മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ ടി.എ റസാക്കിനെ ശിഷ്യനും സംവിധായകനുമായ ബൈജുരാജ് ചേകവര്‍ അനുസ്മരിക്കുന്നു.
'' അത് ജീവിതത്തില് ഞാന്‍ കേട്ട വാക്കാ .. എന്റേട്ടന്‍ റസാക്ക എന്നോട് പറഞ്ഞതാ ഒരിക്കലത് .''
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ,
ഹോട്ടല്‍ കാലിക്കറ്റ് ടവര്‍.
അജ്ഞാതനായ ശത്രുവിനേയും കാത്ത് വിഖ്യാത തിരക്കഥാകൃത്ത് ടി.എ. റസാഖ് ഇരിക്കുന്നു. ഒപ്പം ഗൂഡാലോചനയില്‍ പങ്കാളിയായി ശിഷ്യന്‍ തിരുവാലിക്കാരൻ രൂപേഷ് ഭാസ്ക്കറും. തീരുമാനം ഇതാണ്. മുറിയിൽ നുഴഞ്ഞ് കേറാനെത്തുന്നവനെ വന്ന വഴി തന്നെ തുരത്തി വിടണം.
ഇതൊന്നും അറിയാതെ ഒരു കായക്കൊടിക്കാരന്‍ കുറ്റ്യാടിയില്‍ നിന്നുളള കോഴിക്കോട് ബസ്സിന്റെ സൈഡ് സീറ്റില്‍ ബാലേട്ടാ..ബാലേട്ടാ.. എന്ന പാട്ടും കേട്ട് യാത്ര തുടരുകയാണ്. വര്‍ക്ക് ചെയ്ത ഒരു സിനിമയിലെ പാട്ടുകള്‍ ഇങ്ങനെ പോകുന്നിടത്തെല്ലാം മാറ്റൊലി കൊളളുന്നത് ആദ്യമായാണ്. കോഴിക്കോട് കാത്തിരിക്കുന്ന അപകടമറിയാതെ ആ ബസ്സിലെ ഏറ്റവും അഹങ്കാരിയായ യാത്രക്കാരന്‍ അപ്പോള്‍ ഞാനായിരുന്നു .
ഒരു മണിക്കൂര്‍ മുമ്പാണ് ,
അന്ന് മെഗാഹിറ്റായി ഓടുന്ന ബാലേട്ടന്റെ ഡയറക്റ്റര്‍ വി.എം. വിനു സാറിന്റെ ഫോണ്‍.
'' എടാ.., എത്രയും വേഗം കോഴിക്കോട് എത്തുക. അത്യാവശ്യം ഡ്രസ്സും കരുതിക്കൊ.''
'' സാര്‍ ഇപ്പൊ സന്ധ്യയായി ..''
'' പുറപ്പെടണം. സ്ക്രിപ്റ്റ് എന്തായീന്ന് ചോദിച്ച് മമ്മൂക്ക വിളിയോട് വിളി. അറിയാല്ലൊ മ്മടെ പുതിയ പടം റസാഖാ എഴുത്ത് . സ്ക്രിപ്റ്റ് വര്‍ക്ക് പെട്ടന്ന് തീര്‍ന്നില്ലേല് മമ്മൂക്ക ചൂടാവും പ്രൊജക്റ്റ് ലേറ്റാവും.''
'' ഞാനെന്താ സാര്‍ ചെയ്യണ്ടേ..?''
'' കൂടെ നിന്ന് റസാക്കിനെ കൊണ്ട് വേഷത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കണം . അവന്‍ വേറേം പടം എഴുതുന്നുണ്ട് . സ്റ്റ്രോങ്ങായി നിന്നാലെ നമ്മുടെ സിനിമേടെ കാര്യം നടക്കൂ.. ''
ഞാനേറ്റു സാര്‍ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുമ്പൊ മനസ്സ് ബാലേട്ടന്‍ സിനിമയുടെ ഒറ്റപ്പാലത്തെ ലൊക്കേഷനിലേക്ക് പോയി . കേമറക്ക് മുമ്പില്‍ മോഹന്‍ലാല്‍ .
'' കൊടുക്കുന്നവന്‍ എന്നും കൊടുത്തുകൊണ്ടേയിരിക്കും. വാങ്ങുന്നവന്‍ എന്നും വാങ്ങികൊണ്ടേയിരിക്കും. അതാണ് കുടുംബം.''
