ഭൂതക്കണ്ണാടി: കാതകലാത്ത വിദ്യാധരന്റെ നിലവിളി, അഭിനയത്തിന്റെ മമ്മൂട്ടി റഫറന്‍സ്

ഭൂതക്കണ്ണാടി: കാതകലാത്ത വിദ്യാധരന്റെ നിലവിളി, അഭിനയത്തിന്റെ 
മമ്മൂട്ടി റഫറന്‍സ്
Published on

മലയാളത്തിൽ, മനുഷ്യമനസ്സിന്റെ നിരാലംബത, സങ്കീർണത, അന്ധവിശ്വാസങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എന്നും എക്കാലത്തും മികച്ചുനിൽക്കുന്നത് ലോഹിതദാസിന്റെ സിനിമകളാണ്.

ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് സംവിധായകൻ എന്ന പദവിയിലേക്കു കാലെടുത്തു വെച്ച ആദ്യചിത്രമാണ് ഭൂതക്കണ്ണാടി. ദേശീയ പുരസ്‌കാരമുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ഭൂതക്കണ്ണാടി വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടാത്ത സിനിമയാണെന്നതിൽ തർക്കമില്ല. അഭിനയം പഠിക്കാനുദ്ദേശിക്കുന്നവർക്ക് ഒരു റെഫറൻസായി വെച്ച് പഠിക്കാവുന്ന വിദ്യാധരൻ എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്. എങ്കിലും ആ കഥാപാത്രവും അതിൽ മമ്മൂട്ടി എന്ന നടന്റെ അഭിനയമികവും അധികമാരും ചർച്ചചെയ്യുന്നത് ഇന്നുവരെ കണ്ടിട്ടില്ല. എന്നിരുന്നാലും ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയെ തേടിയെത്തിയില്ല എന്നത് ഇന്നും സങ്കടമാണ്. കാലത്തിനതീതമെന്ന് പറയാവുന്ന തീമാണ് ഭൂതക്കണ്ണാടിയുടേത്.

തനി നാട്ടിൻപുറത്തുകാരനായ ഒരു സാദാ വാച്ച് റിപ്പേറുകാരൻ. ഒരു പെൺകുട്ടിയുടെ അച്ഛനും വിഭാര്യനും ഒട്ടും ധൈര്യശാലിയല്ലാത്തതുമായ ഒരാൾ. ഇതാണ് വിദ്യാധരൻ.

വാച്ച് റിപ്പയർ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ലെൻസിനെപ്പോലെ ചെറിയ കാര്യങ്ങളെപ്പോലും സൂക്ഷ്മമായി, വലുതായി, പർവ്വതീകരിച്ചു സങ്കല്പിക്കുന്ന സ്വഭാവക്കാരനാണ് വിദ്യാധരൻ.

ഇണചേരുന്ന സർപ്പങ്ങളിലൊന്നിനെ ബാല്യത്തിൽ ഉപദ്രവിച്ചതിന്റെ പേരിൽ സർപ്പശാപമേറ്റു എന്ന അന്ധവിശ്വാസത്താൽ തന്നെ പാമ്പുകളോട് അടങ്ങാത്ത ഫോബിയയാണ് വിദ്യാധരന്. തന്റെ ബാല്യകാലസുഹൃത്തും, നാഗപ്രീതിക്കായി പുള്ളുവൻപാട്ട് പാടുന്നവളുമായ സരോജിനിയോടുള്ള ആദരവിൽ നിറഞ്ഞ പ്രണയവും ജാതിമത വേലിക്കെട്ടുകളിൽ പെട്ട് പ്രണയിച്ചവളെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനാവാത്തത് പോലും ഇതേ സർപ്പശാപത്തിൽ നിന്നായിരിക്കാമെന്നാണ് അയാൾ ഭയപ്പെടുന്നത്. വിദ്യാധരന്റെ ഭാര്യ പാമ്പുകടിയേറ്റ് മരിക്കുന്നത് അയാളിലെ ആ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുന്നു. ഈ അന്ധവിശ്വാസത്തിന്റെ നിഴലിൽ ഭയം എന്ന വികാരമാണ് പിന്നീടുള്ള അയാളുടെ ജീവിതത്തെ മുഴുവൻ നയിക്കുന്നത്. ഇടവഴികളിലൂടെ പകൽ സമയങ്ങളിൽപോലും ഒരു ടോർച്ചിന്റെ സഹായത്തോടെ മാത്രം നടക്കാൻ അയാൾ ശ്രദ്ധിച്ചു.

