കോലങ്ങളും ഒരു ഗ്രാമത്തിൻ്റെ ആത്മാവും!

കോലങ്ങളും ഒരു ഗ്രാമത്തിൻ്റെ ആത്മാവും!
Published on
Summary

നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന ഗൃഹാതുരത്വ സങ്കല്പത്തെ പ്രണയവൽക്കരിച്ച് ഒരുക്കപ്പെട്ട സിനിമയല്ല കോലങ്ങൾ. അത് നിഷ്ക്കളങ്കതയും ഹൃദയനൈർമ്മല്യവും മാത്രമല്ല അസൂയയും വൈരാഗ്യവും സ്വാർത്ഥതയും ചതിയും മോഹവും മോഹഭംഗവുമെല്ലാം ഇടകലർന്നുകിടക്കുന്ന മനുഷ്യാവസ്ഥകളുടെ പച്ചയായ ആവിഷ്ക്കാരമാണ് നിർവ്വഹിക്കുന്നത്.

'കോലങ്ങള്‍' എന്ന സിനിമയെ മുന്‍നിര്‍ത്തി സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

ചരിത്രവുമായും കാലവുമായും ബന്ധപ്പെടുത്തുമ്പോൾ,ഓർമ്മ ഏറ്റവും വലിയൊരു രാഷ്ട്രീയമാകുന്നു. ഓർമ്മകളെ നിലനിർത്തുക എന്നത് ഏറ്റവും വലിയ രാഷ്ട്രീയപ്രവർത്തനവും. ചരിത്രം എന്ന സംജ്ഞ പോലും വ്യത്യസ്ത കാലങ്ങളെയും അതാത് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരെയും അവരുടെ ജീവിത-സാമൂഹ്യാവസ്ഥകളെയും അധികാരത്തിൻ്റെ വഴികളെയും മൂലധനത്തിൻ്റെ കയ്യടക്കൽ പ്രക്രിയകളെയും ഓർമ്മപ്പെടുത്തുകയും അതുവഴി വരുംകാലത്തെ മനുഷ്യരുടെ ജീവിതവും നിലപാടുകളും  എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള കൂടുതൽ ജനാധിപത്യപരമായ ഉൾക്കാഴ്ചകളിലേയ്ക്ക് ചില കിളിവാതിലുകൾ തുറന്നിടുകയും ചെയ്യുകയെന്ന ദൗത്യമാണ് നിർവ്വഹിക്കുന്നത്. മികച്ച കലയും സാഹിത്യവും പലപ്പോഴും ഇതേ ദൗത്യം നിർവ്വഹിക്കുന്നുണ്ട്.

പി.ജെ.ആൻറണിയുടെ 'ഒരു ഗ്രാമത്തിൻ്റെ ആത്മാവ്' എന്ന നോവലിനെ ആധാരമാക്കിയാണ്  KG ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 'കോലങ്ങൾ' പ്രേക്ഷകരുടെ മുമ്പിലേയ്ക്കെത്തുന്നത്. എഴുപതുകളിലെ മദ്ധ്യതിരുവിതാംകൂറിൻ്റെ ഗ്രാമീണജീവിതമാണ് തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന ഗൃഹാതുരത്വ സങ്കല്പത്തെ പ്രണയവൽക്കരിച്ച് ഒരുക്കപ്പെട്ട സിനിമയല്ല കോലങ്ങൾ. അത് നിഷ്ക്കളങ്കതയും ഹൃദയനൈർമ്മല്യവും മാത്രമല്ല അസൂയയും വൈരാഗ്യവും സ്വാർത്ഥതയും ചതിയും മോഹവും മോഹഭംഗവുമെല്ലാം ഇടകലർന്നുകിടക്കുന്ന മനുഷ്യാവസ്ഥകളുടെ പച്ചയായ ആവിഷ്ക്കാരമാണ് നിർവ്വഹിക്കുന്നത്.

പ്രമേയത്തിലെയും കഥാസന്ദർഭങ്ങളിലെയും സാമൂഹ്യവീക്ഷണത്തെയും ജീവിതപരിസരങ്ങളെയും മുൻനിർത്തി ഒരു സിനിമ അതിൻ്റെ രാഷ്ട്രീയ വായനയെ സാദ്ധ്യമാക്കുന്ന മാതൃകകളാണ് 'കോലങ്ങൾ'ക്കു മുമ്പും പിമ്പും മലയാളത്തിലെ മിക്കവാറുമെല്ലാ സിനിമകളും കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ കോലങ്ങൾ അതിലെ കഥാപാത്രങ്ങളുടെ തികച്ചും ജൈവികവും സ്വാഭാവികവുമായ മാനുഷിക വികാരങ്ങളുടെ അവതരണത്തിലൂടെയും പ്രതികരണരീതികളിലൂടെയുമാണ് ഒരു നാടിൻ്റെയും അവിടെ ജീവിക്കുന്നവരുടെയും രാഷ്ട്രീയ-സാമൂഹികാവസ്ഥകളെ രേഖപ്പെടുത്തുന്നത് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഈ കുറിപ്പും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'കോലങ്ങ'ളുടെ കാഴ്ചയെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യാൻ ഉദ്യമിക്കുന്നതും.

