'രണ്ട്' മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്ന സിനിമ: സംവിധായകന്‍ സുജിത്ത് ലാല്‍

'രണ്ട്' മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്ന സിനിമ: സംവിധായകന്‍ സുജിത്ത് ലാല്‍
Published on

'രണ്ട്' മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്ന സിനിമയാണെന്ന് സംവിധായകന്‍ സുജിത്ത് ലാല്‍. ചിത്രം ഒരു പൊളിറ്റിക്കല്‍ സറ്റയറാണ്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമാണ്. അത് ശരിയായ രാഷ്ട്രീയമല്ല. അങ്ങനെയാണ് മതങ്ങളെ എന്തുകൊണ്ട് കളിയാക്കിക്കൂടാ എന്ന് ചിന്തിക്കുന്നതെന്നും സുജിത്ത് ദ ക്യുവിനോട് പറഞ്ഞു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ രണ്ട് ജനുവരി 14നാണ് തിയേറ്ററിലേക്ക് എത്തുന്നത്. സുജിത്ത് ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു ലാല്‍ ഉണ്ണിയാണ്.

മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം ശരിയായ രാഷ്ട്രീയമല്ല

പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന രീതിയില്‍ എന്നോട് ബിനു ലാല്‍ കഥ പറഞ്ഞപ്പോള്‍ തന്നെ വളരെ രസകരമായി തോന്നി. ഒരു പത്ത് വര്‍ഷം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ മനസില്‍ ഒരു ഭയവും പരസ്പരം ഒരു കണ്‍ഫ്യൂഷനും എല്ലാം ഉണ്ടായിട്ടുണ്ട്. അത് സമൂഹമാധ്യമങ്ങളില്‍ നിന്നും നിന്നും വളരെ വ്യക്തമായി മനസിലാക്കാന്‍ കഴിയും. പരസ്പരമുള്ള ചളിവാരി എറിയലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അതെല്ലാം തന്നെ മതത്തിന്റെ പേര് പറഞ്ഞിട്ടുള്ള രാഷ്ട്ട്രീയമാണ്. അതൊരു ശരിയായ രാഷ്ട്രീയമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല. അത് കുറച്ച് ബോധമുള്ള ആര്‍ക്കും തോന്നില്ല. അങ്ങനെയാണ് ഈ മതങ്ങളെ എന്തുകൊണ്ട് കളിയാക്കിക്കൂടാ എന്ന് എന്റെ തിരക്കഥാകൃത്ത് ചോദിക്കുന്നത്.

പണ്ട് സന്ദേശമെന്ന സിനിമ വന്നപ്പോള്‍ ഇടത് വലത് രാഷ്ട്രീയത്തെ നന്നായി ട്രോളി. എന്നാല്‍ അവര്‍ ആരെയും അതിക്ഷേപിച്ചില്ല. ആക്ഷേപിക്കുകയാണ് ചെയ്തത്. അതിന്റെ പേരില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആ സിനിമ ബാന്‍ ചെയ്യണമെന്ന് പറഞ്ഞ് വന്നിട്ടില്ല. അത് അവരതിന്റെ സ്പിരിറ്റില്‍ എടുത്തു. അതുപോലെ ലാഘവവത്കരിക്കേണ്ട ഒന്നാണ് ഈ മതങ്ങളും. മതമെന്ന് പറയുന്നത് വലിയ സംഭവമാണ്, മതമാണ് എല്ലാം എന്ന് വിചാരിക്കുന്നവരെ കളിയാക്കുകയാണ് സിനിമയിലൂടെ. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നടക്കുന്ന സംഭവമാണ് സിനിമയുടെ പ്രധാന എലമെന്റ്.

