'സൊസൈറ്റിയുടെ ട്രോമയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത് പറയുന്നത് : സംവിധായകന്‍ ഷമല്‍ സുലൈമാന്‍ അഭിമുഖം

'സൊസൈറ്റിയുടെ ട്രോമയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത് പറയുന്നത് : സംവിധായകന്‍ ഷമല്‍ സുലൈമാന്‍ അഭിമുഖം
Published on

ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. ക്രോസ്സ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മിക്കുന്ന ചിത്രം കേരള സമൂഹത്തിന്റെ എക്‌സിസ്റ്റന്‍സുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ട്രോമയുടെ കഥയാണ് എന്ന് സംവിധായകന്‍ ഷമല്‍ സുലൈമാന്‍. ചിത്രത്തില്‍ ഇന്ദ്രന്‍സേട്ടനെ വില്ലനായി കൊണ്ടുവന്നത് റിസ്‌ക് ആയിട്ടുള്ള ഒരു തീരുമാനം ആയിരുന്നുവെന്നും അത് സംവിധായകന്‍ എന്ന നിലയില്‍ ഒരു ഹൈ തരുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് സംവിധായകണ്‍ ഷമല്‍ സുലൈമാന്‍ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ആദ്യ സിനിമ

സ്വാഭാവികമായും ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍ നിരവധി കഥകള്‍ ആലോചിച്ചിരുന്നു പക്ഷെ ഈ പ്രോജക്ടിലേക്ക് എത്തുന്നത് സക്കരിയ വഴിയാണ് അദ്ദേഹമാണ് ഈ പ്രൊജക്റ്റ് എന്നിലേക്ക് എത്തിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ കുറെ കാലമായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ സബ്‌ജെക്ട് എന്നോട് കേള്‍ക്കാന്‍ പറഞ്ഞു. എനിക്ക് കേട്ടിട്ട് കഥ ഇഷ്ടമായി അങ്ങനെ ആണ് ഈ സിനിമ ചെയ്യാം എന്ന തീരുമാനത്തിലെത്തുന്നത്. ഞാനും ലുക്മാനും ചേര്‍ന്ന് വേറൊരു പ്രോജക്റ്റ് ഓണ്‍ ആയി അത് ഷൂട്ട് ചെയ്യാം എന്നൊക്കെയുള്ള പ്ലാന്‍ വരെ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഈ സിനിമയിലേക്ക് എത്തുന്നത്.

ആമേനുമായുള്ള സാമ്യം

ഈ സിനിമ ബാന്‍ഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സിനിമ എന്ന് മാത്രമാണ് ആമേനുമായുള്ള സാമ്യം. ആമേനില്‍ നിന്ന് മൊത്തത്തില്‍ വ്യത്യസ്തമായ കഥാപരിസരമാണ് ജാക്‌സണ്‍ ബസാര്‍ യൂത്തിനുള്ളത്. ഇത് ശരിക്കും ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന് പറയുന്ന കമ്മ്യൂണിറ്റിയുടെ കഥയാണ്. ഒരു പതിനഞ്ചു കുടുംബങ്ങളുടെ എക്‌സിസ്റ്റന്‍സിന്റെ കഥയാണ്. ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന് പറയുന്ന ഒരു സ്‌പേസില്‍ ജീവിക്കുന്ന പതിനഞ്ചു കുടുംബങ്ങളുടെ എക്‌സിസ്റ്റന്‍സ് പറയുന്ന സിനിമയാണിത്. അവരുടെ സര്‍വൈവല്‍ ഡ്രാമ ആണ് ശരിക്കും ഈ സിനിമ. പ്രഥമദൃഷ്ടിയാല്‍ ആമേനുമായി സാമ്യം തോന്നുമെങ്കിലും കോണ്‍ടെന്റ് രീതിയില്‍ ഈ സിനിമ വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്.