ചന്തമറിയ എന്ന് നാട്ടുകാരാൽ വിളിക്കപ്പെടുന്ന, അപ്പക്കച്ചവടക്കാരിയും തൻ്റേടിയുമായ മറിയയുടെ(രാജം കെ.നായർ) ജീവിതത്തെ മുൻനിർത്തിയാണ് KG ജോർജ് കഥ പറയുന്നത്.

ദൈനംദിന ജോലികളിൽ വ്യാപൃതയായ മറിയയെ കാണിക്കുന്ന ആദ്യരംഗത്തിൽ വീടിൻ്റെ വരാന്തയിൽ കിടന്നുറങ്ങുന്ന ഭർത്താവിനെയും കാണിക്കുന്നുണ്ട്."എഴുന്നേറ്റ് പണിക്ക് പോകാൻ നോക്ക് മനുഷ്യാ " എന്നു പറഞ്ഞ് ഭർത്താവിനെ തട്ടിയുണർത്തുന്ന മറിയയാണ് ആ വീടിനെ നിയന്ത്രിക്കുന്നതെന്ന് ഒറ്റ ദൃശ്യം കൊണ്ട് വെളിവാകുന്നു.

പണികഴിഞ്ഞ് വീട്ടിലെത്തുന്ന പത്രോസിൻ്റെ കൂലി വാങ്ങിവയ്ക്കുന്ന മറിയ തന്നെയാണ് ആ വീട്ടിലെ സാമ്പത്തികാധികാരത്തിൻ്റെ കേന്ദ്രമായി വർത്തിക്കുന്നതും.

കെ.ജി.ജോര്‍ജ്ജ്‌
കെ.ജി.ജോര്‍ജ്ജ്‌

വിശേഷവേളയിൽ കുടുംബാംഗങ്ങൾക്കായി പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതും വിതരണം ചെയ്യുന്നതുമൊക്കെ മറിയ തന്നെ. സ്ത്രീയുടെ സ്വാതന്ത്ര്യ സങ്കല്പങ്ങളുടെയും സാമ്പത്തിക സ്വാശ്രയത്വത്തിൻ്റെയും കാര്യത്തിൽ ഇന്നത്തേക്കാൾ എത്രയോ പിന്നോക്കം നിന്ന, കൂടുതൽ പുരുഷകേന്ദ്രീകൃതമായ സാമൂഹ്യബോധം പുലർന്ന ഒരു കാലഘട്ടത്തിലാണ് മറിയ എന്ന കഥാപാത്രത്തെ മുൻനിർത്തി ഒരു ചിത്രമൊരുക്കപ്പെട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

'കോലങ്ങ'ളുടെ കഥാഘടനയെ പ്രത്യക്ഷത്തിൽ തന്നെ നിർണ്ണയിക്കുന്നത് അയൽക്കാരികളും മദ്ധ്യവയസ്കകളുമായ മറിയയുടെയും ഏലിയാമ്മയുടെയും (ഗ്ലാഡിസ്) ഇടയിൽ നിലനില്ക്കുന്ന അസൂയയും വിദ്വേഷവും കലർന്ന മനോഭാവമാണ്

പരാധീനതകളും ക്ലേശങ്ങളുമുള്ള 1970-കളിലെ ഒരു ഉൾനാടൻ മദ്ധ്യതിരുവിതാംകൂർ ഗ്രാമത്തിലെ തനതായ പ്രാരാബ്ധങ്ങളുടെയും ദാരിദ്ര്യത്തിൻ്റെയും ജീവിതമാണ് ആ രണ്ടു സ്ത്രീകളും ജീവിച്ചുതീർക്കുന്നത്.

