'കുമ്മാട്ടി', ചലച്ചിത്രാനുഭവത്തിന്റെ നിർമ്മലജലസഞ്ചാരം

'കുമ്മാട്ടി', ചലച്ചിത്രാനുഭവത്തിന്റെ നിർമ്മലജലസഞ്ചാരം
Published on

നഖശിഖാന്തം പ്രതിഭയായിരുന്ന, 'മാസ്റ്റർ ഡയറക്ടർ' എന്ന വാക്കിന് ലോകാടിസ്ഥാനത്തിൽത്തന്നെ അർഹനായിരുന്ന G. അരവിന്ദന്റെ 'കുമ്മാട്ടി' ഏറ്റവും ലളിതമായ ഒരു കഥ പറഞ്ഞു പോകുമ്പോഴും പ്രേക്ഷകന്റെ തലച്ചോറിനെയും ആവശ്യപ്പെടുന്ന ഒരു ആസ്വാദനപ്രക്രിയ മുന്നോട്ടുവയ്ക്കുന്നു.

ജീവിതത്തെ യാത്രയുടെ സുവിശേഷമാക്കിയ കുമ്മാട്ടി അരമണിയും വാളും കിലുക്കി മലബാറിലെ ഒരു കുഗ്രാമത്തിലെത്തുന്നു. അവിടത്തെ വിശ്വാസങ്ങളിലും മുത്തശ്ശിക്കഥകളിലുമാകട്ടെ കുമ്മാട്ടി 'മാനത്തെ മച്ചോളം തലയെടുത്ത്,പാതാളക്കുഴിയോളം പാദംനട്ട്, മാലചേലക്കൂറ ചുറ്റി'...കുട്ടികളിൽ ഭയം നിറയ്ക്കുന്ന ഒരു കഥാപാത്രമാണ്.

എന്നാൽ പകൽനേരങ്ങളിൽ ഉറക്കെ പാട്ടുകൾ പാടി നാടലയുകയും കുട്ടികൾക്ക് മാങ്ങയും പഴങ്ങളും കഴിക്കാൻ കൊടുക്കുകയും (അതൊക്കെ ആകാശത്തു നിന്നു സൃഷ്ടിക്കുന്നതല്ല, ഭാണ്ഡത്തിൽ നിന്ന് എടുക്കുന്നതാണെന്ന് കുട്ടിപ്പടയിലെപ്രധാനിയായ ചിണ്ടൻ കണ്ടുപിടിക്കുന്നുമുണ്ട്) ചെയ്യുന്ന കുമ്മാട്ടി മെല്ലെമെല്ലെ കുട്ടികൾക്ക് പ്രിയങ്കരനായി മാറുന്നു.അമ്പലക്കുളത്തിൽ നീന്തിക്കുളിക്കുകയും അടുപ്പുകൂട്ടി കഞ്ഞി വെച്ചുകഴിക്കുകയും രാത്രികളിൽ ക്ഷീണിച്ചവശനായി ആലിൻതറയിൽ കിടന്നുറങ്ങുകയുമൊക്കെ ചെയ്യുന്ന കുമ്മാട്ടിയെന്ന വൃദ്ധൻ മുത്തശ്ശിക്കഥയിലെ പേടിപ്പെടുത്തുന്ന കഥാപാത്രത്തിൽ നിന്നുമാറി കുട്ടികളിൽസ്നേഹമായി നിറയുന്നു. പനി പിടിച്ച് കുമ്മാട്ടി തളർന്നുകിടക്കുന്ന അവസരത്തിൽ വൈദ്യരെ കൂട്ടിക്കൊണ്ടുവരുന്നതും ചിണ്ടനാണ്.

കൊയ്ത്തുകഴിഞ്ഞ് ഭൂമി വരളുന്ന കാലത്ത് കുമ്മാട്ടി ആ നാടുവിടാനൊരുങ്ങുന്നു. അതിനു മുമ്പായി കുട്ടികളോടൊപ്പം 'ഓടിയോടിക്കളി ആനന്ദക്കുട്ടികളോ ഇന്ത തകൃത മുല്ലൈ' എന്ന് പാടി നൃത്തം വയ്ക്കുന്ന കുമ്മാട്ടി കയ്യിലെ മുഖംമൂടികൾ കുട്ടികളെ ധരിപ്പിച്ച് അവരെ മന്ത്രവിദ്യയാൽ നായ്ക്കുട്ടിയും കുരങ്ങും മയിലും ആനക്കുട്ടിയുമൊക്കെയായി മാറ്റുന്നു.