ഇന്‍സ്ട്രുമെന്റസ് ഉപയോഗിച്ച രീതി

ഒരു ബാന്‍ഡിന്റെ ഇന്‍സ്ട്രമെന്റ്‌സ് ഉപയോഗിക്കുന്നതിന്റെ ഒരുപാട് ആഴത്തിലേക്ക് ഈ സിനിമ ഇറങ്ങി ചെല്ലുന്നില്ല. കഥ അത്ര റൂട്ടഡ് ആയിട്ടുള്ള രീതി ഡിമാന്‍ഡ് ചെയ്യുന്നില്ല. ജാഫര്‍ ഇടുക്കിയുടെ കഥാപാത്രമാണ് ആ ബാന്‍ഡിന്റെ ആശാന്‍. അതുപോലെ ലുക്മാന്‍, ഫാഹിം സഫര്‍ അങ്ങനെ ചില കഥാപാത്രങ്ങള്‍ക്ക് ചില മോമെന്റില്‍ റൂട്ടഡ് ആയി ഡിമാന്‍ഡ് ചെയ്യുന്ന സമയത്ത് ആ രീതിയില്‍ തന്നെയാണ് ഞങ്ങള്‍ അപ്പ്രോച്ച് ചെയ്തിരിക്കുന്നത്. അല്ലാത്തപക്ഷം നമ്മള്‍ ഒരു ഇന്‍സ്ട്രമെന്റിന്റെ ഒരുപാട് ഡീപ് ആയി ഉപയോഗിക്കാന്‍ പറ്റിയ ഒരു കഥാപരിസരമല്ല സിനിമക്ക്. സിനിമയുടെ ഫോക്കസിങ് പോയിന്റ് തന്നെ വേറെയാണ്. ഈ സിനിമയുടെ ഷൂട്ടിങ്ങില്‍ മൊത്തം ഇരുപതോളം വരുന്ന ബാന്‍ഡ് വായിക്കുന്ന ആളുകള്‍ കൂടെ തന്നെ ഉണ്ടായിരുന്നു. അവരുടെ ഒരു ഓര്‍ഗാനിക് പ്രോസസ്സ് വളരെ രസകരമാണ്. അവര്‍ ട്രംപെറ്റില്‍ വെള്ളമൊഴിച്ചു കഴുകി കറക്കും അതൊക്കെ കുറച്ചു റോ ആണ്. ആ റോനസ്സ് ആണ് അവരുടെ റെസ്പെക്ട്. അത് സിനിമയില്‍ മൊത്തത്തില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

ജാക്‌സണ്‍ ബസാര്‍ യൂത്തിനെക്കുറിച്ച്

ഈ സിനിമ നമ്മുടെ കേരള സമൂഹത്തിന്റെ എക്‌സിസ്റ്റന്‍സുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ട്രോമയുടെ കഥയാണ്. ഈ കഥ എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നാണ്. നമ്മള്‍ ദിനംപ്രതി കാണുന്ന ഒരു ഐഡിയ ഈ സിനിമയിലുണ്ട്. ചിലപ്പോ അത് നമ്മളെ സംബന്ധിക്കുന്ന കാര്യം അല്ലാത്തത്‌കൊണ്ട് മൈന്‍ഡ് ചെയ്യാതെ പോകുമെങ്കില്‍ കൂടി ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നമുക്ക് അറിയാവുന്ന ആളുകളുടെ ആരുടെയോ കഥയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. അതിനെ വളരെ ജനുവിന്‍ ആയാണ് ഞങ്ങള്‍ അപ്പ്രോച്ച് ചെയ്തിരിക്കുന്നതും. നമ്മുടെ സൊസൈറ്റിയുടെ ട്രോമയാണ് ഈ സിനിമയുടെ ഐഡിയ.

ഇന്ദ്രന്‍സ് എന്ന പ്രതിനായകന്‍

ഇന്ദ്രന്‍സേട്ടന്‍ എന്നുള്ള ചോയ്‌സ് എന്റെ മാത്രം തീരുമാനമായിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് വളരെ ഹൈ തന്ന തീരുമാനം ആയിരുന്നു അത്. ആന്റഗോണിസറ്റ് സ്വഭാവത്തില്‍ പടങ്ങള്‍ ചെയുന്ന നിരവധി അഭിനേതാക്കളെ ഞങ്ങള്‍ നോക്കിയിരുന്നു ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷെ ഒരു മോമെന്റില്‍ ഇന്ദ്രന്‍സേട്ടന്‍ മതി എന്ന് തോന്നി. അദ്ദേഹം ചെയ്യുമ്പോള്‍ ഈ സിനിമക്ക് ഒരു ഫ്രഷ്നെസ് ഉണ്ടാകും. കുറച്ചു റിസ്‌ക് ആയിട്ടുള്ള ഒരു തീരുമാനം ആയിരുന്നു അത് പക്ഷെ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു ഹൈ തരുകയും ചെയ്തു. പ്രൊഡക്ഷനെയും എഴുത്തുകാരനെയും ഞാന്‍ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു.

