ഹരിദാസാകുമ്പോൾ മോഹൻലാലിന് പ്രായം 26, അമൃതം​ഗമയ ഓർമപ്പെടുത്തുന്നത്

ഹരിദാസാകുമ്പോൾ മോഹൻലാലിന് പ്രായം 26, അമൃതം​ഗമയ ഓർമപ്പെടുത്തുന്നത്
Published on

ഇന്ത്യയിൽ നടന്ന ഏറ്റവും ബ്രൂട്ടലായ റാഗിങ് ഓർമ്മയുണ്ടോ? റാഗിങ്ങിന്റെ ബ്രൂട്ടാലിറ്റി അങ്ങനെ അളന്നു തിട്ടപ്പെടുത്താനാവില്ലെങ്കിലും റാഗിങ്ങിന് വിധേയരാവുന്ന കുട്ടികൾ കൊല്ലപ്പെടുന്നതോ, അപമാനഭാരത്താൽ സ്വയം ജീവനെടുക്കുന്നതോ ഒക്കെത്തന്നെയാണ് ബ്രൂട്ടാലിറ്റി എന്ന് പറയുന്നത്.

അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും ബ്രൂട്ടലായി ഇന്നും കണക്കാക്കപ്പെടുന്ന റാഗിങ്ങാണ് പൊൻനവരസ് കൊലപാതകം. ചിദംബരത്തെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള രാജാ മുത്തയ്യ മെഡിക്കൽ കോളേജിൽ 1996 നവംബർ 6 ന് നടന്ന ഒരു റാഗിങ് ഇൻസിഡന്റിനിടയിലാണ് ഈ കൊലപാതകം നടക്കുന്നത്. ഇതിനെ തുടർന്നാണ് തമിഴ്നാട്ടിൽ ആന്റി -റാഗിങ് നിയമം നിലവിൽ വരുന്നതും.

തുണിയുരിയാനും, ചെരുപ്പ് നക്കാനും വിസ്സമ്മതിച്ച പൊൻനവരസിനെ സീനിയറായ ജോൺ ഡേവിഡ് കൊലപ്പെടുത്തുകയും, ആ വിദ്യാർത്ഥിയുടെ ശരീരം പല കഷ്ണങ്ങളായി കൊത്തിനുറുക്കി തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു. ഒരാഴ്ച്ചയ്ക്ക് ശേഷം പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയ ജോൺ ഡേവിഡിന് ഇരട്ട ജീവപര്യന്തം ലഭിച്ചു. തങ്ങളുടെ മകന് നേരിടേണ്ടി വന്ന കൊടും ക്രൂരതയെ മുൻനിർത്തിക്കൊണ്ട് പൊൻനവരസിന്റെ മാതാപിതാക്കൾ നോൺ പ്രോഫിറ്റബിളായ ഒരു ആന്റി -റാഗിംഗ് സംഘടനയ്ക്കും രൂപം കൊടുത്തു.

1996 ൽ നടന്ന ഈ ഇൻസിഡന്റിനും, ഒമ്പത് വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിൽ റാഗിങ് പ്രമേയമായി ചിത്രീകരിച്ച സിനിമയാണ് എം ടി - ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന "അമൃതംഗമയ". പഠിക്കാൻ മിടുക്കനായ ദരിദ്ര കുടുംബത്തിൽ നിന്ന് വന്ന, ഹൃദ്രോഗിയായ സി പി ഉണ്ണികൃഷ്ണൻ എന്ന ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി റാഗിങ്ങിനിടെ കുഴഞ്ഞുവീണ് മരിക്കുന്നു. അല്ല, സീനിയറായ "ഹരിദാസ്" കൊലപ്പെടുത്തുന്നു.

