നീട്ടിവലിച്ചൊരു ഭസ്മക്കുറിയിൽ ഭവ്യതയും എളിമയുമായി കമൽഹാസന് തോളുരുമ്മിയോ കയ്യകലത്തോ ഒരു ഡൽഹി ഗണേഷ് കഥാപാത്രം തമിഴകത്ത് പതിവായിരുന്നു. നെറ്റിയിൽ നീളം കൂടിക്കൊണ്ടിരുന്ന ഭസ്മക്കുറി ഡൽഹി ഗണേഷിന‍്റെ ജീവിതത്തിലും കാണാമായിരുന്നു. വിശ്വസ്തതയുടെ മൂർത്തഭാവമായി, മരിച്ചാലും കൈവിടാത്ത സഹായിയും വിശ്വസ്തനും തോഴനുമായി പല കാലങ്ങളിൽ പല കഥാപാത്രങ്ങളായി ഡൽഹി ഗണേഷിനെ കണ്ടു. മണിരത്നത്തിന്റെ ക്ലാസിക് ആയ നായകൻ സിനിമയിലെ ഹോസ്പിറ്റൽ രംഗത്തിൽ, നായ്ക്കരും അയ്യരുമായുള്ള സീൻ കമൽഹാസനൊപ്പം ഭാവഭദ്രമാക്കുന്ന, മത്സരിച്ചഭിനയിച്ച ഡൽഹി ഗണേഷിനെ കാണാം. നായ്ക്കർക്കാകെ സത്താ പെരുമ നായ്ക്കരെ എന്ന് പറഞ്ഞ് കർട്ടന് മറവിലേക്ക് ഡൽഹി ഗണേഷ് നീങ്ങുന്ന രംഗം മതി ഈ നടന്റെ അഭിനയത്തിന്റെ ആഴവും താളവും മനസിലാക്കാൻ.
500 സിനിമകൾ പൂർത്തിയാക്കിയ ഘട്ടത്തിൽ, തെന്നിന്ത്യൻ സിനിമയിൽ സ്വതസിദ്ധ ശൈലി കൊണ്ടും റിയലിസ്റ്റിക് അഭിനയ മുഹൂർത്തത്തിലൂടെയും തുടർച്ചയായി അമ്പരപ്പിച്ചുകൊണ്ടിരിക്കെ എന്താണ് അഭിനയത്തിലെ മാജിക് എന്നൊരു ചോദ്യം ഡൽഹി ഗണേഷിലേക്ക് എത്തി. ഞാൻ എന്നെ ആവര‍്ത്തിക്കാറില്ലെന്നായിരുന്നു ഗണേഷിന്റെ മറുപടി. മൈക്കൽ മദന കാമരാജിലെ പാലക്കാടൻ കുക്ക്, അവ്വൈ ഷൺമുഖിയിലെ മാനേജർ, നായകനിലെ നായ്ക്കരുടെ അയ്യർ തുടങ്ങി തെന്നാലിയും, അപൂർവ സഹോദരങ്ങളും, അവ്വൈ ഷൺമുഖിയുംഈ നടനിലെ അഭിനയ വൈവിധ്യതയുടെ സാക്ഷ്യങ്ങളായിരുന്നു.
തമിഴിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറിച്ചതെങ്കിലും മലയാളത്തിന് ഡൽഹി ഗണേഷ് അപരിചിതനല്ല. മലയാള സിനിമ കണ്ടു മറന്ന പല കഥാപാത്രങ്ങൾക്കും ഡൽഹി ഗണേഷിന്റെ മുഖമുണ്ട്. ദേവാസുരത്തിൽ ഭാനുമതിക്ക് വേണ്ടി നീലകണ്ഠനോട് തർക്കിക്കുന്ന പണിക്കരായും കൊച്ചി രാജാവിലെ മാധവനായും പോക്കിരി രാജയിലെ വേലുവായും ഡൽഹി ഗണേഷ് മലയാളത്തിൽ തിളങ്ങി. മലയാളത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ സ്ക്രീൻ പങ്കിട്ടത് നടൻ മോഹൻലാലിനൊപ്പമാണ്.
1944 ആഗസ്റ്റ് 1 നാണ് ഡൽഹി ഗണേഷ് ഗണേഷന്റെ ജനനം. 1964-1974 കാലയളവിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോഗസ്ഥനായിരിക്കേ തന്നെ ഡൽഹിയിലെ നാടക സംഘത്തിൽ സജീവമായിരുന്നു. സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലൂടെയാണ് ഡൽഹി ഗണേഷ് സിനിമാരംഗത്തേക്ക് കാലെടുത്തുവെച്ചത്. പട്ടണ പ്രേവേശം എന്ന ചിത്രത്തിലുടെ സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. ഡ്രാമറ്റിക്കായ റോളുകളും കോമഡികളും ഗണേഷിന്റെ ശരീരത്തിനും ഭാവത്തിനുമൊപ്പം വഴങ്ങി. പല സൂപ്പർ സ്റ്റാർ സിനിമകളിലും സഹനടനായി. സ്ക്രീനിൽ വെറുതെ വന്നങ്ങ് പോവുകയായിരുന്നില്ല ഗണേഷ്. ചെയ്യുന്ന ഒരോ സീനിനും കൃത്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചാണ് അദ്ദേഹം തന്റെ അഭിനയജീവിതത്തിന് മാറ്റു കൂട്ടിയത്. നായകൻ, അപൂർവ സഹോദരർകൾ, മാക്കേൽ മദന കാമ രാജൻ, അവ്വേ ഷൺമുഖി, തെന്നാലി തുടങ്ങി കമൽഹാനൊപ്പം ചെയ്ത മിക്ക കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. അവ്വൈ ഷൺമുഖി (1996) എന്ന ചിത്രത്തിലെ സേതുരാമ അയ്യരുടെ വേഷവും തെനാലിയിലെ (2000) ഡോ. പഞ്ചഭൂതവും ഹാസ്യനടൻ എന്ന തരത്തിലും ഗണേഷിനെ പ്രേക്ഷകന് പരിചിതനാക്കി. തമിഴ് ടെലിവിഷൻ സീരിയലുകളിലും ഗണേഷ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആഴത്തിലുള്ള കഥാപാത്രങ്ങളുടെ വൈകാരിക തലവും നുറുങ്ങ് ഹാസ്യത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാനും ഗണേഷിന് കഴിഞ്ഞു. 1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ഗണേഷ് സ്വന്തമാക്കി.