'ദേവദൂതൻ' സത്യത്തിൽ ആരാണ്?

'ദേവദൂതൻ' സത്യത്തിൽ ആരാണ്?
Published on
Summary

വിശാലിനെ ഏത് ശക്തിയാണോ അയാളുടെ കോളേജ് കാലഘട്ടത്തിൽ ആ സംഗീതോപകരണത്തിലൂടെ തന്റെ സംഗീതം കേൾപ്പിക്കാൻ ശ്രമിച്ചത്, ആ ശക്തി തന്നെയാവാം അയാളുടെ ജീവിതത്തിലെ പരാജയങ്ങൾക്കും കാരണമായത്. അവരിരുവരിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന സംഗീതം തന്നെയായിരുന്നു,

"സപ്തസ്വരമണികൾ..."

യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഗീതോപകരണം തന്നെയില്ല എന്നത് എന്നെ അന്നും ഇന്നും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു. സപ്തസ്വരമണികൾ രൂപകൽപന ചെയ്യുമ്പോൾ, അഞ്ഞൂറ് വർഷങ്ങള്ക്കു മുകളിൽ പഴക്കമുള്ള "കാരില്ലോൻ"(Carillon) എന്ന ഉപകാരണമായിരിക്കാം സിനിമയുടെ അണിയറപ്രവർത്തകരുടെ മനസ്സിൽ ഉണ്ടായിരുന്നത്. കൈ കൊണ്ടും കാൽ കൊണ്ടും ഒരുപോലെ വായിച്ച്, അതിനോട് ചേർന്നുള്ള വലുതും ചെറുതുമായ അനേകം മണികളിലൂടെ പുറത്തുവരുന്ന സംഗീതം. ഇതുതന്നെയായിരിക്കാം ദേവദൂതനിലെ ഈ ഉപകരണത്തിന്റെ പ്രചോദനം. എന്ത് തന്നെയായാലും, ഈ സാങ്കൽപ്പിക "സപ്തസ്വരമണികൾ" തന്നെയാണ് ദേവദൂതനിലെ പ്രധാന കഥാപാത്രം. "അലീനാ എന്ന ഗാനം തന്നെ ആ സിനിമയുടെ 'ലെയ്‌റ്റ്മോട്ടിഫ്' ആകുന്നതും, സിനിമയുടെ കഥ തുടങ്ങുന്നതും, പറയുന്നതുമെല്ലാം ആ 7 ബെൽസിലൂടെയാണ്.

പഴകും തോറും വീര്യമേറിയ, അവരുടെ പ്രണയത്തിന്റെ സാക്ഷിയായിരുന്നു ആ സപ്തസ്വരമണികൾ. കാഴ്ചയില്ലാത്ത മഹേശ്വറിന് അലീനയോടുള്ള പ്രണയം മുഴുവൻ തുളുമ്പിനിറഞ്ഞത്, സംഗീതത്തിലൂടെയായിരുന്നു. അതുമുഴുവൻ അതെ ഭാവത്തിൽ പകർത്തിയെഴുതാൻ അലീനയ്ക്കും, അതിന്റെ മാധുര്യം വിളിച്ചോതാൻ സപ്തസ്വരമണികൾക്കുമായി. മഹേശ്വറിന്റെയും അലീനയുടെയും ജീവിതത്തിൽ പ്രണയത്തിന്റെ സുന്ദരമായ പ്രതീകമായി മാറിയിരുന്ന ആ സപ്തസ്വരമണികൾ പക്ഷെ, വിശാൽ കൃഷ്ണമൂർത്തിയുടെ ജീവിതത്തിൽ മറ്റു പലതിന്റെയും കാരണമായി. അലീന എന്ന മാഡം ഏഞ്ചലീനയുടെ പപ്പയുടെ ഓർമക്കായി നടത്തുന്ന കോളേജിലെ വിദ്യാർത്ഥിയായിരുന്ന സമയത്ത്, വിശാലിന്റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു ആ സപ്തസ്വരമണികൾ. മാഡം ഏഞ്ചലീന നിധിപോലെ കാത്തുസൂക്ഷിക്കുന്ന ആ സപ്തസ്വരമണികൾ വായിച്ചു എന്നാരോപിച്ചാണ് വിശാലിനെ അന്ന് ആ കോളേജിൽ നിന്നും പുറത്താക്കിയത്. വീണ്ടും ഒരു നിയോഗം പോലെ വിശാൽ അതേ കോളേജിൽ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴും, അന്നയാളെ ഒരുപാട് വേട്ടയാടിയ അതേ സംഗീതം തനിയെ ആ 7 ബെൽസിലൂടെ തിരിച്ചെത്തുന്നു. വർഷങ്ങൾക്കിപ്പുറവും തന്നെ വേട്ടയാടുന്ന ആ സംഗീതവും അതിന്റെ പൊരുളുമറിയാനുള്ള വിശാലിന്റെ സഞ്ചാരമാണ് ദേവദൂതൻ.