ചെറുപ്പത്തിന്റെ ചോരത്തിളപ്പെന്നെല്ലാം എഴുതിത്തള്ളാവുന്ന ഒന്നല്ല റാഗിങ്ങും അനുബന്ധകാര്യങ്ങളും. അങ്ങനെ ഒരു ജീവിതത്തിലൂടെയാണ് ഹരിദാസ് എന്ന മോഹൻലാൽ കടന്നുപോകുന്നത്. വൈദ്യം പഠിച്ച തന്റെ അച്ഛന്റെ മരണത്തെത്തുടർന്ന് അമ്മാവനാണ് ഹരിദാസിന്റെ വിദ്യാഭ്യാസവും ജീവിതവുമെല്ലാം നോക്കിയിരുന്നതും നിയന്ത്രിച്ചിരുന്നതും. അമ്മയും താനുമെല്ലാം അമ്മാവനോട് കടപ്പെട്ടിരിക്കുന്നുവെങ്കിലും, ജീവിതത്തിൽ നടന്ന എന്തോ ഒന്ന് ജീവിതത്തോടും സമൂഹത്തോടുമെല്ലാമുള്ള അയാളുടെ കാഴ്ച്ചപ്പാട് മാറ്റിമറിച്ചിരുന്നു.

ഒരു Oathtaking Ceremony യോടെയാണ് അമൃതംഗമയ എന്ന സിനിമ തുടങ്ങുന്നത്. ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള മെഡൽ വാങ്ങിക്കുന്ന ശ്രീദേവി സദസ്സിലെ ഏറ്റവും പിൻവരിയിൽ ഒറ്റയ്ക്കിരിക്കുന്ന ഒരാളെക്കണ്ട് വേദിയിൽ നിന്നിറങ്ങി അയാൾക്കരികിലേക്ക് മെഡലുമായി ഓടിനീങ്ങുന്നു. നരകയറിയ അയാളുടെ, നനവുള്ള കണ്ണുകളിൽ അഭിമാനത്തിന്റെ തിരയിളക്കത്തോടെ, വാത്സല്യത്തോടെ അയാളും അവളെ നോക്കിനിൽക്കുന്നു.

അവളോടൊപ്പം അവളുടെ ജന്മസ്ഥലത്തേക്ക് അയാൾ തന്റെ കാറിൽ യാത്ര തിരിക്കുകയാണ്. അവിടെ ഒരു കുന്നിനു മുകളിൽ ഇളനീർ കുടിക്കാനായി, കാർ നിർത്തി ഇരുവരും ഇറങ്ങുന്നു. ആ ഇളനീർക്കടക്കാരൻ അയാളെയും അവളെയും വർഷങ്ങൾക്കിപ്പുറവും ഓർത്തിരുന്നു. കുന്നിനുമുകളിൽ നിന്ന് നോക്കിയാൽ അങ്ങകലെ വിശാലമായി ഒഴുകുന്ന നിളാനദി കാണാം. അവരിരുവരും ഇതിന് മുൻപൊരിക്കൽ അവിടെ വന്നതിന്റെ ഓർമ്മ പുതുക്കുകയാണ്. ആ നദിയുടെ ഒഴുക്കിനെ നോക്കിനിന്നുകൊണ്ട് അയാൾ അയാളുടെ ഇന്നലകളിലേക്ക് ഒഴുകുകയാണ്.

"പറഞ്ഞാൽ ചിലപ്പോ ഡോക്ടർ അറിയും, സി പി ഉണ്ണികൃഷ്ണൻ". മുൻപിൽ നിൽക്കുന്ന ഇളയതിനെയും മകളെയും നേരെനോക്കാൻ കെൽപ്പില്ലാത്തവിധം ഹരിദാസ് വിറയ്ക്കുന്ന കൈകളോടെ തലകുനിച്ച്, വെപ്രാളത്തോടെ അവിടെ നിന്ന് പോവുകയാണ്. അന്നുതൊട്ട് അയാളിലെ കുറ്റബോധം അയാളെ നിരന്തരം വേട്ടയാടുകയാണ്.