കിട്ടുന്ന ഏതവസരത്തിലും ആ സ്ത്രീകൾ പരസ്പരം നടത്തിക്കൊണ്ടേയിരിക്കുന്ന മാത്സര്യത്തെ തങ്ങളുടെ നിസ്സാരജീവിതത്തിൻ്റെ ക്ലേശാവസ്ഥകളിൽ നിന്നുണ്ടാകുന്ന മടുപ്പിക്കുന്ന മനോനിലയെ അതിജീവിക്കാനുള്ള ശ്രമമായിക്കൂടി കാണാം. ഏലിയാമ്മയുടെ മകൾ കടവ് കടന്ന് ആഴ്ചയിലൊരു തവണ പുറത്തുപോകുന്നത് സിനിമ കാണാനല്ലെന്നും മറ്റെന്തോ ചുറ്റിക്കളിക്കാണെന്നും വന്നുപറയുന്ന പരദൂഷണക്കാരനായ ബ്രോക്കർ ചാക്കോയ്ക്ക് നാലണ പാരിതോഷികമായി കൊടുക്കാൻ മറിയത്തിന് സന്തോഷമേയുള്ളൂ. ഏലിയാമ്മയുടെ വീട്ടിലെത്തുന്ന പരിഷ്ക്കാരിയായ സിനിമാക്കാരൻ ബന്ധു മറിയയിൽ കുശുമ്പിന് വളംവയ്ക്കുന്ന കാഴ്ചയാണെങ്കിലും അയാൾ മദ്രാസിൽ സിനിമയിലഭിനയിപ്പിക്കാൻ കൂടെക്കൊണ്ടുപോയ, ഏലിയാമ്മയുടെ മകൾ ലീലാമ്മ പീഢനാനുഭവങ്ങൾക്കിരയായി തകർന്ന നിലയിൽ തിരികെയെത്തുന്നത് മറിയയെ ആനന്ദിപ്പിക്കുന്നുണ്ട്. തൻ്റെ മകൾ കുഞ്ഞമ്മയുടെ (മേനക) പ്രായക്കാരിയായ ലീലാമ്മയുടെ രഹസ്യമായി നടക്കുന്ന ഗർഭമലസിപ്പിക്കൽ രാത്രി പാത്തും പതുങ്ങിച്ചെന്ന് കാണുന്ന മറിയ ആ വാർത്ത നാടെമ്പാടും പ്രചരിപ്പിക്കാൻ മുൻകൈയെടുക്കുകയും മനുഷ്യത്വരഹിതമാം വിധം ആഹ്ലാദിക്കുകയും ചെയ്യുന്നു.

കുഞ്ഞമ്മയെ മാത്രമല്ല, വേണ്ടിവന്നാൽ അവളുടെ അമ്മ മറിയയെ വരെ താൻ വളയ്ക്കുമെന്ന് നാട്ടിലെ പ്രാദേശിക റൗഡി പരമു (നെടുമുടി വേണു) വീരവാദമടിക്കുമ്പോൾ ചീട്ടുകളി സംഘം കളിയാക്കിച്ചിരിക്കുന്നുണ്ട്. അത് പരമുവിലുള്ള അവിശ്വാസം കൊണ്ടല്ല. മറിയത്തിനെ, അവരുടെ കരുത്തിനെ, നിലപാടുകളെ നാട്ടുകാർക്ക് കൃത്യമായി അറിയാമെന്നതുകൊണ്ടാണ്. അത്തരത്തിൽ ഒരു നാടിനെത്തന്നെ വിറപ്പിക്കാൻ ശേഷിയുള്ള, പുരുഷമേധാവിത്വത്തെ കാലുമടക്കി തൊഴിക്കാൻ മാത്രമല്ല, ചന്തയിലെ തൻ്റെ സ്ഥിരം കച്ചവടസ്ഥലത്ത് കയറിയിരിക്കുന്ന തടിമിടുക്കുള്ള പുരുഷൻ്റെ വൃഷണം പിടിച്ച് ഞെരിച്ചുടയ്ക്കാൻ പോലും കെല്പുള്ള കൂസലില്ലായ്മയുടെയും നട്ടെല്ലിനു മാത്രമല്ല കൈയ്ക്കും ഉറപ്പും ബലവുമുള്ള ഒരു പെണ്ണായാണ് മറിയ സിനിമയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചട്ടമ്പിക്കല്യാണിയായും കള്ളിച്ചെല്ലമ്മയായും തൻ്റേടം വാരിവിതറിയ സ്ത്രീ കഥാപാത്രങ്ങൾ മുമ്പും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവരൊക്കെ ആണൊരുത്തൻ വാരിപ്പിടിച്ചാൽ തളർന്നു ചുരുങ്ങുന്ന പെണ്ണുങ്ങളായി, അടക്കവും ഒതുക്കവുമുള്ള സ്ത്രീത്വമെന്ന സമൂഹത്തിൻ്റെ സങ്കല്പങ്ങൾക്കിണങ്ങുംവിധം പരിവർത്തനപ്പെടുന്നതായിട്ടാണ് ആ സിനിമകളിലൊക്കെ കാണപ്പെട്ടത് എന്നതോർമ്മിക്കാം. എന്നാൽ മറിയ എന്നും മറിയ തന്നെയാണ്. അവരുടെ നിലപാടുകൾ ഉറച്ചതാണ്. ബോദ്ധ്യങ്ങൾ ഇളക്കമില്ലാത്തവയാണ്. ശരിയായാലും തെറ്റായാലും അവരുടെ തീരുമാനങ്ങളേ ജയിക്കുന്നുള്ളൂ.