ഗോവിന്ദ് വസന്തയുടെ സംഗീതം

ഞാന്‍ ജേര്‍ണലിസം പഠിക്കുമ്പോള്‍ ആണ് നോര്‍ത്ത് 24 കാതം എന്ന സിനിമ കാണുന്നത്. ആ സിനിമ കാണുന്ന മോമെന്റില്‍ തന്നെ പുള്ളിയുടെ മ്യൂസിക് ഇഷ്ടപ്പെട്ടിരുന്നു. ഗോവിന്ദിന്റെ പല വര്‍ക്കുകളും കണ്ടു അദ്ദേഹത്തിന് മെസ്സേജ് അയക്കുമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ആയിട്ട് വളരെ മുമ്പുതന്നെ ഒരു സിങ്ക് ഉണ്ടാകാന്‍ പറ്റിയിരുന്നു. അതുകൊണ്ടു തന്നെ ആദ്യമായൊരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഈ സിനിമയില്‍ സൗണ്ടിന് വളരെയധികം പ്രാധാന്യം ഉണ്ട്. വളരെ ഇന്റെന്‍സ് ആയ ഇമോഷന്‍സ് കൈകാര്യം ചെയ്യാന്‍ ഗോവിന്ദ് വസന്തക്ക് നല്ല കഴിവാണ്. അതുകൊണ്ട് തന്നെ ഗോവിന്ദ് തന്നെ ആയിരുന്നു ആദ്യ ഓപ്ഷന്‍.

ചെറിയ സിനിമകളും പ്രേക്ഷകരും

എന്ത് ചെയ്താലാണ് പ്രേക്ഷകര്‍ തിയറ്ററിലേക്ക് വരുമെന്ന് എനിക്കും ശരിക്ക് അറിയില്ല. നമ്മളെ കൊണ്ട് പറ്റുന്നതിന്റെ പരമാവധി നമ്മള്‍ ചെയുന്നുണ്ട്. താരതമ്യേനെ ചെറിയ താരങ്ങള്‍ ഉള്ള സിനിമകള്‍ക്ക് ബജറ്റ് കുറവായിരിക്കും അതുകൊണ്ട് അതിന്റെ മാര്‍ക്കറ്റിങ്ങ് കോസ്റ്റും വളരെ കുറവായിരിക്കും. ഇപ്പോഴത്തെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികള്‍ എല്ലാം പെയ്ഡ് ആണ് അതിലേക്കൊന്നും നമുക്ക് എത്താന്‍ പറ്റുന്നില്ല. നമുക്ക് മത്സരിക്കേണ്ടത് വലിയ സിനിമകളോടാണ്. നല്ല സിനിമയാണ് നമ്മള്‍ എടുക്കുന്നതെങ്കില്‍ ഓടുമെന്ന കണ്‍വിക്ഷന്‍ മാത്രമേ നമുക്കുള്ളൂ. നല്ല കോണ്‍ടെന്റ് കൊണ്ടും സിനിമയെ കൊണ്ടും മാത്രമേ നമുക്ക് ഈ അവസ്ഥയെ മറികടക്കാന്‍ പറ്റു. അന്നും ഇന്നും എന്നും നമ്മുടെ കൊണ്ടെന്റില്‍ ആണ് വിശ്വാസം ഉള്ളത്. പ്രേക്ഷകര്‍ കൈവിടില്ല എന്നൊരു ഹോപ്പ് ആണ് ഉള്ളത്.

