സച്ചി മുതല്‍ ഷമ്മി വരെ; ഫഹദിന്റെ പരീക്ഷണങ്ങള്‍ മലയാളസിനിമയുടെയും
മാസ് കെട്ടുകാഴ്ചകളില്‍ നിന്നും കണ്ടുമടുത്ത തട്ടുപൊളിപ്പന്‍ ഫോര്‍മുലകളില്‍ നിന്നും മലയാള സിനിമ മാറി തുടങ്ങുന്നത് 2010ന് ശേഷമാണ്. ലോകത്തെ ഏത് കോണിലുള്ള സിനിമകളും വിരല്‍ത്തുമ്പിലെത്തിയതോടെ ആസ്വാദകരിലുണ്ടായ അഭിരുചിയിലെ വ്യത്യാസങ്ങളും, ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള സാങ്കേതിക മാറ്റവും ആരംഭിച്ചതിനൊപ്പമായിരുന്നു ഫഹദ് ഫാസിലെന്ന നടന്റെ കരിയറിന്റെ രണ്ടാം വരവും. അതിനാടകീയത നിറഞ്ഞ അഭിനയരീതികളില്‍ നിന്നും പലതവണ ആവര്‍ത്തിക്കപ്പെട്ട കഥകളില്‍ നിന്നും ദൃശ്യശൈലീ നവീനതയിലേക്കും റിയലിസ്റ്റിക് രീതികളിലേക്കും സിനിമയുടെ സ്വഭാവം മാറിയപ്പോള്‍ ആ ശൈലീമാറ്റ പരീക്ഷണങ്ങള്‍ക്ക് മലയാള സിനിമ ഒപ്പം കൂട്ടിയത് ഫഹദിനെ ആയിരുന്നു.
അടയാളപ്പെടുത്താനാവാതിരുന്ന അരങ്ങേറ്റം
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ, മോഹന്‍ലാലിനെ മലയാളത്തിന് പരിചയപ്പെടുത്തിയ ഫാസിലായിരുന്നു മകന്‍ ഫഹദിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. 2002ല്‍ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന പ്രണയ ചിത്രത്തിലെ സച്ചിന്‍ മാധവന്‍ എന്ന കഥാപാത്രം അടയാളപ്പെടുത്താനാവാത്ത അരങ്ങേറ്റമായിരുന്നു. കയ്യെത്തും ദൂരത്ത് സംഭവിച്ച് കഴിഞ്ഞതാണെന്നും ആ സിനിമയെക്കുറിച്ച് ഓര്‍ത്ത് നിരാശയോ നഷ്ടബോധമോ ഇല്ലെന്നുമാണ് ഫഹദ് പിന്നീട് പറഞ്ഞിട്ടുള്ളത്. തുടര്‍ന്നുള്ള അവസരങ്ങള്‍ക്ക് ആദ്യപരാജയം തടസ്സമല്ലെന്ന് അറിയാമായിരുന്നിട്ടും സിനിമയില്‍ നിന്ന് സ്വയം പിന്‍വാങ്ങുകയാണ് ഫഹദ് ചെയ്തത്. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് ഏഴ് വര്‍ഷത്തിന് ശേഷമാണ്. കഷണ്ടി കയറിയ തലയും നീണ്ടു മെലിഞ്ഞ രൂപവുമായി കഥാപാത്രശരീരത്തിലൂടെ സ്വാഭാവികമായി ഇടപെടുന്ന നടനായി കേരളാ കഫേ എന്ന സിനിമാ സമുച്ചയത്തിലെ മൃത്യുഞ്ജയത്തിലൂടെ ആയിരുന്നു രണ്ടാം വരവ്.
