കെ.ജി ജോര്‍ജ്ജ്
കെ.ജി ജോര്‍ജ്ജ് വര: സന്തോഷ് രാമന്‍

കെ.ജി ജോര്‍ജിന്റെ ആലീസും വാസന്തിയും അമ്മിണിയും; ഇന്നും അമ്പരപ്പിക്കുന്ന ഉള്‍ക്കാഴ്ച

Published on
ഇന്ത്യന്‍ സിനിമയിലെ മാസ്‌റ്റേഴ്‌സില്‍ ഒരാളായ കെ.ജി ജോര്‍ജ്ജിന് എഴുപത്തിയാറാം പിറന്നാള്‍. ആദാമിന്റെ വാരിയെല്ല് എന്ന കെ.ജി ജോര്‍ജ്ജ് ചിത്രം 35 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രസക്തമാകുന്നത് എങ്ങനെയെന്ന് എഴുതുന്നു സംവിധായകനും തിരക്കഥാകൃത്തുമായ പ്രേംലാല്‍.

സ്ത്രീത്വത്തിന്റെ മാനസികവൈവിധ്യങ്ങളെയും വ്യത്യസ്ത സാമൂഹ്യതലങ്ങളില്‍ പുലരുന്ന സ്ത്രീകളുടെ വിഭിന്നങ്ങളായ ജീവിതാവസ്ഥകളെയും അവയുടെ പ്രതികരണ സ്വഭാവങ്ങളെയും ഇത്ര ആഴത്തില്‍ കണ്ടെത്തി അവതരിപ്പിച്ച മറ്റൊരു മലയാള ചിത്രമുണ്ടോ എന്ന് സംശയമാണ്. വനിതാസംവിധായകര്‍ക്കു പോലും കഴിയാത്ത വിധത്തിലുള്ള സ്ത്രീ ജീവിതനിരീക്ഷണ പാടവം കൊണ്ട് അമ്പരപ്പിക്കുന്നു, കെ.ജി ജോര്‍ജ് !

ആലീസ്, വാസന്തി, അമ്മിണി... സമൂഹത്തിന്റെ വ്യത്യസ്ത അടരുകളെ പ്രതിനിധീകരിക്കുന്ന 3 സ്ത്രീ കഥാപാത്രങ്ങളിലൂടെ സ്ത്രീകുലത്തിന്റെ ജീവിതസന്ദര്‍ഭങ്ങളുടെ കുറ്റമറ്റ ആഖ്യാനവും വ്യാഖ്യാനവുമാണ് 'ആദാമിന്റെ വാരിയെല്ല്' നിര്‍വ്വഹിക്കുന്നത്.

ഉപരിവര്‍ഗ്ഗത്തിന്റെ യാന്ത്രികസ്വഭാവമുള്ളതും പൊള്ളയായതും ആത്മവഞ്ചനാപരവുമായ മാനുഷികബന്ധങ്ങളെ ആലീസിന്റെയും (ശ്രീവിദ്യ) മാമച്ചന്റെയും(ഭരത്‌ഗോപി) ദാമ്പത്യ പൊരുത്തക്കേടുകളിലൂടെയാണ് കെ.ജി ജോര്‍ജ് വരച്ചുകാട്ടുന്നത്.തികഞ്ഞ മുതലാളിത്ത മനോഭാവവും ആണധികാരപ്രമത്തതയും കുടുംബത്തിനകത്തും സ്ത്രീപുരുഷബന്ധങ്ങളിലും വെച്ചുപുലര്‍ത്തുന്ന മാമച്ചനെതിരെ മറുചോദ്യങ്ങളുയര്‍ത്താന്‍ ആലീസിനു കഴിയുന്നുണ്ട്. രാത്രിയില്‍ വീട്ടുവേലക്കാരിയുടെ ശരീരം തേടിപ്പോകുന്ന മാമച്ചന്റെ പ്രവൃത്തികള്‍ക്കു സമാന്തരമായി പരപുരുഷബന്ധത്തില്‍ സ്വയമൊരു സ്‌നേഹാര്‍ത്ഥിയായി പങ്കുകൊള്ളുന്നുണ്ടെങ്കിലും ആ പുരുഷനും തികഞ്ഞ സ്വാര്‍ത്ഥതയുടെയും ആണാഘോഷങ്ങളുടെയും ഒപ്പം ഭീരുത്വത്തിന്റെയും പ്രതീകമായിത്തന്നെ രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയിലേയ്ക്കും അനുഭവത്തിലേയ്ക്കുമാണ് ആലീസ് എത്തിച്ചേരുന്നത്.തുടര്‍ന്ന്, സമൂഹത്തിന്റെ സദാചാര - ധാര്‍മ്മികതാ ബോധത്തില്‍ വേരുകളാഴ്ത്തി നില്ക്കുന്ന കുടുംബസങ്കല്പങ്ങളുടെ ചുമരുകള്‍ പൊളിക്കാന്‍ കഴിയാതെ ആത്മഹത്യയിലേയ്ക്ക് സഞ്ചരിക്കാനേ ആലീസിന് കഴിയുന്നുള്ളൂ.