ലാലേട്ടന്റെ അളന്ന് മുറിച്ച പെര്‍ഫോമന്‍സില്‍ സഹസംവിധായകന്‍ ജേപ്പിയുടെ കണ്ണ് നിറഞ്ഞു. കോസ്റ്റ്യൂം കണ്ടിന്യുറ്റിക്കാരന് അതാവാം. പക്ഷെ ആക്ഷന്‍ കണ്ടിന്യുറ്റിക്കാരന്‍ ആര്‍ട്ടിസ്റ്റ് പെര്‍ഫോമന്‍സില്‍ മനസ്സ് കൊടുത്ത് ലയിച്ചാല്‍ പണി കിട്ടും. സ്പോട്ട് എഡിറ്റും മൊബൈല്‍ കേമറയും ഷൂട്ടിങ്ങ് ലൊക്കേഷനിൽ സഹസംവിധായകർക്ക് പിന്തുണ നൽകാത്ത കാലം.
പക്ഷെ ഷൂട്ട് കഴിഞ്ഞ് രാത്രി മുറിയിലെത്തിയപ്പോള്‍ തിരക്കഥാകൃത്ത് ടി.എ.ഷാഹിദിനെ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു . '' ആ ഒരൊറ്റ ഡയലോഗ് നിങ്ങളുടെ ജാതകം മാറ്റി മറിക്കും. നോക്കിക്കോ മനുഷ്യാ ''
'' അത് ജീവിതത്തില് ഞാന്‍ കേട്ട വാക്കാ .. എന്റേട്ടന്‍ റസാക്ക എന്നോട് പറഞ്ഞതാ ഒരിക്കലത് .''
അപരര്‍ക്ക് സഹായം ചെയ്ത് സ്വന്തം ജീവിതം ചോര്‍ന്നു പോകുന്നവനെ കാണുമ്പോള്‍ മലയാളിയെ കൊണ്ട് ഇന്നും ബാലേട്ടന്‍ എന്ന് വിളിപ്പിക്കുന്ന ആ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ജനനം
ഏട്ടന്‍ ടി.എ. റസാക്കില്‍ നിന്നാണെന്ന് ഷാഹിദ്ക്ക പറഞ്ഞു.
ആ ആളെയാണ് നേരില്‍ കാണാന്‍ പോകുന്നത്. കാണാക്കിനാവും ഗസലും ഭൂമിഗീതവും വിഷ്ണുലോകവും സങ്കല്‍പ്പിച്ച എഴുത്തുകാരനൊപ്പമാണ് പുതിയ ദിനരാത്രങ്ങള്‍. ഒരേ സിനിമക്ക് കഥക്കും തിരക്കഥക്കുമായി ഇരട്ട പുരസ്‌കാരം ലഭിച്ചതടക്കം അപ്പോൾ മൂന്ന് സംസ്ഥാന അവാര്‍ഡിന്റെ തിളക്കവുമായി നിൽക്കുന്ന ആള് പ്രത്യേക ടൈപ്പാണ്. കവിതകളെഴുതുമെന്ന് കേട്ടിട്ടുണ്ട് . ഇൻലൻഡ് മാഗസിൻ , ബാലചന്ദ്രൻ ചുള്ളിക്കാട് .. അങ്ങിനെയുമുണ്ട് ഭൂതകാലം . നാടകത്തിൽ നിന്ന് സിനിമയിലേക്ക് തള്ളി വിടുന്നത് സാക്ഷാൽ തിലകൻ .
പക്ഷെ ഈ ആഹ്ലാദതള്ളിച്ചകളൊക്കെ ആളെ കണ്ടപ്പൊ... ഠിം..!!
ഹോട്ടല്‍ മുറിയില്‍ എത്തിയ എന്നെ നോക്കി സംവിധാന സഹായിക്കെന്താ ഈ എഴുത്തു മുറിയില്‍ കാര്യം എന്ന മട്ടില്‍ ടി.എ.റസാഖ് മുഖം കനപ്പിച്ചു.
ഇരിക്കാനോ നില്‍ക്കാനോ പറയാതെ ബാഗും തൂക്കിയുളള എന്റെ നില്‍പ്പ് കുറേനേരമായി ഇങ്ങനെ തുടരുകയാണ് . റസാക്കയുടെ കഥ പറച്ചിലും രൂപേഷിന്റെ കേട്ടെഴുത്തുമായി പെരുമഴക്കാലത്തിന്റെ വര്‍ക്ക് മുറിയില്‍ എന്നെ അവഗണിച്ച് തകര്‍ക്കുകയാണ് .