ആ ഫഹദല്ല ഈ ഫഹദ് എന്ന് തെളിയിച്ച ചാപ്പാക്കുരിശ്
ഹൈപ്പര്‍ ലിങ്ക് നരേറ്റീവും, മെട്രോ സ്റ്റോറീസും, അടങ്ങുന്ന വിദേശ സിനിമകളിലെ സവിശേഷതകളെ പിന്തുടര്‍ന്നായിരുന്നു മലയാള സിനിമ 2010ന് ശേഷം വഴിമാറി നടന്നത്. മൃത്യുഞ്ജയത്തിന് ശേഷം കുറച്ചു ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ഫഹദ് തന്നെ സിനിമയില്‍ അടയാളപ്പെടുത്തിയത് അത്തരമൊരു പരീക്ഷണ ചിത്രത്തിലൂടെ ആയിരുന്നു. കെയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചോക്ലേറ്റ് ഹീറോയായ സച്ചിന്റെ പതര്‍ച്ചകളില്‍ നിന്ന് അര്‍ജുനന്‍ എന്ന മെട്രോ നഗരത്തിലെ യുവാവായുള്ള ശരീരഭാഷയിലേക്കുള്ള പാകപ്പെടലായിരുന്നു ചാപ്പാക്കുരിശില്‍ കണ്ടത്. സ്വയം പരിശീലിപ്പിച്ചെടുത്ത അഭിനയരീതിയിലൂടെ കഥാപാത്രമായി വിശ്വസനീയമായി ഫഹദ് പെരുമാറിയപ്പോള്‍ ആ ഫഹദല്ല ഈ ഫങഹദ് എന്ന് പ്രേക്ഷകര്‍ ഉറപ്പാക്കി.
ന്യൂജനറേഷന്‍ കൊണ്ടു വന്ന സിറിലും 2012ഉം
ശൈലീമാറ്റങ്ങള്‍ മലയാള സിനിമയില്‍ ആദ്യമെത്തിയപ്പോള്‍ മലയാളി അതിനെ വിളിച്ചത് ന്യൂജനറേഷനെന്നായിരുന്നു. ഫഹദിനെ ന്യൂജന്‍ നായകനെന്നും. യഥാര്‍ഥത്തില്‍ അവ പരീക്ഷണങ്ങളായിരുന്നു. 22 ഫീമയില്‍ കോട്ടയത്തിലെ ഒരേ സമയം നായകനും വില്ലനുമായ സിറില്‍ എടുത്തു പറയേണ്ട കഥാപാത്രമാണ്. ചിത്രത്തിലെ ഫഹദിന്റെ നോട്ടവും ശരീരഭാഷയും ശൈലിയുമെല്ലാം മലയാള സിനിമയുടെ ശൈലീമാറ്റത്തിലും ഇടമുള്ളവയാണ്. ഡയമണ്ട് നെക്ലേസില്‍ ദുബായില്‍ ധൂര്‍ത്ത ജീവിതത്തിനൊടുവില്‍ നിലയില്ലാക്കയത്തിലായ ഡോക്ടര്‍ അരുണ്‍കുമാറായും അതിനോടൊന്നും യാതൊരു സാമ്യവുമില്ലാത്ത ദിവസവരുമാനം കണ്ടെത്താനായി കഷ്ടപ്പെടുന്ന ഫ്രൈഡേയില്‍ ഓട്ടോ ഡ്രൈവര്‍ ബാലുവായും ആ വര്‍ഷം ഫഹദ് മാറി.
പരീക്ഷണങ്ങളുടെ 2013
13 ചിത്രങ്ങളായിരുന്നു 2013ല്‍ ഫഹദിന്റേതായി പുറത്തിറങ്ങിയത്. അന്നയും റസൂലിലെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ റസൂല്‍, നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിലെ പ്രേമനും നരേന്ദ്രനും, റെഡ് വൈനിലെ സഖാവ് സി വി അനൂപ്, ആമേനിലെ സോളമന്‍, ഇമ്മാനുവലിലെ ജീവന്‍ രാജ്, അകം എന്ന ചിത്രത്തിലെ ശ്രീനി, ആമിയിലെ അജ്മല്‍, ഡി കമ്പനിയിലെ സുനില്‍ മാത്യു, ഒളിപ്പോരിലെ അജയന്‍, ആര്‍ട്ടിസ്റ്റിലെ മൈക്കലാഞ്ചലോ, നോര്‍ത്ത് 24 കാതം എന്ന സിനിമയിലെ ഹരികൃഷ്ണന്‍, ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥന്‍. ഇവയെല്ലാം വൈവിധ്യമാര്‍ന്നവയും ഏതെങ്കിലുമൊരു തരത്തില്‍ വെല്ലുവിളിയേകുന്നതുമായിരുന്നു. വളരെ ചുരുങ്ങിയ കാലയളവില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന നടന്‍മാര്‍ പുതുതലമുറയില്‍ കാണില്ല.