കോളേജ് പഠനത്തിനുശേഷം അമ്മാവന്റെ നാട്ടിലേക്ക് എത്തുന്നതിന് മുൻപ് തന്നെ വീട്ടിലേക്കുള്ള വഴിയിൽ ഡോ. പി കെ ഹരിദാസ് MBBS എന്ന ബോർഡ് അമ്മാവൻ അവിടെ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആണഹന്തയുടെയും പണത്തിന്റെയും ഹുങ്കിന് മുകളിൽ തീർത്ത ഒരു സിംഹാസനത്തിലായിരുന്നു അമ്മാവനും അയാളുടെ മക്കളും ആ വീട്ടിൽ താമസിച്ചിരുന്നത്. തന്നെ പഠിപ്പിച്ച് ഒരു ഡോക്ടർ ആക്കിയതും, അമ്മാവന്റെ വീടിന്റെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നേടിയെടുത്തതുമെല്ലാം അമ്മാവന്റെ ദാക്ഷിണ്യമാണെന്ന് ആ വീട്ടിലെ ഓരോരുത്തരും ഒരോ വാചകങ്ങളിലൂടെയും ഹരിദാസിനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നിരുന്നു.

അയാൾക്കായി മുടക്കിയ പണം മുഴുവൻ വീടിനരികിലായി സ്ഥാപിച്ച ക്ലിനിക്കിലൂടെയും, മരുന്ന് ലഭ്യമല്ലാത്ത ആരോഗ്യകേന്ദ്രത്തിൽ നിന്ന്, തങ്ങൾ നടത്തുന്ന പ്രൈവറ്റ് ഫാർമസിയിലേക്ക് എഴുതുന്ന പ്രിസ്ക്രിപ്ഷനിലൂടെയുമെല്ലാം തിരിച്ചു പിടിക്കാമെന്നായിരുന്നു അമ്മാവന്റെയും മക്കളുടെയും കണക്കുകൂട്ടൽ.

എന്നാൽ ഹരിദാസ് ഇതിനൊന്നും വഴങ്ങുന്നില്ലെന്ന് കുറച്ച് ദിവസത്തിനകം തന്നെ അവർക്ക് മനസ്സിലായതോടെ മുറുമുറുപ്പ് തുടങ്ങി. ഇതിനിടയിലാണ് ഹരിദാസ്, തൊട്ടടുത്തുള്ള ദരിദ്ര ബ്രാഹ്മണകുടുംബമായ 'ഇളയതി'ന്റെ ഹൃദ്രോഗിയായ ഭാര്യയെ പരിശോധിക്കാനായി അവരുടെ വീട്ടിലേക്ക് പോകുന്നത്. മകന്റെ മരണശേഷം ബുദ്ധിഭ്രംശം സംഭവിച്ച ഒരു ഹൃദ്രോഗിയായിരുന്നു ആ അമ്മ. ഇളയതും, പഠിക്കാൻ മിടുക്കിയായ മകളും ആ അമ്മയും വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്ന് ഹരിദാസ് മനസ്സിലാക്കിയിരുന്നു. ഇളയതിന്റെ മകനും ഒരു മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്നുവെന്നും, പറഞ്ഞാൽ ചിലപ്പോൾ ഡോക്ടർ എന്റെ ഏട്ടനെ അറിയുമെന്നുമുള്ള ശ്രീദേവിയുടെ വാക്കുകൾ ഹരിദാസിൽ ഒരു നടുക്കം തീർക്കുന്നു.

"പറഞ്ഞാൽ ചിലപ്പോ ഡോക്ടർ അറിയും, സി പി ഉണ്ണികൃഷ്ണൻ". മുൻപിൽ നിൽക്കുന്ന ഇളയതിനെയും മകളെയും നേരെനോക്കാൻ കെൽപ്പില്ലാത്തവിധം ഹരിദാസ് വിറയ്ക്കുന്ന കൈകളോടെ തലകുനിച്ച്, വെപ്രാളത്തോടെ അവിടെ നിന്ന് പോവുകയാണ്. അന്നുതൊട്ട് അയാളിലെ കുറ്റബോധം അയാളെ നിരന്തരം വേട്ടയാടുകയാണ്. കാരണം ആ വീട്ടിലെ ഏക പ്രതീക്ഷയായിരുന്ന ആ മകന്റെത് അവർ വിശ്വസിച്ചിരിക്കുന്നതുപോലെയുള്ള ഒരു സ്വാഭാവിക മരണമായിരുന്നില്ല. അതൊരു മനപ്പൂർവ്വമല്ലാത്ത കൊലപാതകമായിരുന്നു. തന്റെ ജൂനിയറായി വന്ന ഉണ്ണികൃഷ്ണനെന്ന മിടുക്കനായ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും റാഗിങ്ങിന് എന്ന പേരിൽ അയാളുടെ ചുമലിൽ കയറിയിരുന്ന് നടത്തിച്ച് ഹരിദാസ് നടത്തിയ ഒരു പീഡനത്തിനിടയിൽ കുഴഞ്ഞുവീണ് ചോര ഛർദ്ദിച്ചാണ് ആ കുട്ടി കൊല്ലപ്പെടുന്നത്.