ഭർത്താവുപേക്ഷിച്ചു പോയ സരോജിനിയും അവളുടെ കൗമാരക്കാരിയായ മകൾ മിനിക്കുട്ടിയും വിദ്യാധരന്റെ അയല്പക്കമാണ്. തന്റെ മകൾ ശ്രീക്കുട്ടിയും അപ്പുറത്തെ മിനിക്കുട്ടിയും അയാൾക്ക് ഒരുപോലെയാണ്. ആ നാട്ടിൻപുറത്ത് പലപ്പോഴായി കാണുന്ന കള്ളുകുടിയനായ ഒരു വേട്ടക്കാരനിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്ന രാക്ഷസനെയാണ് വിദ്യാധരൻ കാണുന്നത്. ഈ വേട്ടക്കാരനെ നേർക്കുനേർ കാണേണ്ടിവരുന്ന അവസരങ്ങളിലെല്ലാം വിദ്യാധരൻ ഭയത്തോടെ ചൂളിനിൽക്കും. അപരിചിതരെ ഭയമുള്ള അയാളുടെ ആ ബോഡി ലാംഗ്വേജിൽ തന്നെ ' ഭയവും സെൽഫ് ഗാർഡിങ്ങുമെല്ലാം പ്രകടമാണ്.

സരോജിനിയുടെ മകൾ മിനിക്കുട്ടിയെ കാണാതാവുമ്പോൾ ഒരച്ഛന്റെ വേവലാതിയോടെയാണ് വിദ്യാധരൻ മിനിക്കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ പങ്കുചേരുന്നത്. നീണ്ട തിരച്ചിലിനൊടുവിൽ ഒരു നരിമടയിൽ നിന്ന് ഗാങ്ങ് റേപ്പ് ചെയ്യപ്പെട്ട് പിച്ചിച്ചീന്തിയ നിലയിൽ ചലനമറ്റ ശരീരമായി മിനിക്കുട്ടിയെ കിട്ടുന്നു. എന്നാൽ വിദ്യാധരന് പലപ്പോഴും തന്നെയും തന്റെ മകളയും മിനിക്കുട്ടിയേയുമെല്ലാം പേടിപ്പിക്കാൻ ഒരുങ്ങുന്ന വേട്ടക്കാരനിലേക്കാണ് കൊലപാതകത്തിന്റെ സംശയം നീളുന്നത്. അത് പോലീസിനോട് തുറന്നുപറഞ്ഞിട്ടും അന്വേഷണത്തിനൊടുവിൽ വേട്ടക്കാരൻ കുറ്റവിമുക്തനാക്കപ്പെട്ടത് വിദ്യാധരന്റെ മനസിനെ ഉലയ്ക്കുന്നു. ഒട്ടേറെ അളക്കലും ചൊരിക്കലും നടക്കുന്ന ആ മനസ്സ് പക്ഷെ ഒരു ദിവസം ഈ വേട്ടക്കാരനെ കാണുമ്പോൾ ഭയത്തോടെയെങ്കിലും ചോദ്യം ചെയ്യാനൊരുങ്ങുകയും, അങ്ങനെ അബദ്ധവശാൽ വേട്ടക്കാരൻ കൊല്ലപ്പെടുന്നതോടെ കൊലക്കുറ്റത്തിന് വിദ്യാധരൻ ജയിലിലാവുകയും ചെയ്യുന്നു.

ജയിൽ സൂപ്രണ്ടിന് പ്രിയപ്പെട്ടവനായ വിദ്യാധരൻ ജയിലിൽ തന്നെ ഇടയ്ക്കിടെ കാണാൻ വരുന്ന സരോജിനിയിലൂടെ നാട്ടിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചറിയുന്നുണ്ട്. ഇതിൽ നിന്നെല്ലാം അയാൾ ഇൻസെക്വേർഡായ ഒരച്ഛന്റെ നിസ്സഹായതയിലേക്ക് കൂപ്പുകുത്തുന്നു. ഇതിനിടെ തന്റെ മകൾ മുതിർന്ന പെൺകുട്ടിയായെന്ന് കൂടി അറിയുന്നതോടെ അയാളുടെ മനസ്സിൽ നിറയുന്ന ഭയം നമ്മിലേക്കു കൂടി പടർന്നുകയറും. ഏതാനും ദിവസങ്ങൾക്കകം ജയിൽ മോചിതനായി, സരോജിനിക്കും തന്റെ മകൾക്കുമൊപ്പം ദൂരെ ഒരു കൊച്ചുവീട്ടിൽ സമാധാനത്തോടെ കഴിയണമെന്നുള്ള അയാളുടെ ആഗ്രഹം ജീവിതത്തിലെ അവസാന പ്രതീക്ഷയാണ്.

