ഇറങ്ങിയ കാലത്ത് വേണ്ടതു പോലെ ശ്രദ്ധിക്കപ്പെടാത്തതോ പ്രേക്ഷകർ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതോ ആയ ചില സിനിമകളുണ്ട്. സിനിമ കാലത്തിനു മുൻപേ പറന്നതോ സിനിമയോളം ആ കാലം വളരാതിരുന്നതോ ആവാം. അത്തരം സിനിമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
1982-ലിറങ്ങിയ നവംബറിന്റെ നഷ്ടത്തിലേക്ക് വിപിൻ മോഹൻ തിരിഞ്ഞുനോക്കുന്നു.
novemberinte nashtam'നവംബർ 2 മീര പിള്ള (23 വയസ്സ്). മാനസികാരോഗാശുപത്രിയിലെ പതിനൊന്നാം നമ്പർ സെല്ലിൽ കഴിഞ്ഞ ദിവസം രാത്രി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടി.'
നവംബറിന്റെ തീരാനഷ്ടമായി മീരയുടെ ജീവിതം അവസാനിക്കുന്നതിങ്ങനെയാണ്.
മീരയും അവളുടെ ചേട്ടനായ ബാലുവും ചെറുപ്പത്തിലേ അമ്മയില്ലാതെ, ജീവിച്ചിരിപ്പുള്ള അച്ഛന്റെ സ്നേഹമോ തണലോ ഇല്ലാതെ വളർന്നവരാണ്. അഞ്ചു വയസ്സ് പ്രായം മാത്രമുള്ള ചേട്ടന്റെ കൈകളിലേക്ക് മീരയെ ഏൽപ്പിച്ചുകൊടുത്ത് മറ്റൊരു സ്ത്രീയുടെ അടുക്കലേക്ക് അവരുടെ അച്ഛൻ പോകുമ്പോൾ മീരയുടെ പ്രായം കേവലം ഒരു വയസ്സ് മാത്രമാണ്. എന്നിരുന്നാലും അവളുടെ കൗമാരത്തിലും യൗവനത്തിലുമെല്ലാം കാണുന്ന ദു:സ്വപ്നത്തിലെ, അവളുടെ സന്തോഷം കെടുത്താനായി വരുന്ന ദുഷ്ടനായ വില്ലന്റെ പരിവേഷം അവളുടെ അച്ഛന്റേതാണ്.
ഓരോ ദു:സ്വപ്നത്തിന്റെയുമൊടുക്കം ചേട്ടനായ ബാലു വന്നു ചോദിക്കുമ്പോൾ അവൾ അച്ഛന്റെ പേര് പറഞ്ഞിരുന്നതു കൊണ്ടാവാം, സ്വപ്നത്തിൽ ഇങ്ങനെയെങ്കിലും അയാൾ വരുന്നുണ്ടല്ലോ എന്ന് ബാലു അവളോടു ചോദിക്കുന്നത്.
പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച 'നവംബറിന്റെ നഷ്ടം' സത്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സിനിമയാണ്. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതയും മനോരോഗത്തിന്റെ വിവിധ തലങ്ങളും വ്യക്തമായി കാണിച്ച ഒരു സിനിമയായാണ് എനിക്ക് നവംബറിന്റെ നഷ്ടം അനുഭവപ്പെട്ടത്.
സിനിമയുടെ തുടക്കത്തിൽ തന്നെ മീര സ്ഥിരമായി ദുസ്വപ്നങ്ങൾ കാണുന്നവളാണെന്ന് കാണിക്കുന്നുണ്ട്. ഓരോ ദുസ്വപ്നത്തിന്റെയും ഒടുക്കം അവളുടെ ഉറക്കവും അവൾ വേണ്ടെന്ന് വെക്കുന്നുണ്ട്.