Adaminte Vaariyellu
Adaminte Vaariyellu
നൂറ്റാണ്ടുകളുടെ വിധേയത്വത്തിനും പുരുഷാധിപത്യത്തിനുമെതിരെയുള്ള പ്രതിഷേധത്തിന്റെ കലാപക്കൊടി കൂടിയാകുന്നുണ്ട് സിനിമയുടെ ആ അന്ത്യരംഗം.

മദ്ധ്യവര്‍ഗ്ഗ സ്ത്രീയുടെ ചുറ്റും നിബന്ധനകളുടെയും ചട്ടക്കൂടുകളുടെയും മുള്‍വേലികള്‍ തീര്‍ക്കുന്ന പുരുഷാധികാര കേന്ദ്രീകൃതമായ മാതൃകാകുടുംബസങ്കല്പത്തെ സുഹാസിനി അവതരിപ്പിക്കുന്ന വാസന്തിയുടെയും ഭര്‍ത്താവിന്റെയും ഇടയിലെ 'പെണ്ണുടലിന്റെ ഉടയോന്‍' ബന്ധത്തിലൂടെ സിനിമ വിശകലനം ചെയ്യുന്നു. ലൈംഗികത എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള സ്‌നേഹാവിഷ്‌ക്കാരം എന്ന ചിന്തയ്ക്കു പോലും അവിടെ സ്ഥാനമില്ല.മറിച്ച് അത് പുരുഷന്റെ ശരീരദാഹങ്ങളുടെ സമയവും രീതിയുമനുസരിച്ച് നിര്‍വ്വഹിക്കപ്പെടേണ്ട ഒരു അനുഷ്ഠാനം മാത്രമായിച്ചുരുങ്ങുന്നു. സ്ത്രീയുടെ മനസ്സിനോ ശാരീരിക-ജൈവീകാവസ്ഥകള്‍ക്കോ പോലും യാതൊരു പ്രസക്തിയും ഇല്ലാത്ത കേവലമായ പുരുഷപ്രതിഷ്ഠയുടെ പൂജാമുറിയായി കുടുംബം തന്നെ മാറുമ്പോള്‍ സമനില തെറ്റുന്ന മദ്ധ്യവര്‍ഗ്ഗസ്ത്രീമനസ്സിന്റെ സഞ്ചാരവഴികളിലൂടെയാണ് വാസന്തി കടന്നുപോകുന്നത്.

യജമാനനായ മാമച്ചന്റെ വീട്ടുവേലക്കാരി എന്ന നിലയില്‍ തന്റെ ശരീരത്തിലേയ്ക്കും അധികാരത്തോടെ അയാള്‍ കടന്നുവരുമ്പോള്‍ പ്രതികരിക്കാന്‍ പോലുമാകാത്ത തരത്തില്‍ ഭയത്തിന്റെയും നിസ്സഹായതയുടെയും വിധേയത്വത്തിന്റെയും പ്രതീകമാകുന്ന അമ്മിണി നൂറ്റാണ്ടുകളുടെ ജാതീയവും സാമൂഹികവുമായ അടിച്ചമര്‍ത്തലിന്റെ പെണ്‍ഭാഷ്യമായി മാറുന്നുണ്ട്.