തിയറ്ററുകളിലെ പ്രൈം സ്ലോട്ടിനെപ്പറ്റി

വിതരണക്കാരുടെ ഭാഗത്തു നിന്ന് അതിനെപ്പറ്റി സംസാരിക്കുന്നുണ്ടാകും. നമുക്ക് സംസാരിക്കാന്‍ മാത്രമല്ലേ പറ്റുകയുള്ളു. കാരണം ജാനകി ജാനേ, അനുരാഗം, നെയ്മര്‍ എന്നീ സിനിമകളുടെ അത്രപോലും വലുപ്പം ഇല്ലാത്ത സിനിമയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. എല്ലാ സിനിമകള്‍ക്കും ഒരു നിശ്ചിത ടൈം സ്ലോട്ട് കിട്ടിയാല്‍ നല്ലതാകും. എല്ലാവരും ഒരേ അധ്വാനം ആണ് സിനിമക്കായി കൊടുക്കുന്നത്. ഒരു സിനിമയുടെ പ്രൊഡക്ഷനിലോ പ്രീ പ്രൊഡക്ഷനിലോ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഇന്‍വെസ്റ്റ് ചെയ്യേണ്ടി വരുന്ന ഏരിയ ആണ് മാര്‍ക്കറ്റിംഗ്. ചെറിയ സിനിമകള്‍ക്ക് താരതമ്യേനെ കഴിയാറില്ല എന്ന് തോന്നാറുണ്ട്. സുഡാനി ഫ്രം നൈജീരിയയും, രോമാഞ്ചം ഒക്കെ ചെറിയ പ്രൊമോഷന്‍ ആണെങ്കിലും വലിയ വിജയം നേടിയ സിനിമകളായിരുന്നു. കോണ്‍ടെന്റ് നല്ലതാണെങ്കില്‍ ആളുകള്‍ കേറും. ഓപ്പറേഷന്‍ ജാവയും, സൗദി വെള്ളക്കയും അങ്ങനെ വന്ന സിനിമകള്‍ ആയിരുന്നു. തരുണ്‍ മൂര്‍ത്തിയൊക്കെയാണ് നമ്മുടെ കോണ്‍ഫിഡന്‍സ്. ഈ സിനിമയുടെ കോണ്‍ടെന്റ് നല്ലതാണെന്ന 100 ശതമാനം വിശ്വാസം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടു വെറുതെ ആലോചിച്ച് പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ വളരെ ശുഭാപ്തിവിശ്വാസം ഉള്ളയാളാണ്.

തീയേറ്ററും ഓടിടി യും

ഒ.ടി.ടി,തിയറ്റര്‍, എന്നീ രണ്ടു കള്‍ച്ചര്‍ ഇവിടിപ്പോള്‍ ഉണ്ടായെന്നുള്ള വസ്തുത എല്ലാവരും മനസ്സിലാക്കണം. അതിലേക്ക് നമ്മുടെ മനസ്സിനെ പാകപ്പെടുത്തുക എന്നത് മാത്രമാണ് ഇതിന്റെ പ്രതിവിധി. നമ്മള്‍ മാറണം അതല്ലാതെ നമ്മള്‍ അതിനെപ്പറ്റിയോര്‍ത്ത് വിഷമിച്ചിരുന്നാല്‍ ആ മോമെന്റ് നമുക്ക് നഷ്ടമാകും. ഇവിടെ തിയറ്ററില്‍ പടം കണ്ടു ജനങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ട് അതേപോലെ ഓ ടി ടി യിലും പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. വലിയൊരു ലോക്ക് ഡൗണില്‍ നമ്മള്‍ പെട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു ഷിഫ്റ്റ് സംഭവിക്കുകയുണ്ടായി. അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ സാധിക്കൂ. അഞ്ചു കൊല്ലം മുമ്പിറങ്ങിയ ഒരു സിനിമ ഇന്ന് അംഗീകരിക്കപ്പെടുന്നു അതൊക്കെ ഓ.ടി.ടി കാരണമാണ്.

പ്രേക്ഷരോട്

ഞാന്‍ ഈ സിനിമയില്‍ ഭയങ്കര കോണ്‍ഫിഡന്റ് ആണ്. നിങ്ങള്‍ ഇതുവരെ ഇന്ദ്രസേട്ടന്റെയും ജാഫര്‍ ഇടുക്കിയുടെയും ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടാകും. ഈ രണ്ടു പ്രതിഭകളുടെ ഒരു മത്സരിച്ചുള്ള അഭിനയം ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളൊരു 110 രൂപ കൊടുത്തു ഈ സിനിമ കാണുമ്പോള്‍ ഈ സിനിമ നിങ്ങള്‍ക്കൊരു നിരാശ ഉണ്ടാകില്ല നിങ്ങളുടെ ഈഗോയെ വേദനിപ്പിക്കില്ല, ധൈര്യമായി ടിക്കറ്റ് എടുക്കാം, ഹാപ്പി ആയി പടം കണ്ടു തിയേറ്റര്‍ വിടാം. നിങ്ങളുടെ ഒരു മണിക്കൂര്‍ അന്‍പത്തൊന്നു മിനുട്ട് മാത്രമാണ് ഞാന്‍ ചോദിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in