ആ ചെയ്തതിലുള്ള കുറ്റബോധം അന്നുതൊട്ടെ അയാളെ വേട്ടയാടിയിരുന്നെങ്കിലും അതിന്റെ തീവ്രത ഇത്രത്തോളമാകുമെന്ന് അന്നാണയാൾ തിരിച്ചറിയുന്നത്. ഒന്നുറങ്ങണമെങ്കിൽ പോലും പെത്തഡിൻ പോലെയുള്ള കൂടിയ ഡോസ് സെഡേറ്റീവ്/പെയിൻകില്ലർ ഉപയോഗിക്കേണ്ട അവസ്ഥയിലേക്ക് അയാൾ എത്തിച്ചേരുന്നു. ആ കുടുംബത്തിന് കൈത്താങ്ങാകേണ്ടത് കുറ്റബോധത്തിൽ പിറന്നതെങ്കിലും, തന്റെ ഉത്തരവാദിത്വമാണെന്ന തോന്നലും അതിനെത്തുടർന്നുള്ള പ്രവൃത്തികളും അയാളെ അമ്മാവന്റെയും വീട്ടുകാരുടെയും കണ്ണിലെ കരടാക്കുന്നു. താൻ സ്നേഹിച്ച തന്റെ മുറപ്പെണ്ണ് ഭാനു മുതൽ ഓരോരുത്തരായി തന്റെ ജീവിതത്തിൽ നിന്ന് അടർന്നുമാറുന്നു. ഒരു വേദനയോടെ അതെല്ലാം നോക്കി നിൽക്കുമ്പോഴും താൻ മൂലം ഇല്ലാതായ കുടുംബത്തെ കരകയറ്റണമെന്ന ചിന്തയിൽ തന്നെ അയാൾ ഉറച്ചുനിൽക്കുന്നു.

മരണാനന്തരക്രിയകൾ എല്ലാം ചെയ്തിട്ടും തന്റെ മകന്റെ ആത്മാവ് സ്വസ്ഥതയില്ലാതെ അലയുകയാണെന്നും ദുർമരണപ്പെട്ട ആത്മാക്കൾ മാത്രമെ ഇങ്ങനെ അലയുകയുള്ളുവെന്നും, തന്റെ മകൻ അങ്ങനെത്തന്നെയല്ലേ മരണപ്പെട്ടതെന്നുമുള്ള ഇളയതിന്റെ ചോദ്യത്തിന് മുൻപിൽ ഹരിദാസ് തകർന്നുപോകുന്നു. അയാളുടെ കാൽക്കൽകെട്ടിപ്പിടിച്ചുകൊണ്ട് ഹരിദാസ് കുറ്റസമ്മതം നടത്തുന്നു.

ഉദകക്രിയകൾ നടത്തിയശേഷം തിരിച്ചുവരുന്ന ഇളയതിന്റെ കുടംബത്തിലെ ഓരോരുത്തരെയും, കുറ്റബോധത്തിനാൽ നീറുന്ന അയാൾ, നിറഞ്ഞ മിഴികളോടെ നോക്കി നിൽക്കുന്നു. ഉണ്ണികൃഷ്ണന്റെ അമ്മയുടെ "കൊന്നു അല്ലെ" എന്ന ചോദ്യത്തിന് മുൻപിൽ, മുഴുമിപ്പിക്കാനാവാത്ത ഉത്തരവുമായി അയാൾ നിന്നു.