'' ഒരുത്തന്‍ വിരുന്ന് വരൂന്ന് വി എം വിനു വിളിച്ച് പറഞ്ഞിരുന്നു. ടി എ റസാഖ് എന്ന എഴുത്തുകാരനെ നിരീക്ഷിക്കാന്‍ ഈ മുറീല് ഒരാള് വേണ്ട . നിന്റെ നാട്ടിലേക്കെപ്പഴാ ലാസ്റ്റ് ബസ്സ്..? ''
ഒട്ടും മയമില്ലാതെ ഒടുക്കം കൊണ്ടോട്ടിക്കാരന്‍ റസാക്ക് മനസ്സിലുളളതപ്പടി തുറന്ന് വിട്ടു.
എം ടി , ഹരിഹരൻ , ഐ വി ശശി , ടി ദാമോദരൻ തുടങ്ങിയ മാസ്റ്റേഴ്സിന്റെ തുടർച്ച പോലെ കോഴിക്കോട്ട് നിന്നും രഞ്ജിത്ത് , ജോമോൻ , വി എം വിനു , ഷാജൂൺ കാര്യാൽ , ടി എ റസാഖ് , ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ സൗഹൃദ കൂട്ടം മുഖ്യധാര സിനിമയുടെ പതാകവാഹകരായി നിൽക്കുകയാണ് .
പിടിച്ച് നിന്നേ മതിയാവു . കായക്കൊടി ഒരു ഉൾനാടൻ ഗ്രാമമാണെന്നും ബസ്സോട്ടം സന്ധ്യയോടെ തീരുമെന്നും ഞാന്‍ അറിയിച്ചു.
ഇന്നത്തെ പ്രൊഡക്ഷന്‍ കൺട്രോളർ മനോജ് കാരന്തൂര്‍ വന്നപ്പോള്‍ റസാക്ക എന്തോ അടക്കം പറഞ്ഞു . ഞാൻ മറ്റൊരു മുറിയിലേക്ക് മാറ്റപ്പെട്ടു .
വാതിൽ തുറന്ന് കേറിയതും ഇന്‍റര്‍ക്കോമില്‍ കൃത്യം വിനു സാറിന്റെ ഫോണ്‍ എത്തി.
''എടാ എന്തായി..റസാക്ക് എഴുതുന്നുണ്ടോ..? ''
'' എഴുതുന്നുണ്ട് സാര്‍ .''
'' നമ്മുടെ വേഷത്തിന്റെ സീന്‍ തന്നെയല്ലേ..? ''
അല്ലെന്നറിയാം , പറഞ്ഞാല്‍ കുഴപ്പാകും. ശ്രോതാവിന് സൗകര്യം പോലെ ആണെന്നോ അല്ലെന്നോ ഊഹിക്കാവുന്ന ''ങ്ഹാാാ ..'' എന്നൊരു ശബ്ദം സ്പെഷല്‍ മോഡുലേഷനോടെ എന്നില്‍ നിന്നുണ്ടായി.
'' കഥ എങ്ങിനുണ്ട്..? നിന്റഭിപ്രായം ന്താ ..? ''
'' മൂപ്പര് ഫുള്ള് എഴുത്തിന്റെ മൂഡിലായതോണ്ട് കഥയൊന്നും ചോദിക്കാന്‍ നിന്നില്ല.''
'എന്നാ എഴുതിയ സീന്‍സ് നല്ല കയ്യക്ഷരത്തിൽ കോപ്പി എടുത്ത് വെച്ചേക്ക് . രാവിലെ വന്നാ എനിക്ക് ചൂടോടെ വായിക്കാല്ലൊ.''
ഈശ്വരാ .. !! കമല്‍ സാറിന്റെ സിനിമേടെ സ്ക്രിപ്‌റ്റ് വിനുസാറിന് കൊടുത്താലെന്താ വും അവസ്ഥ . നാളെ മിക്കവാറും ഹര്‍ത്താലാവും. ഒരു കൊലപാതകം ഉറപ്പ്.
വര്‍ക്ക് തലയില്‍ കയറിയാ വിനുസാറ്
അതുവരെ കണ്ട തമാശക്കാരനല്ല.
