മലയാള സിനിമയിലേക്ക് അന്‍വര്‍ റഷീദ് എന്ന ക്രാഫ്റ്റ്മാന്റെ എന്‍ട്രിയും ഒരു മാസ് എന്റര്‍ടെയിനറിന്റെ ആഘോഷവരവുമായിരുന്നു രാജമാണിക്യം റീലീസ് ദിനം. പോത്ത് രാജയും ബെല്ലാരി രാജയും മാണിക്യവുമായി മമ്മൂട്ടി അടിമുടി അഴിഞ്ഞാടി വിലസിയ സിനിമ. ഹ്യൂമറിലെ ടൈമിംഗിലും, മാസ് സിനിമകള്‍ക്കൊത്ത ഇളകിയാട്ടത്തിലും മമ്മൂട്ടി എന്ന നടനില്‍ ആരോപിച്ച പരിമിതികളെ പടികടത്തിയ സിനിമയുമായിരുന്നു രാജമാണിക്യം. മമ്മൂട്ടിയുടെ കരിയറിലെയും മലയാള ബോക്സ് ഓഫീസിലെയും വന്‍ വിജയചിത്രങ്ങളിലൊന്നുമായി രാജമാണിക്യം മാറി. പല അപൂര്‍വതകളുമുണ്ടായിരുന്നു രാജമാണിക്യമെന്ന മെഗാഹിറ്റിന്റെ പിറവിക്ക് പിന്നില്‍. രാജമാണിക്യം മലയാളി പ്രേക്ഷകരിലെത്തിയിട്ട് 15 വര്‍ഷമാകുന്നു
രഞ്ജിത് പിന്‍മാറുന്നു പകരക്കാരനായി അന്‍വര്‍ റഷീദ്
2005ലെ റംസാന്‍ റിലീസായി ടി എ ഷാഹിദിന്റെ രചനയില്‍ രഞ്ജിത് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് രാജമാണിക്യം. കൃത്യമായ തയ്യാറെടുപ്പുകളില്ലാത്തിനാല്‍ ചിത്രം ചെയ്യാനാകില്ലെന്ന് കാട്ടി രഞ്ജിത് സംവിധായക സ്ഥാനത്ത് നിന്ന് പിന്‍മാറി. നിര്‍മ്മാതാവ് വലിയ വീട്ടില്‍ സിറാജിന് മറ്റൊരു ചിത്രം ചെയ്തുകൊടുക്കാമെന്ന വാഗ്ദാനവും നല്‍കി.
മമ്മൂട്ടി പറഞ്ഞു, അന്‍വര്‍ റഷീദ് ചെയ്യും
ഏറ്റവുമധികം നവാഗത സംവിധായകരെ സിനിമയിലേക്ക് പരിചയപ്പെടുത്തി മമ്മൂട്ടിയാണ് അന്‍വര്‍ റഷീദിനും ആദ്യ ചിത്രത്തിന് അവസരമൊരുക്കിയത്. രഘുനാഥ് പലേരിയുടെ 'വിസ്മയത്തില്‍ (1998) അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ അന്‍വര്‍ തുടര്‍ന്ന് കെ.മധു , ജോണി ആന്റണി, താഹ, സുന്ദര്‍ദാസ്, എ കെ സാജന്‍ എന്നിവരും സംവിധാന സഹായിയായിരുന്നു. മമ്മൂട്ടിയോട് മറ്റൊരു പ്രൊജക്ടിനായി കഥ പറഞ്ഞത് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അന്‍വറിനെ രാജമാണിക്യത്തിലേക്ക് മമ്മൂട്ടി നിര്‍ദ്ദേശിച്ചത്. മമ്മൂട്ടിയെ നടനായല്ല സിനിമയായിട്ടാണ് പരിഗണിക്കുന്നതെന്ന് ബിപിന്‍ ചന്ദ്രന്‍ എഡിറ്ററായ 'മമ്മൂട്ടി കാഴ്ചയും അനുഭവവും' എന്ന പുസ്തകത്തില്‍ അന്‍വര്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പാലക്കാട് സ്വദേശിയ കെല്ലാ മുഹമ്മദ് എന്ന വ്യവസായി രാജമാണിക്യത്തിലെ ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് പ്രചോദനമായതായി വാര്‍ത്തകളുണ്ടായിരുന്നു. പോത്തുകച്ചവടം,ബെന്‍സ് പ്രേമം എന്നിവയായിരുന്നു കെല്ലയുടെയും പ്രത്യേകത.
എം മണിയുടെ വാമൊഴിയില്‍ നിന്ന് മാണിക്യത്തിന്റെ ഭാഷ
ഒന്നര മാസം നാഗര്‍കോവിലില്‍ താമസിച്ചാണ് ടി എ ഷാഹിദ് തിരക്കഥ പൂര്‍ത്തിയാക്കിയത്. നായകന്റെ ഭാഷ കളിയാക്കാനും കളിയാക്കപ്പെടാനും കരുത്തുള്ളതായിരിക്കണമെന്ന ചിന്തയിലാണ് പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് എം മണിയുടെ സംഭാഷണശൈലി പ്രേരണയാക്കി രാജമാണിക്യത്തെ ഹിറ്റാക്കിയ വാമൊഴി ഉപയോഗിച്ചത്.