ഹരിദാസ് എന്ന കാരക്റ്റർ മോഹൻലാൽ ചെയ്യുന്നത് തന്റെ ഇരുപ്പത്തിയാറാം വയസിലാണ്. പല ലെയറുകളുള്ള ഒരു ഡീറ്റെയിൽഡ് കാരക്റ്ററൈസേഷൻ എം ടി തന്റെ നായകനായ ഹരിദാസിന് നൽകിയിട്ടുണ്ട്. ആ ഡീറ്റെയിലിങ്ങിലേക്ക് മോഹൻലാൽ ഒരു പരകായ പ്രവേശം നടത്തി. യൗവ്വനത്തിന്റെ ചോരത്തിളപ്പും 'അർമ്മാദ'വുമെല്ലാം അയാളുടെ അട്ടഹാസച്ചിരിയിലൂടെയും ശരീരത്തിന്റെ പ്രസരിപ്പിലൂടെയും വ്യക്തമാക്കാൻ അയാൾക്കായി. ഒരല്പം പിരിച്ചുവെച്ച മീശയും, കളർഫുൾ ഡ്രസ്സിങ്ങും കണ്ണിലെ യൗവ്വനത്തിളക്കവുമെല്ലാം ഹരിദാസ് എന്ന ചുറുചുറുക്കുള്ള മിടുക്കനായ, എന്നാൽ ഒരല്പം തല്ലുകൊള്ളിത്തരമുള്ള സീനിയർ വിദ്യാർത്ഥിയെ വരച്ചുകാട്ടി.

പക്ഷെ, ഡോക്ടർ നിയമനം വഴി അമ്മാവന്റെ നാട്ടിലെത്തിയ ഹരിദാസിൽ മറ്റൊരു മോഹൻലാലിനെയാണ് കാണാനായത്. ജീവിതത്തെ ലളിതമായും അഡ്വഞ്ചറസായും കണ്ട കോളേജ് ടൈമിലെ ഒരു അപക്വമായ ചെയ്തി അയാളെ വല്ലാതെ മാറ്റിമറിച്ചു. പണമയാളെ ആകർഷിപ്പിക്കാത്ത ഒരു വസ്തുവായി മാറി. പ്രായത്തിൽ കവിഞ്ഞ പക്വത ഹരിദാസിന്റെ ശബ്ദത്തിലും, ചിരിയിലും, പ്രവർത്തിയിലും, നടത്തത്തിലും, ഇരുത്തത്തിലും വേഷവിധാനത്തിലും വരുത്താൻ മോഹൻലാലിനായി.

തന്റെ കയ്യബദ്ധത്തിന്റെ ബാക്കിപത്രങ്ങളായി ജീവിക്കുന്ന ആ കുടുംബത്തെ കണ്ടുമുട്ടുന്നതോടെ ഹരിദാസിന് മറ്റൊരു ഭാവമാണ് മോഹൻലാൽ നൽകുന്നത്. കുറ്റബോധം കൊണ്ട് തലയുയർത്താനാവാതെ, ഒന്നുറങ്ങണം എങ്കിൽ മയക്കുമരുന്നിന്റെ സഹായം വേണ്ടുന്ന ഒരു പരാജിതന്റെ മുഖഭാവം. താൻമൂലം കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അനിയത്തിയെ കാണുമ്പോഴുള്ള വാത്സല്യത്തിന്റെ തിരയിളക്കം. തന്റെ ജീവിതം കൈക്കുമ്പിളിൽ നിന്നുമൊലിച്ചുപോകുന്നുവെന്ന തിരിച്ചറിവ്. താൻ പ്രാണനെപ്പോലെ സ്നേഹിച്ചവൾ പോലും തന്നെ വിട്ടുപോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിവന്നവന്റെ അവസ്ഥ.