'' ഇക്ക ഇങ്ങളെ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു. '' ഇന്‍റര്‍ കോമിലൂടെ രൂപേഷിന്റെ ശബ്ദം .
ഒരു ഇക്ക വന്നിരിക്കുന്നു..!! എന്തായാലും നന്നായി, ഇരയുടെ വിശപ്പകറ്റി കൊല്ലുന്നതാവും ഇക്കയുടെ വിനോദം .
മുറിയിലെത്തുമ്പോള്‍ അതാ പുതിയൊരാള്‍
-- ബിജു ഇബ്രാഹിം. കമല്‍ സാറിന്റെ അസിസ്റ്റന്‍റായി പെരുമഴക്കാലം വര്‍ക്ക് ചെയ്യുന്നു . റസാക്ക അതുവരെ എഴുതിയ , നാളെ ഷൂട്ട് ചെയ്യാനുള്ള സീനുകള്‍ വാങ്ങാന്‍ വന്നതാണ് . പെരുമഴക്കാലത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് നിന്ന് കോഴിക്കോടേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുന്നു. ഇനി എഴുത്തിന് പുറമെ റസാക്കയുടെ മുഴുവന്‍ സമയശ്രദ്ധ സെറ്റിലും കിട്ടുമല്ലൊ എന്നതാണ് റസാക്കയുടെ ബന്ധുകൂടിയായ ബിജുവിന്റെ ആവേശം .
എന്റെ ബെസ്റ്റ് ടൈം..!!
മമ്മൂക്ക തുടങ്ങാൻ കാത്തിരിക്കുന്ന ഞങ്ങളുടെ സിനിമയായ വേഷത്തെക്കുറിച്ച് ഇക്കണ്ട നേരമായിട്ടും ഇവരുടെ ഇക്ക ഒരക്ഷരം മിണ്ടിയിട്ടില്ല.
രൂപേഷ് കേരിയര്‍ തുറന്ന് പെരുമഴക്കാലത്തിന്റെ പ്രൊഡക്ഷന്‍ ഫുഡ് മുമ്പില്‍ നിരത്തി വെച്ചപ്പോള്‍ എനിക്കത് കൊലച്ചോറായി തോന്നി.
ഈ ഭക്ഷണം കഴിച്ച് സ്വന്തം മുറിയിലേക്ക് പോകുന്നതിന് മുമ്പ് ഇവിടെ ഒരത്ഭുതം സംഭവിച്ചില്ലെങ്കില്‍ പരാജിതനായി നാളെ രാവിലെ വീട്ടിലേക്ക് എന്റെ മടക്കയാത്ര . സിനിമയാണ് , സഹസംവിധായകരുടെ ക്യാമ്പുകളിൽ വാർത്തയറിഞ്ഞാലുണ്ടാകുന്ന നാണക്കേടോർത്ത് എന്റെ ഉള്ളകം പൊള്ളി .
മുറിയിൽ , സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി പുസ്തക രൂപത്തില്‍ റസാക്കയുടെ എഴുത്ത് മേശയില്‍ കണ്ടു.
ഇതാണോ ആ പിടിവള്ളി...?!!
ലങ്കാലക്ഷ്മി നാടകത്തില്‍ രാവണനെ മുമ്പ് നടന്‍ മുരളിച്ചേട്ടന്‍ അഭിനയിച്ച് ഞെട്ടിച്ചതിന്റെ വാര്‍ത്ത ഓര്‍ത്തുപോയി .
എന്റെ അതിജീവനത്തിന്റെ രക്ഷാവഞ്ചി ലങ്കാലക്ഷമിയില്‍ ഇറക്കാന്‍ ഞാന്‍ തീരുമാനിച്ചു. അപ്രകാരം ആദ്യം മേശപ്പുറത്തെ ആ പുസ്തകത്തിലൂടെ..,
പിന്നീട് മുരളിയേട്ടനിലൂടെ.., സംസാര വഞ്ചി പതിയെ ഞാന്‍ കാണാക്കിനാവിലെത്തിച്ചപ്പോള്‍ റസാക്ക ഒന്നയഞ്ഞു . ആ കഥക്ക് കാരണമായ കമ്മ്യുണിസ്റ്റുകാരന്‍ ഉപ്പയെ ഓര്‍ത്താണ് തുടക്കം .
