള സിനിമകള്‍ ഒരു പാന്‍ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന രീതിയില്‍ വരുന്നവയാണ്. ബോളിവുഡിലും കൊമേര്‍ഷ്യല്‍ രീതിയില്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നുണ്ട്. കെജിഎഫിലേക്ക് വരുമ്പോള്‍ ചിത്രത്തിന്റെ ആദ്യ ഭാഗം ഭയങ്കരമായി പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ പൃഥ്വിരാജ് സംവിധായകന്‍ പ്രശാന്ത് നീലിനെയും നിര്‍മ്മാതാക്കളായ വിജയ്, കാര്‍ത്തിക് എന്നിവരെയും കണ്ടപ്പോള്‍ പറഞ്ഞത് ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ വെറുമൊരു ഡബ്ബ്ഡ് വേര്‍ഷനല്ലാതെ ചെയ്യാമെന്നായിരുന്നു. പലപ്പോഴും മറ്റൊരു ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് അല്ലെങ്കില്‍ ഏതൊരു ഭാഷയിലേക്കും ഡബ്ബ് ചെയ്യുമ്പോള്‍ വളരെ ചുരുങ്ങിയ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് ഒരു ചടങ്ങിന് വേണ്ടി ചെയ്യുന്ന രീതിയാണ് സ്വീകരിക്കാറ്. നന്നായി ചെയ്യുന്നവരും ഉണ്ട്, ഇല്ലെന്നല്ല. പക്ഷെ കെജിഎഫ് 2-ലേക്ക് വരുമ്പോള്‍ ഈ സിനിമ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി ചെയ്യണം എന്നുള്ളതായിരുന്നു അവരുടെ വിഷന്‍. അങ്ങനെ പൃഥ്വിരാജാണ് എന്നോട് ഇങ്ങനെ ഒരു പ്രൊജക്ട് വന്നാല്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ചത്. എനിക്ക് ഇക്കാര്യത്തില്‍ സന്തോഷം തോന്നാന്‍ കാരണം സിനിമകളെക്കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാടും ഇത് തന്നെയാണ് എന്നതായിരുന്നു. ഇവിടെ നമ്മള്‍ നിര്‍മ്മിക്കുന്ന സിനിമകളും മറ്റ് ഭാഷകളില്‍ ഇത്തരത്തില്‍ അഭിന്ദിക്കപ്പെടണമെന്നുണ്ട്. ഇപ്പോള്‍ മിന്നല്‍ മുരളിയുടെ ഡബ്ബ്ഡ് വേര്‍ഷനെല്ലാം വളരെ ഹിറ്റാണ്. അത് ഒരിക്കലും ഡബ്ബ് ചെയ്ത സിനിമ എന്ന രീതിയിലല്ല കേരളത്തിനു പുറത്ത് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. കെജിഎഫ് 2 പോലൊരു സിനിമ മലയാളത്തില്‍ നല്ല രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തുകയും അവര്‍ സ്വീകരിക്കുകയും വേണമെന്നത് പൃഥ്വിയുടെ വിഷനാണ്. സത്യത്തില്‍ പൃഥ്വിരാജിനോട് കെജിഎഫ് ടീമിനുള്ള ബഹുമാനം തന്നെയാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് എനിക്ക് തോന്നുന്നത്.

ഡബ്ബ് ചെയ്തിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങള്‍

കെജിഎഫിന്റെ ഒരു പ്രത്യേകത വളരെ അധികം പാഷനും പ്രതിബദ്ധതയും ഉള്ള ഒരു ടീമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി അവര്‍ ഈ സിനിമയ്ക്കു വേണ്ടി പ്രയത്നിക്കുകയാണ്. ഞാന്‍ കെജിഎഫ് 2-ന്റെ ഡിറ്റിഎസ് വേര്‍ഷന്‍ കാണാന്‍ പോയത് മാംഗ്ലൂരില്‍ നിന്നു രണ്ട് മണിക്കൂര്‍ യാത്ര ചെയ്ത് ബസ്രൂര്‍ എന്നൊരു ഗ്രാമത്തില്‍ ഒരു സ്റ്റുഡിയോയിലാണ്. ഈ സിനിമയുടെ സൗണ്ട് വര്‍ക്കിനായി പണിത സ്റ്റുഡിയോ ആണത്. പിന്നെ ഇതിന്റെ കണ്ടന്റ് മുഴുവന്‍ ചെയ്തിരിക്കുന്നത് ബാംഗ്ലൂരില്‍ ആകാശ് സ്റ്റുഡിയോസിലാണ്. അവിടെ ആ സമയത്ത് വേറെ ഒരു സിനിമയും ചെയ്യുന്നില്ലായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കെജിഎഫ്2-ന് വേണ്ടി മാത്രം കുറച്ച് പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മലയാളം ഡബ്ബ് ചെയ്ത ഓരോ നടീനടന്‍മാരും കൊവിഡിന്റെ സമയത്ത് പോലും ബാംഗ്ലൂര്‍ വന്നാണ് ഡബ്ബിങ്ങ് ചെയ്തിരിക്കുന്നത്. ഒന്നര വര്‍ഷത്തിനിടയില്‍ ഏകദേശം 85-ഓളം ആര്‍ട്ടിസ്റ്റുകളാണ് ഈ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്.