മികച്ച നടന്‍ എന്ന നിലയില്‍ പകരക്കാരില്ലാതെ മുന്നേറിയെങ്കിലും ഫഹദിന്റെ സിനിമകളില്‍ പലതും ജനപ്രിയത നേടിയിരുന്നില്ല. തട്ടുപൊളിപ്പന്‍ ചിത്രങ്ങളിലേക്കെത്തിയപ്പോള്‍ ഫഹദിന്റെ തെരഞ്ഞെടുപ്പുകള്‍ തെറ്റായിരുന്നു. പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ മികച്ച പ്രകടനങ്ങളുണ്ടായിരുന്നിട്ടും ശ്രദ്ധിക്കപ്പെട്ടത് ബാംഗ്ലൂര്‍ ഡേയ്‌സും ഇയ്യോബിന്റെ പുസ്തകവും മാത്രമായിരുന്നു. ഏറ്റെടുത്ത പല സിനിമകളില്‍ നിന്നും അഡ്വാന്‍സ് തിരികെ നല്‍കി പിന്‍മാറിയും തന്നിലെ നടനെ സംരക്ഷിക്കാന്‍ ഫഹദ് തീരുമാനമെടുത്തതും അപ്പോഴായിരുന്നു.
മഹേഷിന്റെ പ്രതികാരം, ഫഹദിന്റെയും
മലയാള സിനിമയിലെ ശൈലീ പരീക്ഷണങ്ങള്‍ക്ക് തന്നിലെ നടനെ വിട്ടുനല്‍കിയിരുന്ന ഫഹദിന് ബോക്സ് ഓഫീസ് വിജയം അനിവാര്യമായ സമയത്തായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എത്തുന്നത്. ഫഹദിന്റെ പിഴവില്ലാത്ത തെരഞ്ഞെടുപ്പ്. ആദ്യകാല മെട്രോ ലൈഫ് , നരേറ്റീവ് പരീക്ഷണങ്ങളില്‍, ഴോണറിലും സ്വഭാവത്തിലുമെല്ലാം വിദേശ ചിത്രങ്ങളുടെ ഹാങ്ങ് ഓവറുണ്ടായിരുന്നുവെങ്കില്‍, പ്രാദേശിക പരിസരങ്ങളിലേക്ക് കഥ പറിച്ച് നടപ്പെട്ട് ഹാങ്ങ് ഓവറുകളില്‍ നിന്ന് കെട്ടുവിടുന്നത് മഹേഷിന്റെ പ്രതികാരത്തിലൂടെ ആയിരുന്നു. വൈകാരിക രംഗങ്ങളില്‍ അതിഭാവുകത്വത്തിലേക്കോ നാടകീയതയിലേക്കോ മാറാതെ നിയന്ത്രിതാഭിനയമായിരുന്നു ചിത്രത്തില്‍ ഫഹദിന്റേത്. ചാച്ചനുമായുള്ള മുഹൂര്‍ത്തങ്ങള്‍. കാമുകിയുടെ വിവാഹദിനത്തിലെ നോട്ടം, അയാളിലെ ഉള്‍വ്യഥയും സംഘര്‍ഷവും അതേ തീവ്രതയോടെ അനായാസേന ഫഹദ് പ്രേക്ഷകരിലെത്തിച്ചു.
പേര് പോലും മോഷ്ടിച്ചെടുക്കുന്ന പ്രസാദ്
ഫഹദ് ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലിലെ കള്ളന്‍. ബസ്സിലെ ആദ്യ രംഗത്തില്‍ കണ്ണുകളിലൂടെയാണ് ഫഹദിനെ പരിചയപ്പെടുത്തുന്നുണ്ട്. നോട്ടങ്ങളിലൂടെ തന്നെ തന്റെ കഥാപാത്രത്തിന്റെ സ്വഭാവവും വ്യക്തിത്വവും പരിചയപ്പെടുത്താന്‍ ഫഹദിന് കഴിയുന്നുണ്ട്. ചുറ്റും കൂടി നില്‍ക്കുന്നവരെയെല്ലാം സമ്മര്‍ദ്ദത്തിലാക്കി, ഒരു ഘട്ടത്തില്‍ ഇയാള്‍ ശരിക്കും കള്ളനല്ലെന്ന് മറ്റുള്ളവരെ തോന്നിപ്പിച്ച് സ്വയം ചിരിക്കുന്നുണ്ട് ഈ കഥാപാത്രം. പെരുമാറ്റത്തിലും ചലനങ്ങളിലും ഒരാള്‍ മറ്റൊരാളായി മാറി അഭിനയിച്ച് ഫലിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഫഹദ് ചെയ്തത്. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിലൂടെ ഫഹദ് നേടി.