ഈ ചിത്രത്തിലെ ദേവദൂതൻ സത്യത്തിൽ ആരാണ്? വിശാലിനെ തേടിവരുന്ന മഹേശ്വറോ അതോ മഹേശ്വറിന്റെ സത്യമറിയാനും അലീനയോട് ആ സത്യമറിയിക്കാനുമായി നിയോഗിക്കപ്പെടുകയും ചെയ്യുന്ന വിശാലാണോ ദേവദൂതൻ? ദേവദൂതൻ ആരുതന്നെയായാലും അവരിരുവർക്കും ഇടയിലെ മാധ്യമം, അത് ആ സപ്തസ്വരമണികളാണ്. മരം കൊണ്ടുണ്ടാക്കിയ, കാറ്റുകൊണ്ടും, സ്പർശം കൊണ്ടും ചലനം കൊണ്ടുമെല്ലാം സംഗീതം പുറപ്പെടുവിക്കാനാവുന്ന ഒരു അത്ഭുത ഉപകരണം. ഈ സിനിമയിൽ ആ ഉപകരണത്തിനെ പ്ലേസ് ചെയ്തിരിക്കുന്ന രീതി നോക്കൂ. അലീന ആ ഉപകരണത്തിനെ ജീവനില്ലാത്ത ഒരു മനുഷ്യനിർമ്മിതമായ ഉപകരണമായല്ല കാണുന്നതും പരിപാലിക്കുന്നതും. മടങ്ങിവരുമെന്ന് അവൾ പ്രതീക്ഷിക്കുന്ന തന്റെ പ്രണയത്തിന്റെ പ്രതീകമാണത്. മഹേശ്വർ എന്ന് വിളിക്കുന്ന, ഓർക്കുന്ന അതെ സ്നേഹത്തിലും ബഹുമാനത്തിലും തന്നെയാണ് അവൾ ആ സപ്തസ്വരമണികളെ തൊടുന്നതും, വിളിക്കുന്നതും, അഭിസംബോധന ചെയ്യുന്നതുമെല്ലാം.