ജീവിതത്തെക്കുറിച്ച് മറിയയുടെ സങ്കല്പം തികച്ചും വ്യക്തികേന്ദ്രീകൃതമാണ്. താനും തൻ്റെ ഭർത്താവും തൻ്റെ മകളും എന്നതിനപ്പുറത്തേയ്ക്ക് മറിയയുടെ വീക്ഷണം ഒരിക്കലും ഒരു സമൂഹജീവിയെന്ന നിലയിലേയ്ക്ക് വളരുന്നതേയില്ല. അയൽക്കാരിയുടെ ദുരന്തങ്ങൾ മറിയയെ ആനന്ദിപ്പിക്കുന്നതേയുള്ളൂ. അതിനപ്പുറത്ത് സ്വന്തം വീട്ടിനകത്തെ ജീവിതമാകട്ടെ അത്തരമൊരു പുഞ്ചിരിയിലേയ്ക്ക് അവരെ നയിക്കുന്നതല്ലതാനും. ജീവിതത്തോടുള്ള പോരാട്ടം അത്രമേൽ അവരെ കർക്കശക്കാരിയാക്കുന്നുണ്ട്. ഭർത്താവിനോട് അവർക്ക് ഏറെ സ്നേഹമുണ്ടെന്നത് വ്യക്തമാണ്. എന്നാൽ അത് പ്രകടമല്ല. ക്രിസ്മസിൻ്റെ ചെറിയൊരു ആഘോഷവേളയിൽ പത്രോസിന് കുടിക്കാൻ ഒരു കുപ്പി കള്ള് കൈമാറുന്ന വേളയിൽ മാത്രമേ മറിയ അയാൾക്കൊരു പുഞ്ചിരിയും കൈമാറുന്നുള്ളൂ.എന്നാൽ ചിത്രത്തിൻ്റെ അവസാന ഭാഗത്ത്, ജോലിസ്ഥലത്തെ അപകടത്തിൽ പത്രോസ് മരണപ്പെടുന്ന രംഗത്തിലാണ് മറിയ ഒരു മനുഷ്യജീവിയെന്ന നിലയിൽ കരയുന്നത് പ്രേക്ഷകൻ കാണുന്നത്. എന്നാൽപ്പോലും അതിൻ്റെ വൈകാരികത്തുടർച്ചയൊന്നും മറിയയിൽ സംഭവിക്കുന്നുമില്ല. യഥാർത്ഥത്തിൽ പിന്നീട് അയൽക്കാരിയോടുള്ള അസൂയയാൽ കൂടുതൽ കർക്കശക്കാരിയാവുകയും തൻ്റെ നിലപാടുകളിലും യാഥാസ്ഥിതികത്വത്തിലും ഉറച്ചുനില്ക്കുകയും ചെയ്യുന്ന മറിയയെ ആണ് സിനിമ കാണിച്ചുതരുന്നത്. അയൽക്കാരിയുടെ മകളുടെ കല്യാണത്തിനു മുമ്പേ തൻ്റെ മകളുടെ കല്യാണം നടത്തിയേ തീരൂ എന്ന കടുംപിടുത്തത്തിൽ തകർന്നു പോകുന്നത് കുഞ്ഞമ്മയുടെ പ്രണയസ്വപ്നങ്ങളാണെന്നത് മറിയയെ അലട്ടുന്നേയില്ല.

വേരുകളറിയാത്ത വളക്കച്ചവടക്കാരന് മകളെ കൊടുക്കില്ലെന്ന് ഉറപ്പിക്കുന്ന മറിയ കുഞ്ഞമ്മയുടെ അപ്പൻ്റെ പ്രായമുള്ള മുഴുവൻ സമയ മദ്യപാനിയായ, കണ്ടിടത്ത് വീണുകിടന്നുറങ്ങുന്ന, ആദ്യഭാര്യയെ തല്ലിക്കൊന്ന ചരിത്രമുള്ള കള്ളുവർക്കിക്ക് അവളെ കെട്ടിച്ചുകൊടുക്കാനാണ് തീരുമാനിക്കുന്നത്.

കള്ളുവർക്കിയുടെ തറവാട്ടുമഹിമയും സമ്പത്തും മാത്രമേ മറിയ കണക്കിലെടുക്കുന്നുള്ളൂ.

അത്തരത്തിൽ ഒരു വശത്ത്, അന്നത്തെ കാലഘട്ടത്തിലെ ഗ്രാമീണജീവിതവുമായി ബന്ധപ്പെട്ട് സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ അങ്ങേയറ്റത്തെ മാതൃകയായി സ്വയം മാറുമ്പോഴും മറുവശത്ത്, സ്വന്തം മകളുടെ കാര്യത്തിൽപ്പോലും കടുത്ത സ്ത്രീവിരുദ്ധ നിലപാടുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന ആന്തരിക വൈരുദ്ധ്യവും മറിയയുടെ കഥാപാത്രത്തിൽ എളുപ്പം കണ്ടെടുക്കാം.