ശങ്കുആശാനെ കടമെടുത്തെന്ന് മമ്മൂട്ടി
സി .വി.രാമന്‍പിള്ളയുടെ കൃതികളിലെ പ്രധാനമായും മാര്‍ത്താണ്ഡവര്‍മ്മയിലെ ശങ്കുആശാന്‍ എന്ന കഥാപാത്രത്തിന്റെ ഭാഷയാണ് കൂടുതല്‍ കടമെടുത്തിട്ടുളളത് എന്ന് മനോജ് ഭാരതിയുടെ പുസ്തകത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. തമാശക്കുള്ള ചില വാക്കുകളൊക്കെ മാറ്റിയിട്ടുമുണ്ടെന്നും മമ്മൂട്ടി പറയുന്നു. കളിയാക്കാനുപയോഗിക്കുന്നതു പോലെ തന്നെ സങ്കടകരമായ സാഹചര്യങ്ങളിലേക്കും ഭാഷയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് തിരക്കഥാരചനയെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായിരുന്നുവെന്ന് ഇതേ പുസ്തകത്തില്‍ ടി എ ഷാഹിദ് പറയുന്നു.
തിരക്കഥ തീരാതെ തുടക്കം
ആദ്യപകുതി മാത്രം പൂര്‍ത്തിയായ തിരക്കഥയിലാണ് രാജമാണിക്യം ആരംഭിച്ചത്. സിനിമയുടെ ക്ളൈമാക്സ് സംബന്ധിച്ചും സെക്കന്‍ഡ് ഹാഫിനെക്കുറിച്ചും ചെറിയ ഐഡിയ മാത്രമേ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് അന്‍വര്‍ റഷീദ് ഇതേക്കുറിച്ച് മുമ്പ് പറഞ്ഞത്. ഷൂട്ടിംഗ് മുന്നോട്ടു പോകുന്ന മുറയ്ക്ക് ടി എ ഷാഹിദ് സീനുകള്‍ റെഡിയാക്കി.തിരോന്തോരം വാമൊഴി എന്ന് പറയുമെങ്കിലും തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശങ്ങളായ പാറശ്ശാല,പൂവാര്‍, പുല്ലുവിള,നെയ്യാറ്റിന്‍കര, നേമം,വെള്ളറട,നെയ്യാര്‍,പേപ്പാറ,കോവളം തുടങ്ങി ഇടങ്ങളിലുള്ള ഭാഷാഭേദമാണ് രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഉപയോഗിച്ചത്.
സുരാജിന്റെ സഹായം,ഡബ്ബിംഗ് പ്രചരണം പൊളിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ തിരുവനന്തപുരം വാമൊഴിയാണ് രാജമാണിക്യത്തിന് കൂടുതല്‍ കയ്യടി നേടിക്കൊടുത്ത്. തിരോന്തരം സ്ലാംഗ് എന്ന ആശയം മമ്മൂട്ടി തന്നെയാണ് മുന്നോട്ട് വച്ചത്. തിരുവനന്തപുരം ഭാഷ ഒരു സിനിമയിലുടനീളം ഉപയോഗിക്കുന്ന കഥാപാത്രമാകാനുള്ള ആഗ്രഹം വജ്രം എന്ന സിനിമയുടെ ആലോചനവേളയില്‍ അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്ന ചിത്രമായതിനാല്‍ ആ ആലോചന ഉപേക്ഷിച്ചു. മിമിക്രി വേദികളില്‍ തിരുവനന്തപുരം സ്ലാംഗില്‍ ആളുകളെ കയ്യിലെടുത്ത സുരാജ് വെഞ്ഞാറമ്മൂടിനെ വാമൊഴി പരിശീലിപ്പിക്കാന്‍ ലൊക്കേഷനിലെത്തിച്ചു. മമ്മൂട്ടിക്ക് സുരാജ് വെഞ്ഞാറമ്മൂടാണ് ഡബ്ബ് ചെയ്തതെന്ന പ്രചാരണമുണ്ടായെങ്കില്‍ മമ്മൂട്ടി തന്നെ അത് തെറ്റെന്ന് തെളിയിച്ചു. ചാനലുകളിലെ പ്രമോഷന്‍ വേളയില്‍ തിരുവനന്തപുരം സ്ലാംഗില്‍ രാജമാണിക്യമായി എത്തിയാണ് മമ്മൂട്ടി ആരോപണങ്ങളെ തകര്‍ത്തത്. അവതാരകനായെത്തിയ നടന്‍ ജഗദീഷിന്റെ ചോദ്യങ്ങള്‍ക്ക് രാജമാണിക്യം വാമൊഴിയില്‍ മറുപടി നല്‍കിയാണ് മമ്മൂട്ടി
വാമൊഴിയിലെ മിടുക്ക് തെളിയിച്ചത്.പിന്നീട് അമ്മയുടെ സ്റ്റേജ് ഷോയായ സൂര്യതേജസ്സോടെ അമ്മ എന്ന പരിപാടിയിലും രാജമാണിക്യം ലുക്കിലും ഭാഷയിലും മമ്മൂട്ടി ആരാധകര്‍ക്ക് മുന്നിലെത്തി.