ഒരു ഫാന്റസി/ഫിക്ഷനൽ ഴോണറിൽ പെടുന്ന ഈ സിനിമയിലെ ഏറ്റവും മിസ്റ്റിക് ആൻഡ് മിസ്റ്റീരിയസ് ആയ എലമെന്റ് ഈ ഉപകരണം തന്നെയാണെങ്കിലും ഈ സിനിമയിലേക്ക് കൊടുത്തിരിക്കുന്ന ഹൊറർ പാശ്ചാത്തലം പ്രശംസനീയമാണ്. വികൃതമായ മുഖഭാവങ്ങളോ, മേക്കപ്പോ പ്രേതത്തെ കാണിക്കുകയോ ഒന്നും ചെയ്യാതെ തന്നെ ഭയത്തിന്റെ നാളങ്ങൾ മനസ്സിൽ ജനിപ്പിക്കാനാവും എന്നതിനൊരു ഉദാഹരണം. കണ്ണുകാണാത്ത മഹേശ്വറിന്റെ വീക്ഷണകോണിലൂടെയാണ് ഈ സിനിമയിലെ പ്രേതസാന്നിധ്യം മുഴുവൻ വന്നുപോകുന്നത്. ശബ്ദത്തിലൂടെയും, സ്പർശത്തിലൂടെയും, സംഗീതത്തിലൂടെയും മാത്രം മഹേശ്വർ തന്റെ സാന്നിധ്യമറിയിച്ചു. പട്ടികളാൽ തുരത്തിയോടിക്കപ്പെട്ട് ജീവനോടെ കുഴിച്ചുമൂടി കൊല്ലപ്പെടുന്ന മഹേശ്വറും മറ്റുള്ളവരെ തെല്ലൊന്ന് ഭയപ്പെടുത്താൻ ആ പട്ടികളുടെ ശബ്ദം ഉപയോഗിക്കുന്നുണ്ട്. ശബ്ദം മാത്രം. കാരണം, മഹേശ്വർ ആ ഭീകരന്മാരായ പട്ടികളെ കണ്ടിട്ടില്ലല്ലോ! അവയുടെ കാതടപ്പിക്കുന്ന കുര മാത്രമേ കേട്ടിട്ടുള്ളു. ആ ശബ്ദത്തെ ഭയന്നാണ് എല്ലാവരും ഓടുന്നതായി സിനിമയിൽ കാണിക്കുന്നത്. തന്റെ ജീവന്റെ ജീവനായ അലീനയോട് താനിനി മടങ്ങിവരില്ലെന്ന സത്യം അറിയിക്കാനും അവളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് അവളെ കൂടെകൂട്ടാനും, ആ സപ്തസ്വരമണികൾക്കുള്ളിൽ അയാൾ വർഷങ്ങളോളം കാത്തിരുന്നു. കാരണം, തന്റെ സംഗീതജ്ഞാനത്തിനോളം തന്നെ അറിവുള്ള ഒരാൾക്ക് മാത്രമേ മഹേശ്വറിനെ സഹായിക്കാനാവുമായിരുന്നുള്ളു. അങ്ങനെയുള്ള ഒരേ ഒരാളെ മാത്രമേ മഹേശ്വർ അന്നേവരെ കണ്ടെത്തിയിരുന്നുള്ളു. അത് വിശാലായിരുന്നു. മഹേശ്വറിന് അലീനയോട് പറയാനുള്ളതെല്ലാം മ്യൂസിക് നൊട്ടേഷനുകളിലൂടെയാണ് വിശാലിലൂടെ സംവദിക്കാൻ അയാൾ ശ്രമിക്കുന്നത്. മഹേശ്വറിന്റെ പ്രണയവും ദുഃഖവും ദേഷ്യവുമെല്ലാം സപ്തസ്വരമണികളിലൂടെ അയാൾ പ്രകടിപ്പിക്കുന്നുണ്ട്.

വിശാൽ ആ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം പല ജീവിതമാർഗങ്ങൾ നോക്കിയെങ്കിലും ഒന്നും ശരിയാകാതെ ഒടുക്കം താൻ പഠിച്ച കോളേജിലേക്ക് ഒരു സംഗീതനാടകം ഒരുക്കാനായി 'ക്ഷണിക്കപ്പെട്ട അതിഥിയായി' എത്തിപ്പെടുന്നതും നാടകത്തിന്റെ ഓരോ ഘട്ടത്തിലും ഒരു അദൃശ്യശക്തിയുടെ സാന്നിധ്യമറിഞ്ഞെന്ന പോലെ ഓരോ മാറ്റങ്ങൾ നാടകത്തിൽ കൊണ്ടുവന്നതുമെല്ലാം നിമിത്തങ്ങളായിരുന്നു. വിശാലിനെ ഏത് ശക്തിയാണോ അയാളുടെ കോളേജ് കാലഘട്ടത്തിൽ ആ സംഗീതോപകരണത്തിലൂടെ തന്റെ സംഗീതം കേൾപ്പിക്കാൻ ശ്രമിച്ചത്, ആ ശക്തി തന്നെയാവാം അയാളുടെ ജീവിതത്തിലെ പരാജയങ്ങൾക്കും കാരണമായത്. അവരിരുവരിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന സംഗീതം തന്നെയായിരുന്നു,

ആ ശക്തി വിശാലിനെ തന്റെ മാധ്യമമായി ഉപയോഗിക്കാൻ കാരണമായത്. ഇങ്ങനെയുള്ള ഓരോ നിമിത്തങ്ങൾക്കും ഒരു മൂകസാക്ഷിയെന്ന പോലെ ഒരു പ്രാവിനെ ചിത്രത്തിലെ പല ഫ്രെയിമുകളിൽ കാണിക്കുന്നുണ്ട്. നിമിത്തങ്ങളും വിഷ്വൽ മെറ്റഫറുകളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് ദേവദൂതനിൽ.