ഇതില്‍ ഡബ്ബ് ചെയ്തിരിക്കുന്ന മിക്ക ആളുകളും മലയാള സിനിമയിലെ വളരെ പ്രമുഖരായ നടീനടന്‍മാരാണ്. അതാരാണ് എന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കാരണം അത് സ്പോയിലറാകും. ഇത് യഥാര്‍ത്ഥത്തില്‍ മലയാള സിനിമ കന്നട സിനിമ മേഖലയ്ക്ക് കൊടുക്കുന്ന ഒരു ബഹുമാനം കൂടിയാണെന്ന് ഞാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ തമിഴ്, ഹിന്ദി സിനിമകള്‍ അതേ ഭാഷയില്‍ത്തന്നെ നമുക്ക് കണ്ട് മനസ്സിലാക്കാന്‍ സാധിച്ചെന്ന് വരും. കാരണം നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഹിന്ദിയും തമിഴും സുപരിചിതമാണ്. പക്ഷെ കന്നട, തെലുങ്ക് ഭാഷകള്‍ നമുക്ക് അത്രത്തോളം മനസിലാകണമെന്നില്ല. തെലുങ്ക് സിനിമകള്‍ നമ്മള്‍ കുറച്ച് കാലങ്ങളായി മലയാളത്തില്‍ കാണുന്നുണ്ട്. അല്ലു അര്‍ജുന്‍ സിനിമകളും ആര്‍ആര്‍ആര്‍ എല്ലാം ആളുകള്‍ കാണുന്നുണ്ട്. പക്ഷെ കന്നട സിനിമകള്‍ അത്തരത്തില്‍ വരാറില്ല. അതിന്റെ ഒരു പ്രധാനപ്പെട്ട തുടക്കം എന്ന നിലയില്‍ വളരെ പാഷനേറ്റായി തന്നെയാണ് കെജിഎഫ് 2 ചെയ്തിരിക്കുന്നത്. കെജിഎഫ് എന്ന ഫ്രാഞ്ചൈസിനോട് മലയാളം സിനിമയ്ക്കുള്ള ഒരു ബഹുമാനത്തെയും സ്നേഹത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഞാന്‍ അതിന്റെ ഒരു ഭാഗമായി എന്നേയുള്ളു. എന്നോടൊപ്പം ഇതിനുവേണ്ടി പ്രവര്‍ത്തിച്ച ഒരുപാട് പേരുണ്ട്. അവരെല്ലാം തന്നെ എന്റെ സുഹൃത്തുക്കളാണ്. കെജിഎഫ് 2-ന് വേണ്ടിയാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആരും തന്നെ ഒരു ഡബ്ബ് സിനിമ എന്ന രീതിയില്‍ അല്ല പ്രവര്‍ത്തിച്ചിരിക്കുന്നത്.

ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ വേണ്ടി ട്രാന്‍സ്ലേറ്റ് ചെയ്തിട്ടില്ല