ഹീറോ അല്ലാത്ത ഷമ്മി
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കാര്‍ബണ്‍, വേലൈക്കാരന്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍ തുടങ്ങിയ ചിത്രങ്ങളിലും ഫഹദിലെ നടന്റെ ഐഡന്റിറ്റിയുണ്ടായിരുന്നു. എല്ലാം ഒരു ഫാന്റസിയല്ലേ എന്ന് ചോദിക്കുന്ന കാര്‍ബണിലെ സിബിച്ചനും, സാധാരണക്കാരനില്‍ നിന്ന് അമാനുഷികനാകുന്ന വരത്തനിലെ എബിയും, കൗശലക്കാരനായ കോമഡി കൈകാര്യം ചെയ്ത പ്രകാശനും ഫഹദിന്റെത് തന്നെയായിരുന്നു. എങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി ആയിട്ടായിരിക്കും ഫഹദിനെ കുറച്ചു കാലത്തേക്ക് പ്രേക്ഷകര്‍ കാണുക. തൊണ്ടിമുതലിലെ പോലെ നോട്ടം കൊണ്ട് തന്നെ കഥാപാത്രത്തെ ആദ്യ സീനില്‍ തന്നെ പറഞ്ഞു വെയ്ക്കുന്ന ഫഹദ് മാജിക് ചിത്രത്തിലുമുണ്ടായിരുന്നു. കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊണ്ട് മീശ ഒതുക്കുന്ന ഷമ്മിയില്‍ തന്നെ അയാള്‍ക്കുള്ളില്‍ കിടക്കുന്ന ആണധികാരം വ്യക്തമായിരുന്നു. മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അവതരണ ശൈലിയിലൂടെ ആയിരുന്നു ഫഹദ് ഷമ്മിയെ മികവുറ്റതാക്കിയത്. അതുവരെ റിയലിസ്റ്റിക് അഭിനയ ശൈലിയാണ് ഫഹദിന്റെ ഇടം എന്ന് പ്രേക്ഷകര്‍ കരുതിയിരുന്നുവെങ്കില്‍ അതിനപ്പുറമൊരു കാരിക്കേച്ചര്‍ സ്വഭാവത്തില്‍ നാടകീയതയോ ഹാസ്യാത്മകതയോ ഇല്ലാകെ ഫഹദ് ഷമ്മിയെ സ്‌ക്രീനിലെത്തിച്ചു.
രണ്ടാം വരവില്‍ ചെയ്ത സിനിമകളിലൂടെ മലയാള സിനിമയുടെ ഒരു നവീകരണത്തിനും ഫഹദ് സാക്ഷിയായിട്ടുണ്ട്. വിജയ ഫോര്‍മുലകള്‍ക്കകത്തു നില്‍ക്കാതെ പരീക്ഷണങ്ങളിലൂടെയും പുതുമയിലൂടെയും മുഖ്യധാര സിനിമ സമാന്തരമായി സഞ്ചരിച്ചപ്പോള്‍ അതില്‍ ഫഹദിന്റെ പങ്ക് വലുതായിരുന്നു. ഉള്ളില്‍ മുറിവേറ്റ് പിടയുന്ന റസൂലിലും, പരാജിതനായി നില്‍ക്കുന്ന മഹേഷിലും നിന്ന് ഒരു രക്ഷാദൗത്യത്തിന്റെ നേതൃമുഖമാകുന്ന മനോജായി ടേക്ക് ഓഫില്‍ മാറുമ്പോഴും ഫഹദ് ജോലി ഭംഗിയാക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഡ്രൈവര്‍ റസൂലാകുമ്പോഴും ഭാവനാ സ്റ്റുഡിയോയിലെ മഹേഷാകുമ്പോഴും ആമേനിലെ സോളമനിലും തൊണ്ടിമുതലിലെ കള്ളനിലുമെല്ലാം ആ കഥകളിലെ ജീവിതപരിസരങ്ങളോട് ഇഴുകി ചേരുന്ന തരത്തിലുള്ള ഒരു അണ്ടര്‍പ്ലേ ഫഹദിലുണ്ടായിരുന്നു. സമകാലികര്‍ക്ക് മുന്നില്‍ നിയന്ത്രിതാഭിനയം കൊണ്ട് മാതൃക തീര്‍ക്കാന്‍ ഫഹദിന് കഴിയുന്നതും ഇത്‌കൊണ്ട് തന്നെയാണ്.