ഇനി ഈ ജീവിതം കൊണ്ടർത്ഥമുണ്ടാകണമെങ്കിൽ ആ കുടുംബത്തെ ഒരു മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവോടെ അടുത്ത ഹരിദാസായി മോഹൻലാൽ മാറുന്നു. കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും തിളക്കമുള്ള കണ്ണുകളിൽ ലൗകികമായ സുഖങ്ങളോടുള്ള താല്പര്യമില്ലായ്മയും, സദാ വേട്ടയാടുന്ന കുറ്റബോധത്തിന്റെ നീറുന്ന അഗ്നികുണ്ഡവും ഒരേ സമയം കാണാം. നര കയറിയ മുടിയും താടിയും, മങ്ങിയ നിറങ്ങളിലുള്ള വേഷവിധാനവും നടത്തവുമെല്ലാം കൊണ്ട് ഒരു പുതിയ ഹരിദാസിനെ മോഹൻലാൽ അവതരിപ്പിച്ചു.

റാഗിങ് നടത്തി ഒരാൾ കൊല്ലപ്പെട്ടതിന് കാരണക്കാരൻ താനാണെന്ന കുറ്റബോധത്തിൽ കഴിയുന്ന ഹരിദാസിനെ ഇരുപത്തിയാറാം വയസ്സിലാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെങ്കിൽ, റാഗിങ് മൂലം കൊല്ലപ്പെടുന്ന ഒരു വിദ്യാർത്ഥിയുടെ അച്ഛനായി അയാൾ വേഷമിടുന്നത് അയാളുടെ മുപ്പത്തിരണ്ടാം വയസ്സിലാണ്.1992 ൽ പുറത്തിറങ്ങിയ "സൂര്യഗായത്രി" എന്ന സിനിമയിലെ ഡോക്ടർ ബാലസുബ്രഹ്മണ്യം.

ഒരേ പാലത്തിന്റെ അക്കരെയും ഇക്കരെയും നിൽക്കുന്ന രണ്ട് കഥാപാത്രങ്ങൾ. ഇതിലെ ബാലസുബ്രഹ്മണ്യത്തിനും ഹരിദാസിനെ പോലെ പല ലെയറുകളുണ്ട്. കർമ്മനിരതനായ ഒരു ഡോക്ടർ, ഭാര്യയെ മതിമറന്നു സ്നേഹിക്കുന്ന ഒരു കാമുകനായ ഭർത്താവ്, ഭാര്യയുടെ അകാലത്തിലെ മരണം ഉൾക്കൊള്ളാനാവാതെ ഇന്നും ഏകനായി കഴിയുന്ന ഒരു വിഭാര്യൻ, ഫ്രണ്ട്‌ലിയായ സ്നേഹനിധിയായ ഒരച്ഛൻ, തന്റെ കളിക്കൂട്ടുകാരിക്ക് തന്നോടുള്ള സ്നേഹം മനസ്സിലാക്കിയിട്ടും മകനെ ഓർത്തുകൊണ്ട് ആ സ്നേഹത്തെ ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കേണ്ടിവരുന്ന നിസ്സഹായൻ, തനിക്കാകെയുള്ള മകന്റെ മരണത്തിൽ നീറിക്കഴിയേണ്ടി വരുന്ന അച്ഛൻ, തന്റെ മകന്റെ കൊലപാതകികളോടുള്ള പ്രതികാരത്തിൽ ഭ്രാന്തുപിടിച്ചവനെ പോലെ നടക്കുന്നവൻ, ഒടുക്കം എല്ലാവരോടും ക്ഷമിച്ചു എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുന്നവൻ.

പ്രമേയത്തിലെന്ന പോലെ മുഖ്യ അഭിനേതാക്കളും അമൃതംഗമയയിലും സൂര്യഗായത്രിയിലും, കോമണായി വരുന്നുണ്ട്. മോഹൻലാൽ, പാർവ്വതി, സുകുമാരി. രണ്ടു സിനിമകളും മോഹൻലാലിന്റെ അഭിനയജീവിതത്തിലെ തന്നെ രണ്ട് പാഠപുസ്തകങ്ങളെന്ന പോലെ നവാഗതർക്ക് നോക്കി പഠിക്കാവുന്നവയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in