തന്റെ 3 പ്രധാന കഥാപാത്രങ്ങളുടെ 3 പെണ്ണുടലുകളുടെ ശാരീരികവും ആന്തരികവുമായ സവിശേഷതകളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് അഭിനേത്രികളുടെ കാര്യത്തില്‍ കെ.ജി ജോര്‍ജ് നിര്‍വ്വഹിച്ചിട്ടുണ്ട്.

ഭൗതികസുഖങ്ങളിലും ശാരീരികാസക്തികളിലും അഭിരമിക്കുകയും അഭയം കണ്ടെത്തുകയും ചെയ്യുന്ന ഉപരിവര്‍ഗ്ഗസ്ത്രീയുടെ അലസമദാലസ ഭാവങ്ങള്‍ക്കിണങ്ങുന്ന വിധത്തിലാണ് ശ്രീവിദ്യയുടെ ശരീരം വേഷവിധാനങ്ങളാലും ചമയങ്ങളാലും ചിത്രത്തില്‍ ഒരുക്കപ്പെട്ടിരിക്കുന്നത്.

സൂര്യ എന്ന അഭിനേത്രിയുടെ കറുത്ത ശരീരം ഇത്രമേല്‍ രാഷ്ട്രീയപ്രാധാന്യമുള്ള ദൗത്യം നിര്‍വ്വഹിച്ച മറ്റൊരു സിനിമയുണ്ടെന്നു തോന്നുന്നില്ല. മറ്റു രണ്ടു സ്ത്രീകളും പരാജയപ്പെട്ടിടത്ത് സമൂഹവും കുടുംബവും തീര്‍ക്കുന്ന തടവറച്ചുമരുകള്‍ മറികടന്ന് പുറത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് ഓടിയിറങ്ങാനും കുടുങ്ങിപ്പോയ മറ്റനവധി സ്ത്രീകള്‍ക്ക് ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ കാരണമാകാനും അമ്മിണിക്ക് കഴിയുന്നുണ്ട്.
Adaminte Vaariyellu
Adaminte Vaariyellu

ജോലിസ്ഥലത്തെ അദ്ധ്വാനത്തിനു പുറമെ, അടുക്കളയിലും അലക്കുകല്ലിന്റെ മുമ്പിലുമൊക്കെയായി തന്നിലേയ്ക്കു മാത്രം നിക്ഷിപ്തമായി വരുന്ന വീട്ടുജോലികളിലും കൂടി വ്യാപൃതയായി തേഞ്ഞുതീരുന്ന പെണ്‍ശരീരത്തിലേയ്ക്ക് സുഹാസിനിയുടെ മെലിഞ്ഞ ശരീരം കൃത്യമായി പാകപ്പെട്ടിരിക്കുന്നു.

സൂര്യ എന്ന അഭിനേത്രിയുടെ കറുത്ത ശരീരം ഇത്രമേല്‍ രാഷ്ട്രീയപ്രാധാന്യമുള്ള ദൗത്യം നിര്‍വ്വഹിച്ച മറ്റൊരു സിനിമയുണ്ടെന്നു തോന്നുന്നില്ല. മറ്റു രണ്ടു സ്ത്രീകളും പരാജയപ്പെട്ടിടത്ത് സമൂഹവും കുടുംബവും തീര്‍ക്കുന്ന തടവറച്ചുമരുകള്‍ മറികടന്ന് പുറത്തെ സ്വാതന്ത്ര്യത്തിലേയ്ക്ക് ഓടിയിറങ്ങാനും കുടുങ്ങിപ്പോയ മറ്റനവധി സ്ത്രീകള്‍ക്ക് ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ കാരണമാകാനും അമ്മിണിക്ക് കഴിയുന്നുണ്ട്.