മതത്തെ കുറിച്ച് പറയാന്‍ എന്തിനാണ് ഭയം

സിനിമ മതത്തെ കുറിച്ചായതില്‍ പേടിയും ടെന്‍ഷനും ഒന്നുമില്ല. നല്ല ആത്മവിശ്വാസം മാത്രമാണ് ഉള്ളത്. മതത്തെ കുറിച്ച് പറയാന്‍ എന്തിനാണ് ഭയം. അതിനെ ലാഘവവത്കരിച്ചൂടെ എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. മതത്തെ കളിയാക്കുന്നതില്‍ ആര്‍ക്കും അങ്ങനെ പ്രശ്‌നം ഉണ്ടാവേണ്ട കാര്യമൊന്നുമില്ല. മതത്തിന് മീതെ നമ്മള്‍ ചിന്തിക്കണം. അല്ലാതെ മതത്തിന് അടിയില്‍ നിന്നുകൊണ്ട് ചിന്തിക്കാന്‍ നില്‍ക്കരുത്. അതാണ് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം. മതത്തിന്റെ പേരില്‍ നേതാക്കന്‍മാര്‍ ആളുകളെ ചൂഷണം ചെയ്യുകയാണ്. അതേ കുറിച്ച് തന്നെയാണ് സിനിമ പറയുന്നത്. അവരുടെ മതവികാരത്തെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂഷണം ചെയ്യുന്നത്.

സിനിമയുടെ ട്രെയ്‌ലര്‍ പലരേയും അസ്വസ്തരാക്കി

സിനിമയുടെ ട്രെയ്‌ലര്‍ തന്നെ പലരേയും അസ്വസ്തപ്പെടുത്തുന്നുണ്ട്. അതിന്റെ ആവശ്യമെന്താണ് എന്നാണ് ചോദ്യം. ട്രെയ്‌ലറിന് താഴെ ആളുകള്‍ വന്ന് പരസ്പരം തെറി വിളിക്കുകയാണ്. ഇത് ഒരു സിനിമയാണ്. അതിനെ അങ്ങനെ കണ്ടാല്‍ പോരെ. ട്രെയ്‌ലറിന് താഴെയും ആളുകള്‍ സംസാരിക്കുന്നത് സിനിമയെ കുറിച്ചല്ല. മതത്തിന്റെ പേരില്‍ പരസ്പരം പോരടിക്കുകയാണ്. അവര്‍ പറയുന്ന രാഷ്ട്രീയം മതമാണ്. രണ്ട് എന്ന് സിനിമയ്ക്ക് പേരിടാനുള്ള കാരണവും അതാണ്. നമ്മള്‍ എല്ലായിടത്തും ഒന്നാണ് എന്ന് പറയുന്നുണ്ടെങ്കിലും രാജ്യത്തെ കുറേ പേരുടെ മനസില്‍ രണ്ടാണ് എന്ന ചിന്ത തന്നെയാണ് ഉള്ളത്.

രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പെട്ട് പോകുന്ന വ്യക്തിയുടെ കഥ

സിനിമയില്‍ ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ കേന്ദ്രീകരിച്ച് ഒന്നും പറയുന്നില്ല. പക്ഷെ അവര്‍ മുന്നോട്ട് വെക്കുന്ന മതരാഷ്ട്രീയമുണ്ടല്ലോ. അത് പറയുന്ന ഒരു ലോക്കല്‍ രാഷ്ട്രീയ കക്ഷിയെ ഉണ്ടാക്കുകയാണ് ചെയ്തത്. തീവ്ര ഹിന്ദുത്വത്തിന്റെ പ്രതീകമായി ഒരു രാഷ്ട്രീയ കക്ഷിയും പിന്നെ തീവ്ര മുസ്ലീം രാഷ്ട്രീയം പറയുന്ന മറ്റൊരു കക്ഷിയെ കുറിച്ചുമാണ് സിനിമയില്‍ പറയുന്നത്. ഇവര്‍ തമ്മില്‍ ഒരു ഗ്രാമത്തില്‍ വെച്ച് നടക്കുന്ന ചെറിയൊരു സംഭവമാണ്. അതില്‍ പെട്ട് പോകുന്ന ഒരു വ്യക്തിയുടെ കഥയാണ് സിനിമ. വാവ എന്ന കഥാപാത്രമാണ് അതില്‍ പെട്ട് പോകുന്നത്. അയാള്‍ ഒരു ഓട്ടോറിക്ഷ തൊഴിലാളിയാണ്. ആ കഥാപാത്രത്തെ വെച്ച് ഈ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുകയാണ്. അതാണ് നമ്മള്‍ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ ഓക്കെ പറഞ്ഞത് ഒരു മാസത്തിന് ശേഷം