അയല്‍ക്കാരനാണെന്ന് തോന്നിക്കാന്‍ കര്‍ഷകനും കമ്മ്യൂണിസ്റ്റുകാരനുമായ എന്റെ അച്ഛന്റെ ചാരത്തേക്ക് ഒരുവേള ഞാനും വഞ്ചിയടുപ്പിച്ചു .
ഉപ്പയുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വവും കെ.എസ്.ആര്‍.ടി.സി യിലെ ജോലിയും തെരുവ് നാടക കാലവും റസാക്കയെ വാചാലനാക്കി.
അനിയനാണെന്ന വിശ്വാസം പറ്റാൻ ജോസ് ചിറമ്മലിനൊപ്പം കാല്‍വരി എന്ന നാടകവുമായി നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം ഉത്തരേന്ത്യയില്‍ കറങ്ങിയത് ഞാനും വിനീതമായി ഉണര്‍ത്തിച്ചു.
സംസാരം ഫുള്‍ ഫോമിലായപ്പോള്‍ ഇക്ക രൂപേഷിനെ ഓര്‍മ്മിപ്പിച്ചു.
'' എടാ ഇവന് ഒരു എക്സ്ട്രാ ബെഡ് പറഞ്ഞേക്ക്.''
അതെ ,ഗോള്‍ വല ചലിച്ചു കഴിഞ്ഞു..!! ഞാന്‍ അകത്തായി.
റസാക്ക പെരുമഴക്കാലത്തിന്റെ ഹാങ്ങ് ഓവറിലാണ് അന്ന് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത് . രാക്കിളി തന്‍.. എന്ന എം.ജയചന്ദ്രന്റെ വിലാപഗാനത്തിന്റെ ട്രാക്ക് ഇയര്‍ഫോണില്‍ കേട്ട് കൊണ്ടാണ് എഴുത്തും ഉറക്കവും.
ആ പാട്ട് എന്നെ കേള്‍പ്പിച്ചു , പെരുമഴക്കാല ത്തിന്റെ കഥ പറഞ്ഞ് കണ്ണ് നനയിച്ചു.
പെരുമഴക്കാലത്തിലെ റസിയയില്‍ നിന്ന് വേഷത്തിലെ അപ്പുവിലേക്ക് ആ മനസ് പാകപ്പെടുത്താന്‍ ഇന്നലകളിലേക്ക് പോയി തിരികെ വരുന്നതാണ് ഉത്തമമെന്ന് എന്നില്‍ ഉപായം രൂപപെട്ടു. ചോദ്യ വഞ്ചി ഞാന്‍ പതിയെ എഴുത്തുകാരന്റെ ഫ്ലാഷ്ബാക്കിലേക്ക് തുഴഞ്ഞു.
ഓര്‍മ്മകളുടെ പെരുമഴയില്‍ നനഞ്ഞ് ആ മനസ്സ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ഒരച്ഛന്റെയും മകന്റെയും ജീവിതത്തിലേക്ക് നടന്നു കയറി. വേഷത്തിന്റെ കഥ പറഞ്ഞു തുടങ്ങി . ചില കഥാമുഹൂർത്തങ്ങൾ എഴുതുന്നതിന്റെ സങ്കീർണ്ണതകൾ പറഞ്ഞു . മമ്മൂക്കയുടെ അപ്പുവിനായി മനസ്സിൽ കരുതി വെച്ച സംഭാഷണങ്ങൾ മുറിയിലൂടെ ഉരുവിട്ട് ഉന്മാദത്തോടെ നടന്നു.
മാറ്റിവെച്ച വേഷത്തിന്റെ തിരക്കഥയിലെ വെളളപേപ്പറുകളില്‍ അങ്ങിനെ അന്ന് രാത്രി പുലരുന്നതിന് മുമ്പ് മഷി പുരണ്ടു തുടങ്ങി .
ആ പുലർകാലം ഞങ്ങളൊരു ഒത്തുതീര്‍പ്പിലെത്തി. പകല്‍നേരം സഹായിയായി ഞാനും പെരുമഴക്കാലത്തിനൊപ്പം നില്‍ക്കുക. പിന്നീട് മമ്മൂക്കക്ക് പകര്‍ന്നാടാനുളള പാകത്തിന് രാവ് വെളുക്കുവോളം വേഷം രാകി മിനുക്കുക.