മീര ഒരു സൈക്കോളജി വിദ്യാർത്ഥിനിയാണ്. അവളുടെ സൈക്കോളജി ക്ലാസ്സിൽ അവൾ പഠിക്കുന്നതായി കാണിക്കുന്ന സബ്ലിമേഷൻ എന്ന മനുഷ്യമനസ്സിന്റെ ഡിഫെൻസ് മെക്കാനിസം തന്നെയാണ് അവൾ പലപ്പോഴും അവൾ പോലുമറിയാതെ ഉപയോഗിക്കുന്നത്. പൊതുവിടത്തിൽ സ്വീകാര്യമല്ലാത്ത ഒരു ചിന്തയെ, എല്ലാവരാലും സ്വീകാര്യമായ ഒരു പ്രവൃത്തിയായി രൂപാന്തരപ്പെടുത്തുന്ന മനസ്സിന്റെ ഡിഫെൻസ് മെക്കാനിസത്തെയാണ് സബ്ലിമേഷൻ എന്ന് പറയുന്നത്. മീര പലപ്പോഴായി ഈ സിനിമയിൽ സബ്ലിമേഷൻ ചെയ്യുന്നത് സ്വപ്നങ്ങളിലൂടെയാണ്. അവൾ ആരോടെങ്കിലുമുള്ള ദേഷ്യമെല്ലാം സ്വപ്നത്തിലൂടെ കണ്ടെന്നും അതിനാൽ തന്നെ ഇനി ആ ദേഷ്യം അയാളോടില്ല എന്നെല്ലാം പറയുന്നതായി സിനിമയിൽ കാണിക്കുന്നുണ്ട്.
ദാസ്.. മീരയുടെ ജീവിതത്തിൽ സ്വന്തം ചേട്ടനെക്കൂടാതെ അത്രയേറെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ദാസ്. അവളുടെ പ്രണയമാണ് അയാൾ. കോളേജിൽ അവളുടെ ഒരു വർഷം സീനിയറായ ദാസ് അയാളുടെ അമ്മയ്ക്ക് സുഖമില്ലാതെ നാട്ടിലേക്ക് പോകുമ്പോൾ തൊട്ട് അവൾ വല്ലാതെ അസ്വസ്ഥയാണ്. അയാൾ തിരിച്ചുവരും വരെയുള്ള ഓരോ നിമിഷവും അവൾ അത്രയും ബുദ്ധിമുട്ടിയാണ് തള്ളിനീക്കുന്നത്.
ഇത്രയൊക്കെ ഇമോഷണലി വൾണറബിളാണെങ്കിലും അവളുടെ പ്രണയം സ്വന്തം ചേട്ടൻ കണ്ടുപിടിക്കുമ്പോൾ ധൈര്യസമേതം അതേ എന്നുപറയാൻ മാത്രം ബോൾഡുമാണ് മീര. ചേട്ടനായ ബാലു ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളെയും ഒറ്റയ്ക്ക് നേരിട്ടവനാണ്. അയാൾക്ക് അച്ഛനോട് ഒരേ സമയം വെറുപ്പും എന്നാൽ അതേസമയം സഹതാപവും, അച്ഛന് മറ്റൊരു സ്ത്രീയിലുണ്ടായ മക്കളോട് സ്നേഹവും അനുതാപവുമാണ്.
മീര വളരെ സെൻസിബിളാണ്. അത് അവളേക്കാളേറെ ബാലുവിനറിയാം. ദാസ് അല്പനേരത്തെ സന്തോഷത്തിന് വേണ്ടിയാണ് മീരയോട് അടുപ്പം നടിച്ചതെന്നുള്ള രീതിയിൽ പറയുമ്പോഴും, അയാൾ അയാളുടെ സ്വന്തം ഭാവിയെക്കുറിച്ചുള്ള ചിന്തകൾ പറയുമ്പോളും ബാലു ഒരല്പം ഇൻഡിഫറെന്റായി പെരുമാറുന്നതും ആ കൂടിക്കാഴ്ച്ചയെക്കുറിച്ച് മീരയോട് പറയേണ്ട എന്ന് പറയുന്നതുമെല്ലാം ബാലുവിന് മീരയെ ദാസിനെക്കാളേറെ അറിയുന്നത് കൊണ്ടാണ്. അതുകൊണ്ടു തന്നെയായിരിക്കാം അവളുടെ എക്സാം കഴിയുന്നതു വരെയെങ്കിലും ദാസിന്റെ മനസ്സിലിരുപ്പ് മീരയറിയരുതെന്ന് അയാൾ ശാഠ്യം പിടിച്ചത്.