സിനിമയിലെ ഡയലോഗുകള്‍ക്കെല്ലാം അവര്‍ മറ്റൊരു തരത്തിലുള്ള ഭാഷാശൈലി ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു കൊമേര്‍ഷ്യല്‍ സിനിമയുടെ ഭാഷ തന്നെയാണ്. പക്ഷെ ഒരു പുതിയ രീതിയിലുള്ള എഴുത്ത് കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്. നമ്മുടെ ഭാഷയില്‍ ഇല്ലാത്ത ചില വാക്കുകളുമുണ്ട്. അത് അങ്ങനെ തന്നെ ട്രാന്‍സ്ലേറ്റ് ചെയ്താല്‍ ചിലപ്പോള്‍ നന്നാവണം എന്നില്ല. സിനിമയ്ക്ക് വേണ്ടി പ്രശാന്ത് നീലിനൊപ്പം യാഷും ഡയലോഗ് എഴുതിയിട്ടുണ്ട്. ഇതിന് വേണ്ടി അവരുടെ ടീമില്‍ നിന്ന് എന്നെ സഹായിച്ചത് ഡോ. സൂരി എന്ന വ്യക്തിയാണ്. അദ്ദേഹം ഒരു സംവിധായകനാണ്. പക്ഷെ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം പ്രശാന്ത് നീലിനും ഹോംബാലെ ഫിലിംസിനും വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അവരെല്ലാം തന്നെ എഴുത്തിന്റെ കാര്യത്തില്‍ ഒപ്പം ഉണ്ടായിരുന്നു. പിന്നെ സംസാരരീതിയില്‍ കന്നട മലയാളത്തേക്കാളും കുറച്ച് ലൗഡാണ്. അത് തീര്‍ച്ചയായും കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ സ്ഥലങ്ങളുടെ പേരെല്ലാം അതുപോലെ തന്നെയാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ സ്ഥലത്തിന്റെ പേര് നമ്മുടെ നാട്ടിലെ സ്ഥലങ്ങളായി മാറ്റിയിട്ടൊന്നും ഇല്ല. ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ വേണ്ടി ട്രാന്‍സ്ലേറ്റ് ചെയ്തിട്ടില്ല. തീര്‍ച്ചായും സിനിമ വിഷ്വലി കാണുമ്പോള്‍ നമുക്ക് മനസ്സിലാകും. പക്ഷെ കുറച്ചുകൂടി മികച്ച രീതിയില്‍ ഭാഷയെയും ഡയലോഗുകളെയും കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് കെജിഎഫ് 2-വിലൂടെ നടത്തിയിരിക്കുന്നത്.

ഈ തരത്തിലുള്ള വലിയ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായാല്‍ ഇത് തിരിച്ചും സംഭവിക്കാവുന്നതാണ്. നമ്മുടെ ചിത്രങ്ങള്‍ മറ്റ് ഭാഷകളില്‍ നല്ല ഡബ്ബിങ്ങോടു കൂടി വരികയാണെങ്കില്‍ അത് വലിയ കാര്യമാണ്. ഒടിടി വന്നപ്പോള്‍ നമ്മള്‍ സബ്ടൈറ്റില്‍ കൊണ്ട് കുറേ രക്ഷപ്പെട്ടു. പക്ഷെ സബ്ടൈറ്റില്‍ വായിക്കാന്‍ പറ്റുന്ന ക്ലാസിനേക്കാളും വലിയ ക്ലാസാണ് ഈ സിനിമയെ വലിയ വിജയമാക്കുന്നത്.

സിനിമ കാണുമ്പോള്‍ ഡബ്ബ് ചെയ്തതാണെന്ന് തോന്നരുത്

80-നും 100-നും ഇടയില്‍ കഥാപാത്രങ്ങള്‍ ഉള്ള സിനിമയാണിത്. സാധാരണ ഗതിയില്‍ പത്ത് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകളെ വെച്ച് ഈ 80 പേര്‍ക്കും ഡബ്ബ് ചെയ്യുകയാണ് ചെയ്യാറ്. പക്ഷെ ഇവിടെ അതല്ല ചെയ്തത്. അതിന് കാരണം ആ ടീമിന് കെജിഎഫ് എന്ന സിനിമയോടുള്ള പ്രതിബദ്ധത തന്നെയാണ്. എല്ലാ തരത്തിലുള്ള ആളുകളും ഇതിന്റെ ഭാഗമായിട്ടുണ്ട്. കുറച്ച് പേരെ ഇതിനായി ഓഡിഷനും ചെയ്തിരുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളും ചിത്രത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളുമായി കാഴ്ച്ചയില്‍ പോലും സാമ്യം തോന്നിക്കുന്ന വ്യക്തികളെക്കൊണ്ടാണ് നമ്മള്‍ ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുന്നത്. സിനിമ കാണുമ്പോള്‍ ഒരു ഡബ്ബിങ്ങ് സിനിമ കാണുന്ന പോലെ തോന്നാത്ത തരത്തിലാണ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ അവിടെ നമുക്ക് ശബ്ദം നല്‍കിയ താരത്തെ ഫീല്‍ ചെയ്യാനും പാടില്ല.