രണ്ടാം ഭാഗം ആലോചിച്ചു, ഉപേക്ഷിച്ചു
രാജമാണിക്യത്തിന്റെ രണ്ടാം ഭാഗം തിരക്കഥാകൃത്ത് ടി എ ഷാഹിദിന്റെ മനസിലുണ്ടായിരുന്നു എന്ന് കേട്ടിരുന്നു. മമ്മൂട്ടിയും ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പത്മപ്രിയ അവതരിപ്പിച്ച മല്ലിയെ രാജമാണിക്യം വിവാഹം കഴിച്ചതിനു ശേഷമുള്ള കഥയാണ് ചിത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രൊജക്ട് പിന്നീട് ഉപേക്ഷിച്ചു. മമ്മൂട്ടിയോടൊപ്പം ദുല്‍ഖര്‍ സല്‍മാനും ലൊക്കേഷനില്‍ ചിലവഴിച്ചിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ഉള്ള ലൊക്കേഷന്‍ സ്റ്റില്‍ ഈയടുത്ത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
റെക്കോഡ് വിജയം, ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍
നാല് ആഴ്ചക്കിടെ റിലീസ് ചെയ്ത 41 പ്രദര്‍ശന ശാലകളില്‍ നിന്നും ഈ ചിത്രം വാരിയത് 4.87 കോടി രൂപയാണ്. മലയാളത്തിലെ അന്നത്തെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍. നിര്‍മ്മാണ വിതരണ ചുമതല ഏറ്റെടുത്ത വലിയ വീട്ടില്‍ ഫിലിംസ് 2.53 കോടി രൂപ ഷെയര്‍ ഇനത്തില്‍ നേടി. പരസ്യം ഉള്‍പ്പെടെ ഈ ചിത്രത്തിന് മൊത്തം 2.30 കോടി രൂപയാണ് ചെലവു വന്നതെന്ന് അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. 2005 നവംബര്‍ 3ന് റ്ിലീസ് ചെയ്ത ചിത്രം പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ പതിനാറ് കോടി സ്വന്തമാക്കിയെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്നത്തെ ടിക്കറ്റ് നിരക്ക് പരിഗണിച്ചാല്‍ വന്‍ റെക്കോഡാണ് ഈ നേട്ടം.
2005ല്‍ മമ്മൂട്ടിയുടെ ഓണച്ചിത്രമായി എത്തിയ നേരറിയാന്‍ സിബിഐ ആവറേജ് വിജയം മാത്രമായിരുന്നു. മോഹന്‍ലാല്‍ ചിത്രം നരന്‍,ദിലീപിന്റെ ചാന്തുപൊട്ട് എന്നിവയാണ് ഓണച്ചിത്രങ്ങള്‍ മുന്നേറിയത്. ഈ ക്ഷീണം മമ്മൂട്ടി പരിഹരിച്ചത് രാജമാണിക്യത്തിന്റ സര്‍വകാല േെറേക്കാഡിനൊപ്പമാണ്. ആദ്യകാല നായകനായ റഹ്മാന്‍ നീണ്ട ഇടവളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രവുമാണ് രാജമാണിക്യം. രാജമാണിക്യത്തിന്റെ വലംകൈയായ രാജുവായാണ് റഹ്മാന്‍ അഭിനയിച്ചത്.
കന്നഡയില്‍ ബെല്ലാരി നാഗ
2009ല്‍ ബെല്ലാരി നാഗ എന്ന പേരില്‍ വിഷ്ണുവര്‍ദ്ധന്‍ കേന്ദ്രകഥാപാത്രമായി രാജമാണിക്യം കന്നഡയില്‍ റീമേക്ക് ചെയ്തു.ദിനേഷ് ബാബുവാണ് സംവിധാനം ചെയ്തത്. കോട്ടയം കുഞ്ഞച്ചനിലെ കോട്ടയം വാമൊഴിക്കും,വിധേയനിലെ കന്നഡ കലര്‍ന്ന മലയാളം,അമരത്തിലെ കടപ്പുറം ഭാഷാ ഭേദം എന്നിവയ്ക്ക് പിന്നാലെ തിരോന്തോരം വാമൊഴിയിലും മമ്മൂട്ടി തന്നെ കരുത്തു തെളിയിച്ചു. ഭാഷാ ഭേദങ്ങളിലേക്ക് ശൈലിയെയും ശരീരഭാഷയേയും ഒരു പോലെ വിന്യസിപ്പിക്കാനുള്ള മമ്മൂട്ടി എന്ന മഹാനടന്റെ കഴിവിന് മറ്റൊരു ഉദാഹരണവുമായി രാജമാണിക്യം.
Mammootty's Rajamanikyam Turns 15