'ഡെയ്‌ലി വ്‌ളോഗ് മീഡിയത്തിൽ ഒരുക്കിയ സിനിമയാണ് നീലമുടി' ; പ്രേക്ഷകനായി വന്ന വേദിയിൽ ഇത്തവണ സംവിധായകനായി എത്തുന്നു : ശരത്കുമാർ അഭിമുഖം

'ഡെയ്‌ലി വ്‌ളോഗ് മീഡിയത്തിൽ ഒരുക്കിയ സിനിമയാണ് നീലമുടി' ; പ്രേക്ഷകനായി വന്ന വേദിയിൽ ഇത്തവണ സംവിധായകനായി എത്തുന്നു : ശരത്കുമാർ അഭിമുഖം
Published on

28മത് അന്താരാഷ്ട്ര കേരള ഫിലിം ഫെസ്റ്റിവലിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് നവാഗതനായ ശരത്കുമാർ സംവിധാനം ചെയ്ത നീലമുടി. 80 മിനിറ്റ് ദൈർഘ്യം വരുന്ന മുഴുവനായും ഡെയ്‌ലി വ്‌ളോഗ് എന്ന മീഡിയം ഉപയോഗിച്ച് നിർമിച്ച സിനിമയാണ് നീലമുടിയെന്നും ഐ എഫ് എഫ് കെ പോലെയൊരു വേദി നീലമുടിക്ക് നല്ല രീതിയിൽ ഗുണം ചെയ്യുന്നുണ്ടെന്നും സംവിധായകൻ ശരത്കുമാർ പറയുന്നു. നമ്മളെല്ലാവരും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നീലമുടി സംസാരിക്കുന്നത്. ഐ എഫ് എഫ് കെ പോലെയൊരു വേദിയിൽ സെലക്ഷൻ കിട്ടി അവിടെ ഈ സിനിമ തിയറ്ററിൽ കാണാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ശരത്കുമാർ പറഞ്ഞു.

നീലമുടി സംസാരിക്കുന്നത്

നീലമുടി 80 മിനിറ്റ് ദൈർഘ്യം വരുന്ന സിനിമയാണ്. നീലമുടി സംസാരിക്കുന്ന വിഷയം നമ്മളെല്ലാവരും നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ്. കഥാന്ത്യത്തിൽ ഈ കാഴ്ചയാണ് നമ്മളെന്നും കണ്ടു പ്രോത്സാഹിപ്പിക്കുന്നെന്ന തിരിച്ചറിവിലേക്കാണ് പ്രേക്ഷകരെത്തുക. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിട്ടുള്ള, റേസിസം ആയി ബന്ധപ്പെട്ടിട്ടുള്ള എന്നാൽ ഇതൊന്നും പുറത്തേക്ക് വളരെ ലൗഡ് ആയി പറയാത്ത ഒരു നാല് ചെറുപ്പക്കാരുടെ ഇടയിൽ സംഭവിക്കുന്ന കഥയാണ് ഈ സിനിമ. നീലമുടി ഞങ്ങൾ ഒരുക്കിയിരിക്കുന്നത് ഒരു വ്യത്യസ്ത ലാങ്വേജിലൂടെയാണ്, മുഴുവനായും ഡെയ്‌ലി വ്‌ളോഗ് എന്ന മീഡിയം ഉപയോഗിച്ചിട്ടാണ് ഈ സിനിമ ഞങ്ങൾ നിർമിച്ചിരിക്കുന്നത്. സിനിമയിൽ നാല് പ്രധാന കഥാപാത്രങ്ങൾ ആണ് ഉള്ളത്. സിദ്ധാർഥ്, കണ്ണൻ, സൽമാൻ, സോണിയ എന്നുവരാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവർ നാല് പേരും സുഹൃത്തുക്കളാണ്, ഇതിൽ സിദ്ധാർത്ഥിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് അവൻ ഡെയ്‌ലി വ്‌ളോഗ് ചെയ്യുന്നയാളാണ്. ഈ ഡെയ്‌ലി വ്‌ളോഗിൽ ഇവരുടെ ചർച്ചകൾ, ഓരോ ചെറിയ കാര്യങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്നതാണ് സിദ്ധാർത്ഥിന്റെ പ്രധാന ഉദ്ദേശം. സിദ്ധാർത്ഥിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു ഇൻസിഡന്റ് പോലും ആളുകളിലേക്ക് എത്താതിരിക്കുന്നില്ല. ഇതിന്റെ ഭാഗമാണ് ബാക്കി മൂന്ന് സുഹൃത്തുക്കളും.

സംവിധായകനായി ഐ എഫ് എഫ് കെ യിലേക്ക്

2021 ൽ ഞങ്ങൾ ഭാഗമായുള്ള ചവിട്ട് എന്ന സിനിമ ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ചിരുന്നു. ഞാൻ തിയറ്റർ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഒരാളാണ്. ഒപ്പം തിയറ്റർ പഠിക്കുന്ന, പ്രാക്റ്റീസ് ചെയ്യുന്ന ആളാണ്. ഞങ്ങളുടെ സംഘമായിരുന്നു ചവിട്ട് എന്ന സിനിമയിൽ മുഴുവൻ പ്രവർത്തിച്ചിരുന്നത്. അതിന്റെ പിന്നണിയിൽ ഞാനും ഉണ്ടായിരുന്നു അങ്ങനെ അതിന്റെ ഭാഗമായി ഐ എഫ് എഫ് കെ യിൽ വന്നിരുന്നു. കഴിഞ്ഞ തവണയും ഞാൻ വന്നിരുന്നു. തുടർച്ചയായി ഒരു 5 തവണ ഐ എഫ് എഫ് കെ യിൽ ഞാൻ പങ്കെടുക്കുന്നുണ്ട്. ഐ എഫ് എഫ് കെ യിൽ എൻട്രി ലഭിക്കാനായി ഒരു സിനിമ ചെയ്യുന്നതിനുമപ്പുറം ആദ്യ സിനിമയെന്ന സ്വപ്നമായിരുന്നു നീലമുടി. അതിന് ഐ എഫ് എഫ് കെ പോലെയൊരു വേദി കിട്ടുമ്പോൾ തീർച്ചയായും സന്തോഷമുണ്ട്. നമ്മൾ പ്രേക്ഷകനായി കണ്ടിരുന്ന ഒരു വേദിയിൽ സംവിധായകനായി ഇരിക്കുമ്പോഴുള്ള ഒരു എക്സ്സൈറ്റ്മെൻറ്റ് വേറെതന്നെയാണ്.