കളിയുടെ ഒടുവിൽ, അന്യദേശസഞ്ചാരം തുടങ്ങുന്നതിനു മുമ്പ് കുട്ടികളെ തിരിച്ച് മനുഷ്യക്കുട്ടികളാക്കി മാറ്റുന്നുണ്ട് കുമ്മാട്ടി.

എന്നാൽ അവരിലൊരാൾക്ക്, നായ്ക്കുട്ടിയായ് മാറിയ ചിണ്ടന് അതേ രൂപത്തിൽ തുടരേണ്ടി വരുന്നു. അതറിയാതെ (അതോ അറിഞ്ഞുകൊണ്ടു തന്നെയോ) തന്റെ യാത്രയുടെ വഴികളിലേയ്ക്ക് വീണ്ടും ഇറങ്ങിനടന്നുകഴിഞ്ഞിരുന്നു കുമ്മാട്ടി.

മലയാള സിനിമയിലെ ഒരു പക്ഷേ ആദ്യത്തെ കറതീർന്ന മാജിക്കൽ റിയലിസത്തിന്റെ അനുഭവം ഈ രംഗത്തിലൂടെയായിരിക്കും പ്രേക്ഷകൻ അറിഞ്ഞിരിക്കുക. ചിത്രത്തിലുടനീളം തന്നെ ഈ 'മാജിക്' അനുഭവം നിലനിർത്തിയിട്ടുണ്ട് സംവിധായകനെന്നത് എടുത്തുപറയേണ്ടതുണ്ട്!

ലളിതമായി കഥ പറയുമ്പോഴും ഏറ്റവും സൂക്ഷ്മമായി മനുഷ്യരെയും ലോകത്തെയും നിരീക്ഷിക്കുകയും അതുവഴി തികഞ്ഞ ചരിത്രബോധത്തോടെ തന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ വെളിവാക്കുകയും ചെയ്യുന്ന അത്യപൂർവ്വമായ സിദ്ധിവിശേഷം 'കുമ്മാട്ടി'യിലും അരവിന്ദന്റേതായി തെളിഞ്ഞുകാണാം. വിശ്വാസങ്ങളും മന്ത്രവാദവും ദൈവസങ്കല്പവുമൊക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഗ്രാമത്തിൽ പുലരുമ്പോഴും കുട്ടികൾ കുസൃതികളുടെ രൂപത്തിൽ ചില ചോദ്യം ചെയ്യലുകൾ നിർവ്വഹിക്കുന്നുണ്ട്. അതിനവരെ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസം തന്നെയാണ്. കുമ്മാട്ടിയെക്കുറിച്ച് അമ്പലമുറ്റത്തെ മുത്തശ്ശിയിൽ നിന്ന് ഐതിഹ്യസ്വഭാവമുള്ള നിറം പിടിപ്പിച്ച കഥകൾ കേൾക്കുന്നതിന് സമാന്തരമായിത്തന്നെ അവർ സ്ക്കൂളിൽ ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിക്കുന്നുണ്ട്.

ആ പഠനം പകർന്ന ഊർജത്തോടൊപ്പം ജീവിതാനുഭവങ്ങളുടെ ചൂടുള്ള തിരിച്ചറിവുകളും പ്രകടമാണ്, നാട്ടിലേയ്ക്ക് വീണ്ടുമെത്തുന്ന കുമ്മാട്ടിയുടെ ആലിംഗനത്തിൽ തിരികെ മനുഷ്യരൂപം പ്രാപിക്കുന്ന ചിണ്ടന്റെ തുടർപ്രവൃത്തികളിൽ !നായ്ക്കുട്ടിയുടെ രൂപത്തിലും തന്നെ തിരിച്ചറിഞ്ഞ വീട്ടിലെ തത്തയെ കൂടു തുറന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശത്തേയ്ക്ക് പറത്തിവിട്ടുകൊണ്ടാണ് ചിണ്ടൻ തന്നോടുതന്നെയും ലോകത്തോടും പ്രതികരിക്കുന്നത്.