സിനിമയ്ക്ക് ഒരു പ്രധാന പശ്ചാത്തലമാകുന്നത് കടവാണ്. 'അക്കരെ' എന്ന സംജ്ഞയിലൂടെ ഇക്കരെയുള്ള ഗ്രാമജീവിതത്തെ KG ജോർജ് വേർതിരിച്ചു നിർത്തുന്നുണ്ട്. 'അക്കരെ' എന്നത് നഗരത്തോടും പരിഷ്ക്കാരത്തോടും ബന്ധപ്പെട്ടു നില്ക്കുന്ന സങ്കല്പങ്ങളോട് ചേർന്നുനില്ക്കുന്നതായാണ് പൊതുവേ സിനിമകളിൽ കാണിക്കാറുള്ളത്. എന്നാൽ 'കോലങ്ങ'ളിൽ അക്കരെ നിന്ന് വരുന്നത് മദ്രാസിൽ നിന്നുള്ള സിനിമാക്കാരനൊഴിച്ചാൽ, നഗരത്തിൻ്റെ മുദ്രകളുള്ള ആളുകളല്ല എന്നതും ശ്രദ്ധേയമാണ്. അവർ മറ്റേതോ ഒരു ഗ്രാമപ്രദേശത്തു നിന്നു വരുന്നവരോ സഞ്ചാരികളോ ഒക്കെയാണ്.

ബലൂണും വളയുമൊക്കെ വില്ക്കാനെത്തുന്ന ചെറിയാനും(വേണു നാഗവള്ളി) അവരിലൊരാളാണ്. ചെറിയാന് ആ നാട്ടിൽ ഒരു കൂര വച്ചുകെട്ടി അന്തിയുറങ്ങാൻ തൻ്റെ നാലു സെൻ്റ് സ്ഥലം സന്തോഷത്തോടെ നൽകുന്ന രാമൻ നായർ കോലങ്ങളിൽ മാനവികതയുടെ വെളിപ്പെടലായി മാറുന്നുണ്ട്. 'എവിടെനിന്നോ വന്നുകയറുന്നവന്മാർക്ക് 'സ്വന്തം നാട്ടിൽ ഇടം കൊടുക്കാനുള്ള രാമൻ നായരുടെ തീരുമാനത്തിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന റൗഡിയായ പരമുവിനോട് ''എല്ലാവർക്കും എവിടെയെങ്കിലുമൊക്കെ താമസിക്കണ്ടേ?" എന്ന് മറുചോദ്യമുന്നയിക്കാൻ രാമൻനായർക്ക് കഴിയുന്നുണ്ട്. മലബാറിൽ നിന്നുവന്ന പുതിയ ബ്ലോക്ക് ഓഫീസർ നാട്ടിലെ സുന്ദരിയെ പ്രണയിച്ച് കല്യാണം കഴിക്കുന്നതിലും പരമുവിനും കൂട്ടർക്കും ചൊറിച്ചിലുണ്ടെങ്കിലും അവിടെയും രാമൻനായർ മണ്ണിൻ്റെമക്കൾ വാദത്തോടൊപ്പമല്ല, മനുഷ്യൻ എന്ന വിശാല സങ്കല്പത്തോടൊപ്പമാണ് നിലകൊള്ളുന്നത്.

സ്വദേശിയെന്നും വിദേശിയെന്നും വ്യക്തിയെയും സംസ്കാരത്തെയും മതത്തെയുമൊക്കെ മുൻനിർത്തി ചാപ്പകുത്തുകയും അപരവൽക്കരിക്കുകയുമൊക്കെ ചെയ്യുന്ന ഇക്കാലത്ത് രാമൻനായരുടെ നിലപാടും ആർജ്ജവവും 'കോലങ്ങ'ളെ പ്രത്യക്ഷരാഷ്ട്രീയവുമായി ബന്ധപ്പെടുത്തിക്കൂടി സാമൂഹ്യകാഴ്ചപ്പാടുള്ള കലയെന്ന നിലയിൽ സമകാലികമായി നവീകരിക്കുന്നുണ്ട്.

കടത്തുകാരൻ പൈലി (D.ഫിലിപ്പ്) സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. കുഞ്ഞമ്മയെ അയാൾ നിർവ്യാജമായി സ്നേഹിക്കുന്നുണ്ട്. എന്നാൽ കുഞ്ഞമ്മ ആ പ്രണയം തിരസ്ക്കരിക്കുകയും അയാളെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെത്തുന്ന വളക്കച്ചവടക്കാരൻ ചെറിയാനോട് ആത്മാർത്ഥവും ഉപാധികളില്ലാത്തതുമായ സ്നേഹവും സൗഹൃദവും പൈലി പ്രകടിപ്പിക്കുന്നുണ്ട്. ചെറിയാന് ഒരു വീടുണ്ടാക്കുന്നതിലും അയാൾ ഒപ്പംനിന്ന് സഹായിക്കുന്നുണ്ട്. എന്നാൽ കുഞ്ഞമ്മയെ ചെറിയാൻ കളങ്കപ്പെടുത്തിയെന്ന നാട്ടുഭാഷണം കാതിലെത്തുന്നതോടെ പൈലി വൈരാഗ്യത്തോടെ പ്രതികരിക്കുന്നുണ്ട്. പിന്നീട്, കേട്ടതെല്ലാം അപവാദമായിരുന്നെന്ന തിരിച്ചറിവിൽ ചെറിയാനോട് മാപ്പു പറയാൻ ഒട്ടുമേ ലജ്ജിക്കാത്ത, കപടമല്ലാത്ത ജൈവികമായ ഗ്രാമീണമനസ്സിൻ്റെ പ്രതിഫലനങ്ങളായി പൈലിയുടെ പ്രതികരണങ്ങളെ കെ.ജി.ജോർജ് രൂപപ്പെടുത്തിയിട്ടുണ്ട്.