പിന്നണിയിൽ പ്രവർത്തിച്ചവർ

നീലമുടിയിൽ പ്രവർത്തിച്ചിട്ടുള്ള ആളുകൾ എല്ലാരും തന്നെ സുഹൃത്ത്ബന്ധങ്ങളുടെ സർക്കിളിൽ നിന്ന് രൂപപെട്ടവരാണ്‌. പെരിങ്ങോട് എന്ന സ്ഥലത്താണ് ഇത് പൂർണ്ണമായും ഷൂട്ട് ചെയ്തിരിക്കുന്നത്. അതിന് ചുറ്റപ്പെട്ടുള്ള നമ്മുടെ കൂടെ പഠിക്കുന്ന നാടക സംഘത്തിൽ വർക്ക് ചെയ്യുന്ന ആളുകളാണ് സിനിമയിൽ പങ്കാളിലേക്കായിട്ടുള്ളത്. ഞങ്ങളുടെ തൊട്ടടുത്തെ പ്രദേശത്തുള്ളവരാണ് ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ഹരികൃഷ്ണനും ശ്രീനാഥും. അവർ ജോലി ചെയ്യുന്ന ആളുകളാണ്. ഐ ടി മേഖലയിലാണ് അവർ ജോലി നോക്കുന്നത്. അവരും തുടർച്ചായി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളാണ്. നമുക്ക് ഇത്തരത്തിലുള്ള കഥ രൂപപ്പെട്ട് വന്നപ്പോൾ അത് ഡിസ്‌കസ് ചെയ്ത ആദ്യ വ്യക്തികളാണ് അവർ. പിന്നീടതൊരു തിരക്കഥയാക്കുമ്പോൾ അവരുടെ സഹായങ്ങളും വലുതായിരുന്നു.

നീലമുടിയിലെ അഭിനേതാക്കൾ

ഞങ്ങളൊരു നാടക സംഘത്തിന്റെ ഭാഗമായിട്ടുള്ള ആളുകളാണ്. അപ്പോൾ നീലമുടിയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം നാടകം അഭിനയിച്ചിട്ടുള്ള ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ആളുകളാണ്. നമ്മുടെ സർക്കിളിലുള്ള ആളുകൾ തന്നെ നമ്മുടെ സിനിമയിൽ വരണം എന്നുള്ളതും നമ്മുടെ ആഗ്രഹമായിരുന്നു. അതുകൊണ്ട് കാസ്റ്റിംഗ് ആ രീതിക്കാണ് വന്നത്. ശ്രീനാഥ്, ആദിത്യ ബേബി, മജീദ്, സുബ്രമണ്യം എന്ന നാല് ആളുകളാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ളത്. അതുകൂടാതെ അച്യുതാനന്ദൻ, സുരഭി തുടങ്ങിയ സീനിയർ അഭിനേതാക്കളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഐ എഫ് എഫ് കെ വേദി നൽകിയ ഗുണങ്ങൾ

നീലമുടി ഐ എഫ് എഫ് കെ യിൽ തിരഞ്ഞെടുത്തതിന് ശേഷം ഞങ്ങളെ ഒരു നിർമാതാവ് സമീപിച്ചിരുന്നു. ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യാനാണ് പ്ലാൻ. കാരണം സിനിമ 80 മിനിറ്റ് ഉള്ളത്കൊണ്ട് തിയറ്റർ റിലീസിന്റെ സാധ്യതകളെപ്പറ്റി ഞങ്ങൾ അന്വേഷിച്ചിരുന്നില്ല. ഈ സിനിമയുടെ കാഴ്ചക്ക് കൂടുതലും ചേരുന്നത് ഓ ടി ടി ക്ക് ആയിരിക്കും എന്ന് കരുതിയിട്ടാണ് അങ്ങനത്തെ തീരുമാനമെടുത്തത്. ഞങ്ങളെ പോലെയുള്ള സംവിധായകർ അല്ലെങ്കിൽ സംഘത്തിന് ഐ എഫ്എ എഫ് കെ വേദി തരുന്നത് വലിയൊരു സഹായം തന്നെയാണ്. ഈ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാകുന്നത് അതിന്റെ വലിപ്പം കൊണ്ടും അതിൽ മുടക്കിയിട്ടുള്ള പൈസയുടെ അളവുകൊണ്ടുമാണ്. എന്നാൽ ബിഗ് സ്‌ക്രീനിൽ നമ്മുടെ സിനിമ കാണണമെന്നും ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഐ എഫ് എഫ് കെ പോലെയൊരു വേദിയിൽ സെലക്ഷൻ കിട്ടി അവിടെ അത് തിയറ്ററിൽ കാണാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ഐ എഫ് എഫ് കെ പോലെയൊരു വേദി നീലമുടിക്ക് നല്ല രീതിയിൽ ഗുണം ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in