പിറ്റേന്ന് വേഷത്തിന്റെ സീനുകള്‍ വായിച്ച് പത്ത് മണിയോടെ മുറിയിലെത്തിയ വിനുസാര്‍ ഡബിള്‍ ഹാപ്പി.
ആ വര്‍ഷത്തെ ഏറ്റവും ശ്രദ്ധയമായ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു വേഷവും പെരുമഴക്കാലവും. പെരുമഴക്കാലം റസാഖിയ്‌ക്ക് നാലാമത്തെ സംസ്ഥാന അവാർഡ് സമ്മാനിച്ചു .
പെരുമഴക്കാലം പുസ്തകമായപ്പോള്‍ സ്നേഹസ്മരണയോടെ റസാക്ക മുഖമൊഴിയില്‍ എന്നെയും ഓര്‍ത്തു. ( മുമ്പ് അനന്തപുരിയിലെ പഠന കാലത്ത് എ.അയ്യപ്പനും കവിതാ പുസ്തകത്തിന്റെ ആമൂഖത്തിൽ എന്റെ പേര് കൊത്തി ഇതുപോലെ കുളിര് പകര്‍ന്നിട്ടുണ്ട്. അയ്യപ്പനെന്തിനാവും ഒരു കാര്യവുമില്ലാതെ ഇപ്പൊ ഇവിടെ കേറി വന്നത്..?!!)
ടി.എ. റസാഖ് , അതിഥികളൊഴിയാത്ത ഒരു കല്ല്യാണവീടിന്റെ സജീവതയും സന്തോഷവും മറ്റുളളവരിലേക്ക് എപ്പോഴും പ്രസരിപ്പിച്ചു. ആശ്രമ കവാടം പോലെ ടി.എ. റസാഖ് തന്റെ ദിനരാത്രങ്ങള്‍ സഹജീവികള്‍ക്കായി തുറന്നിട്ടു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതി, മത, രാഷ്ട്രീയ, ലിംഗ, സാമ്പത്തിക ഭേദമന്യേ ചലച്ചിത്ര ഭാഗ്യാന്വേഷികള്‍ എത്തിപ്പെടുന്ന സത്രമായിരുന്നു ടി.എ. റസാഖ്.
സിനിമയേക്കാളേറെ ജീവിതം എന്ന സമസ്യ നിരീക്ഷിക്കാനുളള പഠിപ്പുമായിട്ടാണ് സഹസംവിധായകരും എഴുത്ത് സഹായികളും സന്ദർശകരും ''ഭഗവാന്‍ റസാഖില്‍'' നിന്നും മടങ്ങാറ്.
സരസമായ ഫിലോസഫിയുടെ പൂമരമായിരുന്നു റസാക്ക. നല്ല മൂഡാണെങ്കില്‍ ഒഴുക്കോടെ വീഴുന്ന ഓരോ വാക്കും പ്രയോഗങ്ങളും ആയിരം ചിന്തകളായി വേരുപിടിക്കാൻ മാത്രം ഉള്‍ക്കനമുണ്ടാകും. സൗഹൃദ സദസ്സുകളില്‍ ഇക്ക പ്രകടിപ്പിച്ച അപാരമായ നര്‍മ്മ ബോധത്തിന്റെ ഒരംശം പോലും കലാസൃഷ്ടികളിലേക്ക് പ്രവേശനം നേടിയില്ല എന്നത് തീരാത്ത സങ്കടമാണ് .
തന്റെ അതേ ഹോട്ടലില്‍ മുറിയുളളവന് സ്വന്തം മുറിയിൽ എക്സ്ട്രാ ബെഡ് പറഞ്ഞത് ഓര്‍ക്കുക. ഇഷ്ടമുളളവരെ എവിടെ പോകുമ്പോഴും പൂച്ചകുട്ടികളെ പോലെ കൂടെ കൊണ്ട് നടക്കുന്നതാണ് പ്രിയ ശീലം. സ്നേഹമുളളവരെ രാപ്പകൽ ഭേദമന്യേ ചുറ്റിലും വിന്യസിച്ചാണ് റസാക്ക എഴുത്തില്‍ ഏകാന്തത തേടുന്നത്.
