കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി നിരവധി സിനിമകളൊരുക്കിയ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഇവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് ഡിഎൻഎ. അഷ്‌കർ സൗദാന്‍, റായ് ലക്ഷ്മി, ഹന്നാ റെജി കോശി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. ഒരു ആക്ഷന്റെ റിയാക്ഷൻ ആണ് ഡിഎൻഎ എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എകെ സന്തോഷ്. ഡിഎൻഎയിലൂടെ ഒരുപാട് അവകാശവാദങ്ങൾ ഒന്നും ഞങ്ങൾ ഉന്നയിക്കുന്നില്ല. ഈ സിനിമ കാണുമ്പോൾ അഷ്‌കർ ആണ് നായകനെങ്കിലും കഥ മുന്നോട്ട് കൊണ്ടുപോകുന്നത് റായ് ലക്ഷ്മി ആണ്. പടം കാണുമ്പോൾ ഇതിലെ ഹീറോയും ഹീറോയിനും അഷ്‌കറും റായ് ലക്ഷ്മിയുമാണെന്ന് തോന്നിപോകുമെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എ കെ സന്തോഷ് പറഞ്ഞു.
വലിയ അവകാശവാദങ്ങളില്ല
ഏത് ഇൻഡസ്ട്രിയോ ലോക സിനിമയോ ആയിക്കൊള്ളട്ടെ ത്രില്ലർ സിനിമകൾ ഒരു സക്സസ്ഫുൾ ഴോണർ ആണ്. മറ്റേത് ഴോണറിനെക്കാളും ഭാഷയുടെ ബാരിയർ ഇല്ലാതെ ആസ്വദിക്കാൻ പറ്റുന്നതാണ് ത്രില്ലറുകൾ. ഡിഎൻഎയിലൂടെ ഒരുപാട് അവകാശവാദങ്ങൾ ഒന്നും ഞങ്ങൾ ഉന്നയിക്കുന്നില്ല. ഇതിൽ അഭിനയിക്കുന്നത് സൂപ്പർസ്റ്റാറുകൾ അല്ല. അതിന്റെ കുറച്ച് പരിമിതികൾ നമുക്കുണ്ടായിരുന്നു. സൈക്കോപാത്ത് തുടങ്ങിയ കാര്യങ്ങളെക്കാളുപരി സമൂഹത്തിൽ നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങളാണ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത്. ലോക സിനിമ കാണാത്ത, ലോകത്തിൽ എവിടെയുമില്ലാത്ത കഥയൊന്നുമല്ല ഇത്. നമ്മൾ ഈ സിനിമ ലൈറ്റ് ആയിട്ടാണ് പറഞ്ഞു പോയിരിക്കുന്നത്. മലയാളം മാത്രമല്ല ലോക സിനിമകൾ കാണുന്ന പ്രേക്ഷകരാണ് നമുക്കുള്ളത്. അവരെ നമുക്ക് പൂർണ്ണമായി ഒരിക്കലും തൃപ്തിപ്പെടുത്താൻ പറ്റില്ല.
ഒരു ആക്ഷന്റെ റിയാക്ഷനാണ് ഡിഎൻഎ
എഴുത്തിൽ ഒരു പരിധി വിട്ടുള്ള പരീക്ഷണങ്ങൾ നടക്കില്ല. ഒരു കാലത്തുള്ള സുരേഷ് ഗോപി, മമ്മൂട്ടി സിനിമകളിലൊക്കെ ഡയലോഗുകളുടെ അതിപ്രസരം ഉണ്ടായിരുന്നു. അത് അന്നത്തെ തലമുറ കൈയ്യടിപ്പിച്ച് വിജയിപ്പിച്ച സിനിമകൾ ആയിരുന്നു. ഇന്ന് അത് മാറി വളരെ വളരെ റിയലിസ്റ്റിക് ആയിട്ടുള്ള എഴുത്ത് മലയാളത്തിൽ വന്നു. അന്നത്തെ പോലെ ഡയലോഗുകളുടെ അതിപ്രസരങ്ങളും പഞ്ച് ഡയലോഗുകളും ഡി എൻ എ യിൽ ഇല്ല. ഒരു ആക്ഷന്റെ റിയാക്ഷൻ ആണ് ഈ സിനിമ. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോഴേക്കും അതിലെ സസ്പെൻസ് പൊളിയുകയാണ്. പക്ഷെ അത് അറിഞ്ഞുകൊണ്ടും വീണ്ടും ഒരാൾ ആ സിനിമ കാണുകയാണെങ്കിൽ അതാണ് ആ സിനിമയുടെ വിജയം.