പുരുഷകേന്ദ്രീകൃതമായ അധികാരസങ്കല്പങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്ന കപടസദാചാരബോധത്തിൻ്റെയും മൂലധനാഹങ്കാരത്തിൻ്റെയും ഉപജാപങ്ങളുടെയും പ്രതിരൂപങ്ങളായി മൂന്നു കഥാപാത്രങ്ങൾ 'കോലങ്ങ'ളിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. റൗഡി പരമു(നെടുമുടി വേണു), കള്ളുവർക്കി (തിലകൻ), ബ്രോക്കറും പരദൂഷണക്കാരനുമായ ചാക്കോ(അണ്ണാവി രാജൻ) നാട്ടിലെ പെണ്ണുങ്ങളുടെ കുളി കാണാൻ പുഴയോരത്തെ ഇലപ്പടർപ്പുകൾക്കിടയിലും നാട്ടിലെ ഓലക്കുളിമുറികളുടെ അരികിലേയ്ക്കും ഒളിച്ചും പതുങ്ങിയുമെത്തുന്ന പരമുവാണ് പ്രദേശത്തെ പരദൂഷണസംഘത്തിൻ്റെയും സദാചാരപൊതുബോധത്തിൻ്റെയും ടീം ലീഡർ. കടുംനിറങ്ങളിലുള്ള ടീഷർട്ടു ധരിച്ച് ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനില്ക്കുന്ന പരമുവിന് താൻ ആ ഗ്രാമത്തിനു പുറത്തെ ലോകവും കണ്ടിട്ടുള്ളവനാണെന്ന മേൽക്കോയ്മാബോധമാണ് കൈമുതൽ. നാട്ടുമ്പുറത്തെ നിരക്ഷരരായ മനുഷ്യരോട് സംസാരിക്കുമ്പോഴും ഇടയ്ക്ക് ഹിന്ദിവാക്കുകൾ അയാളുടെ നാക്കിൻതുമ്പത്ത് കയറിവരുന്നുണ്ട്.

നഗരജീവിതത്തോടും നഗരം കണ്ടവനോടും അപകർഷതാബോധം നിറഞ്ഞ വിധേയത്വം വെച്ചുപുലർത്തിയ അന്നത്തെ മലയാള ഗ്രാമ്യമനസ്സിനെ പരമു എന്ന കഥാപാത്രത്തോടു ചേർന്നുനില്ക്കുന്ന ശിങ്കിടികളുടെ പെരുമാറ്റത്തിലൂടെയും മനോഭാവത്തിലൂടെയും കെ ജി ജോർജ് സ്പർശിക്കുന്നുണ്ട്. കണ്ട ലോകമൊന്നും പരമുവിൻ്റെ കാഴ്ചയെ വിശാലമാക്കിയിട്ടില്ല.

സ്വന്തം മേധാവിത്വതാല്പര്യങ്ങളെയും ആസക്തികളെയും പരിരക്ഷിക്കാൻ സ്വദേശിവാദവും കപടസദാചാരബോധവുമൊക്കെ തരംപോലെയെടുത്തു പ്രയോഗിക്കുന്ന ഇന്നത്തെയും എന്നത്തെയും അധികാരക്കൂട്ടത്തിൻ്റെ പ്രതിനിധിയാണ് പരമു. തൻ്റെ താല്പര്യങ്ങൾക്ക് വഴങ്ങാത്ത പെണ്ണിനെ കല്യാണം കഴിച്ച ബ്ലോക്ക് ഓഫീസറോട്,കുളിപ്പുരയിൽ ഒളിഞ്ഞുനോക്കി കണ്ടെത്തിയ അവളുടെ ദേഹത്തിലെ മറുകിൻ്റെ കാര്യം പറഞ്ഞ് പുരുഷത്വം നടിക്കാൻ മാത്രമേ അയാളുടെ അടി കൊണ്ട് വീണ പരമുവിന് ശേഷിയുള്ളൂ. എങ്കിലും ഓഫീസറുടെ പുരുഷാഭിമാനത്തെ മുറിവേല്പിക്കാനും അയാളുടെ ദാമ്പത്യത്തെ ശിഥിലമാക്കാനും പരമുവിന് കഴിയുന്നുണ്ട്. തനിക്കു വഴങ്ങാത്ത പെണ്ണിനെ ഭ്രാന്തിയാക്കി തെരുവിലൂടെ ഓടിക്കുന്നതിലും അയാൾ വിജയിക്കുന്നു.