ഒരുപാട് ശിഷ്യ ഗണങ്ങള്‍ക്കൊപ്പം ഞാനും ആ ജീവിതത്തിലേക്ക് സ്വന്തം വീട്ടിലേക്കെന്ന പോലെ കയറച്ചെന്ന് എത്രയോ ദിനരാത്രങ്ങൾ വിരി വെച്ചിട്ടുണ്ട് .ഒരുപാട് യാത്രകളില്‍ എന്നെയും കൂടെ വിളിച്ചു . നടന്‍ ശ്രീനിയേട്ടന്റെ അമ്മ മരിച്ചപ്പോഴൊക്കെ ഒന്നിച്ചാണ് പോയത്.
പലവിധ സഹായങ്ങള്‍ക്കായി ഇക്കയെ ത്തേടി വരുന്നവര്‍ക്ക് കയ്യും കണക്കുമില്ല . സഹായിച്ച് സ്വന്തം കീശ കീറിക്കഴിഞ്ഞാല്‍ ആവശ്യക്കാരെയും കൊണ്ട് സുഹൃത്തുക്കളുടെ മുമ്പില്‍ ചെന്ന് കൈനീട്ടും. ടി എ റസാഖിന്റെ എഴുത്തുമുറികൾ എപ്പോഴും ഒരു സാധുജന പരിപാലന സംഘത്തിന്റെ ഓഫീസ് ധര്‍മ്മവും കൂടി നിറവേറ്റി പോന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം കേരളത്തിലെ സ്കൂള്‍ കലോത്സവമാണ്. പക്ഷെ സ്പെഷല്‍ സ്കൂള്‍ കുട്ടികളുടെ കലാകായിക മേളകള്‍ വഴിപാടായി മാറുന്നതില്‍ റസാക്ക വല്ലാതെ ക്ഷോഭിച്ചു. ആ പ്രതിഷേധത്തില്‍ നിന്ന് രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ് മാനസ്സികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി കോഴിക്കോട് , മുക്കത്തുളള യു. എ. മുനീറിന്റെ ലൗഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടാടിയ 'സ്നേഹ തീരത്തൊരു കാരുണ്യോത്സവം ' എന്ന അപൂർവ്വമായ കലാവിനോദവിരുന്ന്.
സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളുമടക്കം ആയിരത്തോളം പേർ മൂന്ന് ദിവസം ലൗഷോറിൽ താമസിച്ച് ജീവിതം ആഘോഷമാക്കിയ കാരുണ്യോത്സവത്തിന് കേരള ചരിത്രത്തില്‍ സമാനതകളില്ല.
ഏറെ മുന്നൊരുക്കങ്ങള്‍ ആവശ്യമായ ആ സ്വകാര്യ സംരഭത്തിന്റെ നടത്തിപ്പിന് റസാക്ക എന്നെയും വിളക്കിച്ചേര്‍ത്തു. ഒരു ഡോക്യുമെന്‍ററി ചെയ്യാനാണ് ആദ്യ ഉത്തരവ്. ഒരു മ്യൂസിക് വീഡിയൊ കൂടി ചെയ്യാന്‍ പിന്നീട് അനുവാദമുണ്ടായി.
കാര്യമറിയിച്ചപ്പോള്‍ സുദർശന്റെ സംഗീതത്തിൽ വിജയ് യേശുദാസും മധു ബാലകൃഷ്ണനും സുദീപ് കുമാറും സൗജന്യമായി പാടിത്തരാമെന്നേറ്റു. അഞ്ഞൂറോളം ഭിന്ന ശേഷി കുട്ടികളെ അണിനിരത്തി ഏഴ് ദിവസം കൊണ്ടു പൂര്‍ത്തിയാക്കിയ " ദ വേള്‍ഡ് വിന്നേഴ്സ് '' പ്രദര്‍ശന ദിവസമാണ് റസാക്ക കാണുന്നത്.
ദ വേള്‍ഡ് വിന്നേഴ്സ് കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. അതില്‍ കാര്യമില്ല. ഇത്തരമൊരു വേദിയില്‍ മറിച്ചാവാന്‍ സാദ്ധ്യതയില്ലല്ലൊ.
എന്താവും ഇക്കയുടെ പ്രതികരണം.
. '' ബൈജു വേഗം സ്റ്റേജിലെത്തുക ''എന്ന എനൗണ്‍സ്മെന്റ് റസാക്കയുടെ പതിവില്ലാത്ത ഗൗരവ ശബ്ദത്തില്‍ മുഴങ്ങിയപ്പോള്‍ മുങ്ങിയാലൊന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു. ആരോ പിടിച്ച് സ്റ്റേജിലെത്തിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ചേര്‍ത്തു പിടിച്ചു റസാക്ക മൈക്കിലൂടെ പറഞ്ഞു .