കുമ്മാട്ടി ഒരു വെറും സിനിമയല്ല. അത് കവിത പോൽ വിരിഞ്ഞ്, മിത്തായി പടർന്ന്,തിരിച്ചറിവിന്റെ കൂടി സുവിശേഷമായി മാറുന്നുണ്ട്. പ്രകൃതി ഇത്രമേൽ നിറസാന്നിദ്ധ്യമായി അനുഭവിപ്പിക്കപ്പെടുന്ന മറ്റൊരു ചലച്ചിത്രം മലയാളത്തിലുണ്ടോ എന്നു സംശയം. തുറന്നു പരന്നുകിടക്കുന്ന സമതലങ്ങളും മലയടിവാരങ്ങളും വൃക്ഷച്ചുവടുകളും കുളങ്ങളുമൊക്കെ മാറിമാറിവരുന്ന കാലാവസ്ഥകൾക്കിണങ്ങും വിധം പകർത്തപ്പെട്ട് പ്രകൃതിയെ ഒരു കഥാപാത്രമായിത്തന്നെ അരവിന്ദൻ 'കുമ്മാട്ടി'യിൽ വിന്യസിച്ചിരിക്കുന്നു.മലയാളത്തിലെ എക്കാലത്തേയും മികച്ച ഛായാഗ്രഹണമികവ് അന്വേഷിച്ചലയുന്നവർക്ക് 'കുമ്മാട്ടി'യിലേക്ക് വഴികാണിച്ചുതരുന്നു തന്റെ സ്വപ്നസദൃശമായ ഫ്രെയിമുകളിലൂടെ ഷാജി എൻ.കരുൺ. നാട്ടുമണമുള്ള തന്റെ വാക്കുകളിലൂടെയും ശീലുകളിലൂടെയും കാവാലം ചിത്രത്തിന് മറ്റൊരു അനുഭവതലം സമ്മാനിക്കുന്നു. കുമ്മാട്ടിയായി വേഷമിട്ട അമ്പലപ്പുഴ രാവുണ്ണിയടക്കമുള്ളഅഭിനേതാക്കളുടെ കൃത്യമായ തിരഞ്ഞെടുപ്പും ചിത്രത്തിന് ഒരേ സമയം യാഥാർത്ഥ്യത്തിൻ്റെയും ഫാൻ്റസിയുടെയും അടരുകൾ പ്രദാനം ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

IFFK-യിലും IFFl-യിലും മറ്റു ചലച്ചിത്രമേളകളിലുമായി ലോകോത്തരങ്ങളെ അന്വേഷിച്ച്തീർത്ഥാടനം നടത്തുന്ന പഴയതും പുതിയതുമായ തലമുറക്കാർക്കുംസിനിമയാൽ ശുദ്ധം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവർക്കും മുങ്ങിനിവരാൻ പറ്റിയ, കെട്ടിക്കിടക്കാത്ത കാലത്തെയും വഹിച്ചൊഴുകുന്ന ചലച്ചിത്രാനുഭവത്തിന്റെ നിർമ്മലജലസഞ്ചാരം തന്നെയാകുന്നു 'കുമ്മാട്ടി'..!

IFFK-യിലും IFFl-യിലും മറ്റു ചലച്ചിത്രമേളകളിലുമായി ലോകോത്തരങ്ങളെ അന്വേഷിച്ച്തീർത്ഥാടനം നടത്തുന്ന പഴയതും പുതിയതുമായ തലമുറക്കാർക്കുംസിനിമയാൽ ശുദ്ധം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവർക്കും മുങ്ങിനിവരാൻ പറ്റിയ, കെട്ടിക്കിടക്കാത്ത കാലത്തെയും വഹിച്ചൊഴുകുന്ന ചലച്ചിത്രാനുഭവത്തിന്റെ നിർമ്മലജലസഞ്ചാരം തന്നെയാകുന്നു 'കുമ്മാട്ടി'..!

Related Stories

No stories found.
logo
The Cue
www.thecue.in