മൂലധനത്തെ ആയുധമാക്കിക്കൊണ്ട് എന്തും കച്ചവടം ചെയ്യാൻ കഴിയുമെന്ന അധികാരരാഷ്ട്രീയത്തിൻ്റെ ഉറച്ച വിശ്വാസത്തിൻ്റെയും ചിന്താപദ്ധതികളുടെയും പ്രതിനിധിയായി 'കോലങ്ങ'ളിലെ കള്ളുവർക്കി എന്ന കഥാപാത്രത്തെ കണ്ടെടുക്കാൻ കഴിയും. ചിത്രത്തിൻ്റെ ആദ്യഭാഗത്ത് കള്ളുവർക്കിക്ക് രണ്ടാംകെട്ടിനു വേണ്ടി തൻ്റെ മകളായ കുഞ്ഞമ്മയെ ചോദിക്കുന്ന ബ്രോക്കർ ചാക്കോയോട് പത്രോസ് ക്ഷോഭിക്കുന്നുണ്ട്. എന്നാൽ "അവളെ താൻ തന്നെ കെട്ടു''മെന്ന് ബ്രോക്കറോട് ഉറപ്പിച്ചു പറയുന്നുണ്ട് വർക്കി. അതിനയാൾക്ക് ബലവും മൂലധനവുമാകുന്നത് സമ്പത്തും തറവാട്ടുമഹിമയുമാണ്. കുഞ്ഞമ്മയ്ക്കു വരുന്ന വിവാഹാലോചനകൾ മുടക്കാൻ അയാൾ പണം ഉപയോഗപ്പെടുത്തുന്നു. മറിയയെ സ്വാധീനിക്കാൻ അയാളുടെ തറവാട്ടു പാരമ്പര്യവും ഉപകരിക്കുന്നു. ചിത്രത്തിൻ്റെ അവസാനത്തിൽ അയാൾ മനസ്സിലുറപ്പിച്ച കച്ചവടം നടക്കുക തന്നെ ചെയ്യുന്നു.

ബ്രോക്കർ ചാക്കോ എല്ലാകാലത്തും അധികാരകേന്ദ്രങ്ങളോട് ഒട്ടിനിന്ന് അപ്പം കണ്ടെത്തുന്ന ഉപജാപകവൃന്ദത്തിൻ്റെ പ്രതീകമാണ്. വിവിധ മനുഷ്യർക്കിടയിൽ വിദ്വേഷം പടർത്തുകയും അതുവഴി ആത്യന്തികമായി അധികാരവർഗ്ഗത്തിൻ്റെ അജണ്ടകൾ നടപ്പിലാക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ ദൗത്യമാണ് ചാക്കോ നിർവ്വഹിക്കുന്നത്. അയാൾ ഒരേ സമയം മറിയയുടെയും ഏലിയാമ്മയുടെയും ആളായി നടിക്കുകയും അവരുടെ ജീവിതങ്ങളെ കൂടുതൽ കലുഷിതമാക്കുകയും അതേസമയംതന്നെ അവരെ ഒറ്റിക്കൊടുക്കുകയും ചതിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ കള്ളുവർക്കിമാരുടെ മൂലധനത്തിൻ്റെ വഴിയേ സഞ്ചരിക്കാൻ കമ്പോളത്തെ പാകപ്പെടുത്തിയെടുക്കുകയെന്ന രാഷ്ട്രീയകൂട്ടിക്കൊടുപ്പുകാരുടെ നേർക്കാഴ്ചയായിത്തന്നെ ചാക്കോ എന്ന കഥാപാത്രത്തെ കെജി ജോർജ് രൂപപ്പെടുത്തിയിരിക്കുന്നുവെന്ന് പറയാം.

കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ഇരുണ്ട ഫലിതത്തിലൂടെയും ജോർജ് കോലങ്ങളിൽ രാഷ്ട്രീയനിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഏറെ നേരം, ഏറെ ദൂരം തള്ളിയാൽ മാത്രം സ്റ്റാർട്ടാവുകയും മിക്കവാറും സമയം കേടായി വഴിയിൽ കിടക്കുകയും ചെയ്യുന്ന വിൻ്റേജ് കാറിനെയും അതിൽ യാത്രചെയ്യുന്ന കള്ളുവർക്കിയും കൂട്ടരുമടക്കമുള്ളവരെയും പകർത്തിയ രംഗങ്ങളിലൂടെ ഗ്രാമത്തിൻ്റെ ചലനാത്മകസ്വഭാവങ്ങളെയും വികസനസങ്കല്പങ്ങളെയും സറ്റയർസ്വഭാവമുള്ള ഒരു ചിരിയിലേയ്ക്ക് നീക്കി നിർത്തുന്നുണ്ട് ജോർജ്. തൻ്റെ ചെറിയ ചായക്കടയുടെ മുമ്പിലെ ബഞ്ചിൽ വന്നിരുന്ന് പരദൂഷണവും അപവാദവും വിളമ്പുന്ന പരമുവിനെയും ശിങ്കിടികളെയും എഴുന്നേല്പിച്ചുവിടുന്നതിൽ പരാജയപ്പെടുന്ന ചായക്കടക്കാരൻ കേശവൻ (ശ്രീനിവാസൻ) ബെഞ്ചിലേയ്ക്ക് കാഷ്ടിക്കുന്ന കാക്കയെ ഓടിക്കാൻ കമ്പെടുത്ത് എറിയുന്നതും ആ കമ്പ് അയാളുടെ തലയിൽത്തന്നെ വന്നുവീഴുന്നതുമൊക്കെ ചിന്തയുള്ള ചെറുചിരിയാകുന്നുണ്ട്.

'കോലങ്ങ'ൾ ആത്യന്തികമായി അവശേഷിപ്പിക്കുന്നത് പക്ഷേ, അധികാരത്തിൻ്റെ കടന്നുകയറ്റത്തിൻ്റെയും മൂലധനത്തിൻ്റെ നിക്ഷിപ്ത താല്പര്യങ്ങളുടെയും ഭീഷണസ്വഭാവമുള്ള പൊട്ടിച്ചിരികളെയാണ്. കുഞ്ഞമ്മ എന്ന പെൺകുട്ടി ഒരു ഗ്രാമത്തിൻ്റെ തനതു നിഷ്ക്കളങ്കതയാണ്. അവളും അവളുടെ സ്വപ്നങ്ങളും തോല്ക്കപ്പെടുന്നത് അക്കരെനിന്നു വന്നവരാലല്ല. അധികാരവും സമ്പത്തും

ഉപജാപങ്ങളും കപടസദാചാരബോധവും നിർണ്ണയിക്കുന്ന,കയ്യാളുന്ന ആ കരക്കാരുടെ തന്നെ അവിശുദ്ധ കൂട്ടുകെട്ടുകളാലാണ്. ശബ്ദവും കരുത്തും തൻ്റേടവുമുള്ള മറിയയുടെ തീരുമാനങ്ങൾ പോലും ആത്യന്തികമായി നിയന്ത്രിക്കപ്പെടുന്നതും ആ കൂട്ടുകെട്ടിൻ്റെ ചരടുവലികൾക്കനുസരിച്ചാണ്, അത് മറിയ പോലുമറിയുന്നില്ല താനും.

ഒരു പ്രദേശം, അത് ഗ്രാമമാകട്ടെ നഗരമാകട്ടെ രാജ്യമാകട്ടെ ആത്യന്തികമായി പരാജയപ്പെടുന്നത് പുറത്തുനിന്നു വന്നവരാലല്ലയെന്നും മറിച്ച് അകത്തുതന്നെയുള്ള സദാചാര-ധാർമ്മിക പൊതുബോധത്തെയും സാമ്പത്തിക-രാഷ്ട്രീയാധികാരത്തെയും നിയന്ത്രിക്കുന്നവരാൽ ആണെന്നുമുള്ള കൃത്യമായ ഉൾക്കാഴ്ച നൽകുന്നതാണ് കോലങ്ങളിലെ അവസാന രംഗം. ആസൂത്രിതമായ ഉപജാപങ്ങൾക്കും അധികാരപ്രയോഗങ്ങൾക്കുമൊടുവിൽ കുഞ്ഞമ്മയെയും വിവാഹം കഴിച്ച് കള്ളുവർക്കി അവൾക്കൊപ്പം അക്കരേയ്ക്ക് യാത്ര പോകുകയാണ്. കടത്തുകാരൻ പൈലിക്ക് ഒന്നും ചെയ്യാനില്ലാതെ സാക്ഷിയാകാൻ മാത്രമേ കഴിയുന്നുള്ളൂ. നിസ്സഹായതകൾക്കു മുകളിൽ കള്ളുവർക്കിയുടെ പൊട്ടിച്ചിരി ഉയർന്നുകേൾക്കുന്നുണ്ട്. ഒരു ദേശത്തിൻ്റെ തനിമയാർന്ന മൂല്യബോധത്തെയും ജനാധിപത്യ സങ്കല്പത്തെയും തന്നെ ഹൈജാക്ക് ചെയ്ത് സ്വന്തം അജണ്ടകൾ നേടിയെടുക്കുന്ന രാഷ്ട്രീയാധികാരത്തിൻ്റെ ചെറിയ ചിരിയല്ല, കുടിലമായ പൊട്ടിച്ചിരി തന്നെയാണ് കോലങ്ങൾ അവശേഷിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in