താൻ കൊല്ലപ്പെട്ടെന്നുള്ള വിവരം അലീനയോട് അറിയിക്കാൻ മഹേശ്വറിന് വിശാലിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതിനുള്ള ആദ്യ മാധ്യമമായിരുന്നു ആ സപ്തസ്വരമണികൾ. ഫാദർ സ്തേവാച്ചനും മരണക്കിടക്കയിൽ പോലും കാത്തുകിടന്നത് വിശാലിന്റ വരവിനായിരുന്നു. ഏഞ്ചലീനയുടെ പപ്പയ്ക്കൊപ്പം മഹേശ്വറിനെ കൊല്ലാനായി കൂട്ടുനിന്ന ആൽബെർട്ടോയും കാത്തിരുന്നത് വിശാലിന്റെ വരവിനായിരുന്നു. ഇരുവരും മഹേശ്വറിനെക്കുറിച്ച് അവരവർക്കു പറയാനുള്ളത് പറയുകയും തുടർന്ന് മരണപ്പെടുകയും ചെയ്യുന്നു.

'ദേവദൂതൻ' സത്യത്തിൽ ആരാണ്?
ഭൂതക്കണ്ണാടി: കാതകലാത്ത വിദ്യാധരന്റെ നിലവിളി, അഭിനയത്തിന്റെ മമ്മൂട്ടി റഫറന്‍സ്

അലീനയോട് തന്റെ സത്യാവസ്ഥ അറിയിക്കുന്നത് വരെ മഹേശ്വർ, ഒരു പ്രാവിന്റെ ചിറകടി ശബ്ദത്തിലൂടെയൊ, കുറുകലിലൂടെയോ ഒരു നനുത്ത കാറ്റിന്റെ രൂപത്തിലുമൊക്കെയാണ് വന്ന് പോകുന്നത് .സംവദിക്കാൻ ഒരു മാധ്യമമില്ലാതിരുന്ന ആ ആത്മാവ് നിസ്സഹായനായിരുന്നു.ആ നിസ്സഹായവസ്ഥ വിശാലിലൂടെ മാറ്റിയെടുത്താണ് അവസാനം മഹേശ്വർ തന്റെ അലീനയേയും കൊണ്ടുപോകുന്നത്. അതും രണ്ട് ഇണ പ്രാവുകളായി.

ഊട്ടിയുടെ പശ്ചാത്തലത്തിൽ പഴയ വിക്ടോറിയൻ കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സുന്ദരമായൊരു പ്രണയകഥയാണ് മിസ്റ്ററിയുടെയും ഹൊററിന്റേയും മ്യൂസിക്കിന്റെയും അകമ്പടിയോടെ അണിയറപ്രവർത്തകർ ഒരുക്കിവെച്ചിരിക്കുന്നത്. ആദ്യറിലീസ് സമയത്ത് പല ഫ്ലോസും, മുഴച്ചുനിൽക്കലുകളും അനുഭവപ്പെട്ടിരുന്നെങ്കിലും, പിന്നീടെപ്പോഴെങ്കിലും ഒരു റീറിലീസ് സാധ്യതയുള്ള സിനിമയായി ദേവദൂതനെ മനസ്സിൽ കണ്ടിരുന്നു. അതാണിപ്പോൾ യഥാർത്ഥ്യമായത്.

'ദേവദൂതൻ' സത്യത്തിൽ ആരാണ്?
നവംബറിന്റെ നഷ്ടം വീണ്ടും കാണുമ്പോൾ
'ദേവദൂതൻ' സത്യത്തിൽ ആരാണ്?
'സുന്ദരനായ ഈ ആരാധകന്റെ കൈകളിൽ സൂക്ഷിച്ച് നോക്കൂ, ചോര!', ഉയരങ്ങളിൽ കാലിടറിയ പി.കെ ജയരാജൻ
'ദേവദൂതൻ' സത്യത്തിൽ ആരാണ്?
ഹരിദാസാകുമ്പോൾ മോഹൻലാലിന് പ്രായം 26, അമൃതം​ഗമയ ഓർമപ്പെടുത്തുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in