ഇത് വിഷ്ണു ഉണ്ണികൃഷ്ണന് വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്പ്റ്റല്ല. ഇതിന് മുമ്പ് രണ്ട് മെയിന്‍സ്ട്രീം ആര്‍ട്ടിസ്റ്റുകള്‍ക്ക് സ്‌ക്രിപ്പ്റ്റ് മുഴുവന്‍ വായിച്ച് കഥ കേള്‍പ്പിച്ച് കൊടുത്തിരുന്നു. അവര്‍ക്ക് ഈ സിനിമ ചെയ്യാന്‍ പേടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്നായിരുന്നു അവരുടെ പ്രശ്‌നം. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് വിഷ്ണു ഉണ്ണികൃഷ്ണനോട് കഥ പറയുന്നത്. വിഷ്ണുവും കഥ കേട്ടിട്ട് ആലോചിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. പിന്നെ ഒരു മാസത്തിന് ശേഷം വിഷ്ണുവും ഒരു സുഹൃത്തും കഥ കേട്ടു. പിന്നീട് ഒരു ആഴ്ച്ച കഴിഞ്ഞാണ് വിഷ്ണു സിനിമ ചെയ്യാമെന്ന് പറയുന്നത്. ചിത്രത്തിന്റെ നായികയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഞങ്ങള്‍ ആദ്യം സമീപിച്ച നടിമാര്‍ ഇതേ കാരണം പറഞ്ഞ് സിനിമ ചെയ്യില്ലെന്ന് പറഞ്ഞു. പിന്നീടാണ് അന്ന രേഷ്മയിലേക്ക് എത്തുന്നത്. ഇവര്‍ക്ക് പുറമെ മുപ്പതോളം ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അത് കൂടാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നാടക കലാകാരന്‍മാരും ചിത്രത്തിലുണ്ട്. കൊവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ചിത്രീകരിച്ച സിനിമയാണ്. മാനദണ്ഡങ്ങളെല്ലാം പാലിച്ച് ചെയ്ത സിനിമയാണെങ്കിലും വലിയ ആള്‍ക്കൂട്ടത്തെ വെച്ച് ചെയ്ത സിനിമയാണിത്. കാരണം ഇതില്‍ ഒരുപാട് സമ്മേളനങ്ങളും ജാഥകളുമെല്ലാം ഉണ്ട്.

സിനിമ തിയേറ്ററിലെത്തിക്കണമെന്നത് നിര്‍മ്മാതാവിന്റെ തീരുമാനം

ഡിസംബര്‍ 10നാണ് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. മരക്കാര്‍ റിലീസ് വന്നപ്പോഴാണ് ഡിസംബറില്‍ നിന്നും ജനുവരി 14ലേക്ക് റിലീസ് മാറ്റിയത്. നിര്‍മ്മാതാവ് പ്രജീവ് സത്യവ്രതന്‍ സിനിമ തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്നാണ് പറഞ്ഞത്. ഇത് തിയേറ്ററില്‍ റിലീസ് ചെയ്യേണ്ട പടമാണ്. അത് കഴിഞ്ഞ് വേണമെങ്കില്‍ ഒടിടിക്ക് കൊടുക്കാമെന്ന് തീരുമാനത്തിലെത്തുകയായിരിന്നു.

Related Stories

No stories found.
logo
The Cue
www.thecue.in