സരോജിനി വരുമ്പോഴെല്ലാം അവളോടും തന്നോടുമെല്ലാം അപമര്യാദയായി പറയുകയും പെരുമാറുകയും ചെയ്യുന്ന ഒരു പോലീസുകാരനോടുള്ള അയാളുടെ ഈർഷ്യ ഭയം കാരണം പ്രകടിപ്പിക്കാനാവാതെയിരിക്കുന്നതിനിടെ അപ്രതീക്ഷമായാണ്‌ ജയിൽമതിലിലെ ഒരു ചെറിയ ദ്വാരത്തിലൂടെ ജയിലിനു പുറത്ത് കുന്നിൻചെരുവിലെ അന്ധരായ നാടോടി ഗായക കുടുംബത്തെയും അവരുടെ സുന്ദരിയായ മകളെയും തന്റെ ലെൻസിന്റെ സഹായത്തോടെ അയാൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്.

ആ മകളെ കാണുമ്പോഴെല്ലാം അയാൾക്ക് സ്വന്തം മകളെയാണ് ഓർമ്മ വരുന്നത്. അവരുടെ കൊച്ചു സന്തോഷങ്ങളിലും ദുഖങ്ങളിലുമെല്ലാം ജയിൽകെട്ടിനുള്ളിൽ നിന്നുകൊണ്ട് പങ്കുചേരുന്ന വിദ്യാധരനെ അവരുടെ സന്തോഷങ്ങളെ തല്ലിക്കെടുത്താനായി പഴയ വേട്ടക്കാരനെ അനുസ്മരിപ്പിക്കുന്നവിധം ഒരു തോക്കുമേന്തി കടന്നുചെല്ലുന്ന ജയിലിലെ ക്രൂരനായ ആ പോലീസുകാരന്റെ പ്രെസൻസ് അസ്വസ്ഥനാക്കുന്നുവെങ്കിലും ജയിൽവാസം പൂർത്തിയാവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്ന തിരിച്ചറിവാണ് അയാൾക്കെതിരെ എന്തെങ്കിലും പറയുന്നതിൽ നിന്ന് വിദ്യാധരനെ പിറകോട്ട് വലിക്കുന്നത്.

ആരും കേൾക്കുന്നില്ലെങ്കിലും അയാൾ മാത്രം ആ കുടുംബത്തിന്റെ സ്വരം കേൾക്കുന്നു. അന്ധദമ്പതികളില്ലാത്ത നേരത്ത് ആ പെൺകുട്ടി മാത്രമുള്ള വീട്ടിലേക്ക് ഈ പോലീസുകാരൻ കടന്നുചെല്ലുന്നതോടെ ഉയരുന്ന പെൺകുട്ടിയുടെ ദയനീയമായ നിലവിളിയും സഹായത്തിനു വേണ്ടിയുള്ള കരച്ചിലും രക്ഷപ്പെടാനെന്നോണം വീടിന് പുറത്തേക്ക് ഓടിവന്ന പെൺകുട്ടിയെ ഒരു വേട്ടനായെപ്പോലെ പിന്തുടരുന്ന പോലീസുകാരനെയും കാണുമ്പോഴാണ് അതുവരെ നിസ്സഹായനായി ഇതെല്ലാം കണ്ടും കേട്ടും നിൽക്കേണ്ടിവരുന്ന വിദ്യാധരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്. ഇതെല്ലാം കണ്ട് നെഞ്ചുവേദനയെ തുടർന്ന് ജയിൽ ആശുപത്രിയിൽ ആവുന്ന വിദ്യാധരൻ പിന്നീട് ആ പോലീസുകാരനെ കാണുമ്പോൾ ആക്രമിക്കാൻ ശ്രമിക്കുന്നു.