ആദ്യത്തെ പ്ലാൻ വളരെ ലൈറ്റ് ആയ ഒരു സിനിമ
ഒരു നല്ല സംവിധായകനാണ് എന്ന് തെളിയിച്ചിട്ടുള്ള ആളാണ് ടിഎസ് സുരേഷ് ബാബു. എത്രയോ വലിയ സംവിധായകന്മാർ സിനിമയിൽ നിന്ന് ഗ്യാപ് എടുത്ത് രണ്ടാമത് ഭീകരമായി തിരിച്ചുവന്നിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് സുരേഷ് ഗോപിയുമായി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. അന്ന് ചില കോസ്റ്റിന്റെ പ്രശ്നങ്ങൾ കാരണം അത് നടന്നില്ല. രണ്ടു കുടുംബങ്ങളും അവർ തമ്മിലുള്ള പ്രശ്നങ്ങളും ഒക്കെ ഉൾപ്പെടുന്ന ഫാമിലി സിനിമകളാണ് ടിഎസ് സുരേഷ് ബാബു സർ ചെയ്തുകൊണ്ടിരുന്നത്. അങ്ങനത്തെ ഒരു സിനിമ ഇന്ന് എടുക്കണമെങ്കിൽ അതുപോലെ വലിയൊരു താരത്തെ നമുക്ക് കിട്ടണം. ആറാം തമ്പുരാനിലെ ജഗന്നാഥനെയോ സംഘത്തിലെ കുട്ടപ്പായിയെയോ ഒന്നും നമ്മുക്കൊരു ചെറുപ്പക്കാരനെ വച്ച് ചിന്തിക്കാൻ കഴിയില്ല. അഷ്കറിനെ നിർമ്മാതാവാണ് ഞങ്ങൾക്ക് സജസ്റ്റ് ചെയ്യുന്നത്. ആദ്യം ഡിഎൻഎ അല്ല ഒരു ലൈറ്റ് കഥയാണ് പ്ലാൻ ചെയ്തത്. അതിൽ നിന്നാണ് പിന്നീട് ഈ സിനിമയിലേക്ക് ഞാനും സുരേഷ് ബാബു സാറും എത്തുന്നത്. നിർമാതാവിന്റെ അടുത്ത് ചെന്നപ്പോൾ ഒരു പോലീസ് സബ്ജെക്ട് ആയാൽ നന്നാവുമെന്ന് അദ്ദേഹത്തിന് ഒരു സജഷൻ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഒരു പോലീസ് സബ്ജെക്ട് വർക്ക് ചെയ്തു. എഴുതി കഴിഞ്ഞപ്പോഴേക്കും അത് വലിയൊരു സിനിമയായി മാറി.
കഥ മുന്നോട്ട് കൊണ്ടുപോകുന്നത് റായ് ലക്ഷ്മി
അഷ്‌കർ ആണ് നമ്മുടെ നായകൻ അപ്പോൾ മറ്റു കഥാപാത്രങ്ങളിൽ പുതുമുഖങ്ങളെ വച്ചാൽ അയാൾക്കൊരു സപ്പോർട്ട് ഇല്ലാതെ പോകും. അങ്ങനെ അഷ്കറിനെ ബാലൻസ് ചെയ്യാനായി കുറച്ച് ഇമേജുള്ള താരങ്ങളെ കാസ്റ്റ് ചെയ്‌താൽ അത് സിനിമക്ക് ഗുണം ചെയ്യുമെന്ന് നിർമാതാവ് നിർദ്ദേശിച്ചു. അത് നല്ലൊരു ആശയമായി ഞങ്ങൾക്ക് തോന്നി. അങ്ങനെയാണ് ഇപ്പോൾ കാണുന്ന മറ്റു കാസ്റ്റുകൾ ഈ സിനിമയിലേക്ക് വരുന്നത്. ഈ സിനിമ കാണുമ്പോൾ അഷ്‌കർ ആണ് നായകനെങ്കിലും കഥ മുന്നോട്ട് കൊണ്ടുപോകുന്നത് റായ് ലക്ഷ്മി ആണ്. പടം കാണുമ്പോൾ ഇതിലെ ഹീറോയും ഹീറോയിനും അഷ്‌കറും റായ് ലക്ഷ്മിയുമാണെന്ന് തോന്നിപോകും. കൊച്ചി പോലീസ് കമ്മീഷണർ ആയിട്ടാണ് റായ് ലക്ഷ്മി ഇതിൽ അഭിനയിക്കുന്നത്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾ പോലെ ഒരു ഹൈപ്പോ ഗ്ലോറിഫിക്കേഷനോ ഈ കഥാപാത്രത്തിന് ഞങ്ങൾ കൊടുത്തിട്ടില്ല. ഇതിലെ ഫൈറ്റ് ആണെങ്കിലും അഷ്കറിന് ഒരു ഡയറക്റ്റ് ഫൈറ്റ് ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല. അയാളുടെ കഥാപാത്രത്തിന്റെ ബലഹീനത അംഗീകരിക്കുന്ന രീതിയിലാണ് അതിന്റെ കൊറിയോഗ്രാഫി.
പ്രേക്ഷകരോട്
ഇത് ഭയങ്കരമായൊരു സിനിമയാണെന്ന അവകാശവാദങ്ങൾ ഒന്നും ഞങ്ങൾക്കില്ല. പ്രേക്ഷകർ വന്ന് കാണണം, അവരുടെ കയ്യിലാണ് ഈ സിനിമ ഇരിക്കുന്നത്. ജൂൺ പതിനാലോടെ ഈ സിനിമയുമായുള്ള ഞങ്ങളുടെ യാത്ര അവസാനിക്കുകയാണ് പിന്നെ ഇത് പ്രേക്ഷകരുടെ കയ്യിലാണ്. അവരുടെ അഭിപ്രായമാണ് ഡിഎൻഎയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത്. പാസ് മാർക്ക് എങ്കിലും തന്ന് ഈ സിനിമയെ വിജയിപ്പിക്കുക. നമുക്കൊരിക്കലും പ്രേക്ഷകരെ വെല്ലുവിളിക്കാൻ കഴിയില്ല.