'' ന്റെ കുട്ടിയാ .. ഞാനാ ഇതിവനെ ഏല്‍പ്പിച്ചേ .., അത് മാനം കാത്തിവന്‍ തിരിച്ചു തന്നു. ഇവന് കൊടുക്കാന്‍ കയ്യിലൊന്നും ഇല്ലല്ലൊ.''
റസാക്ക പോക്കറ്റ് പരതി എന്തോ എടുത്തു.
'' ദാ , ഈ എഴുത്ത് പേന ഞാനിവന് നല്‍കട്ടെ.'' ''
ഒരു തൂവാല കണക്കെ ഞാനാ കാലുകളിലേക്ക് പാറിവീണു.
എന്റെ മൂര്‍ദ്ദാവില്‍ ഉള്ളങ്കൈ ചേര്‍ത്ത് വെച്ച് കണ്ണടച്ച് അനുഗ്രഹിച്ചു. ഇക്കയെ കുറിച്ച് പറയാന്‍ ഏറെയുണ്ടെങ്കിലും ഓര്‍ക്കാന്‍ പറ്റിയ നേരമിതല്ലല്ലൊ ചങ്ങാതി .
ജന്മനാട്ടിലെ മഹാകവി മോയിന്‍ കുട്ടിവൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ ശീതീകരിച്ഛ പെട്ടിയില്‍ ജീവിക്കാനുളള വര്‍ദ്ധിച്ച കൊതിയോടെ ജീവനറ്റ് റസാക്ക കിടക്കുന്നു.
അവസാന കാഴ്ച്ചക്ക് പോകും മുമ്പ് ആദ്യ കാഴ്ച്ചയിലേക്ക് പറഞ്ഞു വിട്ട ഗുരുവിനെ , വിനു സാറെ ഓർത്തു . വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. അവര്‍ തമ്മിലുളള കോഴിക്കോടന്‍ സിനിമാസൗഹൃദത്തിന്റെ ചൂടും ചൂരും അടുത്ത് നിന്നും കണ്ട ആളാണ് ഞാന്‍ . വാർത്ത അറിഞ്ഞപ്പോൾ എങ്ങിനെ സഹിച്ചുകാണും.
കുണ്ടോട്ടിയില്‍ വന്‍ജനാവലി തമ്പടിച്ചിട്ടുണ്ട്. സിനിമാതാരങ്ങളെ കാണാനെത്തിയവരല്ല. കടുത്ത ജീവിത വേനലില്‍ ടി. എ. റസാഖ് എന്ന സ്നേഹക്കുട ചൂടി ഒരിക്കലെങ്കിലും നടന്നവരാണധികവും.
തുറക്കല്‍ ജുമാമസ്ജിദിന്റെ അകത്ത് മയ്യത്ത് നമസ്കാരം നടക്കുമ്പോള്‍ പെരുമഴക്കാലത്തിലേതു പോലെ പൊടുന്നനെ എവിടെ നിന്നോ മഴയെത്തി.
ടാര്‍പ്പോളിന്‍ ഷീറ്റിന് പുറത്തുളള ആളുകള്‍ മഴ നനഞ്ഞ് പൊതിരുമ്പോള്‍ അന്തരീക്ഷത്തില്‍ ചുടുകണ്ണീര്‍ വീഴ്ത്തി എ. അയ്യപ്പന്റെ വരികളെത്തി.
'' മരിച്ച വീട്ടിലെ മഴ തോരുന്നില്ല.
ശപിച്ചു ബന്ധുക്കള്‍.
മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതിരിക്കാനാവില്ലല്ലോയെന്ന് മഴയും.''
റസാക്കാ...!!
ആഗസ്ത് 15- 2020.
ഇന്ന് റസാക്കയുടെ നാലാമത്തെ ഓർമ്മദിനം .
അതിരുകളില്ലാത്ത സ്വാതന്ത്ര്യം തേടിയാവും മടക്കയാത്രക്ക് ഈ ദിനം തന്നെ തിരഞ്ഞെടുത്തത്.
പ്രണാമങ്ങളോടെ അവശേഷിക്കുന്നവര്‍.