എക്സാം കഴിയുന്നതോടെ മറ്റെല്ലാ കൂട്ടുകാരോടുമെന്ന പോലെ ബൈ പറഞ്ഞുപോകുന്ന ദാസിനോട് മീര ചോദിക്കുന്നതും അത് തന്നെയാണ്. 'അപ്പൊ എല്ലാരെയും പോലെ ഞാനും അല്ലേ' എന്ന്. അതെ, അത്ര മാത്രമായിരുന്നു ദാസിന് മീര. ഒരു കോളേജ് ടൈം ഇൻഫാക്ച്ചുവേഷൻ. എന്നാൽ മീരയ്ക്ക് അതായിരുന്നില്ല ദാസ്. പ്രണയവും അതേ സമയം നഷ്ടപ്പെട്ടുപോയ അച്ഛനെപ്പോലെയുമെല്ലാം അവൾ അയാളെ കണ്ടിരുന്നു.
ആ കൂടിക്കാഴ്ചയ്ക്കു ശേഷം മീരയുടെ ഉറക്കം നഷ്ടപ്പെടുന്നു. ദുസ്വപ്നങ്ങൾക്ക് പുറമേ പാരനോയിയ കൂടി തുടങ്ങുന്നു. 'ആ റൂമിലാരോ ഉണ്ട്.' സിനിമയിൽ ഈ നിമിഷം തൊട്ട് മീരയിലെ ഒളിഞ്ഞുകിടന്ന മനോരോഗത്തിന്റെ ലക്ഷണങ്ങൾ മറനീക്കി പുറത്തുവരുന്നു.
ദാസ് അന്നത്തെക്കാലത്ത് ചിലപ്പോൾ വളരെ ന്യൂജെൻ ചിന്താഗതിയുള്ള ആളെപ്പോലെ തോന്നിച്ചിരിക്കാമെങ്കിലും സത്യത്തിൽ അയാൾ യൂസ് ചെയ്തതും ആ സൈക്കോളജി ക്ലാസ്സിൽ പറഞ്ഞ പോലെ റേഷനലൈസേഷൻ എന്ന ഡിഫെൻസ് മെക്കാനിസമാണ്. തന്റേതായ ഒരു പ്രവൃത്തിയെ ന്യായീകരിക്കുക എന്നതാണ് റേഷനലൈസേഷൻ എന്ന ഡിഫെൻസ് മെക്കാനിസം കൊണ്ടുദ്ദേശിക്കുന്നത്. ഏതൊരു ഡിഫെൻസ് മെക്കാനിസവും അളവിൽ കൂടുതലായാൽ അത് വിപരീതഫലം ചെയ്യും.
ദാസിന് ഒരു റിലേഷനിലും, അത് സ്വന്തം മാതാപിതാക്കളാണെങ്കിൽ പോലും ഇമോഷണൽ അറ്റാച്ച്മെന്റ് കാണാനാവുന്ന വ്യക്തിയല്ല. എന്നാൽ മീരയാകട്ടെ എല്ലാം പേഴ്സണലായി സ്വന്തം ലൈഫുമായി ചേർത്തുവെച്ചുനോക്കുന്നവളാണ്. അതുകൊണ്ടു കൂടിയായിരിക്കാം ദാസുമായുള്ള ബ്രേക്ക് അപ്പിന് ശേഷം അവൾ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതും.