ഇതിന്റെ ആദ്യത്തെ പ്രൊസസ് സ്‌ക്രിപ്പ്റ്റിങ്ങായിരുന്നു. അവരുടെ ഒപ്പം ഇരുന്ന് സ്‌ക്രിപ്റ്റ് മുഴുവന്‍ പഠിച്ചു. പിന്നെ ട്രാന്‍സ്ലേറ്റ് ചെയ്ത് അവരുടെ വാക്കുകളും ഭാഷാരീതികളും മാറ്റാന്‍ കുറച്ച് സമയം തന്നു. പിന്നെ ലിപ്പ് സിങ്ക് നോക്കി അതിനോട് ചേരുന്ന രീതിയില്‍ തന്നെ ചെയ്തു. പെര്‍ഫക്റ്റ് മലയാളം എന്നും പെര്‍ഫക്റ്റ് ഡബ്ബ് എന്നും പറയാന്‍ കഴിയില്ല. ഇതിന് രണ്ടിനും ഇടയില്‍ വരും, ഹൈബ്രിഡാണ്. പിന്നെ സിനിമ തീര്‍ച്ചയായും ലാര്‍ജര്‍ ദാന്‍ ലൈഫാണ്. അതുകൊണ്ട് ആ രീതിയിലുള്ള ഡയലോഗുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇതില്‍ യഷിന് വേണ്ടി ഡബ്ബ് ചെയ്ത വ്യക്തി കെജിഎഫ് വണ്ണിന് ഡബ്ബ് ചെയ്തത് ഒന്നര മണിക്കൂര്‍ കൊണ്ടാണ്. അരുണ്‍ സി എം എന്നാണ് അയാളുടെ പേര്. പക്ഷെ ഇത്തവണ അരുണ്‍ എന്റെ കൂടെ ഒരു വര്‍ഷം ഉണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് ചെയ്തു പോകാന്‍ വന്ന ആള്‍ പിന്നീട് എന്റെ അസോസിയേറ്റായി. പിന്നെ ആദര്‍ശ് എന്ന സീനിയറായ ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും ഉണ്ടായിരുന്നു. ആദര്‍ശും ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തിന് ശബ്ദം കൊടുത്തിട്ടുണ്ട്. പിന്നെ ഇതിനായി വളരെ പ്രമുഖരായ താരങ്ങളെ കാസ്റ്റ് ചെയ്തിട്ട് പിന്നീട് മാറ്റേണ്ടി വന്നിട്ടുണ്ട്. അവരുടെ ഷെഡ്യൂള്‍ കാരണമൊക്കെയാണ് അത് സംഭവിച്ചത്. എല്ലാവരും തിരക്കുള്ള താരങ്ങളാണല്ലോ. അവര്‍ക്ക് പകരം വേറെ ആളുകളെ കണ്ടുപിടിക്കേണ്ടി വന്നിരുന്നു.

ഇത്തരം സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ബാഹുബലി

അല്ലു അര്‍ജുന്‍ സിനിമകള്‍ വന്നപ്പോഴാണ് ഇതിനൊരു മാറ്റം ശരിക്കും വന്നത്. പിന്നീട് ഹാപ്പി ഡേയ്സ് പോലുള്ള തെലുങ്ക് സിനിമകളെല്ലാം വളരെ ഹിറ്റായിരുന്നു ഇവിടെ. അതുകൊണ്ട് തന്നെ അത്തരം സിനിമകള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന ആളുകള്‍ എന്നും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ ഇത്തരം സിനിമകള്‍ക്ക് ഒരു പാന്‍ സൗത്ത് ഇന്ത്യന്‍ സ്വഭാവം വരികയും സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ഒരു ഇന്ത്യന്‍ പ്രസന്‍സ് ഉണ്ടാവുകയും ചെയ്യുന്നത് അടുത്ത കാലങ്ങളിലാണ്. ഞങ്ങള്‍ 2010-ല്‍ ഉറുമിയിലൂടെ ശ്രമിച്ചത് അത്തരമൊരു കാര്യം തന്നെയായിരുന്നു. പിന്നെ നമ്മള്‍ റിയലിസ്റ്റിക് സിനിമകള്‍ ചെയ്തപ്പോഴും ആളുകള്‍ മലയാളം സിനിമകള്‍ സബ്ടൈറ്റില്‍ വെച്ച് ആസ്വദിക്കാന്‍ തുടങ്ങി. പക്ഷെ വലിയ ബജറ്റില്‍ ഒരുങ്ങുന്ന കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്യാം എന്ന നിലയിലേക്ക് എത്തുന്നത് തീര്‍ച്ചയായും ബാഹുബലി കാരണമാണ്. അത്തരത്തില്‍ വലിയൊരു കളക്ഷന്‍ സൗത്ത് ഇന്ത്യയില്‍ നിന്നും ഉണ്ടാകുമെന്ന് കാണിച്ചുതന്നത് ബാഹുബലി തന്നെയാണ്. ഇപ്പോള്‍ മണിരത്നം, ശങ്കര്‍ എന്നിവരുടെ സിനിമകള്‍ക്കും ഇതേ രീതിയിലുള്ള ഇംപാക്റ്റ് ഉണ്ടായിരുന്നു. പക്ഷെ നമ്മള്‍ അത് തമിഴ് സിനിമയായിത്തന്നെയാണ് ആസ്വദിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in