തന്നെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാവാത്ത പോലീസുകാരനെയും മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ വിദ്യാധരനെയും മെഡിക്കൽ എയിഡിനായി കൊണ്ടുപോകാൻ ജയിലർ കൽപ്പിക്കുമ്പോഴും ജയിലിനപ്പുറത്തെ ആ പെൺകുട്ടിയുടെ മരണത്തിനുത്തരവാദി ആ പൊലീസുകാരനാണെന്ന് വിദ്യാധരൻ ആവർത്തിക്കുന്നു. മതിലിലെ കൊച്ചു ദ്വാരത്തിലൂടെ താൻ കണ്ട ലോകം കാണാൻ ജയിലറോട് അയാൾ അഭ്യർത്ഥിക്കുന്നു.

മതിലിലെ ദ്വാരം പരിശോധിക്കുന്ന ജയിലർ അതിലൂടെ കാണുന്നത് ഒരു ഇഷ്ടിക കഷ്ണമാണ്. വിദ്യാധരനിലെ മനോരോഗി മറനീക്കി പുറത്തുവരുന്ന നിമിഷം. ചെറുപ്പംതൊട്ടെ മനസ്സിൽ കയറിക്കൂടിയ ഭയവും അന്ധവിശ്വാസവും സോഷ്യൽ ഇൻസെക്യൂരിറ്റിയും പാരനോയിയയും എല്ലാംകൂടി സ്‌കീസോഫ്രീനിയ എന്ന മനോരോഗത്തിലേക്ക് വിദ്യാധരനെ പണ്ടേ നയിച്ചിരുന്നുവെന്ന് കൃത്യമായി വായിച്ചെടുക്കാൻ നമുക്ക് സാധിക്കും. ജയിലിന് പുറത്തെ കാഴ്ച്ചകൾ അയാളുടെ ഭ്രമകൽപ്പനകൾ എല്ലാംതന്നെ അയാൾ സ്വന്തം ജീവിതത്തിൽ നിന്നു മെനഞ്ഞെടുത്തവയാണെന്ന് പ്രേക്ഷകരോട് പറയാതെ പറയുന്നതിൽ ലോഹിതദാസ് പൂർണ്ണമായി തന്നെ വിജയിച്ചു.

കംപ്ലീറ്റ്ലി സ്‌കീസോഫ്രീനിക്കായി മാറിയ അയാൾ സ്വന്തം ജീവനെക്കാളധികം സ്നേഹിച്ച സരോജിനിയെയും, മകളെയും തിരിച്ചറിയാനാവാതെ ബ്ലാങ്കായ മുഖത്തോടെ ചോദിക്കുന്ന ആരാ..? എന്ന ചോദ്യം ഓരോ പ്രേക്ഷകന്റെ ഉള്ളിലേക്കും അതേ ആഴത്തിൽ കടന്നുചെല്ലും.

സരോജിനിയായി അഭിനയിച്ച ശ്രീലക്ഷ്മിയെക്കുറിച്ച് പറയാതിരിക്കാനാവില്ല. സാമൂഹികഘടന അനുസരിച്ച് ഉയർന്ന ജാതിയിൽ പെട്ട വിദ്യാധരനെ സ്നേഹിക്കുന്ന പുള്ളുവത്തിയായ സരോജിനി. അവർക്കിടയിലെ പ്രണയം. സരോജിനി എന്ന ബോൾഡ് കഥാപാത്രം. ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ശ്രീലക്ഷ്മിക്കുള്ളതായിരുന്നു.

ഒരു മനുഷ്യന് മെന്റൽ ഡിസോഡർ ഉണ്ടാകുന്നതിൽ സമൂഹത്തിന്റെ പങ്ക് എത്രത്തോളമാണെന്ന് തനിയാവർത്തനം എന്ന തന്റെ ആദ്യ തിരക്കഥയിലൂടെ തന്നെ വ്യക്തമാക്കിയ ലോഹിതദാസ് ഭൂതക്കണ്ണാടിയിലൂടെ അത് ഒരിക്കൽക്കൂടി പ്രേക്ഷകരോട് പറയുന്നു. ജോൺസൺ മാഷിന്റെ സംഗീതം കൂടി ചേരുന്നതോടെ നിസ്സംശയം പറയാം, മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഏറ്റവും മുൻനിരയിൽ തന്നെയാണ് ഭൂതക്കണ്ണാടിയുടെ സ്ഥാനം.

ഈ സമൂഹത്തിന് നേരെ തിരിച്ചുവെച്ച ഭൂതക്കണ്ണാടി.

Related Stories

No stories found.
logo
The Cue
www.thecue.in