ആലീസ് മരണത്തില്‍ അഭയം പ്രാപിക്കുന്ന അതേ രംഗത്തില്‍ ആ വലിയ വീട്ടിലെ പെണ്‍പട്ടി തന്റെ ഇണയോടൊപ്പം പുറത്തേക്ക് ഇറങ്ങിപ്പോകുന്നതായി KG ജോര്‍ജ് കാണിക്കുന്നു.വാസന്തിയ്ക്ക് അവള്‍ എത്തിപ്പെടുന്ന മാനസിക ചികിത്സാകേന്ദ്രം യഥാര്‍ത്ഥത്തില്‍ അഭയം തന്നെയായി മാറുന്നുവെന്നും പ്രേക്ഷകന് വായിച്ചെടുക്കാം. എന്നാല്‍ അമ്മിണിയുടേത് വ്യാഖ്യാനങ്ങള്‍ക്കപ്പുറത്ത് പ്രത്യക്ഷത്തിലുള്ള സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയായി മാറുന്നുണ്ട്.

നൂറ്റാണ്ടുകളുടെ വിധേയത്വത്തിനും പുരുഷാധിപത്യത്തിനുമെതിരെയുള്ള പ്രതിഷേധത്തിന്റെ കലാപക്കൊടി കൂടിയാകുന്നുണ്ട് സിനിമയുടെ ആ അന്ത്യരംഗം.

തെരുവുകളിലെയും ബസ് സ്റ്റാന്റുകളിലെയും ചന്തകളിലെയുമൊക്കെ പേരോ പശ്ചാത്തലമോ അറിയാത്ത അനവധി സ്ത്രീകളുടെ ദൃശ്യങ്ങളിലൂടെ ആരംഭിക്കുന്ന 'ആദാമിന്റെ വാരിയെല്ല്' അവസാനിക്കുന്നത് സ്വാതന്ത്ര്യത്തോടൊപ്പം അസ്തിത്വവും സ്വത്വബോധവും കൂടി വിഷയമാകുന്ന വിധത്തില്‍ തെരുവിലേയ്ക്ക് ഓടിയിറങ്ങുന്ന സ്ത്രീകളുടെ ദൃശ്യത്തിലാണ് എന്നത് കെ.ജി ജോര്‍ജ് എന്ന സംവിധായകന്റെ നിലപാടുകളെ വെളിവാക്കുന്നുണ്ട്.

കെ.ജി ജോര്‍ജ്ജ്
കെ.ജി ജോര്‍ജ്ജ് FB ഷിബു ജി സുശീലന്‍

കേവലമായ ഒരു വാരിയെല്ലുകഥയുടെ 'ഐതിഹ്യബോധ'ത്തോട് ഇണങ്ങി നില്ക്കുന്ന തരം വാര്‍പ്പുസ്ത്രീമാതൃകകള്‍ക്കപ്പുറത്ത്, വേരുകളുള്ള 3 സ്ത്രീകഥാപാത്രങ്ങളിലൂടെ പെണ്‍ജീവിതങ്ങളുടെ സൂക്ഷ്മാംശങ്ങളെ കണ്ടെടുക്കാന്‍ ശ്രമിച്ചുവെന്നതും അതില്‍ വിജയിച്ചുവെന്നതും മാത്രമല്ല ആ ജീവിതങ്ങളെ സ്ത്രീകളുടെ സാമൂഹികാവസ്ഥകളുടെ രാഷ്ട്രീയവുമായി ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് 35 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയെ പ്രസക്തമാക്കി നിലനിര്‍ത്താന്‍ കഴിയുന്നു എന്നിടത്താണ് സിനിമ മാത്രമല്ല കെ.ജി ജോര്‍ജ് എന്ന സംവിധായകന്റെ ഉള്‍ക്കാഴ്ചയുള്ള ആ നിലപാടുകളും പ്രേക്ഷകനെ ഇന്നും അമ്പരപ്പിക്കുന്നതായി മാറുന്നത്.

വര: സന്തോഷ് രാമന്‍

logo
The Cue
www.thecue.in