മൂന്നു കൊല്ലത്തിനപ്പറം ബാലുവിന് സ്വന്തം ദുഃഖങ്ങൾ അതേപോലെ പങ്കിടാനായി ഒരു പങ്കാളിയെ ലഭിക്കുന്നുണ്ട്. അംബിക. അവളൊരിക്കലും ഭർത്താവിന്റെ പെങ്ങളെ മെന്റലി ഡിസ്റ്റർബ്ഡ് എന്ന രീതിയിൽ കാണുന്നേയില്ല. മറിച്ച് ബാലുവിനും മീരക്കും ഇടയ്ക്ക് ഒരു ഇമോഷനൽ ബ്രിഡ്ജ് ആയാണ് നിലകൊള്ളുന്നത്.
മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ സമയത്ത് അവിടെ സൈക്കോളജിസ്റ്റായെത്തുന്ന ദാസിനോട് വീണ്ടുമടുക്കുന്ന മീരയുടെ ഗർഭവും, ഇനിയും ഒരു വിവാഹത്തിന് സാധ്യതയുണ്ടോ എന്ന് തിരക്കിയ ബാലുവിന് നേരിടേണ്ടി വന്ന വൈകാരികവും ശാരീരികവുമായ ട്രോമയും അതിനെത്തുടർന്ന് അയാൾക്ക് നേരിടേണ്ടി വരുന്ന സർജറിയും എല്ലാം മീരയെ കൂടുതൽ തളർത്തുന്നു.
മീര, അവൾ പണ്ട് കണ്ട ഒരു ദുസ്വപ്നത്തിലെ നായയെ കൊന്ന പോലെ ദാസിനെ കഴുത്തിൽ ബെൽറ്റ് കുരുക്കി കൊല്ലുന്നു. തുടർന്ന് മെന്റൽ ഹോസ്പിറ്റലിലെ പതിനൊന്നാം നമ്പർ മുറിയിൽ ആത്മഹത്യ ചെയ്യുന്നു.
ഇതാണ് നവംബറിന്റെ നഷ്ടം. എന്നാൽ ഈ കഥ ഇത്രയും സൈക്കോളജിക്കലി ഇൻവോൾവ്ഡായി എഴുതിത്തീർത്ത പത്മരാജനാണ് എനിക്ക് ഇനിയും പൂർണ്ണമായി മനസിലാക്കാനാവാത്ത വ്യക്തി. അത്രയേറെ സൈക്യാട്രിക് എലമെന്റസ് ഉള്ള ഒരു പക്കാ അണ്ടർറേറ്റഡ് വർക്ക്.
എൺപതുക്കളുടെ തുടക്കത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ മലയാള സിനിമയിൽ കുറവായിരുന്നു. അതും കലാലയങ്ങളിൽ പോലും ഫെമിനിസം ഒരു ചർച്ചയാവാതിരുന്ന ആ കാലത്ത്, ഇത്തരം ഒരു സിനിമയിറക്കാൻ പത്മരാജന് സാധിച്ചു. കാലത്തിനും ഒരുപാട് മുന്നേ സഞ്ചരിച്ച പ്രതിഭ.
മാധവിയുടെ അഭിനയമാണ് നവംബറിന്റെ നഷ്ടത്തെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നത്. മീരയുടെ കുസൃതിയും കുറുമ്പും ദൈന്യതയും ഒറ്റപ്പെടലും ക്രൗര്യവുമെല്ലാം മാധവിയിൽ ഭദ്രമായിരുന്നു.
പരിചിതമുഖങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളെയും അവതരിപ്പിച്ചു കൊണ്ടാണ് പത്മരാജൻ നവംബറിന്റെ നഷ്ടം യാഥാർത്ഥ്യമാക്കിയത്. അങ്ങനെ ആ നഷ്ടം മലയാളസിനിമയുടെ ചരിത്രനേട്ടമായി.